.....

29 December 2010

ഉള്ളടക്കം

ഉള്ളിലടക്കിയതത്രയും
വലിച്ചു പുറത്തിട്ടത്
ക്യാമറകള്‍ ഒപ്പിയെടുത്തു

അഞ്ചു ബാങ്ക് വിളികള്‍
ഒരു അല്ലാഹു
പടച്ചോനെയെന്ന വിളി
അറുപതെണ്ണം
ബാബരിയെന്ന പേര്
ഒരെണ്ണം

ഫലസ്തീനിക്കുഞ്ഞുങ്ങള്‍
മരിച്ചു വീണത്‌ കണ്ട
എഴുന്നൂറ് ഞെട്ടലുകള്‍

മഅദനിയെന്ന
കരച്ചില്‍ കേട്ടതിന്റെ
നാല് ഓര്‍മ്മക്കഷണങ്ങള്‍

തീവ്രവാദം തെളിയിക്കാന്‍
ഫ്ലാഷ് ന്യൂസില്‍
മിന്നിക്കൊണ്ടേയിരുന്നത്
നാലാം ക്ലാസ്സില്‍ പഠിച്ച
അറബി പുസ്തകത്തിലെ
ചീന്തിയ ഒരേട്‌

പ്രണയ ജിഹാദിയെന്നു
തെളിവായി
ചാറ്റിങ്ങില്‍ പരിചയപ്പെട്ട
ചന്ദനക്കുറിയുടെ മുഖ ചിത്രവും

16 December 2010

അര്‍ബുദക്കാഴ്ചയില്‍

ജ്വരക്കാഴ്ചയാണ് ചുറ്റിലും
ചുമലിലാകെച്ചുറ്റിപ്പടര്‍ന്ന്
വേദനത്തായ് വേരുകള്‍

അകമുറിവിലൊരിറ്റ്
ചോര പൊടിയുന്നു..
ചുമരില്‍
കണ്‍നട്ടിനിയുമെത്ര നാള്‍ ...?

അടുക്കളച്ചായ്പ്പില്‍
അമ്മയിരുന്നാറാന്‍
കൊതിക്കുന്നുണ്ട്‌..

പതം പറയും പനിക്കാഴ്ച
തെളിയാന്‍
ദൈവത്തിനൊരാള്‍ രൂപം
നേരാന്‍
നീയുമില്ലാതെ പോയി..

പനി,
ഓര്‍മ്മകളുടെ വസന്തമാണ്
പനിപ്പാടങ്ങളില്‍
ഓര്‍മ്മപ്പൂക്കള്‍ കുലച്ചു നില്‍ക്കും

ബാല്യമെന്നത്
കുമ്മായമടര്‍ന്ന ചുമരാണ്
കോറി വരഞ്ഞത്
അപ്പാടെയുണ്ട്

ജ്വരം തിന്നുമുറക്കം..
വേദനയുടെ എട്ടുകാലികള്‍
ശരീരത്തിലപ്പാടെ
ഇഴഞ്ഞു നടക്കുന്നുണ്ട്

നീല വരകളാല്‍
അടയാളപ്പെടുത്തിയത്
കരിച്ചു കളയേണ്ട
കോശപ്പച്ചയാണ്

ശിഖരങ്ങളപ്പാടെ
തീ പോലെ പൊള്ളും...

അമ്മ മരം മാത്രം
പെയ്തു കൊണ്ടിരിക്കും
എത്ര മരം പെയ്താലും
എത്ര മഴ തീര്‍ന്നാലുമമ്മക്കാര്‍
പെയ്തൊഴിയാതെ..

പനിപ്പകര്‍ച്ചയില്‍
ഉറക്കം വറ്റും.
വീട്ടിലൊരു
കുശു കുശുപ്പുയരും

അടക്കാന്‍ പോകുന്ന
ശവപ്പെട്ടിക്കു വരെ
അളവെടുത്തേക്കാം
അമ്മയിരുന്നുരുകുന്നുണ്ടാകും

അപ്പോഴും
ഓര്‍മ്മകളരിച്ചു കയറി
കാട്ടു തീ പോലെ
ജ്വരത്തെയും തിന്നു കൊണ്ടേയിരിക്കും

ഇട വഴിയും
സ്കൂള്‍ കാലവും
വായന ശാലയിലെ
പ്രണയക്കാഴ്ചയും

ഒടുക്കമൊരു നിമിഷം
നീ കൂടെയുണ്ടായിരുന്നെങ്കിലെന്ന്
കൊതിക്കും

ഏത് പനിക്കാട്ടിലും
നീ തുണയായിരുന്നെങ്കിലെന്ന്
മോഹിക്കും

പിന്നെ
ആശയുടെ
കിരണങ്ങളുദിക്കില്ലെന്നറിയുമ്പോള്‍
കാതോര്‍ത്തിരിക്കുമൊരു
കാല്പെരുമാറ്റത്തിനായി...

