.....

16 November 2011

കുഞ്ഞാത്തു

കവിതയെഴുതാന്‍ തുടങ്ങി
കുഞ്ഞാത്തുവും !
പ്രാസഭംഗിയൊപ്പിച്ച്
വരി മുറിച്ചല്ലെങ്കിലും
പച്ചയോലച്ചീന്തു പോലെ
ഒറ്റയ്ക്കൊരു ജീവിതം പകച്ചു നിന്നു.

കരഞ്ഞു പിഞ്ഞിപ്പോയ
ജീവിതക്കോന്തലയില്‍
കെട്ടിവെച്ചതെല്ലാം   
പകുത്തെടുക്കാന്‍ വന്നവന്‍
പടച്ചോന്‍ കൊണ്ട് വന്നവന്‍..!

വാടിപ്പോയ മോഹച്ചെടികളില്‍
പുതുമഴ പെയ്തു  മഴക്കാലമായി.

വേനല്‍ വന്നപ്പോള്‍
കുഞ്ഞുങ്ങള്‍ നാല്

എത്ര ചവിട്ടു കൊണ്ടാലും
വീഴാതെ നില്‍ക്കും
ചെരിഞ്ഞു വീണാലും
കുലക്കാന്‍ മറക്കാതിരിക്കും.

ഒരുമ്മ മാത്രം മതി.
ബീഡിക്കറ മണത്തില്‍
ഓക്കാനിക്കാതെ....
പൂമണം..!

കാറ്റിലൊടിയാതിരിക്കാന്‍ തന്നെ
നാലു പാടും വാക്കാണികളാല്‍
ബന്ധിച്ചിടുന്നത് .

പുതുക്കം കഴിഞ്ഞവന്‍
ആറരപ്പവന്‍റെ 
പൊന്‍ ചിരി ചിരിച്ചു.

നാട് മുഴുക്കെ പെണ്‍മരത്തൈ നട്ട്
പുതിയാപ്പിള കാട് കയറി

വീടെത്തും മുമ്പേ
കാപ്പിമരം കാണും
ഉമ്മ ചോദിക്കും കാപ്പിപ്പൂക്കള്‍...

'ബദ് രീങ്ങളെ ....'
ഉച്ചത്തിലൊരു വിളി
തൊണ്ടയില്‍ തടഞ്ഞു നില്‍ക്കും.

ആ വിളി കൊണ്ടാണ്
രാത്രി, പേടിച്ചോടുന്നതും
കുഞ്ഞാത്തുവിന്‍റെ പെണ്‍മരത്തൈകള്‍
വളര്‍ന്നു കൊണ്ടേയിരിക്കുന്നതും

9 comments:

ഹന്‍ല്ലലത്ത് Hanllalath said...

നാട് മുഴുക്കെ പെണ്‍മരത്തൈ നട്ട്
പുതിയാപ്പിള കാട് കയറി

yousufpa said...

ഒരു വയനാടൻ ചാരിത്ര്യം കവർന്നെടുക്കുന്ന മൈസൂർ കല്ല്യാണക്കറകൾ..ഇഷ്ടായി ഈ എഴുത്ത്.

MOIDEEN ANGADIMUGAR said...

അതെ; മലപ്പുറത്തെയും,വയനാട്ടിലേയും മൈസൂർ കല്ല്യാണങ്ങളെ ഓർമ്മിപ്പിക്കുന്നു വരികൾ.

Bindhu Unny said...

ഇഷ്ടമായി, ഹൻ‌ലലത്ത്. :)

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വളരെ ഹൃദ്യമായി ഒരു ജീവിതം അവതരിപ്പിച്ചു.

ഭാനു കളരിക്കല്‍ said...

മൈസൂര്‍ കല്യാണമോ? അതെന്താണ്?

ശ്രീനാഥന്‍ said...

പെണ്മരത്തെകൾ നാടു നീളെ നടുമ്പോൾ കരിഞ്ഞു പോവുന്ന ജീവിതങ്ങൾ!

പൊട്ടന്‍ said...

മാഷെ,
ഒന്ന് ഒന്നര സമ്പവമാ , ഓരോ കവിതയും.
ഞാന്‍ നിങ്ങളുടെ ഒരു സ്ഥിരം വായനക്കാരനാണ്.

Jasim Tharakkaparambil said...

Happy 2 c here a big poet. Cngratz.
Pls visit my blog http://jasimsthattukada.blogspot.com