.....

06 October 2015

വെളിച്ചം മറന്നു പോയ ഒരാള്


വാക്കുകൾ
മറന്നു പോയ ഒരാള്‍
വഴി വിളക്കിൽ
കണ്‍നട്ടിരിക്കുന്നു

തെരുവ് നായ്ക്കൾ
മണം പിടിച്ചെത്തും മുമ്പേ
അയാളൊരു ഇറച്ചി
അപ്പാടെ വിഴുങ്ങുന്നു.

ദൈവമേ..
അതൊരു
ചോരക്കുഞ്ഞാണല്ലോ.!
നെടു നേരം  വിളക്ക് 
ഞടുക്കം കണ്‍ചിമ്മുന്നു 


കരയാനും ചിരിക്കാനും
അറിയാത്ത കുഞ്ഞ്
ശ്വസിക്കാൻ
മറന്നു പോയിരുന്നു.

അയാളാകട്ടെ,
അസാധാരണമായൊന്നും
സംഭവിക്കാത്തതു പോലെ
ഒരു സിഗരറ്റിന്
ചിത കൊളുത്തുന്നു.

വാക്കുകൾ
മറന്നു പോയ ഒരാള്
രാവ് ഉടുപ്പൂരും വരെ
വഴി വക്കിൽ നിൽക്കുന്നു

രാത്രിയുടെ
നഖക്ഷതങ്ങളിൽ
ആളുകൾ
ഞെട്ടൽ രേഖപ്പെടുത്തുന്നു.

ചായച്ചൂടിൽ
ഞെട്ടാൻ മറക്കുന്നവർ
പ്രകടമായൊരു രോഷം
മുഷ്ടി ചുരുട്ടുന്നു.
(മൈഥുനം എന്ന് ഞാൻ പറഞ്ഞിട്ടില്ല )

രാത്രിയിൽ
വാക്കുകളെ
മറന്നവർക്ക്
പകൽച്ചൂടിൽ
വാക്കു മരത്തിന്റെ
ഒരു വിത്ത് കൊടുക്കണം.

വിത്തിനൊന്നിച്ച്
നടാൻ മറക്കരുതേ
അവരെയും...!

02 October 2015

അഹം


മടുപ്പിന്‍റെ  തേരട്ട
മുപ്പത്തിയാറ്
കാലുകളാല്‍
എന്നിലേക്ക്‌.....


ആത്മശോക ഗീതികൾ
പ്രണയ നോവുകൾ
ഉറക്കമൂട്ടി
പകരമെടുത്തു.

അജ്ഞാതമായൊരു
തീരം.
ചുറ്റുമുലയുന്നു,
കസവു പാവാടക്കടൽ..!

ഒറ്റക്കൊമ്പുള്ള
ഒറ്റത്തടിയുള്ള
അനാദിയാമൊരു
വൃക്ഷ നോവ്‌,
ചിറകു ചോദിച്ച്
കുരുവിയെ തേടുന്നു...

കുരുവി
സ്വന്തം ചിറകുകളിൽ
മുത്തമിട്ട് മുത്തമിട്ട്
സ്വപ്നസ്ഖലനത്തിൽ
മുങ്ങിമരിക്കുന്നു.

26 August 2015

മഴപ്പാറ്റകൾ


എന്റെ
അസ്ഥി പെറുക്കുവാൻ
വരണം.
ജീവിച്ചിരിക്കുന്നവന്റെ
ബലിദിനം..

ഓരോ മഴക്കിതപ്പിലും
നീയെന്നെ
കുടിച്ച് തീർക്കുന്നു
മുടിക്കെട്ടിൽ
ഉറക്കിക്കിടത്തുന്നു

ഞാനോ..
മുള്ളുമരത്തിൽ
ബന്ധിതനായി
ഉറക്കത്തിന്റെ
ദ്രവിച്ച വാതിലു തുറന്ന്
ഞരങ്ങുന്നു.

കുഞ്ഞുങ്ങളെ
നിലത്തു വെച്ച്
കൈ നീട്ടി നീയും....!