അപ്പോഴും, പതുക്കെ
നെഞ്ചിനുള്ളില്‍
നീ നിന്ന്
കവിത ചൊല്ലുന്നുണ്ടാകും

10 December 2010

അമ്മയും വിറകും

തീചൂടുണ്ട് നോട്ടത്തിന്
കരിഞ്ഞ വിറകാണെന്ന്
കണ്ണുനീര് കണ്ടാലറിയാം

ഉടല് കത്തിച്ച്
വേവിച്ചിരുന്നു,
ഒരുപാട് മോഹങ്ങളെ...

ചാരം വകഞ്ഞ്
വഴിയൊരുക്കിത്തന്നത്
കത്തിത്തീരാനായിരുന്നു.

ചൂടു കാഞ്ഞ് ചുറ്റുമിരുന്നു.
പാകമാവാന്‍ കാത്തിരുന്നു.

അവസാനം
വെന്ത മണം പരന്നപ്പോള്‍
തീര്‍ന്നു പോയവയെക്കുറിച്ച്
ആരും ചോദിച്ചില്ല

വിറക്  കത്താനുള്ളത്
അമ്മ കരയാനുള്ളതും....!!

30 November 2010

പെണ്ണിന്‍റെ വില

ഇളകിയോടുന്ന
തീവണ്ടിത്തിരക്കില്‍
അരക്കൈ കാണിച്ചു
മറു കൈ നീട്ടി
കുഞ്ഞുമായൊരു പെണ്ണ്

നിന്‍റെ
പാതി മുറിഞ്ഞ കൈ പോകട്ടെ ..
മേല് നിറഞ്ഞ ചേറും
കാര്യമാക്കില്ല

മണമടിച്ചോക്കാനം വരുന്ന
മുടിക്കെട്ടിലെത്ര നാളായി
വെള്ളം നനഞ്ഞിട്ടെന്നും  ചോദിക്കില്ല...

നീയൊരു
പെണ്ണാണല്ലോ.......!!!!

ഉയര്‍ന്നു നില്‍ക്കുന്ന മാതൃത്വത്തിന്
എന്തൊരു മുഴുപ്പ്......
നിനക്കെത്ര പണം വേണം...?!!   

22 November 2010

തലാഖ്

വഴി തെറ്റിയെത്തുന്ന
ഒരു വാക്ക് മതി
സ്വപ്നങ്ങളുടെ
ചരടറുത്ത് കളയാന്‍

പ്രണയപ്പൂക്കളെ
സ്വപ്നം കണ്ടവള്‍ക്ക്
കാത്തു വെച്ചത്
തിരസ്കരണത്തിന്റെ
മൂന്നു വാക്കുകള്‍..

കാരണങ്ങളുണ്ട്...!

ഇസ്തിരിയിട്ടത് നന്നായില്ലെന്നത്
മീന്‍ കറിയില്‍ ഉപ്പു കൂടിയത്...
പിന്നെ കാരണമില്ല..!

ഉള്ളത്
പുറത്തു പറയാനൊക്കില്ലല്ലോ..

അവളുടെ
അനിയത്തിയൊരു
മൊഞ്ചത്തി  തന്നെയാണ്....!

09 November 2010

കള്ളം

ശോണിമ പടര്‍ന്ന
കവിളുകളില്‍
നഖക്ഷതങ്ങളുണ്ട്‌

വിതുമ്പലടക്കിയ
അധരങ്ങളില്‍
രക്തമൂറ്റിയതിന്‍റെ
വിളര്‍ച്ചയുണ്ട്

ചീന്തിയ
അടിയുടുപ്പ്
നിലത്തിഴയുന്നുണ്ട്

ഒന്നും സംഭവിച്ചില്ലെന്ന്
പറയുമ്പോഴും
നിങ്ങളെന്തിനിതൊക്കെ
ആവര്‍ത്തിക്കുന്നു ...?

എന്‍റെ വാക്കുകള്‍
ശ്രവിക്കുക.
കള്ളമാണ് എല്ലാം....
എനിക്കൊന്നും നഷ്ടമായിട്ടില്ല.....!

