.....

27 September 2008

വീടിന്‍റെ ഹൃദയം

കൊട്ടിയടക്കപ്പെട്ട വാതിലിനപ്പുറത്ത്‌
തുളഞ്ഞു കയറുന്ന രോദനങ്ങള്‍
ഇരമ്പലാകുമ്പോള്‍
പറഞ്ഞു തരാനാവാത്ത നോവുകള്‍
ശ്വാസം മുട്ടി മരിക്കുന്നത് നോക്കി
ചുമരുകള്‍ നിശ്വാസം മറക്കാറുണ്ട്

അമ്മ
ചവിട്ടിത്തേക്കപ്പെട്ട തുളസിക്കതിര് കണ്ട്
ചീന്തിപ്പോയ ഹൃദയം താങ്ങി
ഇടര്‍ച്ചയോടെ ഇടയ്ക്കെത്തുന്ന 

അര്‍ദ്ധ ബോധത്തില്‍
ദൈവത്തെ പ്രാകി കാലം കഴിക്കുന്നു

അച്ഛന്‍
വിയര്‍പ്പു തുള്ളികളില്‍ 

മരണം ചുര മാന്തുന്നത് ഞെട്ടിയറിഞ്ഞ്
കട്ടില്‍ തലയ്ക്കല്‍ മരവിച്ചിരിക്കുന്നു

മകള്‍
ശ്വാസം മുട്ടിപ്പിടഞ്ഞതിന്
പകരം നല്‍കപ്പെട്ട മിടിപ്പ്
ഉദരത്തിലേറ്റു വാങ്ങി
വീട്ടുകാരിയുടെ അതിജീവന മാര്‍ഗ്ഗം
കണ്ടെത്തിക്കഴിഞ്ഞു

മകന്‍
ഗതി നന്നാവില്ലെന്നറിഞ്ഞ്
നീലിച്ച പുക 

നാസാ ദ്വാരങ്ങളിലൂടെ പുറത്തു വരുത്തി
പറക്കാന്‍ പഠിച്ചു കൊണ്ടിരിക്കുന്നു

വീട്
ഒരനക്കവുമില്ലാതെ 

ചങ്കു പൊട്ടിക്കരയുന്നു

പൂട്ടിയടച്ചതിനുള്ളില്‍
ഒതുക്കിയൊതുക്കിപ്പിടിച്ച്
കൂനനായതു പോലെ

തുലാ വര്‍ഷം പെയ്തോടുങ്ങുമ്പോള്‍
കുമ്മായമടര്‍ന്ന ചുമരുകള്‍
ഹൃദയം പൊള്ളിയത്‌

കാട്ടിത്തരാറുണ്ട്

14 September 2008

കവിത

എഴുതിയത്
വിറയ്ക്കുന്ന വിരലുകള്‍ കൊണ്ടാണ്

ഒരു കൈപ്പുറത്തു മറു കൈ ചേര്‍ത്ത്


പ്രാസമില്ലെന്നൊരാള്‍
അക്ഷരത്തെറ്റെന്നു രണ്ടാമന്‍

ഉറ്റി വീണ
ചോരത്തുള്ളികളില്‍
വിരല്‍ തൊട്ട്,
ഞാനെഴുതിയത്
കവിതയല്ലെന്ന്
അവര്‍ക്കിനിയുമറിയില്ല


ഇമകളില്‍ തട്ടിയകലുന്ന
കിരണങ്ങളെ

ഹൃദയത്തിലേറ്റു വാങ്ങിയാല്‍

അവര്‍ക്കു കാണാം

പതച്ചൊഴുകുന്ന ചോര...