ഒരു മരം
ഒടി വിദ്യയാൽ
നിന്നെയൊരു
നരിച്ചീറാക്കുന്നു.

കുഞ്ഞുങ്ങളെ
തിരഞ്ഞ്
ഇരുട്ടിലരണ്ട്
ഞാൻ ...

കൂട്ടുകാരന്റെ
കവിതയിൽ നിന്നും
മരപ്പക
വേര് നീട്ടി
വലിച്ചു കുടിക്കുന്നു.

കുഞ്ഞുങ്ങളെ
തിരയരുതെന്നു നീ..
ഒരു മഴ കൊണ്ടുറക്കാം. !

മഴ തീരുമ്പോൾ
ചിറകു കുടഞ്ഞ്‌
അവർ പറന്നു നടക്കട്ടെ...

08 August 2015

ഞാനൊരിലയും നീയൊരു ശലഭവും.

ഇനിയൊരു ജന്മം
ഞാനൊരിലയും
നീയൊരു ശലഭവും.

ഓരോ മദ്ധ്യാഹ്നങ്ങളിലും
നീയെന്നെ തിന്നുക.
മെലിഞ്ഞ ഞരമ്പുകൾ
ബാക്കി വെച്ച്
തീർത്ത്‌ കളയുക...!

നോക്കൂ..
ആ ഞരമ്പുകൾ
ചേർത്ത് വെച്ച്
ഒരുവൾ
സ്വപ്നങ്ങളുടെ
കൂടൊരുക്കുന്നു..

01 August 2015

നമുക്കിനിയും കഴുത്തുകൾ വേണം...

ദാദറിൽ നിന്ന്
ഒരു പെണ്‍കുട്ടി
ചോര നനഞ്ഞ
ഒറ്റ മുലയുമായി
ബൈക്കുളയിലേക്ക്...
 
കാണുന്നുണ്ടോ
നമുക്കിനി
ഒറ്റപ്പെട്ടവരെക്കുറിച്ച്
കവിത ചൊല്ലാം.

കാഴ്ചയറ്റ് പോയ ചിലർ
ബാന്ദ്രയിൽ നിന്ന്
ആകാശത്തേക്ക്
കൈകളുയർത്തുന്നു
 
ദൈവമേ
ദൈവമേ
നിന്‍റെ പള്ളി
നിന്‍റെ മാത്രം പള്ളി
എന്‍റെ മാത്രം ജീവന്‍..!

കവിതയിൽ നിന്ന്
വാക്കുകൾ
ഇറങ്ങി നടന്നുവെന്നോ.. ?

കേൾക്കൂ...
അവർ
ബോംബുകൾ
നിർമ്മിക്കും
ആരാധനാലയങ്ങൾ
അശുദ്ധമാക്കും.
 
ഒരിക്കൽ
കന്യകകളായിരുന്ന
പെണ്‍കുട്ടികൾ
ആയുധമേന്തി
തിരഞ്ഞു വരും

അതിന് മുമ്പേ വരൂ
നമുക്കിനിയും
കഴുത്തുകൾ വേണം...

28 July 2015

നീ വറ്റുന്നത്

എവിടുന്നൊക്കയാ
ചിന്നിച്ചിതറിപ്പെയ്യുന്നേ
ഏതൊക്കെ ഇടവഴീല്‍ന്നാ
കുത്തിയൊലിച്ചു വരുന്നേ.
എന്നിട്ടും
മെലിഞ്ഞു മെലിഞ്ഞെന്ന്
കരയും മുമ്പേ,
നിന്‍റെ  അടിവയറ്റിലേക്ക്
കൈകള്‍ നീട്ടുന്നു
ഉടല് മുഴുവന്‍ ലിംഗങ്ങളുള്ള
ഒരു തോണി

22 July 2015

ഇലാഹീ


ഇലാഹീ
നിന്റെ നോട്ടത്താൽ
പൂവുകൾ കൊഴിയുന്നു
അതേ  നോട്ടത്താൽ
വസന്തം
ഗർഭം ധരിക്കുന്നു

സ്പർശിക്കും മുമ്പേ
എത്ര ജീവനുകളാണ്
ജനിച്ചു ജനിച്ച്
മരിക്കുന്നത്

തെരുവുകളിൽ,
വിളക്കുകളിൽ ,
ഓരോ ഇലകളിലും
നിന്റെ നാമം തിരയട്ടെ..