27 October 2010

ഉന്മാദിയുടെ മണം

മരണം മണക്കും ചില മുറികള്‍
തെക്കിനിയുടെ അങ്ങേത്തലയ്ക്കലുള്ള
അമ്മാമ്മയുടെ മുറിയില്‍
ഇടയ്ക്കിടെ ചെല്ലാറുണ്ടായിരുന്നു ഞാന്‍

പഴമ പൂക്കുന്ന അവിടെ
തളം കെട്ടി നിന്നിരുന്ന മണം
എനിക്കന്ന് അറിയില്ലായിരുന്നു

പൂപ്പല് പിടിച്ച അച്ചാറു ഭരണികള്‍
നിറഞ്ഞിരുന്നത് കൊണ്ടാകാം
പൂത്ത മാങ്ങയുടെതായിരുന്നു
എനിക്കാ മണം

നാളുകള്‍ക്കു ശേഷം
ഹോസ്റ്റലില്‍ നിന്റെ മുറിയില്‍
കാറ്റു കടക്കാതെയടച്ചു വെച്ച
ജനാലകളെ തോല്‍‌പിച്ച്
കടന്നു വരുന്ന മത്തു പിടിപ്പിക്കുന്ന മണം
ഭീതിതമായ ഒന്നായിരുന്നു

ഓര്‍ക്കുന്നോ..?
ഞാനന്ന് ഉറക്കത്തില്‍ ഞെട്ടി നിലവിളിച്ചത്..
നിന്റെ ചോരപ്പാടുകളാല്‍ വികൃതമായ
ചുമരിന്റെ ചിത്രം ഇന്നുമെന്നെ
ചിത്താശുപത്രിയിലേക്ക്
വഴി നടത്താറുണ്ട്‌...

രാത്രിയുടെ ഗന്ധം നുകരാനെന്നു പറഞ്ഞ്
രാവിന്റെ മൂന്നാം യാമത്തില്‍ മൂക്ക് വിടര്‍ത്തി
പുറത്തെക്കിറങ്ങുന്ന നീ
എനിക്കജ്ഞാതമായ
വികാരത്തിനടിമയാക്കിയിരുന്നു.

ഇരുള്‍ നിറഞ്ഞ ഒരു രാത്രിയില്‍
എന്നെ ചുംബിച്ച്
ഒറ്റപ്പെട്ട നായയാണ്‌ നീയെന്നു നിലവിളിച്ചത് ..
ഓര്‍ക്കുന്നുണ്ടൊ ..?

കിതച്ചു തളരുന്ന
അസാധാരണമായ പെരുമാറ്റം
ഞാന്‍ ഒളിച്ചു വെച്ചിട്ടും
കാന്റീനില്‍ അടക്കിച്ചിരികളായി മാറിയത്...

പ്രണയം ഭ്രാന്താണെന്ന്
പറഞ്ഞു തന്നത് നീയായിരുന്നു
നിന്റെ ഭ്രാന്ത്‌ പതുക്കെപ്പതുക്കെ എന്നിലേക്കും !

ഒരുറക്കം പാതിയില്‍ മുറിച്ച്
നീയെന്നെ ഉണര്‍ത്തിയത്
ഭീകരമായ നിലവിളിയോടെ ആയിരുന്നുവല്ലോ

നിന്റെ മാത്രമായ അലീന
നാസികളുടെ പിടിയില്‍ പെട്ടെന്ന്
നീയെന്നെ കുലുക്കി പറയുകയായിരുന്നു

നടുക്കം കൊണ്ടു വാക്കുകള്‍ മറന്ന എനിക്ക്
കൈവിട്ടു പോയ മനസ്സിന്റെ കാഴ്ചകള്‍
കാണാന്‍ കഴിയുമായിരുന്നില്ലല്ലോ

കാലങ്ങളിത്ര കഴിഞ്ഞിട്ടും
വാര്‍ഡിലെ വായുവിന്
അന്നത്തെ അതേ മണമാണെന്ന്
ഞാന്‍ എഴുതിയിരുന്നു

ഇപ്പോള്‍ നീയെനിക്ക്
നല്ലൊരു കഥാപാത്രം കൂടിയാണ്
നരകത്തിലെ പ്രണയമെന്ന കഥയിലെ നായകന്‍..!

പക്ഷെ കൂട്ടുകാരാ..
പ്രണയമെന്നാല്‍
ശെരിക്കും ഭ്രാന്ത്‌ തന്നെയാണോ..?

