.....

28 August 2009

ശേഷിപ്പ്‌

പുഴയെ സ്നേഹിച്ചു
പുഴയോടൊന്നിച്ച്
ഒഴുകിയവനാണ് ഞാന്‍

അതിഥികള്‍ക്കായൊരുക്കിയ
കാഴ്ച്ചകളുമായി
പുഴ,എന്നുമെന്നും
കാത്തിരിക്കാറുണ്ട്

പുഴയുടെ അടിത്തട്ടില്‍
സ്വര്‍ഗം കാണാനായി
വിരുന്നു പോയവരാണ്
അച്ഛനുമമ്മയും

കള്ളു മണക്കുന്ന
അച്ഛന്‍റെ വാക്കു കേട്ട്
എതിര്‍പ്പിന്‍റെ
സ്വരമറിയാത്ത അമ്മ
അച്ഛനൊന്നിച്ചു യാത്ര പോയി

അന്നെനിക്കായൊരുക്കിയ
ഇഡ്ഡലി തണുത്തിരുന്നു
ഈച്ച ചത്തു കിടന്ന
ചട്നിയില്‍
അമ്മയുടെ കണ്ണീരുണ്ടെന്ന്
ഞാനറിഞ്ഞിരുന്നില്ല

ശ്വസന നാളത്തില്‍
സ്നേഹം നിറയ്ക്കുന്ന
പുഴയുടെ കൂടെ
അന്തിയുറങ്ങിയ
അച്ഛനുമമ്മയും
മൂന്നാം നാള്‍ പുറത്തു വന്നു

ചീര്‍ത്ത ശരീരങ്ങളില്‍
മത്സ്യങ്ങള്‍ ചുണ്ടു ചേര്‍ക്കുമ്പോള്‍
അവരെന്താണ്
ഇക്കിളിപ്പെടാത്തതെന്ന്
എനിക്കറിയില്ലായിരുന്നു

ഇപ്പോള്‍
എന്‍റെ കാമുകിയും
മത്സ്യക്കുഞ്ഞുങ്ങളുടെ
ചുംബനം തേടി
പുഴയുടെ മടിത്തട്ടില്‍
ഇടം തേടിയിരിക്കുന്നു

എന്‍റെ ചുവന്ന ഹൃദയം
പകരം കൊടുത്ത്
പുഴയുടെ ചില്ലു ഹൃദയം
അവള്‍ സ്വന്തമാക്കി

അവള്‍ക്കായി, പുഴ
സ്വപ്നങ്ങളെ പ്രസവിക്കുന്ന
മത്സ്യക്കുഞ്ഞുങ്ങളെ
കാത്തു വെച്ചിരുന്നു

ഇനി
അവളുടെ മെലിഞ്ഞ ഉടലും
ഋതുക്കള്‍ വിരിയുന്ന കവിളും
എല്ലാം പുഴക്കുള്ളതാണ്

എനിക്കായി
ഓര്‍മ്മകള്‍ മാത്രമാണുള്ളത്
ഉപ്പ് പുരണ്ട ഓര്‍മ്മകള്‍