.....

26 November 2014

അസർ മുല്ല പൂക്കുന്ന വീട്


മൈലാഞ്ചിചെടികൾ
നിറഞ്ഞു നിൽക്കുന്ന,
അസർ മുല്ലകൾ
പൂത്ത് നില്ക്കുന്ന വീട്

വീട്ടുകാരി
ഒറ്റയ്ക്കാണ്
കാറ്റ് കൊള്ളാൻ
ഇറങ്ങി നിൽക്കുന്നുണ്ടാകും

ഇപ്പോഴും
അവൾക്ക്
മാങ്ങാ മണമായിരിക്കുമോ ?

മഴ കാണണം
മഴ നനയണം  
മഴ മഴയെന്ന് 
കൊതിക്കുന്നുണ്ടാകുമോ ?

കാവൽ നിൽക്കുന്നവരോട്
കെഞ്ചി നോക്കണം
അവളുടെ
കവിത കേൾക്കണമെന്ന്
ഒരഞ്ചു നിമിഷം
ചേർന്നിരിക്കണമെന്ന്

ഒരുപക്ഷെ
അവളുറക്കമാകാം
നോക്കി നോക്കി
വീടിനു ചുറ്റും 
വലം വെക്കണം

കാവൽ നിൽക്കുന്ന
മാലാഖമാർ
കാറ്റായി വന്ന്
എന്നെയുറക്കാൻ നോക്കും

അന്നേരം
അന്നേരം
ആ ഖബർ വീട്ടിൽ നിന്ന്
ഒരു നെഞ്ചിടിപ്പ് കേൾക്കാം

23 November 2014

ബ്ലോഗ്‌ അച്ചടിക്കുന്നു.


2008 മുതല്‍  മുറിവുകള്‍ എന്ന  ബ്ലോഗില്‍  എഴുതിയ ചിലതെല്ലാം ചേര്‍ത്ത്
 'പായല്‍'  ബുക്സ്,   'പൂമ്പാറ്റയെ പിടിക്കേണ്ട വിധം' എന്ന പേരില്‍
ഡിസംബര്‍ അവസാനത്തോടെ  പുസ്തകം പുറത്തിറക്കുന്നു.

ബ്ലോഗ്‌ വായിച്ചു കൂടെ നിന്നവര്‍ ഇവിടെയും കൈ പിടിക്കുമെന്ന് വിശ്വസിക്കുന്നു.

മരുന്ന് മണക്കുന്ന ചിലത്


തട്ടം നിറയെ 
പിരാന്ത് നിറച്ച് 
ഏഴാം വാർഡിൽ നിന്ന് 
ആമിന വിളിക്കുന്നു.

പിരാന്തിന്റെ 
വയല്ക്കരകളിൽ 
വളയിട്ട് 
മൈലാഞ്ചിയൊരുങ്ങി 
ഹൂറിയാകുന്നു.

തട്ടം കെട്ടി, 
പിന്നെയും കെട്ടി 
അഴികളിൽ 
കണ്ണാടി കാണുന്നു

ഏതെങ്കിലുമൊരു നിഴൽ 
അഴികൾ തുറക്കാതെ 
ആരും കാണാതെ 
ഉള്ളിലോടിക്കളിക്കും 

ഉറങ്ങാതെ കിടന്ന് 
ആമിന മാത്രം കണ്ടു പിടിക്കും 
പിടിച്ചേ പിടിച്ചേയെന്ന് 
തൊങ്ങിക്കളിക്കും 
മൂലയ്ക്കിരുന്നു  മുലയൂട്ടും

കാണെക്കാണെ  
നിഴലുകൾ കൂടുന്നല്ലോ 
മമ്പുറത്തെ തങ്ങളെയെന്ന് 
വിരലുകളാൽ 
ചുമരു തീർത്ത് 
ആമിനയൊളിക്കും

നാഭിയിലേക്ക്‌ 
വിണ്ടു കീറിയ 
ഒരു കാല്പാദം 
പുളഞ്ഞു വരുന്നെന്ന്, 
കള്ള് മണക്കുന്നല്ലോ 
നേർച്ചക്കാരെയെന്ന്, 
ചുമരിനെ കെട്ടിപ്പിടിക്കും 

അഴിയിപ്പുറം 
ഒരു മകൻ പിറക്കും 
വലുതായി വലുതായി 
ഉമ്മായെന്ന് വിളിക്കും 
ഒരു വിളി കൊണ്ട് ഒരുമ്മയായി 
ആമിനയുടെ മാറ് വിങ്ങും 

നിന്റെ കുപ്പായമപ്പടി 
ചെളിയാണല്ലോ 
മോനിന്ന് കുളിച്ചില്ലേ 
എന്നൊക്കെയാകും ചോദിക്കുന്നത് 
പേരറിയാത്ത 
ഒരു ചിരി മാത്രമേ കേൾക്കൂ 

മോനിഷ്ടമുള്ള 
ഇറച്ചിച്ചോറ്‌ 
ഉമ്മയുണ്ടാക്കിയതാണെന്ന് 
കൈ പുറത്തിട്ട് 
വാരിത്തരും  

വാപ്പയെ പോലെ 
ആകരുതെന്ന് 
മെല്ലെ മെല്ലെ ശാസിക്കും 
പനിമാറാത്ത 
സുനു മോളെ 
കാണാൻ പോകണമെന്ന് 
ഓർമ്മിപ്പിക്കും 

ഒരോർമ്മ 
മുന്നറിയിപ്പോ 
ഒരുത്തരവാദിത്തമോയില്ലാതെ 
കടന്നു വരുന്നതോടെ 
ആമിന 
അന്യനൊരുത്തനെ കണ്ട് 
എണീറ്റ് നില്ക്കുന്നു... 