10 October 2010

ഉടല്‍പ്രണയം

ഉടല്‍ പ്രണയത്തില്‍
ഉരുകിയൊലിച്ച
രാപ്പനിക്കൂട്ടുകള്‍‍

ചായം തേച്ച
മുഖങ്ങളില്‍ ‍
ചിതറിപ്പടര്‍‍ന്ന
ശ്വാസ വേഗം

നഗരവേഗം
ഉടലിലാര്‍‍ത്ത്
ഇരുട്ടിലൊരു
സര്‍‍പ്പ സീല്‍‍ക്കാരം

ഇരുട്ടൊഴിയുമ്പോള്‍
‍ബാക്കി വരുന്നത്
പ്രതിരോധത്തിന്‍റെ
റബര്‍ വഴികള്‍   

01 October 2010

കാവല്‍ക്കാരന്‍

എന്നെ നിങ്ങള്‍ക്കറിയില്ല,
ഞാനൊരനാഥ ..

ശ്മശാനങ്ങളുടെ
കാവല്‍ക്കാരനാണ്‌
എന്‍റെ  കൂട്ടുകാരന്‍

എന്തെന്നാല്‍
എന്‍റെ മനസ്സിന്‍റെ താക്കോല്‍ ‍
അവന്‍റെ പക്കലാണ്

ശവങ്ങളുടെ വരവറിയിച്ച്
ആളനക്കമുയരുമ്പോള്‍
കാവല്‍ക്കാരന്‍റെ മുഖം തെളിയും

അന്നാണല്ലോ
അവന്‍റെ കീശയുടെ
ശൂന്യത നികത്തപ്പെടുന്നത്

എന്‍റെ മനസ്സിലെ വേലിയേറ്റങ്ങള്‍‍
അവനുത്സവമാണ്
ഒരിക്കലും തിരിച്ചു കിട്ടാത്ത
നിമിഷങ്ങളാണെന്ന്
തിരിച്ചറിഞ്ഞത് മുതല്‍ ‍...

അപ്പൊഴൊക്കെ
അവന്‍റെ കണ്ണുകള്‍ വന്യമാവാറുണ്ട്
ഭ്രാന്തമായ ആവേഗത്തിനൊടുവില്‍
തളര്‍ന്ന് വീഴുമ്പോള്‍ അവനെന്‍റെ മനസ്സ്
കൈമോശം വന്നിട്ടുണ്ടാകും

അവന്‍റെ മനസ്സു തന്നെ
അവനപ്പോള്‍ അറിയില്ല
കണ്ണുകളില്‍ ‍ നിറയെ ശവങ്ങളാവും
ശുഭ്ര വസ്ത്രത്തില്‍ പൊതിഞ്ഞ്
നിലാവില്‍ മലര്‍ന്ന ശവങ്ങള്‍.....

17 September 2010

പുഴയും തോണിയും

ഇന്നലെ
പങ്കായമില്ലാതെ
തുഴഞ്ഞു തുഴഞ്ഞ്
ഞാനൊരു പുഴ താണ്ടി

കൈകളുടെ ആയാസപ്പെട്ടുള്ള
തുഴച്ചിലില്‍
വിയര്‍ത്തൊലിച്ച്...

കടലിലേക്കുള്ള പ്രയാണത്തില്‍
പുഴയെന്നെ
കൂട്ടു വിളിച്ചിരുന്നു

കരയിലൊരു കൊച്ചു പുഴ
നിറഞ്ഞും കവിഞ്ഞും
ഒഴുകിപ്പരന്നും
എന്നെയും കാത്ത്....

അതെന്‍റെ മാത്രം,
പുഴയും തോണിയും
തോണിക്കാരനും...
എല്ലാം...ഞാന്‍...

22 July 2010

സമാറ

പ്രിയപ്പെട്ട ഗബ്രിയേല്‍,
മാലാഖയുടെ
പേരിന്റെ ഭാരം പേറി
ഇനിയലയാതിരിക്കാന്‍
നിന്റെ രക്തത്താല്‍
കൈകള്‍ കഴുകുകയാണ്

നിന്റെ പൂച്ചക്കണ്ണുകളില്‍
കാണാറുള്ള ഇച്ഛാ ഭംഗം
ഇനിയും കാണാതിരിക്കാന്‍
മോഹങ്ങളുടെ താഴ്വരയിലേക്ക്
പറഞ്ഞയക്കുകയാണ്.

ഗബ്രിയേല്‍
സമാറയെ നീ മഞ്ഞു പുതപ്പിച്ചതും
മഞ്ഞപ്പൂക്കളുള്ള കുഞ്ഞുടുപ്പില്‍
ചുവന്ന കൈലേസ് വരച്ചു ചേര്‍ത്തതും
കാണാനിനി എലിസ വരില്ല.

അവരിപ്പോള്‍
ഏതു ദുരാത്മാവാണ്
നിന്റെ കണ്ണുകളെ
കാമത്തോല്‍ പുതപ്പിച്ചതെന്ന്
തിരഞ്ഞു നടക്കുകയല്ല.

