.....

01 May 2015

ദൈവത്തിന്റെ സ്കൂളിൽ നിന്ന്

കുട്ടികൾക്കെല്ലാം 
വെള്ളാരം കണ്ണുകളായിരിക്കും 
ചെമ്പരത്തിച്ചോപ്പുള്ള 
ചുണ്ടുകളായിരിക്കും 
ചാമ്പയ്ക്കാ നിറമുള്ള 
ചൊക ചൊകന്ന കുട്ടികൾ...

ഇന്റർ ബെല്ലിൽ 
ചിലരെല്ലാം  ഒളിച്ച് നിൽക്കും 
ആരും കാണാതെ പേരുകളെഴുതും 

ചുമരിൽ നിന്നിറങ്ങി 
ആകാശത്ത് പറന്നു കളിക്കും, 
ഓരോ പേരുകളും... 
വേദനിപ്പിക്കാത്ത ചൂരലുമായി 
ആരെഴുതിയെന്ന് 
ഹെഡ് മാഷ്‌ ചിരിക്കും...

നോക്കിക്കേ നോക്കിക്കേ 
താഴെത്താഴെ കുഞ്ഞിപ്പുഴ...
വറ്റിയൊഴുകുന്ന പുഴ കാണിച്ച് 
മേഘങ്ങളാൽ തോണിയുണ്ടാക്കും 
കാറ്റേ കാറ്റേ  കൊണ്ട് പോ 
താഴേക്ക്... താഴേക്ക്...

തോണി ചെന്ന് ഒറ്റയ്ക്കിരിക്കുന്ന 
കുട്ടിയുടെ മടിയിലിരിക്കും 
അരുമയോടെ 
ആരും കാണാത്ത ആകാശക്കഷണം 
കീശയിലിടും 

വൈകുന്നേരങ്ങളിലെ 
പതിവുള്ള കളികളിൽ 
പതിവുള്ള ചിരികളിൽ 
പതിവുള്ള പുതുമകളിൽ 
കുട്ടികളങ്ങനെ 
ചിരിച്ച് ചിരിച്ച് ചിരിച്ച് 
ഓടി ഓടി ഓടി 
പറന്നു പറന്നു പറന്ന് 
കളിച്ചോണ്ടിരിക്കുമ്പോൾ 
നീല നിറത്തിലുള്ള വലിയ ബസ്സ്‌ വരും 

"പുതിയ  കുട്ട്യോളെത്തീ....  "
ആരവത്തോടെ 
മാഷുമ്മാരും കുട്ടികളും ഓടിച്ചെല്ലും 
വാതില് തുറന്ന് 
കൈ നിറയെ ഉമ്മകളുമായി 
പുതിയവർ ഇറങ്ങും 
വേറെ വേറെ നിറമുള്ള 
വേറെ വേറെ മണമുള്ള 
വേറെ വേറെ ഭാഷയുള്ള 
ഉമ്മകളെത്രയാ കിട്ടിയതെന്ന് 
സ്വർഗ്ഗത്തിലെ ഹെഡ് മാഷ്‌ അന്തം വിടും 

സ്കൂൾ ബസ്സിനെയപ്പാടെ 
മാലാഖമാർ പൊതിയും 
"ബിനോയ്‌ ആശുപത്രീലാണോ...
നമ്മുടെ കൂടെ വന്നില്ലേ.."
"അനു മോളും വന്നില്ലല്ലോ... "
ഓരോരുത്തരും 
കൂട്ടുകാരെ എണ്ണമെടുക്കും 

ആറ് ബിയിൽ നിന്ന് അഞ്ച് സിയിലേക്ക് 
മുടങ്ങാതെയെത്തുന്ന കടല മിഠായി 
ആഴ്ച മുമ്പേ വാങ്ങി വെച്ച 
ചോക്കളേറ്റുകളുമായി 
നുണക്കുഴിയുള്ള ഹാപ്പി ബർത്ത് ഡേ 
ഫിസിക്സ് മാഷ്‌ 
സ്കൂള് മാറിപ്പോകണമെന്ന് 
നേർച്ച നേർന്നു നേർന്ന് 
ദൈവത്തോട് പിണങ്ങിയ 
ഏഴാം ക്ലാസ്സിലെ കാക്കപ്പുള്ളി 

അസംബ്ലിയുടെ ബെല്ലടിച്ചിട്ടും 
ഇങ്ങനെ നിൽക്കുവാണോ 
ചോപ്പ് നനഞ്ഞ ഉടുപ്പൊക്കെ മാറിക്കേ..... 
ഈ ചളുങ്ങിപ്പോയ ബസ്സ്‌ പൊയ്ക്കോട്ടേ...

നോക്കൂ.... നോക്കൂ...
ആരവങ്ങളോടെ കുട്ടികളെല്ലാം 
മൈതാനത്തേക്ക് ഓടും...
ചോപ്പുടുപ്പല്ലാം പച്ചപ്പുല്ലുകളാകും 

പുല്ലുടുപ്പണിഞ്ഞ കുട്ടികളേയെന്ന് 
മൈതാനത്തിരുന്ന് 
ദൈവം പുഞ്ചിരിക്കും 
ഓരോ കുട്ടിയെയും  
പേര് ചൊല്ലി വിളിക്കും. 

ദൈവം നോക്കുമ്പോൾ 
തുടുത്ത് തുടുത്ത് 
ചൊകന്നു ചൊകന്നു ചൊകന്ന്....
കുട്ടികളേ ...ഇങ്ങനെ നാണിക്കല്ലേ..

2 comments:

Cv Thankappan said...

സ്വര്‍ഗ്ഗത്തിലാണേലും ഉള്ളിലൊരു നീറ്റല്‍!
ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു.
ആശംസകള്‍

ജയിംസ് സണ്ണി പാറ്റൂർ said...

ഇഷ്ടം