.....

04 November 2016

അത്രമേല്‍ ഇഷ്ടത്തോടെ...

നോവ് പെയ്യുന്ന രാവുകളില്‍
ഓര്‍മ്മകള്‍ പുതച്ച്
ചിലര്‍
കണ്ണാരം പൊത്തിക്കളിക്കുന്നു...

കൈവെള്ളയില്‍ നിന്ന്‍
ജലം പോലൂര്‍ന്ന്‍ പോകുന്നു
ജീവിതവും...

ഓര്‍മകളെ....
നിങ്ങളൊരു
ചെന്നായക്കൂട്ടമായി
എന്‍റെ മേലെത്ര നാളായെത്ര
ദയാരഹിതമായി.....

ദൈവമേ....
വാക്കുകള്‍
മറന്നു പോയവര്‍ക്ക്
കിനാക്കള്‍ കൊണ്ടൊരു
കൊട്ടാരം കെട്ടിക്കൊടുക്കണേ.....

അതിന്‍റെ
ചില്ലു വാതിലുകളില്‍
അവര്‍ക്ക് മാത്രം കാണാവുന്ന
ചിരികളില്‍
അവരെ മാത്രം,
അവര്‍ക്ക് പ്രിയപ്പെട്ടവരെ മാത്രം
അത്രമേല്‍ ഇഷ്ടത്തോടെ
കാത്തു കൊള്ളണേ.....

08 September 2016

നിതാഖാത്തിൽ വിശപ്പ് വിരിയുമ്പോൾ

പകലിനെ നക്കിക്കുടിച്ച് 
വലിയൊരു പൂച്ച 
മരുക്കാട്ടിലേക്ക്
ഓടിപ്പോകുന്നുണ്ട്; 
മോള് പറയാറുള്ള 
കാട്ടുമാക്കാൻ...!
നിറയെ നിറയെ 
കാട്ടുമാക്കാനുകളാണ്.
പകൽപ്പേടിയില്ലാതെ 
അകത്തും പുറത്തും 
ഓടി നടക്കുന്നു.
ഒരുണക്ക കുബ്ബൂസെങ്കിലും 
കിട്ടിയെങ്കിലെന്ന് 
മതികെട്ടവനെപ്പോലെ 
വിശപ്പ്, 
കാൽ കുഴഞ്ഞു വരുന്നു.
നീട്ടി നീട്ടി വരുന്ന 
ഓരോ മിസ് കോളും 
ചെറുപ്പത്തിലെങ്ങോ മറന്നു വെച്ച 
" കോലൈസ്.. തേനൈസ്.. പാലൈസ് "
വിളികളാകുന്നു.
ബ്രേക്ക് പൊട്ടിപ്പോയ 
നൂറായിരം 
സൈക്കിളുകളിൽ നിന്ന് 
മുഖമടച്ച് വീഴുന്നു.
വിശക്കുന്നുവെന്ന് 
കൈ നീട്ടിയപ്പോൾ 
സദാ പാൻ ചവയ്ക്കുന്ന 
പാക്കിസ്‌ഥാനി ഡ്രൈവർ ഉദാരനാകുന്നു
"മേരെ സാഥ് ചാലേകാത്തു പൈസ ദേഖ "
അടിവയറിലേക്ക് 
കൊതിയോടെ 
അയാളൊരു കാമുകനാകുന്നു.
കണ്ടു കണ്ടു നിൽക്കെ 
ഉള്ളിൽ 
മഞ്ഞു മലകളിടിഞ്ഞു വീഴുന്നു.
ഒലിച്ച് പോവുകയാണ് 
മോളും നീയും നാടും...
കൂർത്ത മുഖമുള്ള 
വിശപ്പ് മാത്രം ബാക്കിയാകുന്നു.
അറബിക്കഥയിൽ നിന്ന് 
ഒരു പാത്രം നിറയെ 
കബ്‌സയുമായി 
ഡ്രൈവർ 
ഇറങ്ങി വരുന്നു.
വിശപ്പുകൾക്കിടയിൽ 
ഒരോക്കാനം 
ഉടലിൽ നിന്ന്
വലിയൊരു തുമ്പിക്കൈയ്യായി 
നീണ്ടു വരുമ്പോൾ 
റിമോട്ടിൽ വിരലമർത്താൻ 
ദൈവമേ...
നിനക്ക് മാത്രമേ കഴിയൂ...