സമാറയുടെ കുഞ്ഞുടുപ്പില്‍ നിന്നും
പൂമ്പാറ്റകള്‍ പറന്നുയര്‍ന്നത്
കണ്ടത് മുതല്‍
സെമിത്തേരിക്കപ്പുറം
റൊസാരിയോയുടെ കൂടെ
ഒലീവ് മരത്തൈകള്‍
നനച്ചു കൊണ്ടിരിക്കുകയാണ്.

കുന്നിന്‍ മുകളില്‍
ഒറ്റയാനെപ്പോലെ
ഉയര്‍ന്നു നില്‍ക്കുന്ന പാറപ്പുറത്ത്
മരത്തൈകള്‍ മുളച്ചത്
അവര്‍ മാത്രമേ കാണുന്നുള്ളൂ...!

നിലാവിന്റെ ശീതളിമയാണ്
ഉച്ച വെയിലിനെന്ന്
സൂര്യാഘാതത്താല്‍ തളര്‍ന്നു വീഴുമ്പോഴും
നെറ്റിയില്‍ വിരല്‍ ചേര്‍ത്ത്
പിറു പിറുക്കുന്നത് കേള്‍ക്കാം...

പ്രിയപ്പെട്ട ഗബ്രിയേല്‍..
നിന്നെ ചുംബിക്കാന്‍ പോവുകയാണ്.
തണുത്തുറഞ്ഞ കാല്പാദങ്ങളില്‍
കൊച്ചു കുഞ്ഞിനെയെന്ന പോലെ
എനിക്കൊന്നു ചുംബിക്കണം...

എലീസയിടയ്ക്കിടെ
സമാറയെ തിരയും
അപ്പോഴൊക്കെ
നിന്റെ കുഴിമാടത്തിനരികില്‍ നിന്ന്
പൂമ്പാറ്റകളെ കാണിച്ചു പറയും
അത് സമാറയാണ്...!

വെയിലേറ്റു ചുവന്ന കവിളുമായി
എന്നും ഓടിയെത്തുമായിരുന്നു
കൊച്ചു മാലാഖക്കുട്ടി.

മാലാഖയുടെ പേരുമായി
നീയെന്തിനാണ്‌
കൂട്ടിക്കൊണ്ടു പോയത്..?!

അത് കൊണ്ടല്ലേ
നിന്നെ മണ്ണ് പുതപ്പിക്കേണ്ടി വന്നത്...?

29 June 2010

സംശയം

രാത്രി
അപസര്‍പ്പകന്‍റെ
ഊഹ സഞ്ചാരം

മകുടിയില്‍ വിരലമര്‍ത്തി
കൂടയില്‍
തല ചേര്‍ത്ത്
എന്‍റെ ശയനം

നിന്‍റെ തിളങ്ങുന്ന കണ്ണുകള്‍
കൂട തുളച്ച്
വഴി യാത്രികരെ
കൊളുത്തി വലിക്കാം

വിഷ ദംശത്തില്‍ നിന്നും
അവരെ കാക്കുവാന്‍
ഞാന്‍ മാത്രം

ആര്‍ത്തി മാറാത്ത
നിന്‍റെ കണ്ണുകള്‍ക്ക്‌ ചുവട്ടില്‍
പാതിയുറക്കത്തില്‍
എന്നും ഞാന്‍...

09 May 2010

അമ്മദിനം


ഷോപ്പിംഗ്‌ മാളിലേക്ക്
കയറിപ്പോകുന്ന
എലിവേറ്ററിന്റെ താഴെ
മഞ്ഞു പുതച്ച പൂവ് പോലെ
ഒരു കുഞ്ഞിരിക്കുന്നുണ്ട്.

വെയില് തട്ടിയ
പനിനീര് പോലെ വാടിക്കരിഞ്ഞത്

എയര്‍ കണ്ടീഷന്റെ ശീതളിതയില്‍
ആള്‍ക്കൂട്ടം ഉത്സവത്തിലാണ്.