ആരോ ഉപേക്ഷിച്ചു പോയ
ഒരുടുപ്പാണ്
ഞാൻ...
അകത്ത്
വേർപ്പിൻ നനവ്..

എന്നെ തിരഞ്ഞു തിരഞ്ഞ്
നിന്നെ
കണ്ടെത്തിയിരിക്കുന്നു

ഇലാഹീ
ഹിമസ്പർശ്മായി
എന്നെ  തലോടൂ...
അനുരാഗത്തിന്റെ
പുതപ്പു കൊണ്ട് മൂടൂ ...

ഇലാഹീ
മണ്ണ് പുതപ്പിച്ച്
അവർ പോകുമ്പോൾ
മൈലാഞ്ചിച്ചെടികളാൽ
പ്രണയത്തിന്റെ
വേര് വിരൽ  നീട്ടൂ...

ഉടഞ്ഞു പോകാത്ത
ചഷകങ്ങളിൽ
ആത്മാവിനെ നിറച്ചു തരൂ

നോവുകൾ
നീയാകട്ടെ...
കവിതകളിൽ
നിന്നെ മാത്രം ഉമ്മ വെക്കട്ടെ...

അനുരാഗം
ആവർത്തനങ്ങളാൽ
വജ്രം പോലെ
മൂർച്ചയേറുന്നു.

മൂർഛകളുടെ മൂർച്ചയാൽ
ഞാനെത്ര നിസ്സാരനെന്ന്
ഒരു സ്വപ്നം കൊണ്ടെന്നിൽ
ജീവിതം  തീർക്കുന്നു

ഇലാഹീ...
ഒരുറക്കം കൊണ്ടെന്നെ
ഉണര്ത്തുക നീ..

കണ്ടു തീര്ന്നവയിലേക്ക്
പിന്നെയും പിന്നെയും
ഞരമ്പുകളിൽ
കണ്ണുകൾ മുളപ്പിക്കരുതേ

18 June 2015

ഉടൽ നദികളുടെ സുവിശേഷം

പ്രളയത്തിന്‍റെ ദിനങ്ങളിൽ
നൂറു നൂറു നാവുകൾ
വാഴ്ത്തപ്പെട്ടവളായി
നിന്നെ ഉരുവിടുന്നു

പുലരാൻ മറന്നു പോകുന്ന
രാവുകളിൽ
ഒരായിരം ഉടലുടുപ്പുകളിൽ
നീ പൂക്കളെ തുന്നിപ്പിടിപ്പിക്കുന്നു.
നിന്‍റെ വചനങ്ങളാൽ
ഇമകൾ ഞെട്ടി നിവരുന്നു.

തണുത്ത ജലയുമ്മകളിൽ
നിന്നെ പൊള്ളുന്നു
ജലജയാകുന്നു നീ.
ജലരൂപി

ആകാശം
കരഞ്ഞു കരഞ്ഞ്
ഭൂമിക്കു മീതെ
തളർന്നുറങ്ങുന്നു

വരി വരിയായി
നിന്‍റെ വഴിയിലേക്ക്
ഗ്രാമം
നഗരത്തെ പ്രസവിക്കുന്നു.

ചുറ്റിലും
വഴി വാണിഭക്കാർ,
കൈനോട്ടക്കാർ...
പതിയെപ്പതിയെ
നിന്നെച്ചുറ്റി
ഉടൽനദികളിൽ
ഇക്കിളിയുടെ പൂക്കാലം.

ഉന്മാദം പൊട്ടിച്ചിതറിയ
ഇടിമിന്നലുകളിൽ
നിന്‍റെ  കണ്ണുകളിൽ നിന്ന്
ഭ്രാന്ത് പൂത്തുലയുന്നു.

നമുക്ക്  വേണ്ടി മാത്രം
ഒരു പ്രളയമുണ്ടാകട്ടെ
നമുക്ക് മാത്രം...

