അറിയുമോ
ഭീതി റോന്തു ചുറ്റുന്ന ഇടവഴികളെ
ഭ്രാന്ത് തിന്നുന്ന തെരുവിനെ ?!
പിടഞ്ഞു പോയവർക്ക് മേല്‍
നിലവിളികള്‍
വസ്ത്രമാകുമ്പോള്‍
ഞാൻ ഭ്രാന്താശുപത്രീലായിരുന്നു
പറഞ്ഞു പുളിച്ചതാണ്
കേട്ട് തികട്ടിയതാണ്
തെരുവും, ഉറയൂരുന്ന സര്‍പ്പ ദൃഷ്ടികളും
ചാര നിറം പുതച്ച ആകാശവും
പേടി ഇല്ലാതായ നാട്
കണ്ടിട്ടുണോ ?
മൂത്ര നാളികളെയെങ്കിലും
വെറുതെ വിടണമെന്ന്
ഒരു പെണ്ണും പറയാത്ത,
യോനികളില്‍ മണല്‍ നിറച്ച്
ആര്‍പ്പു വിളിക്കുന്ന തെരുവിനെ
ഒരു വീട്ടിലും കുട്ടികള്‍
ഉറക്കത്തില്‍ ഞെട്ടി നിലവിളിക്കുന്നില്ല
ഓരോ കുട്ടിയും പൊടുന്നനെ
നോക്കി നോക്കി നില്‍ക്കെ വൃദ്ധരാകുന്നു
സ്കൂളുകളില്‍
കുഞ്ഞുടുപ്പണിഞ്ഞ്
മരണം നൃത്തം ചെയ്യുന്നു
കവിത ചൊല്ലുന്നു
കുട്ടികള്‍ ആരവങ്ങളോടെ
മരണത്തെ അനുഗമിക്കുന്നു...
നോക്കൂ..
ഓരോ കുഞ്ഞുങ്ങളും
ഉറക്കത്തില്‍ പൊട്ടിത്തെറിക്കുന്നു
ബോംബുകളായി പറന്നു നടക്കുന്നത്,
ആള്‍ക്കൂട്ടത്തിലേക്ക്
കണ്ചിമ്മല് പോലെ കടന്നു കയറുന്നത്
ചോരച്ചോപ്പുള്ള
തുടകളെ വരച്ച് വെക്കുന്നത്
ഓരോ കുട്ടികളും സ്വപ്നം കാണുന്നു.
കുട്ടികളെല്ലാം ആണുങ്ങളാകുന്നു
ഓരോ അവവയങ്ങളാലും
തെരുവിനെ ഒരു പെണ്ണാക്കുന്നു.
അമ്മ മരിച്ചു പോയ പെണ്‍കുട്ടിയെ
ആറു വയസ്സുകാരൻ
ആര്‍ത്തവം പഠിപ്പിക്കുന്നു
ഓരോ രാത്രിയും പുലരാതിരിക്കണമെന്ന്
ഓരോ വീടും കൊതിക്കുന്നു
ഓരോ പകലുകളെയും
ഭ്രാന്തിയെപ്പോലെ മുഖം തിരിച്ച്
വിരുന്നൂട്ടുന്നു
കുട്ടികളുടെ ചിത്ര പുസ്തകത്തില്‍
ചോര നിറം മാത്രം നിറയുന്നു
തലകളെ കൂട്ടി വെച്ച്
മുഖങ്ങളെ വരച്ച് ചേർക്കുന്നു
ചുണ്ട് കോര്‍ത്ത്
തെരുവുകളെല്ലാം
സമരത്തിലാണെന്നു നീ പറയുന്നു
ഇവിടെയും സമരം തന്നെയാണ്
ഓരോ അമ്മയും
കുഞ്ഞുങ്ങളില്ലാത്ത വീട്ടിലേക്ക്
അമ്മേയെന്ന് വിളിച്ച്
മരണമെങ്കിലും വരണമേയെന്ന്...
ഒരേ സമരം തന്നെയാണ്...
8 comments:
വായിക്കുന്നവന് തോക്കെടുക്കുന്നില്ല
തോക്കെടുക്കുന്നവന്‍ വായിക്കുന്നില്ല
എത്ര നിസ്സഹായരാണ് നാം ഓരോരുത്തരും.
പെഷ്വാറിന്റെ രോദനം ഓരോ 'മനുഷ്യന്റെയും' ഉറക്കം കെടുത്തുന്നു
ഭ്രാന്തുകള്‍ പലവേഷത്തില്‍ ഉലകത്തില്‍ പേക്കൂത്ത് നടത്തുന്നു....
മൂര്‍ച്ചയുള്ള വരികള്‍
ആശംസകള്‍
ഓരോ സംഭവവും കവിയില്‍ മുറിവേലേ്പിക്കുന്നുണ്ട്
ഓരോ സംഭവവും കവിയില്‍ മുറിവേലേ്പിക്കുന്നുണ്ട്
ഭ്രാന്തന്മാരുടെതാണ് ലോകം ...
നല്ല എഴുത്ത് ആശംസകൾ ...
Post a Comment