.....

08 June 2012

ഇരകള്‍ക്ക് നാല് പാഠങ്ങള്‍

പാഠം ഒന്ന് :ഒരുക്കം 
നോക്കൂ..
എനിക്കിതു മാത്രമാണ്
ഓര്‍മ്മിപ്പിക്കുവാനുള്ളത്
പതിവ് തെറ്റാതെയിരിക്കാന്‍
ശ്രദ്ധിക്കണം.

പതിവ് പോലെ
ചിരിക്കുകയും
കുശലം ചോദിക്കുകയും
ഒക്കത്തിരിക്കുന്ന കുഞ്ഞുങ്ങളെ
കവിളില്‍ തലോടുകയും ചെയ്യുക.

ചിന്ത പോലും
ഉയര്‍ന്നു കേള്‍ക്കരുത്‌.
ചാറ്റല്‍ മഴ പോലെ
മെല്ലെ തുടങ്ങണം.
പിന്നെ,
പറയേണ്ടല്ലോ..?!

നമ്മുടെ ദൈവത്തെ
കാത്തു കൊള്ളാമെന്ന്
നമ്മള്‍ കരാര്‍ ചെയ്തിരിക്കുന്നു.

വലുത്
ദൈവമോ രാജ്യമോ...?!
പറയും വരെ തുടരുക.

ഒരു ദൈവവും
നമ്മുടെ ദൈവത്തെക്കാള്‍
വലുതല്ല..

ദൈവം ഒന്നാണെന്നോ ?!
വിഡ്ഢീ,
നമ്മുടേത്‌ മാത്രമാണ് ദൈവം.

അവരോ...,
നശിക്കാനായിപ്പിറന്നവര്‍

പാഠം രണ്ട്: ശുദ്ധീകരണം 
അനന്തരം
ഊരി വെച്ച
മുഖം മൂടികള്‍ ധരിക്കുകയും
അവര്‍ വീടുകളില്‍ നിന്നും
തല നീട്ടുകയും ചെയ്തു.

തെരുവാകട്ടെ
വിളര്‍ത്തും ചകിതമായും
കാണപ്പെട്ടു.

ഒറ്റയ്ക്കും കൂട്ടായും
നടന്നടുക്കുന്ന
നിലവിളികളാല്‍
കാല്‍ വിറച്ചും
കണ്‍ നിറഞ്ഞും കാണപ്പെട്ടു

ദൈവചിന്തയും
രാജ്യസ്നേഹവും
ചോര നുണഞ്ഞു .

ഇലമറവില്‍  
പരസ്പരം
കൈപിടിച്ചുമ്മ വെച്ചു

ഓരോ ഞരക്കവും
ഗര്‍ഭനോവ്‌ പോലെ
നേര്‍ത്തു കാണപ്പെട്ടു

തളര്‍ന്ന നെടുവീര്‍പ്പ്
നടുങ്ങിയും വിറച്ചും
ഉയരങ്ങളിലേക്ക്
കൈകളുയര്‍ത്തുന്നത്‌
കാണാമായിരുന്നു.

പാഠം മൂന്ന്: വംശഹത്യയെന്നാല്‍ കലാപം /
(അക്കമിട്ടു കൊല്ലുന്നതാണ് കലാപം)
പതിവ് പോലെ
ദൈവത്തെ (രാജ്യത്തെയും)
കാക്കാന്‍
പട നയിക്കപ്പെട്ടു.

കുട്ടികള്‍
ചോര നനഞ്ഞ
കൊടികളില്‍
കാലമര്‍ത്തി
നടക്കുകയും ചെയ്തു

രാജ്യം കാക്കപ്പെട്ടു
'കുടിയേറ്റക്കാരാല്‍'
ആള്‍ക്കൂട്ടം
തീച്ചൂട് കാഞ്ഞു.

പതിവ് തെറ്റാതെ
കുഞ്ഞുങ്ങളെ,
പട്ടാളക്കാര്‍
ഉമ്മ വെച്ചുറക്കി.

ചുകന്ന പൂവ് പോലെ
കരുതലോടെ
ക്യാമറകള്‍  പകര്‍ത്തി.
വിരിയുന്നത്
പൂവായിട്ടല്ലെങ്കിലോ ?!