വരൂ കാടിന്‍റെ
വിശപ്പ് മുറ്റിയ
നിബിഡതയിലേക്ക് പോകാം
നമുക്ക് മേൽ
ആയിരം ശതാവരി വള്ളികൾ
പടര്‍ന്നു കയറട്ടെ.

നോക്കൂ..
അവഗണിക്കപ്പെട്ട
ഒരു പുല്‍ച്ചാടി
നമ്മുടെ  അത്താഴക്കറിയിൽ  
ആത്മഹത്യ ചെയ്തിരിക്കുന്നു.

ഒരു പുല്‍ച്ചാടിയോ..!
നീ  പുച്ഛം കൊറിക്കുന്നത് പോലെ
ആകാശത്തിന്റെ അതിരുകളിൽ നിന്ന്
ആരോ ചിരിക്കുന്നു.
ഒരു മനുഷ്യനോ എന്ന്...!

09 June 2015

കവിതയുടെ വീട്

ആരുമെഴുതാത്ത
വാക്കുകൾ ചേർത്ത്
വീടുണ്ടാക്കണം

പനിച്ചുറങ്ങാൻ
അചുംബിതമാമൊരു
മെത്ത വേണം

വളത്തുണ്ടുകളാൽ
ഇരിപ്പിടം
തീര്ക്കണം

മുറിവുകൾ തുന്നി
മേല്ക്കൂര
മേയണം

ആകാശക്കഷ്ണങ്ങൾ
ചേർത്ത്‌ വെച്ച്
ചുമരു കെട്ടണം

മൂക്കുത്തിക്കല്ല് കൊണ്ട്
വിളക്ക്
കൊളുത്തണം

കവിത ചൊല്ലി
പാല് കാച്ചണം
മറക്കരുതേ
വരാൻ...

01 June 2015

വീട് ഒറ്റപ്പെടുന്നത്

കോളു നാളില്‍
തോണി നിറയെ സ്നേഹം
ഉപ്പു വെള്ളത്തിലടിഞ്ഞു

നിറയെ നിറയെ ജീവിതമെന്ന്
കുട്ടികള്‍ ഒച്ചയിട്ടു.
രുചിയുള്ള കൂട്ടാനെന്ന്
അടുക്കള പാത്രമൊരുക്കി
തീര്‍ന്നു പോയ
മരുന്ന് കുപ്പി തിരഞ്ഞ്
അകമുറി ചുമച്ചു.

പറയരുതെന്ന
തിരമൊഴി കേള്‍ക്കാതെ
കാറ്റ് വാതിലില്‍ മുട്ടി
അരുതെന്ന്
തെങ്ങോലയും വിലക്കി

കാറ്റേ,ഞാനും പറയുന്നു
തോണിപ്പുറത്ത്
ഒരുടല് മലച്ച്
ആകാശം നോക്കുന്നത്
വീടിനോട് പറയല്ലേ..

21 May 2015

മരിച്ചവന്റെ ഓർമ്മപ്പുസ്തകം

മരിച്ചവന്റെ ഓര്മ്മ ദിനത്തിൽ
അവനിഷ്ടമുള്ള ഭക്ഷണമോ
ഇഷ്ടമുള്ള നിറങ്ങളോ
ഇഷ്ടമുള്ള പാട്ടുകളോ
ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ

വെറുപ്പിനെക്കാൾ
വെറുത്തു പോയ
ചില ചിരികളിൽ
അവന്റെ ഓര്മ്മ
പല്ലിടയിൽ കുടുങ്ങും

ഇട്ടേച്ച് പോയ കടങ്ങളെ
പൂർത്തിയാക്കാത്ത
വീടു പണിയെ
കൊടുക്കാമെന്നേറ്റ
സ്ത്രീധന ബാക്കിയെ
വാക്കത്തി വാക്കുകളാൽ
മുറിച്ച് മുറിച്ച്....

പൊട്ടിപ്പോയ കളിപ്പാട്ടങ്ങളിൽ
പാതി നിറുത്തിയ കഥയിൽ
തരാമെന്നേറ്റ സമ്മാനങ്ങളിൽ
ഒരു കുട്ടി...