വരികളില്‍ കത്തുന്ന കണ്ണുകളും

പറന്നു പോയ ജീവന്‍ തന്നു പോയ
സ്വപ്നങ്ങളുടെ ഒരു തുണ്ട്

13 September 2008

അമ്മക്കിളി

ഒതുക്കു കല്ലു പോലെ
വഴി പോക്കരുടെ
ചവിട്ടേറ്റ് തേഞ്ഞു തേഞ്ഞ്

അലക്കു കല്ലു പോലെ
വിഴുപ്പലക്കലിന്‍റെ വേദനയില്‍
മിനുസമായി
നുകം വലിച്ചോടിയ
കാളയെപ്പോലെ
വഴിമറന്ന് കിതച്ചു കിതച്ച്..
കോളാമ്പിയൊഴിയാത്ത
രാവുകളില്‍
കുരച്ചു കുരച്ച് നെഞ്ചിടറുമ്പോള്‍
പറക്കാന്‍ വെമ്പുന്ന ജീവന്‍
അമര്‍ത്തിത്തിരുമ്മി
ഉള്ളില്‍ പെയ്യുന്ന പെരുമഴയൊളിച്ച്
നരച്ച മുടിയിഴകളില്‍ വിരല്‍ തൊട്ട്
ചിറകു കുടഞ്ഞ്‌
വറുതിയുടെ മഴപ്പെയ്ത്തില്‍
ഇരുള്‍ വീണ വഴികളില്‍
ഇടറിപ്പറന്ന്
ചിറകു മുളയ്ക്കാത്ത
പെണ്‍ കിളികള്‍ക്കായി
തകര്‍ന്ന കൂട്ടിനു താഴെ
ചൂളം വിളികളുയരുമ്പോള്‍
ചിറകു വിരുത്തി
കൊടുങ്കാറ്റ് ബാക്കി വെച്ച
ഒടിഞ്ഞ മരച്ചില്ലയിലെ
കുഞ്ഞു തൂവലുകള്‍ പെറുക്കി
തിമിരക്കാഴ്ച്ചയില്‍
തെളിയാതെ പോയ  

തീക്കൂനയില്‍ വേവുമ്പോഴും
കുഞ്ഞു കിളികളെത്തിരഞ്ഞ് ....

നിനക്കായി മാത്രം

പറയാന്‍ മറന്നതെല്ലാമടുക്കി
ഞാനൊരു നാള്‍ കാത്തിരുന്നു
മൊഴിയാതെ പോയ വാക്കുകളന്നു
നിനക്കായി പിടഞ്ഞിരുന്നു

വേലിയില്‍ പൂത്തു നിന്ന
ചെമ്പകം സാക്ഷിയാക്കി
കരഞ്ഞിരുന്നു...

കുന്നിന്‍ മുകളിലെ പുളിമരച്ചോട്ടില്‍
വാക്കുകളിപ്പോഴും കാണാം
നിനക്കായി

ആമ്പല്‍ കുളത്തിലെ മീനുകളിപ്പോഴും
നിന്‍റെ പേര് ചൊല്ലി
കളി പറയുന്നു

മയങ്ങുമ്പോളൊക്കെയും
കൂര്‍ത്ത നഖമുനകളില്‍
കോര്‍ത്ത് പോകുന്ന
സ്വപ്നങ്ങളില്‍ പിടയുന്നു ഞാന്‍

വാക്കുകളിനിയില്ല.
നുരുമ്പിച്ചു നുരുമ്പിച്ചു
പോകില്ലവയെങ്കിലും
കാലമത് മായ്ക്കാന്‍ ശ്രമിക്കും
എനിക്കതു വയ്യ ......

ഞാനൊളിച്ചു വയ്ക്കട്ടെയിനിയവ
എന്‍റെ കുഞ്ഞു നക്ഷത്രമൊളിപ്പിച്ച
അവളുടെ കണ്ണുകളില്‍
ഞാനത് കാത്തു വയ്ക്കും
അടുത്ത ജന്മത്തിനായി....

