ആ നഗരത്തിലാര്‍ക്കും
ആത്മാവില്ലായിരുന്നു.
തിരക്കൊഴിയാത്ത
നടപ്പാതകളില്‍
കണ്ണുകളില്‍ ശൂന്യതയുമായി
ആളുകള്‍ തുറിച്ചു നോക്കുന്നു..
സ്വപ്‌നങ്ങള്‍
വില്പനയ്ക്ക് വെച്ച ഒരു വൃദ്ധന്‍
ശാപഗ്രസ്തനാകുന്നു
സ്വപ്‌നങ്ങള്‍ അവര്‍ക്ക്,
പിശാചിന്‍റെ സേവയാണെത്രെ ,...!!
നനവ് മറന്ന കണ്ണുകളില്‍
ഞാനൊരു വിഡ്ഢി...
പാട്ടു പാടിയതിനാണ്
എന്നെയവര്‍ കല്ലെറിഞ്ഞത്
അവിടെ
രാജാവിന്‍റെ അപദാനം മാത്രം ..!
അനുരാഗം
സ്വര്‍ഗീയമെന്നു പറഞ്ഞതിനാണ്
എന്നെയവര്‍, അവളൊന്നിച്ച്
കഴുതപ്പുറത്തിരുത്തിയത്
അവളുടെ കഴുത്തില്‍
എനിക്കജ്ഞാതമായ ഭാഷയില്‍
ഒരു കുറ്റാരോപണം.
അവളൊരു വേശ്യയാകാം..
എന്‍റെ നേരെ വരുന്ന
കല്ലുകള്‍ക്കിടയിലൂടെ
ഞാന്‍ കാണുന്നുണ്ട്
അകത്തളങ്ങളില്‍ നിന്നും
തലപ്പാവുകളുടെ കണ്ണുകള്‍ തറയുന്നത്
അവളുടെ അടി വയറ്റില്‍ തന്നെയാണ്.