.....

26 November 2014

അസർ മുല്ല പൂക്കുന്ന വീട്


മൈലാഞ്ചിചെടികൾ
നിറഞ്ഞു നിൽക്കുന്ന,
അസർ മുല്ലകൾ
പൂത്ത് നില്ക്കുന്ന വീട്

വീട്ടുകാരി
ഒറ്റയ്ക്കാണ്
കാറ്റ് കൊള്ളാൻ
ഇറങ്ങി നിൽക്കുന്നുണ്ടാകും

ഇപ്പോഴും
അവൾക്ക്
മാങ്ങാ മണമായിരിക്കുമോ ?

മഴ കാണണം
മഴ നനയണം  
മഴ മഴയെന്ന് 
കൊതിക്കുന്നുണ്ടാകുമോ ?

കാവൽ നിൽക്കുന്നവരോട്
കെഞ്ചി നോക്കണം
അവളുടെ
കവിത കേൾക്കണമെന്ന്
ഒരഞ്ചു നിമിഷം
ചേർന്നിരിക്കണമെന്ന്

ഒരുപക്ഷെ
അവളുറക്കമാകാം
നോക്കി നോക്കി
വീടിനു ചുറ്റും 
വലം വെക്കണം

കാവൽ നിൽക്കുന്ന
മാലാഖമാർ
കാറ്റായി വന്ന്
എന്നെയുറക്കാൻ നോക്കും

അന്നേരം
അന്നേരം
ആ ഖബർ വീട്ടിൽ നിന്ന്
ഒരു നെഞ്ചിടിപ്പ് കേൾക്കാം

4 comments:

ബൈജു മണിയങ്കാല said...

വല്ലാത്ത ട്വിസ്റ്റ്‌ ആയിപോയി അവസാനം
ഗംഭീരം

സൗഗന്ധികം said...

മണമുള്ള വീട്‌... മണമുള്ള വരികൾ.


നല്ല കവിത


ശുഭാശംസകൾ......


Muralee Mukundan , ബിലാത്തിപട്ടണം said...

കാവൽ നിൽക്കുന്ന
മാലാഖമാർ
കാറ്റായി വന്ന്
എന്നെയുറക്കാൻ നോക്കും

അന്നേരം
അന്നേരം
ആ ഖബർ വീട്ടിൽ നിന്ന്
ഒരു നെഞ്ചിടിപ്പ് കേൾക്കാം

ajith said...

അതെ വല്ലാത്ത ഒരു ട്വിസ്റ്റ് ആയിപ്പോയി