പാഠം നാല് :മതേതരത്വം
മുഖം മൂടികള്‍
ഊരി വെക്കപ്പെടുകയും
വേട്ടക്കാര്‍
വീടുകളിലേക്ക് മടങ്ങുകയും
ചെയ്തു

പൊരുതാന്‍ വന്നവരെ ഓര്‍ത്ത്
കുടുകുടെ ചിരിക്കുകയും
നിലത്തേക്ക് തുപ്പുകയും
ചെയ്യുന്നുണ്ടായിരുന്നു

ചുകന്ന കണ്ണുകളിലേക്ക്
നോക്കി
കണ്ണാടി അവരെ ഭയപ്പെടുത്തി.

മുഖം മൂടികളുടെ പാകത
അലോസരപ്പെടുത്തുകയും
നിരുത്സാഹപ്പെടുത്തുകയും
ചെയ്യുന്നുണ്ടായിരുന്നു

പച്ചയും കാവിയും നിറമില്ലാത്ത
പ്രഭാതം
കാത്തിരിക്കുന്നുണ്ടായിരുന്നു.

8 comments:

प्रिन्स|പ്രിന്‍സ് said...

ഇരകൾക്ക് നാല് പാഠങ്ങൾ മാത്രമോ? കാലത്തിന്റെ ഒരു ചരിതം തന്നെ ഉൾക്കൊള്ളുന്ന കവിത എന്നാണ് പറയാൻ തോന്നുന്നത്. ശരിക്കും ശക്തമായ ആശയം അതിന്റെ പ്രാധാന്യത്തോടെ തന്നെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

സൃഷ്ടിയുടെ സമവാക്യം എല്ലാമനുഷ്യരിലും ഒരുപോലെയാണ് പ്രവർത്തിച്ചിരിക്കുന്നത്. അത് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത(?) ഒരു ശക്തിയിൽ നിന്നും ഉത്ഭവിക്കുന്നു. മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ തമ്മിൽത്തല്ലുന്നവർക്ക് എന്തുകൊണ്ട് ഈ രീതിയിൽ ചിന്തിക്കാൻ കഴിയുന്നില്ല!

ഉയർന്ന നിലവാരം പുലർത്തുന്ന ചിന്തകൾ. തൂലിക പടവാളാകട്ടെ. ആശംസകൾ...

Cv Thankappan said...

മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു!
ശക്തവും,തീക്ഷണവുമായ വരികള്‍.
നേരിന്‍റെ നേര്‍ക്കാഴ്ചകള്‍.
ആശംസകള്‍

എം പി.ഹാഷിം said...

ഉയരത്തില്‍ ചിന്തിക്കുക എന്നത് പാഠം ഒന്നില്‍ തന്നെ ഉമ്മ വെച്ചുണ്ടാക്കെണ്ടാതാണ് .
ഒരേ മണ്ണ് കൊണ്ട് ഞാനും, നീയും സൃഷ്ടിക്കപ്പെട്ടു എന്ന തിറിച്ചറിവിനെ ഉണ്ടാക്കിയെടുക്കാന്‍
തെല്ലൊന്നുമല്ല പാട്. അതിശക്തമായ ഒരെഴുത്ത്

ദൈവചിന്തയും
രാജ്യസ്നേഹവും
ചോര നുണഞ്ഞു .

pravaahiny said...

nalla kaambulla kavitha. avasana varikal eniku othiri ishtamayi
snehaththode
PRAVAAHINY

..naj said...

very good..powerful....!

..naj said...

very good..powerful....!

Ashley said...

ഉയരത്തില്‍ ചിന്തിക്കുക എന്നത് പാഠം ഒന്നില്‍ തന്നെ ഉമ്മ വെച്ചുണ്ടാക്കെണ്ടാതാണ് . ഒരേ മണ്ണ് കൊണ്ട് ഞാനും, നീയും സൃഷ്ടിക്കപ്പെട്ടു എന്ന തിറിച്ചറിവിനെ ഉണ്ടാക്കിയെടുക്കാന്‍ തെല്ലൊന്നുമല്ല പാട്. അതിശക്തമായ ഒരെഴുത്ത് ദൈവചിന്തയും രാജ്യസ്നേഹവും ചോര നുണഞ്ഞു .

Jason said...

മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു! ശക്തവും,തീക്ഷണവുമായ വരികള്‍. നേരിന്‍റെ നേര്‍ക്കാഴ്ചകള്‍. ആശംസകള്‍