ഞാനൊരു പ്രാന്തിയെന്ന് 
വിതുമ്പി വിതുമ്പി 
അലിഞ്ഞു പോകുന്നു... 

13 November 2014

പെങ്ങള്‍..

പെങ്ങള്‍
ഒതുങ്ങിയൊതുങ്ങി
ആമ മയങ്ങുന്നതു പോലെ
വിതുമ്പിയിരുന്നു

വയസ്സേറിയെന്ന്
ചോദിച്ചെത്തുന്നവര്‍
കരളില്‍ കുത്തിപ്പറയു‌മ്പൊഴും
അനങ്ങിയില്ല

കണ്ണുനീര്‍
പെയ്തൊഴിയുമ്പോള്‍
മഴവില്‍ പുഞ്ചിരിയില്‍
പെങ്ങള്‍ കഥ പറഞ്ഞു തന്നു

കര്‍ക്കിടകം കരഞ്ഞ
രാവുകളൊന്നില്‍
പെങ്ങള്‍ക്കൊരു ജീവിതം
പടി തേടി വന്നു.

മഴയുടെ
കണ്ണുനീര്‍ക്കുരവയില്‍
മുങ്ങിപ്പോയ ആള്‍ക്കൂട്ടം
ഇറച്ചിയുടെ വേവിനെ
കുറ്റം പറഞ്ഞിരുന്നു.

ആമത്തോട്‌
കുത്തിപ്പൊളിച്ച്
ചോരയിറ്റുന്ന ഉടല്‍ നോക്കി
പെങ്ങളോടയാള്‍
ഓരോന്നായി
പറിച്ചു വാങ്ങി.

മഴയുടെ
ഇട വേളയിലെപ്പോഴോ
വിതുമ്പല്‍ കേട്ടുണര്‍ന്നപ്പോള്‍
പെങ്ങള്‍....

ചോരക്കുഞ്ഞിനെ സാക്ഷിയാക്കി
മുറിവ് പറ്റിയ ഹൃദയവുമായി
പടിവാതില്‍ക്കല്‍
പെങ്ങള്‍...

ബാക്കിയായ
ഹൃദയം കൊണ്ട്
ചോദിക്കുന്നു
ഞാനിനി എന്തു വേണം...?

11 November 2014

മീശ

മുളപ്പിക്കണം
കരടി നെയ്യ് തേച്ച്
കരി തേച്ച്.

ദിവസവും
നോക്കുന്നുണ്ട്,
കണ്ണാടീ
എന്തിനിത്ര
കടുപ്പമെന്നോട്...?!

മുളച്ച് വന്നാൽ
മുളച്ച് വന്നാൽ
ബീഡി മണമുള്ള
ഉമ്മ കിട്ടില്ലാല്ലോ..!!!

09 November 2014

വാല്


പറഞ്ഞതാണ്
തലയിലിരുന്നോ
തോളിലിരുന്നോ 
കവിളിലുരുമ്മി
കാടും നാടും 
വരച്ചോയെന്ന്...
ചുണ്ടിലിരുന്നപ്പോ,
ഉമ്മ വെക്കല്ലേയെന്ന്‍  
കെഞ്ചിയതാണ്.
പ്രിയപ്പെട്ട തുമ്പീ,
നിന്റെ വാല്
ഇനി തിരിച്ച് ചോദിക്കരുത്.

06 November 2014

മരണത്തിലേക്ക് ഒരു നദി

പുരാതന നഗരത്തില്‍
ഉപേക്ഷിക്കപ്പെട്ട 
കപ്പലുകള്‍
കണ്ണു പൊത്തിയുറങ്ങുന്ന 
തുറമുഖം

ഉടലുകള്‍ കൊണ്ട്
പണിതിട്ട
വാസ്തുക്കളുണ്ട് 
നഗരത്തില്‍

വിദഗ്ദനായ ശില്‍പി
അസ്ഥികള്‍ കോര്‍ത്ത്
പൂക്കളവും 
തീര്‍ത്തിരിക്കുന്നു 

അതെ,
നമ്മളിപ്പോള്‍
നഗരത്തിന്‍റെ
മട്ടുപ്പാവില്‍
എത്തിയിരിക്കുന്നു.

