.....

16 December 2011

പൈങ്കിളിക്കവിത എഴുതുന്നത്....

എന്തിനാണ് കവിതകളിലെല്ലാം
ഉമ്മകള്‍ നിറയ്ക്കുന്നതെന്ന്
അമ്മമാരെ, കുഞ്ഞുങ്ങളെ
കൊണ്ട് വരുന്നതെന്ന്
നീ അതിശയപ്പെടുന്നു ?!

പൈങ്കിളിയാണ് എഴുത്തെന്ന്
കളിയാക്കുന്നു

എനിക്കൊരു
വല്യുമ്മയുണ്ടായിരുന്നു
മഞ്ഞു കാലത്ത്
സ്വയം നെയ്ത കമ്പിളിക്കുപ്പായം
കൊടുത്തയച്ചിരുന്നു.

വല്യുമ്മയുടെ
മണമുള്ള കുപ്പായങ്ങള്‍
ദലീമയ്ക്കാണ് കൊടുത്തിരുന്നത്

തണുപ്പിനെ കെട്ടിപ്പിടിച്ച്
ചുരുണ്ടുറങ്ങിയ രാവുകളിലൊന്നും
വല്യുമ്മ വന്നില്ല.

ദലീമ
പുതുതായി വന്ന
പഞ്ചാബിയോടൊന്നിച്ചു പോയപ്പോള്‍
കമ്പിളിക്കുപ്പായവും കൊണ്ട് പോയി .

പതിവ് പോലെ
കൊടുത്തയച്ച കുപ്പായം
തണുപ്പില്‍ ഒറ്റയ്ക്കിരുന്നു കിതച്ചു.
പുലര്‍ന്നപ്പോഴാണ്
വല്യുമ്മ മരിച്ചത്.

പിന്നീട് ഓരോ രാത്രിയിലും
പുതിയ പുതിയ
കമ്പിളിക്കുപ്പായങ്ങളുമായി
വല്യുമ്മ വരാറുണ്ട്

ചുള്ളിക്കമ്പ് വിരലുകളാല്‍
തലയിലുഴിയും.
നെറ്റി തലോടും
ഒരുപാടുമ്മകള്‍ തരും.
ഈയുമ്മകളൊക്കെ
കുഞ്ഞുങ്ങള്‍ക്ക്‌
കൊടുക്കണമെന്ന് പറയും

നേരം വെളുത്താല്‍
ഉമ്മകളും സ്നേഹവും നിറഞ്ഞ്
ഹൃദയം
ചിലപ്പോള്‍ നിന്നു പോകും.

അത് കൊണ്ടാണ്
ഉമ്മകളെല്ലാം കുഞ്ഞുങ്ങള്‍ക്കും
സ്നേഹമെല്ലാം നിനക്കും തരുന്നത്.
വരികളെല്ലാം'പൈങ്കിളി'യാകുന്നത്

ഇനിയെങ്കിലും
ബിംബങ്ങള്‍ നിറച്ച് വിഷയം മാറ്റിച്ച്
എന്നെ കവിയാക്കരുതേ....!!

11 comments:

ഹന്‍ല്ലലത്ത് Hanllalath said...

എന്തിനാണ് കവിതകളിലെല്ലാം
ഉമ്മകള്‍ നിറയ്ക്കുന്നതെന്ന്
അമ്മമാരെ, കുഞ്ഞുങ്ങളെ
കൊണ്ട് വരുന്നതെന്ന്
നീ അതിശയപ്പെടുന്നു ?!

ഇ.എ.സജിം തട്ടത്തുമല said...

വിയ്ത്യസ്തതയുണ്ട്. ആശംസകൾ!

Cv Thankappan said...

നല്ലതിലേക്കുള്ള പോക്ക്.
ഒത്തിരിയൊത്തിരി സന്തോഷമുണ്ട്!
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

Kalavallabhan said...

ഇതു കൊള്ളാമല്ലോ ?
"വിഷയം മാറ്റിച്ച്
എന്നെ "

മനോജ് കെ.ഭാസ്കര്‍ said...

നന്നായിട്ടുണ്ട്..
ഇനിയും ഏറെ നന്നാക്കന്‍ ശ്രമിക്കുക...

ശ്രീനാഥന്‍ said...

അടിയന് ഈ പൈങ്കിളി ഇഷ്ടമായി.

ഞാന്‍ പുണ്യവാളന്‍ said...

നന്നായിരിക്കുന്നു മാഷേ ഇഷ്ടമായി ആശംസകള്‍

മുകിൽ said...

nallathaanu ee painkilikavithayezhuthu.

Unknown said...

പൈങ്കിളിക്കവിത നന്നായിട്ടുണ്ട്..

വേണുഗോപാല്‍ said...

valyamma thanna thodalum thalodalum

good writting

congrats

PC said...

ഗുരുവേ,
നിനക്ക്പഠിക്കുകയാണ് ...
വരി
മുറിചെഴുതാന്‍ ശീലിക്കുന്നുണ്ട്..
ചിലതൊക്കെ വിഴുങ്ങി നോക്കി ..
ശീര്‍ഷാസനം
പ്രാക്ടീസ് ചെയ്യുന്നുണ്ട്..

മരണം,പ്രണയം,ചോര ,
ശവം,നീറല്‍,മുറിവ്
ഉള്ളു,പൊള്ള,കള്ള്/o
മണം,തണുപ്പ്,ഉമ്മ
ഭ്രാന്ത്‌ (വല്യക്ഷരത്തില്‍)

തിക്തകങ്ങളുടെ മോശമല്ലാത്തൊരു നിഘണ്ടു
പണി നടക്കുന്നുണ്ട്

മന്ഗോസ്ടിന്റെ ചോട്ടിലിരുന്നു
വൈക്കത്തപ്പനെ ധ്യാനിച്ച്,
ഖസാക്കിലെക്കൊരു തീര്‍ത്ഥ യാത്ര.

പഴയ നിയമം കൂടി കിട്ടിയിട്ട് വേണം
ഒരു കാച്ചങ്ങു കാച്ചാന്‍ ..
(ഉഷ്ണ സഞ്ചാരം കൂടിയത് കൊണ്ട്
കമ്മേന്റിയതോന്നുമല്ല
വിവരക്കേട് കൊണ്ട് തോന്നിപ്പോയതാണ്..)