അമ്മമാര്‍
കംഗാരുക്കളെപ്പോലെ
കുഞ്ഞുങ്ങളെ ബാഗുകളില്‍
തൂക്കി നടക്കുന്നുണ്ട്

മഴപ്പാറ്റല്‍ മുടിയിലുമ്മ വെച്ച്
വിളിക്കുമ്പോഴും
ചവിട്ടിയെന്ന പോലെ കാലടി വെച്ചാളുകള്‍
നടന്നു പോകുമ്പോഴും
അമ്മേയെന്ന് വിളിക്കണമെന്നുണ്ടാകും

മറന്നു വെച്ചതാണെന്ന് കരുതി
ഏതെങ്കിലുമൊരമ്മ ഓടി വരുമെന്നും
കണ്ണേയെന്നു വിളിച്ച് മാറോടു ചേര്‍ക്കുമെന്നും
കൊതിക്കുന്നുണ്ടാകും കുഞ്ഞു പനിനീര്‍പൂവ്

19 April 2010

അനിയത്തി


ഒരുപാട് വട്ടം
കൊതിച്ചിട്ടുണ്ട്
ഇഷ്ടം കൂടാന്‍

മക്കന മൂടി
പോകുന്നത് കാണുമ്പോള്‍
കണ്ണ് നിറയും

അനിയത്തീയെന്ന്
വിളിക്കട്ടെയെന്ന്‌
ഉള്ളിലാരോ ചോദിക്കും

ഉറക്കത്തിലെപ്പോഴും
കൊത്തങ്കല്ല്
കളിക്കാറുണ്ട്

യതീംഖാനയുടെ
വേലിക്കപ്പുറം
സ്കൂള് വരെ
കൂട്ട് പോകാറുണ്ട്.

കളി കഴിഞ്ഞു വരുമ്പോള്‍
പാലത്തിനടിയില്‍
ആള്ക്കൂനട്ടം

തിക്കിക്കയറിയപ്പോള്‍
മക്കനയും
ചോറ്റു പാത്രവും
ചോര പറ്റിയ കുഞ്ഞുടുപ്പും
ഇക്കായെന്നു വിളിക്കുന്നു17 April 2010

മതിഭ്രമം.

നീ പറഞ്ഞപ്പോഴൊന്നും
ഞാന്‍ കരഞ്ഞില്ലല്ലോ
ഞാനൊരു
വിഷ ജീവിയാണെന്ന്

സര്‍പ്പക്കാവില്‍
ഇണ പിരിയാത്ത
വിഷ നാഗങ്ങളിലൊന്ന്
എനിക്കായൊരു
കുഞ്ഞു ജീവന്‍
ഉള്ളില്‍ കരുതിയിരുന്നോ ?

തീണ്ടാരിപ്പുരയില്‍
ഇഴഞ്ഞു കയറിയ
അഗ്നി നാമ്പുകള്‍
ചുറ്റി വരിഞ്ഞപ്പോഴും
ചെതുമ്പലു പിടിച്ച
ശിരസ്സെന്റെ
കവിളിലമര്‍ന്നപ്പൊഴും

ഞാന്‍
കരയാഞ്ഞതെന്തെന്ന്
സംശയിക്കരുത്‌

എന്‍റെ ചാരിത്ര്യത്തില്‍
ദംശനമേല്‍ക്കും മുമ്പേ
നീ പെയ്തിറങ്ങിയിരുന്നുവല്ലോ
തീ മഴയായ്

നിന്‍റെ വിഷമിറക്കിയിറക്കി
ഞാന്‍ തന്നെ
ഒരു വിഷ ജീവിയായെന്ന്
കൂട്ടുകാരി പറഞ്ഞിരുന്നു

ഹോസ്റ്റലില്‍
കട്ടിലിനു താഴെ
ഇഴയുന്നത്‌ കണ്ട്
ഉറക്കത്തില്‍ ഞെട്ടി വിറച്ച
അമൃതയെ
നിനക്കറിയാതിരിക്കില്ലല്ലോ

നിന്റെ സംശയം നിറഞ്ഞ
കണ്ണുകളിനി
അവളെ കാണില്ല

തുടരെത്തുടരെ
സര്‍പ്പക്കുഞ്ഞുങ്ങളെ
പ്രസവിക്കുന്നത് കണ്ടാണ്‌
അവള്‍ ഉറക്കം ഞെട്ടാറ്

ഇന്നലെ
മൂന്നാം നിലയുടെ
ജനവാതില്‍ തുറന്നു വച്ച്
അവള്‍ താഴേക്ക്....

അര്‍ദ്ധ ബോധത്തിന്റെ
അവസാന ശ്വാസത്തിലും
നടുങ്ങുന്ന കണ്ണുകള്‍ തുറന്ന്
ഉദരത്തില്‍ കയ്യമര്‍ത്തിപ്പിടിച്ച്
പകച്ചു നോക്കിയത്
എന്നെയായിരുന്നു

എന്റെ സിരകളില്‍
നുരഞ്ഞു കയറുന്ന
നീലിച്ച രക്തം
അവള്‍ തിരിച്ചറിഞ്ഞിരുന്നുവോ...?

