.....

25 November 2011

ചതിക്കടല്‍

കടല് കണ്ടിട്ടുണ്ടോ  ?
നീലക്കടലെന്ന്
ചോപ്പ് കടലെന്ന്
ആളുകള്‍ പറയും
നീയെന്തു പറയും ?

കുഞ്ഞു തോണി തരാം
തിരകളമ്മാനമാടുമ്പോഴും
വിശ്വസിച്ചു കൊള്ളുക
നീയൊറ്റയ്ക്കല്ല

നേരമിരുട്ടി വെളുക്കുമ്പോള്‍
മണല്‍ത്തിട്ടയില്‍
ആളുകള്‍ തിക്കിത്തിരയ്ക്കുമോ ?

കൊച്ചു വള്ളം നിറയെ
നിന്‍റെ  കിനാക്കള്‍ കണ്ട്
ഓടിയൊളിക്കാനിടം തേടി
നിന്നുലയുന്നത് കാണല്ലേ...

മീന്‍ പോലെ പിടയുന്ന
ഹൃദയം നിറയെ
എന്നെ നിറച്ച്
മടങ്ങി വരുമെന്ന്
നിനച്ചതേയില്ല..

16 November 2011

കുഞ്ഞാത്തു

കവിതയെഴുതാന്‍ തുടങ്ങി
കുഞ്ഞാത്തുവും !
പ്രാസഭംഗിയൊപ്പിച്ച്
വരി മുറിച്ചല്ലെങ്കിലും
പച്ചയോലച്ചീന്തു പോലെ
ഒറ്റയ്ക്കൊരു ജീവിതം പകച്ചു നിന്നു.

കരഞ്ഞു പിഞ്ഞിപ്പോയ
ജീവിതക്കോന്തലയില്‍
കെട്ടിവെച്ചതെല്ലാം   
പകുത്തെടുക്കാന്‍ വന്നവന്‍
പടച്ചോന്‍ കൊണ്ട് വന്നവന്‍..!

വാടിപ്പോയ മോഹച്ചെടികളില്‍
പുതുമഴ പെയ്തു  മഴക്കാലമായി.

വേനല്‍ വന്നപ്പോള്‍
കുഞ്ഞുങ്ങള്‍ നാല്

എത്ര ചവിട്ടു കൊണ്ടാലും
വീഴാതെ നില്‍ക്കും
ചെരിഞ്ഞു വീണാലും
കുലക്കാന്‍ മറക്കാതിരിക്കും.

ഒരുമ്മ മാത്രം മതി.
ബീഡിക്കറ മണത്തില്‍
ഓക്കാനിക്കാതെ....
പൂമണം..!

കാറ്റിലൊടിയാതിരിക്കാന്‍ തന്നെ
നാലു പാടും വാക്കാണികളാല്‍
ബന്ധിച്ചിടുന്നത് .

പുതുക്കം കഴിഞ്ഞവന്‍
ആറരപ്പവന്‍റെ 
പൊന്‍ ചിരി ചിരിച്ചു.

നാട് മുഴുക്കെ പെണ്‍മരത്തൈ നട്ട്
പുതിയാപ്പിള കാട് കയറി

വീടെത്തും മുമ്പേ
കാപ്പിമരം കാണും
ഉമ്മ ചോദിക്കും കാപ്പിപ്പൂക്കള്‍...

'ബദ് രീങ്ങളെ ....'
ഉച്ചത്തിലൊരു വിളി
തൊണ്ടയില്‍ തടഞ്ഞു നില്‍ക്കും.

ആ വിളി കൊണ്ടാണ്
രാത്രി, പേടിച്ചോടുന്നതും
കുഞ്ഞാത്തുവിന്‍റെ പെണ്‍മരത്തൈകള്‍
വളര്‍ന്നു കൊണ്ടേയിരിക്കുന്നതും

14 November 2011

കുറുക്കന്‍ കുട്ടികള്‍


കുട്ടികളുടെ പാര്‍ക്കില്‍
കപ്പല് വരും
വിമാനം വരും
മായാവിയും കുട്ടൂസനും വരും.

ഊഞ്ഞാലില്‍ തട്ടി വീഴുന്നേരം 
'കുറുക്കന്‍ കുട്ടീന്ന് ' ചിരിച്ച്
നില്‍പ്പുണ്ടാകും
ആരെങ്കിലുമൊക്കെ

ഒരഞ്ചു നിമിഷം
ഓറഞ്ചു മണമുള്ള ചിരി കൊടുത്ത്
കൌതുകം തീരും വരെ
അമ്മയാവും, അച്ഛനാവും .

ആ അഞ്ചു നിമിഷം ഓര്‍ത്തെടുത്ത്
ബെഞ്ചുകളില്‍ തല വെച്ച്
ഇലകളില്‍ ഉമ്മ വെച്ച് 
ഓര്‍മ്മയെ കണ്ണിലൂടെ ഒഴുക്കിക്കളയും

പിന്നെയും
രാജുവും രാധയുമാവും
മായാവിയെ വിളിച്ചു തുടങ്ങും  .

പാര്‍ക്ക് പൂട്ടിയത് കൊണ്ടാകണം
കുറുക്കന്‍ കുട്ടികള്‍ 
കാടില്ലാതെ  തീറ്റയില്ലാതെ
വഴിയില്‍ വീണു കിടക്കുന്നത്  ... 