മേഘങ്ങളുടെ
കണ്ണു തുറപ്പിച്ച് 
ആവോളം കാണണം 
നമുക്കുടലുകള്‍ 

നോക്കൂ,
നഗ്നതയുടുത്ത്
തീ കൊളുത്തുന്നത്

അവളുടെ 
അരക്കെട്ട്
ചിറ്റോളങ്ങള്‍ 
തീര്‍ക്കുന്നു.

നഗരം 
വിഷാദിയായ 
നദിയാകുന്നു;
കന്യാരക്തം വീണ് 
നദി വിറങ്ങലിച്ച്
വിറങ്ങലിച്ച്
മരിച്ച് പോകുന്നു

ഇനി
എഴുതിക്കോളൂ...
നഗരത്തോടൊപ്പം
മരിച്ച് പോയ
ഒരു നദി കൂടിയുണ്ട്.

04 November 2014

നോവ്‌,പെണ്ണ്,കവിത..

നെഞ്ചു കലങ്ങുന്നത്
ഒരു ജീവൻ
ഉള്ളിലുറങ്ങുന്നത്
കൊണ്ടാണ്.
കണ്ണ് പിടയ്ക്കുന്നത്
ഉള്ളിലൊരു കുഞ്ഞ്
കരയുന്നതിനാലാണ്.
പൊത്തിപ്പിടിച്ച്
പൊത്തിപ്പിടിച്ച്
ഏതു കുളിമുറിയിലാണ്
ഞാനിവളെ
പെറ്റിടുക..

03 November 2014

സ്വപ്നാടനം


നമ്മൾ
കടൽ കാക്കകളായിരുന്നു.
ഒരു കടൽ മാന്ത്രികൻ
ആഭിജാരത്താൽ
കടൽ  മാറ്റിക്കളയുന്നു.

പറന്നു പറന്ന്
നമ്മെ  മറവി മൂടുന്നു.
കടൽ  മറക്കുന്നു
കര മറക്കുന്നു
മറക്കുന്നു നമ്മെത്തന്നെയും

അനുരാഗം നിരോധിക്കപ്പെട്ട
രാജ്യത്തേക്ക്
നീ പറന്നിറങ്ങുന്നു.
കൊക്കിൽ
എന്റെ രുചി
കണ്ണുകളിൽ
എന്റെ മണം

വരിഞ്ഞു മുറുക്കപ്പെട്ട
കഴുമരങ്ങൽക്കു കീഴെ
നീ വിചാരണ ചെയ്യപ്പെടുന്നു.
നിന്റെ ഉടലിൽ നിന്നും
ഓരോ തൂവലും
ആര്പ്പു വിളികളോടെ
പറിക്കപ്പെടുന്നു.

പ്രണയത്തിന്റെ
ചങ്ങാടങ്ങളിൽ
നിന്നെയും
കന്യകകളല്ലാത്ത
പതിമൂന്ന് സുന്ദരികളെയും
(വിരൂപികളുമാകാം )
നദിയിലൊഴുക്കുന്നു

* * * * * * * * * * * *
പതിനാറു കരകൽക്കിപ്പുറം
തിരഞ്ഞു കൊണ്ടേയിരിക്കുന്നു.
ചിറകു തളർന്ന്
കാഴ്ചയിടറി
ഓരോ കര ദൂരവും
ഞാൻ താണ്ടുന്നു.

എവിടെയാണ് നീ...
രാവ് വെളിച്ചത്തിന്റെ
ഹൃദയം തന്ന്
ചുംബിക്കുന്നു.

ഞാൻ
ഒരു നിമിഷം കൊണ്ട്
ഞാനാവുകയാണ്...
അല്ല...
അങ്ങനെയല്ല..
ഞാൻ ഞാനല്ലാതാവുകയാണ്...
അഥവാ മനുഷ്യ ശരീരിയാകുന്നു

പൂച്ചക്കണ്ണുള്ള
ആണുങ്ങൾ മാത്രമുള്ള
നാട്ടിൽ ഞാനെത്തുകയാണ്.
സ്വപ്നാടകനെയെന്ന പോലെ
ആളുകള്
കൌതുകം കൊറിക്കുന്നു.

ദൈവത്തെ നിരോധിച്ച
നാടെത്രേ അത്
ആയതിനാൽ
സ്നേഹത്തെയും
കല്ലെറിഞ്ഞു കൊല്ലണം

ദൈവത്തെയും
സ്നേഹത്തെയും
നിരോധിച്ചവരുടെ മക്കളെ...
നിങ്ങളെ ഞാൻ ഉമ്മ വെക്കുകയാണ്....

അവർ
ഉമ്മകൾക്കു പകരമായി
എന്റെ ചുണ്ടുകളെ  ഛേദിച്ച്
നിലത്തേക്ക് തുപ്പുന്നു

'നിങ്ങളോ '
എന്ന് അത്ഭുതപ്പെടും മുമ്പേ
ഉറക്കം മുറിയുന്നു...
സദാചാരിയായി
പുതപ്പ് തല വഴി  മൂടുകയാണ്.