ആരും സ്നേഹിക്കാനില്ലാത്ത
കുഴിമാടം
ഓരോ വസന്തത്തിലും
മച്ചിയുടെ അടിവയറ് പോലെ
തുടിക്കും

നെഞ്ചിലേക്ക് ഇലകളടർത്തി
മരമതിന്റെ
തണലിനാൽ തലോടും.
കാട്ടു ചെടികൾ
ഓര്മ്മകളെ,
ജീവിച്ചു തീരാത്ത ചിലതിനെ
നീട്ടിനീട്ടി വിളിക്കുന്നുണ്ട്

തിരഞ്ഞു വരാനാളില്ലാത്ത
താഴ്വാരങ്ങളിലേക്ക്
ഓരോ രാവിലും
മണ്ണറ തുറന്ന് യാത്ര പോകുന്നു.

മൂടിപ്പുതച്ച മഞ്ഞു മാറ്റി
താഴ്വാരം
ശിരസ്സിൽ ചുണ്ടു ചേർക്കുന്നു
ഒരാളും ചുംബിക്കാത്ത
കണ്പോളകളെ
ഇക്കിളിപ്പെടുത്തുന്നു.

രാത്രി തീർന്നു പോകല്ലേയെന്ന്
നെഞ്ചിടിപ്പോടെ
ഓടിക്കൊണ്ടേയിരിക്കുന്നു.

ഒരിക്കലും കേട്ടിട്ടില്ലാത്ത
വിദൂര ഗ്രാമങ്ങളിലേക്ക്
എത്തിപ്പെടും മുമ്പേ
ക്രൂരമായ ചിരിയോടെ
വെളിച്ചം കോരിയൊഴിച്ച്
രാത്രി, കടന്നു കളയുന്നു.

ഏകാകിയുടെ
ഗാനങ്ങളിൽ
മരണത്തിന്റെ തണുപ്പ്.
തൊട്ടു നോക്കൂ
മടുപ്പ് പുതച്ച് മരണമുറങ്ങുന്നു

നെഞ്ചിലാകെ
വിരലോടിച്ച് രസിക്കുന്നു
ആരും കൊതിക്കുന്ന
നീലക്കണ്ണുള്ള മരണം

നോക്കൂ
വേരടർന്നുപോയ മരച്ചുവട്ടിൽ
നഷ്ടപ്പെട്ട പൂച്ചക്കുഞ്ഞുങ്ങളെ
കാത്തു കാത്ത്
ഒരു പെണ്‍കുട്ടി

ഓരോ വാക്കിലും
മണ്ണിനടിയിൽ നോവും
നോവിൽ ചൂട് പകർന്ന്
ദൂരെ ദൂരെ
അവന്റെ ഓർമ്മയിൽ
ഒരുവൾ മാത്രം കരയും

കരയാൻ മാത്രമൊന്നും
പറഞ്ഞില്ലല്ലോയെന്ന്
ഒരു നെഞ്ച് നോവുമ്പോഴും
കുഴിമാടം തിരഞ്ഞു തിരഞ്ഞ്
ജീവിതത്തെ
വകഞ്ഞു മാറ്റുകയാവും
ഒരേ ഒരുവൾ....

അന്നേരമാകും
മരിച്ചിട്ടും
മരിക്കാൻ കൊതിച്ച് പോകുന്നത്

14 May 2015

മരിച്ചു പോകാത്ത വിപ്ലവങ്ങൾ

മഴവില്ല്
പൂമ്പാറ്റ
വളകിലുക്കം
മൂക്കുത്തിയുമ്മകള്‍
മായ്ച്ച് കളയൂ..
നേരിനെ പൊതിഞ്ഞ
കടലാസു വാക്കുകളെ...

ചോര മണക്കുന്ന
വിത്തുകളെ പകരമെടുക്കൂ
സമരങ്ങളാല്‍ ഒരുക്കണം
സ്വപ്നങ്ങളെയും

ഉള്ളില്‍ നിന്ന്
വെളിച്ചത്തിന്റെ കൂട്ടം
ചിറകിളക്കുന്നു.