10 November 2011

ഒരൊറ്റ ലോകം

നിനക്ക് ഭ്രാന്ത്
എനിക്കും

നമുക്കിടയില്‍
പ്രണയം
ഉഷ്ണ സഞ്ചാരത്തീപ്പുക തുപ്പി
കുതിച്ച് പായുന്നു

ഒപ്പമെത്താന്‍
കാലുകഴച്ച്,കണ്‍നിറച്ച്
ഓടി നോക്കുന്നുണ്ട്

ഒരിക്കലുമെത്തിച്ചേരാത്ത
ആസക്തിയുടെ ദ്വീപിലേക്ക്
ഒടുങ്ങാത്ത യാത്രയാണെന്ന്
ചെവിയിലൊന്ന് മൂളാനെങ്കിലും
നമുക്കല്പ നേരമിരിക്കാം

നിന്‍റെ
ചുരുണ്ട മുടിയിഴകള്‍
വകഞ്ഞു മാറ്റി
കാതില്‍
ചുണ്ടു ചേര്‍ക്കട്ടെ..

അതിനിടയിലൊരു
ആഗോള പ്രതിസന്ധിയും
കടന്നു വരില്ല

എനിക്ക് നീയും
നിനക്ക് ഞാനും
നമുക്ക് കൂട്ടായ്
ഉന്മാദത്തിരയും...


08 November 2011

ആണ്‍ നോട്ടം

അമ്മിഞ്ഞക്കറ നോക്കുന്ന
പൈതലാണെന്ന്,
തടിയളവു നോക്കുന്ന
മൂത്താശാരിയാണെന്ന്,
ചൂണ്ടക്കൊളുത്തുമായിപ്പോകുന്ന
മുക്കുവനാണെന്ന്....

പേര്‍ത്തും പേര്‍ത്തും പറഞ്ഞിട്ടും
ഉടലാഴത്തില്‍ വരുന്ന നോട്ടത്തെ
ഉറക്കത്തിലുമെനിക്ക്
പേടിക്കാതിരിക്കാനാവുന്നില്ലല്ലോ.

03 November 2011

സ്വയമൊരു കിണറായങ്ങനെ...

വള്ളിപ്പടര്‍പ്പിലൊതുങ്ങി
ആഴമൊളിപ്പിച്ച്
ഒരു കിണറുറങ്ങുന്നുണ്ട്

വെയില്‍ പൊള്ളുമ്പോള്‍
തണല് നോക്കി
മാറിയാലോ എന്നാലോചിക്കും

മഹാഗണിത്തണല്‍
പോകല്ലേയെന്ന്
തോളില്‍ കൈ വെക്കും

കറുത്ത പാമ്പുകള്‍
ഇഴഞ്ഞിറങ്ങുമ്പോള്‍
കൊത്തുമോ കൊത്തുമോയെന്ന്
പേടിച്ചങ്ങനെ നോക്കും

മണ്‍തിട്ടകളടര്‍ന്ന്
വെളളത്തിലപ്പാടെ
ചിത്രങ്ങളൊരുക്കും
ചിലത് മായ്ക്കും

തിളച്ചു തിളച്ച്
പൊങ്ങുമ്പോഴോക്കെ
പൊട്ടക്കിണറേയെന്ന
വിളി പേടിക്കും

അന്നേരം
ഒരു കവിത കേള്‍ക്കും
അടിയില്‍ ഉറവയാളും

കവിതച്ചൂടില്‍
പ്രണയച്ചൂടില്‍
സ്വയം കുടിച്ച്
കുടിച്ച്‌  കുടിച്ച്‌.....

01 November 2011

മുറിവിന്‍റെ ഭാഷ...

മുറിവേ
വേദനയെടുക്കല്ലേ
മുറിവേ...

യുഗങ്ങളെത്ര കഴിഞ്ഞു..?!
നമുക്കിടയില്‍
കടലുകള്‍ വറ്റിത്തീര്‍ന്നു
പുഴകളും കാഴ്ചകളും
ഓര്‍മ്മകളായി

എന്നിട്ടും മുറിവേ,
നീ മാത്രമിന്നും..?!

ആകാശം കണ്ടിട്ടുണ്ടോ ..?
കടല് കണ്ടിട്ടുണ്ടോ ?
രണ്ടിടത്തും സ്വപ്നങ്ങളുണ്ട്
മാലാഖമാരും

ആകാശം
താഴേക്കിറങ്ങി 
ഉമ്മ വെക്കാറുണ്ട്.

കടല്‍
കാലടിയില്‍
ഇക്കിളിപ്പെടുത്തും

ഉറക്കെ കവിത ചൊല്ലാന്‍
കാറ്റ് ഓര്‍മ്മപ്പെടുത്തും

മുറിഞ്ഞ വാക്കുകളില്‍
മുറിഞ്ഞ ഓര്‍മ്മകളില്‍
നിറയെ നിറയെ മുറിവുകള്‍

ഇത്രയും മുറിവൊളിച്ച്
ഏതു ഭാഷയിലാ
കവിത ചെല്ലുന്നത് ?!