അന്ന് പറയാതെ ബാക്കി വയ്ക്കില്ല
പെയ്യാതെ മൂടി നില്‍ക്കില്ല
ഒഴുകാതെ കെട്ടി നില്‍ക്കില്ല
മയങ്ങാതെ പിടിച്ചു നില്‍ക്കില്ല

ഞാന്‍ ഞാനാകും.
അല്ല ,നീയാകും
അന്ന് ,
നീ ഞാനുമാകണം.
 13/september/2008

നീ ഒരു പെണ്ണ് മാത്രമാണ്

മകളെ കേള്‍ക്കുക
അടുക്കളയില്‍
നിന്‍ ശബ്ദമുയരരുത്

അരുതു നീയുറക്കെ
ചിരിക്കരുത്
നിന്‍റെ ചുണ്ടിലുണരുന്ന
ഗാനമൊരിക്കലും
ശബ്ദമാവരുത്

നിന്‍റെ മൂടുപടം
നീ തുറക്കരുത്
അതു ചെയ്യാതെ തന്നെ
കഴുകന്‍ കണ്ണുകള്‍
നിന്നെ
കോരിക്കുടിക്കുന്നുണ്ട്

നാട്ടു മാങ്ങയ്ക്ക്
നീ കല്ലെറിയരുത്‌
കൈകളുയരുന്നത് കാത്ത്
കണ്‍ കോണില്‍ കാമം നിറച്ച്
നിനക്കായ്
ചൂണ്ടകള്‍
ഇളകാതെ കാത്തിരിപ്പുണ്ട്‌

സൌഹൃദത്തിന്‍റെ
വിജനതയില്‍
നാവു നൊട്ടി നുണയുന്നതും
ചെത്തിക്കൂര്‍പ്പിച്ച നഖങ്ങള്‍
പുറത്തു ചാടുന്നതും
കണ്ടു നീ നടുങ്ങരുത്
അതു നീ മേനി പറഞ്ഞ
സൗഹൃദം തന്നെയാണ്

യാത്രയ്ക്കിടയില്‍
നിന്‍റെ അവയവങ്ങള്‍
സ്ഥാനങ്ങളില്‍ തന്നെയെന്ന്‌
പരിശോധിക്കപ്പെടും
മകളെ
നീ ഒച്ച വയ്ക്കരുത്
കാരണം നീ പെണ്ണാണ്

പൊന്നു തികയാഞ്ഞത്തിന്
തീച്ചൂടറിഞ്ഞ്
വേവുമ്പോഴും
മകളെ അരുതു നീ
കണ്ണുനീര്‍ തൂവരുത്

ഇരുള്‍ പടര്‍പ്പില്‍
കാട്ടു പൊന്തയില്‍
ഇര പിടിയന്മാര്‍
നിന്‍റെ
ചോര രുചിക്കുമ്പോഴും
നീ ഞരങ്ങരുത്
കാരണം മകളെ,
നീയൊരു പെണ്ണാണ്

പിതൃ സ്നേഹം
നിന്‍റെ തൊലിപ്പുറത്ത്
സ്പര്‍ശമാവുമ്പോഴും
നിന്‍റെ ഉദരത്തിനുള്ളില്‍
കുഞ്ഞു ചലനമുണരുമ്പോഴും
നീ പുറത്തു പറയരുത്

വാര്‍ന്നു പോയ രക്തമിനി
ഉറക്കത്തിലും ഓര്‍ക്കരുത്
കാരണം, നീയിന്നൊരു
വസ്തു മാത്രമാണ്

ചാക്കിനുള്ളില്‍
പുഴുവരിക്കുമ്പോഴും
കോണ്‍വെണ്ടിലെ
കിണറിന്‍റെ
ആഴമളക്കുമ്പോഴും
വൈറസുകള്‍
നിന്‍റെ ഇളം മേനിയില്‍
പെറ്റു പെരുകുമ്പോഴും
നീ ചുണ്ടനക്കരുത്

കാരണം മകളെ
നീ പിറന്നതു തന്നെ
ഒരു ആണിന്‍റെ
നേരമ്പോക്കാണ്

ജനിക്കും മുമ്പേ
മരണത്തിന്‍റെ കൈകള്‍
നിനക്കായി കാത്തിരുന്നതാണ്
വേണ്ടായിരുന്നു
നീ ജനിക്കരുതായിരുന്നു