ഇരുള്‍ ചമയങ്ങള്‍
എന്റെ മനസ്സില്‍
പിന്നെയും
കോമരമാടിത്തുടങ്ങിയെന്ന്
നിനക്കൂഹിക്കാമല്ലോ

എന്നിട്ടും
ഞാന്‍ കാത്തിരിക്കുന്നത്
നിയിനിയും വരുമെന്ന
പ്രതീക്ഷയുടെ നാമ്പുകള്‍
കരിയാത്തത് കൊണ്ടാണ്

എന്റെ
നീലിച്ച ഞരമ്പുകളില്‍
അവസാന തുള്ളി ജീവനും
പിടയുന്നത് വരെ
ഞാന്‍ കാത്തിരിക്കും
നിനക്കായ് .....

13 April 2010

കരയാതമ്മേ..

അമ്മെ,
മിഠായി വേണമെന്നിനി
മോള് പറയില്ല
അമ്മ കരഞ്ഞാല്‍
മോള്‍ക്കും കരയാന്‍ വരും
കരയാതമ്മേ...

ചിരി മഴയെന്നു
മോളെ നോക്കിപ്പറയമ്മേ...
കിലുകിലെയമ്മയും
ചിരിക്കമ്മേ..

അമ്മെ,
ഇന്നുച്ചയ്ക്കമ്മുവെന്നോട്
പിണങ്ങി

അമ്മയിനീം
കണ്‍ തുറന്നില്ലേല്‍
മോളൊറ്റയ്ക്ക്
പുഴക്കരയില്‍ പോകും
കരടി വന്നു മോളെ പിടിക്കട്ടെ

കഴുത്തിലാണോ
അമ്മെ ഊഞ്ഞാല് കെട്ടുന്നേ..?
ഒന്ന് മിണ്ടമ്മേ...
മോള് സത്യായും പോകുമേ....

01 April 2010

അച്ഛനും അമ്മയും പാര്‍ട്ടിയും

പാര്‍ട്ടി,
കൊടി പുതപ്പിച്ചിരുന്നു.
വാഹനങ്ങളുടെ
വരി തീര്‍ത്തിരുന്നു.

നേതാക്കള്‍,
ക്യാമറ കാണുന്ന
സമയങ്ങളിലൊക്കെയും
കണ്ണ് തുടച്ചിരുന്നു

ചോര പുരണ്ട
കുപ്പായക്കഷണവുമായി
പോലീസുമെത്തിയിരുന്നു.

മൂന്നു നാള്‍ പനിച്ചു കിടന്ന്
നാലാം നാള്‍ ഇറങ്ങിയോടിയ
അമ്മയെ കാണാന്‍ മാത്രം
ആരും വന്നില്ല.

അച്ഛനു കൊടി പുതപ്പിച്ചവരാരോ
അമ്മയെ കൊടിയുടുപ്പിച്ചെന്ന്
കേള്‍ക്കും മുമ്പെ
ഞാന്‍ പോവുകയാണ്

18 March 2010

തെരുവിന്റെ ദൈവം

അടര്‍ന്ന പുറ്റുകളില്‍ നിന്നും
തല നീട്ടുന്നുണ്ട്
കനല്‍ ചെതുമ്പല് പിടിച്ച
വിഷ നിശ്വാസങ്ങള്‍

കേള്‍വിയറ്റ വാക്കിന്റെ
കാലടിച്ചുവട്ടിലത്
നീണ്ടു കിടക്കും
ഉടലനക്കാതെ

ജനലഴി പിടിച്ച്
ഉടലാട്ടം കണ്ട്‌ നില്‍ക്കും
ഇട വഴി പിന്നിട്ട്
നിരത്തിലിറങ്ങി
ആളനക്കമില്ലാത്ത
ഇരുള്‍ക്കാട്ടില്‍ പോയിരിക്കും.

നരിച്ചീറു കരയുന്നത് കേട്ട്
പേടിച്ചോടും
കീറക്കരിമ്പടം പുതച്ച് ചൂടാറ്റും
പാലച്ചുവട്ടില്‍ മലര്‍ന്ന്
മഞ്ഞിന്‍ ചൂട് കായും.

തെരുവില്‍ ചിരിയില്ല..
കല്ലെടുത്തെറിയാന്‍
കുട്ടികളില്ല

ഉടല്‍ തെറ്റിയ തലയ്ക്ക് മേല്‍
തുണി  പുതപ്പിക്കുന്നു..
തകര്‍ന്ന ദേവാലയങ്ങളില്‍
ഓരിയിട്ട് കുറുക്കന്മാര്‍ ..

തെരുവിന്റെ ദൈവം ഞാന്‍
തെരുവ് നിങ്ങള്‍ക്കാര് തന്നു..
ഉടയവനറിയാതെ ?!

