നൂറു നൂറു നാവുകൾ
വാഴ്ത്തപ്പെട്ടവളായി
നിന്നെ ഉരുവിടുന്നു
പുലരാൻ മറന്നു പോകുന്ന
രാവുകളിൽ
ഒരായിരം ഉടലുടുപ്പുകളിൽ
നീ പൂക്കളെ തുന്നിപ്പിടിപ്പിക്കുന്നു.
നിന്‍റെ വചനങ്ങളാൽ
ഇമകൾ ഞെട്ടി നിവരുന്നു.
തണുത്ത ജലയുമ്മകളിൽ
നിന്നെ പൊള്ളുന്നു
ജലജയാകുന്നു നീ.
ജലരൂപി
ആകാശം
കരഞ്ഞു കരഞ്ഞ്
ഭൂമിക്കു മീതെ
തളർന്നുറങ്ങുന്നു
വരി വരിയായി
നിന്‍റെ വഴിയിലേക്ക്
ഗ്രാമം
നഗരത്തെ പ്രസവിക്കുന്നു.
ചുറ്റിലും
വഴി വാണിഭക്കാർ,
കൈനോട്ടക്കാർ...
പതിയെപ്പതിയെ
നിന്നെച്ചുറ്റി
ഉടൽനദികളിൽ
ഇക്കിളിയുടെ പൂക്കാലം.
ഉന്മാദം പൊട്ടിച്ചിതറിയ
ഇടിമിന്നലുകളിൽ
നിന്‍റെ കണ്ണുകളിൽ നിന്ന്
ഭ്രാന്ത് പൂത്തുലയുന്നു.
നമുക്ക് വേണ്ടി മാത്രം
ഒരു പ്രളയമുണ്ടാകട്ടെ
നമുക്ക് മാത്രം...
വരൂ കാടിന്‍റെ
വിശപ്പ് മുറ്റിയ
നിബിഡതയിലേക്ക് പോകാം
നമുക്ക് മേൽ
ആയിരം ശതാവരി വള്ളികൾ
പടര്‍ന്നു കയറട്ടെ.
നോക്കൂ..
അവഗണിക്കപ്പെട്ട
ഒരു പുല്‍ച്ചാടി
നമ്മുടെ അത്താഴക്കറിയിൽ
ആത്മഹത്യ ചെയ്തിരിക്കുന്നു.
ഒരു പുല്‍ച്ചാടിയോ..!
നീ പുച്ഛം കൊറിക്കുന്നത് പോലെ
ആകാശത്തിന്റെ അതിരുകളിൽ നിന്ന്
ആരോ ചിരിക്കുന്നു.
ഒരു മനുഷ്യനോ എന്ന്...!
5 comments:
നല്ല കവിത ഹന്‍ല്ലലത്
കൊള്ളാം
നന്നായിട്ടുണ്ട്
മനോഹരമായിരിക്കുന്നു...
കവിത നന്നായിട്ടുണ്ട്
ആശംസകള്‍
Post a Comment