.....

22 July 2010

സമാറ

പ്രിയപ്പെട്ട ഗബ്രിയേല്‍,
മാലാഖയുടെ
പേരിന്റെ ഭാരം പേറി
ഇനിയലയാതിരിക്കാന്‍
നിന്റെ രക്തത്താല്‍
കൈകള്‍ കഴുകുകയാണ്

നിന്റെ പൂച്ചക്കണ്ണുകളില്‍
കാണാറുള്ള ഇച്ഛാ ഭംഗം
ഇനിയും കാണാതിരിക്കാന്‍
മോഹങ്ങളുടെ താഴ്വരയിലേക്ക്
പറഞ്ഞയക്കുകയാണ്.

ഗബ്രിയേല്‍
സമാറയെ നീ മഞ്ഞു പുതപ്പിച്ചതും
മഞ്ഞപ്പൂക്കളുള്ള കുഞ്ഞുടുപ്പില്‍
ചുവന്ന കൈലേസ് വരച്ചു ചേര്‍ത്തതും
കാണാനിനി എലിസ വരില്ല.

അവരിപ്പോള്‍
ഏതു ദുരാത്മാവാണ്
നിന്റെ കണ്ണുകളെ
കാമത്തോല്‍ പുതപ്പിച്ചതെന്ന്
തിരഞ്ഞു നടക്കുകയല്ല.

സമാറയുടെ കുഞ്ഞുടുപ്പില്‍ നിന്നും
പൂമ്പാറ്റകള്‍ പറന്നുയര്‍ന്നത്
കണ്ടത് മുതല്‍
സെമിത്തേരിക്കപ്പുറം
റൊസാരിയോയുടെ കൂടെ
ഒലീവ് മരത്തൈകള്‍
നനച്ചു കൊണ്ടിരിക്കുകയാണ്.

കുന്നിന്‍ മുകളില്‍
ഒറ്റയാനെപ്പോലെ
ഉയര്‍ന്നു നില്‍ക്കുന്ന പാറപ്പുറത്ത്
മരത്തൈകള്‍ മുളച്ചത്
അവര്‍ മാത്രമേ കാണുന്നുള്ളൂ...!

നിലാവിന്റെ ശീതളിമയാണ്
ഉച്ച വെയിലിനെന്ന്
സൂര്യാഘാതത്താല്‍ തളര്‍ന്നു വീഴുമ്പോഴും
നെറ്റിയില്‍ വിരല്‍ ചേര്‍ത്ത്
പിറു പിറുക്കുന്നത് കേള്‍ക്കാം...

പ്രിയപ്പെട്ട ഗബ്രിയേല്‍..
നിന്നെ ചുംബിക്കാന്‍ പോവുകയാണ്.
തണുത്തുറഞ്ഞ കാല്പാദങ്ങളില്‍
കൊച്ചു കുഞ്ഞിനെയെന്ന പോലെ
എനിക്കൊന്നു ചുംബിക്കണം...

എലീസയിടയ്ക്കിടെ
സമാറയെ തിരയും
അപ്പോഴൊക്കെ
നിന്റെ കുഴിമാടത്തിനരികില്‍ നിന്ന്
പൂമ്പാറ്റകളെ കാണിച്ചു പറയും
അത് സമാറയാണ്...!

വെയിലേറ്റു ചുവന്ന കവിളുമായി
എന്നും ഓടിയെത്തുമായിരുന്നു
കൊച്ചു മാലാഖക്കുട്ടി.

മാലാഖയുടെ പേരുമായി
നീയെന്തിനാണ്‌
കൂട്ടിക്കൊണ്ടു പോയത്..?!

അത് കൊണ്ടല്ലേ
നിന്നെ മണ്ണ് പുതപ്പിക്കേണ്ടി വന്നത്...?