27 August 2016

പനമരത്തേക്കുള്ള ബസ് യാത്ര

ആകാശത്തിനു 
കരച്ചില് പൊട്ടുന്ന
സമയത്താകും
മഴത്തണലില്‍
സ്നേഹം കാത്തു കിടക്കുന്നത്.
നോക്കി നോക്കിയിരിക്കെ
കരച്ചില്‍ച്ചിറകുകള്‍ 
മിന്നാമിനുങ്ങുകളായി
നൃത്തം വെക്കും.
ഒരാലിപ്പഴം 
മഴ വേരുകളില്‍ 
ഉമ്മ വെച്ച് 
ആകാശത്തെ 
തെറി പറയുന്നുണ്ടാകും.
എന്താണ് പെണ്ണെ 
എന്താണ് പൊന്നെ
എന്താണ് പ്രിയപ്പെട്ടവളെ....
പ്രണയത്തിന്‍റെ നാവുകളില്‍ 
പഴുതാരക്കുത്ത് പുളയുന്നു.
അന്നേരം 
മറ്റാരുമറിയാതെ 
ബസ്റ്റോപ്പ്‌ 
കടലായി മാറും.
കടലിലേക്ക് 
നൂറു നൂറു പുഴകളെ 
ചേര്‍ത്ത് വെച്ച് 
സ്നേഹത്തിന്‍റെ ബസ്സ്‌ വരും....
ബസ്സില്‍ നിറയെ സ്നേഹം 
അലകള്‍ നിറച്ച്
കമ്പികളില്‍ തട്ടിത്തടയും.
മുറുക്കാന്‍ പൊതികളില്‍ 
മുറുകെപ്പിടിച്ച് 
അഴിഞ്ഞു പോകുന്ന 
മുണ്ട് നേരെയാക്കുമ്പോള്‍ 
"മ്മടെ ബിവറേജ് പൂട്ടിയെടാ "ന്ന് 
എങ്ങലടിക്കും.
സാരല്ലാന്നു പറയുമ്പോ
നീയാരാടാ പുല്ലേന്ന്‍ 
കയ്യോങ്ങും.
തല കുനിച്ചിരുന്നൊരാള്‍
സീറ്റില്‍ നിന്നുയര്‍ന്ന്‍ 
നെടുനീളത്തില്‍ കവിത ചൊല്ലും.
കവിതയില്‍ നിറയെ നീയായിരിക്കും
നിന്‍റെ പേര് കേട്ട് 
ബസ്സ്‌ 
ഒഴുകിക്കൊണ്ടിരിക്കെ 
വറ്റിപ്പോകും...
ഇവിടെയൊരു 
പുഴയുണ്ടായിരുന്നെന്ന്
ആളുകള്‍ 
പരസ്പരം നോക്കിയിരിക്കും
അപ്പോഴും
എന്‍റെയുള്ളില്‍ മാത്രം 
നീ ഒഴുകുന്നുണ്ടാകും.....

02 August 2016

സങ്കടമെന്ന രാജ്യത്തെ കരച്ചിലെന്നു പേരുള്ള കുട്ടി

നീ  ചോദിക്കുന്നു;
ചീന്തിയെറിയപ്പെട്ട
പെണ്‍കുട്ടിയുടെ വീട്,
പശുത്തോല് പോലെ
മനുഷ്യത്തോലുകള്‍
ഉരിഞ്ഞെടുക്കുന്ന നാട് ,
ഇതൊന്നും കാണാതെ
ഏതു കവിതയാണ്
നെയ്തെടുക്കുന്നതെന്ന്..!