കാണുന്നുണ്ടോ
കാടുകൾ
ഉള്ളു കുലുങ്ങിക്കരയുന്നത്
ആകാശം
ഇരുളിലൊളിച്ച് വിങ്ങുന്നത്

ജീവിതം
നിനക്കും എനിക്കും
ചോര നനയുന്ന പുഴയാണ്
ഓരോ വെടിയുണ്ടകളും
നമുക്ക് നേരെയാണ്
ഓരോ വിരലുകളും
നമ്മുടെ കണ്ണുകളിലേക്കാണ്

ആസക്തിയുടെ തടാകം
വറ്റിക്കേണ്ടിയിരിക്കുന്നു.
പൊള്ളുന്ന നദിക്കരയിൽ വരിക
ചുവപ്പിന്റെ
വസന്തമുണ്ടീ കരയിൽ

പാതിയിൽ
വഴി മറന്നു പോയ
ഈ പുഴക്കരയിൽ
ഒഴിച്ച് കൂടാനാവാത്ത ഒഴുക്കിന്റെ
ആഴമില്ലായ്മയിൽ  നാം...

നിലവിളികളെ
ചവിട്ടിയരക്കുമ്പോൾ
ഒരു ചുമരിനപ്പുറം
തീ പിടിക്കുന്നുണ്ട്.

മൂന്നാം നാള്‍
കല്ലറകളിൽ നിന്ന്
വരിക തന്നെ ചെയ്യും
ചുവപ്പിന്റെ ചോരപ്പൂക്കൾ

04 May 2015

ചിറകുകള്‍


വരൂ
പോകാം
കിനാവ് കണ്ട
ഏദന്‍ തോട്ടത്തിലേക്ക്

ചേര്‍ന്നിരിക്കൂ
ചേര്‍ത്ത് പിടിക്കൂ
നിന്റെ ചിറകിടയില്‍
ഞാനൊരു തൂവല്‍

ഉടൽ ഭാരങ്ങളുടെ
നിഴല്‍പ്പാറകള്‍ കഴിഞ്ഞ്
തടാകത്തിന്റെ
നാഭീ തീരം മുറിച്ച്
പോകാം

അപ്പോഴും
ചിറകുകള്‍
ചുണ്ടുകളായി
എന്നെ
തിന്നു കൊണ്ടിരിക്കണം

തടാകം
വറ്റുന്നിടത്ത്
തമ്പടിക്കാം

ദാഹിക്കുന്നുവെന്ന്
തടാകം
കള്ളം പറയും
കള്ളം പറഞ്ഞു പറഞ്ഞ്
കടം കുടിപ്പിക്കും

01 May 2015

ദൈവത്തിന്റെ സ്കൂളിൽ നിന്ന്

കുട്ടികൾക്കെല്ലാം 
വെള്ളാരം കണ്ണുകളായിരിക്കും 
ചെമ്പരത്തിച്ചോപ്പുള്ള 
ചുണ്ടുകളായിരിക്കും 
ചാമ്പയ്ക്കാ നിറമുള്ള 
ചൊക ചൊകന്ന കുട്ടികൾ...

ഇന്റർ ബെല്ലിൽ 
ചിലരെല്ലാം  ഒളിച്ച് നിൽക്കും 
ആരും കാണാതെ പേരുകളെഴുതും 

ചുമരിൽ നിന്നിറങ്ങി 
ആകാശത്ത് പറന്നു കളിക്കും, 
ഓരോ പേരുകളും... 
വേദനിപ്പിക്കാത്ത ചൂരലുമായി 
ആരെഴുതിയെന്ന് 
ഹെഡ് മാഷ്‌ ചിരിക്കും...

നോക്കിക്കേ നോക്കിക്കേ 
താഴെത്താഴെ കുഞ്ഞിപ്പുഴ...
വറ്റിയൊഴുകുന്ന പുഴ കാണിച്ച് 
മേഘങ്ങളാൽ തോണിയുണ്ടാക്കും 
കാറ്റേ കാറ്റേ  കൊണ്ട് പോ 
താഴേക്ക്... താഴേക്ക്...