നീയെന്ന നദിയില്‍
വറ്റിപ്പോയതാണ്
കവിതകളത്രയും.
നീയെന്ന ആകാശത്ത്
പറന്നു പോയതാണ്
ഞാന്‍ തന്നെയും..

ഇപ്പോള്‍
സങ്കടമെന്ന രാജ്യത്തെ
കരച്ചിലെന്നു പേരുള്ള
കുട്ടിയുടെ കൂടെയാണ്

നീ കവിത തിരയുമ്പോള്‍
ഓർമ്മയെന്ന കുന്നിനക്കരെ
അമ്മയെന്ന മരത്തെ
തേടുകയാണ്,
ഞാനുമവനും....

ഒരൂഞ്ഞാല്
കെട്ടിത്തരാൻ
ആര് വരും...?
മരം കാറ്റിനോടും
കാറ്റ് മരത്തോടും
തിരിച്ചും തിരിച്ചും
മറിച്ചും മറിച്ചും
സങ്കടം തേഞ്ഞു തേഞ്ഞ്
കരള്  പിന്നുന്നു 

കാറ്റ് കരയുമ്പോ,
കാട് കരയുമ്പോ,
ആകാശം കരയുമ്പോ ,
ഞാന്‍ മാത്രം കരയില്ല

കരച്ചിലോ....
സോ ബാഡ്..!
സില്ലി പീപ്പിള്‍സിന്‍റെ
സില്ലി സിമ്പതി.....!

ബികം ബോള്‍ഡ് മൈ ബോയ്‌..!
തോറ്റു പോയെന്ന്
മറന്നു പോയെന്ന്
മരിച്ചു പോയെന്ന്
അടക്കം ചെയ്യപ്പെട്ടവരെ 
മറന്നേക്കൂ...
ലെറ്റ്‌ അസ് എന്‍ജോയ്....!

12 June 2016

മരണത്തിന്‍റെ ജലവഴികള്‍...

മറവി കൊണ്ട് 
മൂടപ്പെട്ട തടാകം
ഓരോ രാത്രിയിലും 
സ്വയം 
മുക്കിക്കൊല്ലുന്നു
ആരുമറിയാതെ
ആഴത്തില്‍
ആഴത്തില്‍
നിങ്ങള്‍ 
കൈകാലിട്ടടിക്കുന്നു.
മുടി നാരെങ്കിലും 
കണ്ടിരുന്നെങ്കില്‍
രക്ഷിച്ചേനെയെന്ന്‍
കൂട്ടുകാര്‍ 
പതം പറയുന്നു.
ഇടയ്ക്കിടെ 
എന്തൊരു നശിച്ച സ്വപ്നമെന്ന് 
ഞെട്ടുന്നു
തടാകം 
ചിലപ്പോള്‍ 
ചിലപ്പോള്‍ മാത്രം 
പകലില്‍
നിങ്ങളെ തേടി വരുന്നു.
എല്ലാവരും നോക്കി നില്‍ക്കെ 
നിങ്ങള്‍ ,
നിങ്ങള്‍ മാത്രം 
മുങ്ങി മരിക്കുന്നു.
ജലം കൊണ്ട് 
വരിഞ്ഞു മുറുക്കപ്പെടുന്നു
മരണത്തിന്‍റെ
മത്ത് പിടിപ്പിക്കുന്ന 
ജലവഴിയില്‍ 
നിങ്ങളൊരു മീന്‍ കുഞ്ഞാകുന്നു.
ഇതാണോ മരണമെന്ന് 
ചുണ്ട് വിടര്‍ത്തി 
ചെകിളയിളക്കി
തടാകം 
കുടിച്ച് വറ്റിക്കുന്നു...!
അപ്പോള്‍
അപ്പോള്‍ മാത്രം 
കാണുന്നു....;
കണ്ണുകളില്‍ 
ചൂണ്ടക്കൊളുത്തുമായി
ശരിക്കും മരണം...!!!