തോണി ചെന്ന് ഒറ്റയ്ക്കിരിക്കുന്ന 
കുട്ടിയുടെ മടിയിലിരിക്കും 
അരുമയോടെ 
ആരും കാണാത്ത ആകാശക്കഷണം 
കീശയിലിടും 

വൈകുന്നേരങ്ങളിലെ 
പതിവുള്ള കളികളിൽ 
പതിവുള്ള ചിരികളിൽ 
പതിവുള്ള പുതുമകളിൽ 
കുട്ടികളങ്ങനെ 
ചിരിച്ച് ചിരിച്ച് ചിരിച്ച് 
ഓടി ഓടി ഓടി 
പറന്നു പറന്നു പറന്ന് 
കളിച്ചോണ്ടിരിക്കുമ്പോൾ 
നീല നിറത്തിലുള്ള വലിയ ബസ്സ്‌ വരും 

"പുതിയ  കുട്ട്യോളെത്തീ....  "
ആരവത്തോടെ 
മാഷുമ്മാരും കുട്ടികളും ഓടിച്ചെല്ലും 
വാതില് തുറന്ന് 
കൈ നിറയെ ഉമ്മകളുമായി 
പുതിയവർ ഇറങ്ങും 
വേറെ വേറെ നിറമുള്ള 
വേറെ വേറെ മണമുള്ള 
വേറെ വേറെ ഭാഷയുള്ള 
ഉമ്മകളെത്രയാ കിട്ടിയതെന്ന് 
സ്വർഗ്ഗത്തിലെ ഹെഡ് മാഷ്‌ അന്തം വിടും 

സ്കൂൾ ബസ്സിനെയപ്പാടെ 
മാലാഖമാർ പൊതിയും 
"ബിനോയ്‌ ആശുപത്രീലാണോ...
നമ്മുടെ കൂടെ വന്നില്ലേ.."
"അനു മോളും വന്നില്ലല്ലോ... "
ഓരോരുത്തരും 
കൂട്ടുകാരെ എണ്ണമെടുക്കും 

ആറ് ബിയിൽ നിന്ന് അഞ്ച് സിയിലേക്ക് 
മുടങ്ങാതെയെത്തുന്ന കടല മിഠായി 
ആഴ്ച മുമ്പേ വാങ്ങി വെച്ച 
ചോക്കളേറ്റുകളുമായി 
നുണക്കുഴിയുള്ള ഹാപ്പി ബർത്ത് ഡേ 
ഫിസിക്സ് മാഷ്‌ 
സ്കൂള് മാറിപ്പോകണമെന്ന് 
നേർച്ച നേർന്നു നേർന്ന് 
ദൈവത്തോട് പിണങ്ങിയ 
ഏഴാം ക്ലാസ്സിലെ കാക്കപ്പുള്ളി 

അസംബ്ലിയുടെ ബെല്ലടിച്ചിട്ടും 
ഇങ്ങനെ നിൽക്കുവാണോ 
ചോപ്പ് നനഞ്ഞ ഉടുപ്പൊക്കെ മാറിക്കേ..... 
ഈ ചളുങ്ങിപ്പോയ ബസ്സ്‌ പൊയ്ക്കോട്ടേ...

നോക്കൂ.... നോക്കൂ...
ആരവങ്ങളോടെ കുട്ടികളെല്ലാം 
മൈതാനത്തേക്ക് ഓടും...
ചോപ്പുടുപ്പല്ലാം പച്ചപ്പുല്ലുകളാകും 

പുല്ലുടുപ്പണിഞ്ഞ കുട്ടികളേയെന്ന് 
മൈതാനത്തിരുന്ന് 
ദൈവം പുഞ്ചിരിക്കും 
ഓരോ കുട്ടിയെയും  
പേര് ചൊല്ലി വിളിക്കും. 

ദൈവം നോക്കുമ്പോൾ 
തുടുത്ത് തുടുത്ത് 
ചൊകന്നു ചൊകന്നു ചൊകന്ന്....
കുട്ടികളേ ...ഇങ്ങനെ നാണിക്കല്ലേ..