തെരുവ്
സ്വപ്‌നങ്ങള്‍ വിരിയുന്നിടം

തെരുവിന്
സന്ധ്യക്ക്‌  മുല്ലപ്പൂ മണമാണ്
രാത്രി വിയര്‍ത്ത്
കുമിറലില്‍ ഒട്ടിപ്പിടിക്കും

രാവിലെ സോപ്പ് മണക്കും
സാമ്പ്രാണി മണക്കും
എനിക്കു മാത്രം നിന്നെ മണക്കും

തെരുവിലെ വിളക്ക് കാലില്‍
കല്ലെറിഞ്ഞു കൊള്ളിക്കാന്‍
രസമാണ്

എന്റെ നെഞ്ചില്‍
കനലെറിഞ്ഞത്‌ പോലെ

09 March 2010

അമ്മ

പതിവു തെറ്റിക്കാതെ
വിരിയൊതുക്കിത്തുടങ്ങി

കാട്ടു പൂച്ചയുടെ
ആക്രാന്തമുണ്ടാവില്ല
മുഖമൊരു ദുഃഖ സാഗരം

ശരീരത്തിലെന്തെന്ന്
മനസ്സറിയാറില്ലിപ്പോള്‍

പടര്‍ന്നു കയറുന്നതും
കത്തിത്തീരുന്നതും

ചൂടു തട്ടിയപ്പോള്‍
കാലില്‍ നോക്കിയതാണ്

കാല്‍ വിരലില്‍ മുഖമമര്‍ത്തി
അയാള്‍...!
ഭയമാണാദ്യം തോന്നിയത്

വിറയ്ക്കുന്ന ചുണ്ടുകളില്‍
വിതുമ്പിത്തെറിച്ച
അക്ഷരങ്ങള്‍ കേട്ടാണ്
വസ്ത്രങ്ങള്‍ വാരിച്ചുറ്റിയത്

അമ്മേയെന്ന വിളി...!!!

12 February 2010

മഴ പെയ്യുന്നുണ്ട്

മഴ പെയ്യുന്നുണ്ട്
നനയുക
നനഞ്ഞു നനഞ്ഞ്
മഴയാവുക

എന്റെയുള്ളിലേക്ക് പെയ്യുക
കാട്ടുതീ പോലെ ആളിപ്പടരുന്ന
തീച്ചിന്തകളെ കെടുത്തിക്കളയുക

എനിക്കെന്നെ നഷ്ടമാകുന്നത്
എവിടെയാണ്...?
നീയും പോവുകയാണ്...!

എനിക്കറിയാം
അവസാനം
മൈല്‍ കുറ്റി പോലെ
ഞാനൊറ്റയ്ക്ക്
വഴിയരികില്‍ പകച്ചിരിക്കും

വഴിയാത്രക്കാര്‍
കൌതുകത്തോടെ
ആകാംക്ഷയോടെ
ഭീതിയോടെ
ഓര്‍മ്മകളോടെ
എന്നെ വായിക്കും
എന്നില്‍ നിന്നും
അവരിലേക്കുള്ള ദൂരമളക്കും

അന്നും നീയും ഞാനും തമ്മില്‍
ഇമകളുടെ അകലവും കാണില്ല

ഇനി നീയെന്നില്‍ പെയ്യരുത്
ഇനി നീ മഴയ്ക്കുള്ളതാണ്
നിന്റെ കാമുകനായ മഴ

ജനല്‍ തുറന്നിട്ട്‌
കൈനീട്ടിത്തൊടാറുള്ള
നിന്റെ മാത്രം മഴ

എനിക്കെന്നാണ്
മഴയാകാന്‍ കഴിയുക....?!
നിസ്സഹായതയുടെ വര്‍ഷകാലത്തില്‍
ഓര്‍മ്മകള്‍ ചോര്‍ന്നൊലിക്കുന്നു

ചുട്ടു പഴുത്ത ലോഹമാണ് ഞാന്‍
എനിക്കായി പെയ്യുന്നതിനെ
ബാഷ്പമാക്കിക്കളയുന്ന ക്രൂരന്‍...

വെന്തു വെന്ത് പാകം വരാതെ
നരകിക്കുന്നവന്‍
നരകത്തിന്റെ ഏഴാം കവാടം
തുറന്നവന്‍

ഒരിടിമിന്നലിനായാണ്
ഇനിയെന്റെ കാത്തിരിപ്പ്‌

പ്രത്യാശകള്‍ക്കു മേല്‍
ഞാന്‍ പോലുമറിയാതെ
അതെന്നില്‍ പതിക്കും
അതാണെന്റെ മുക്തി...

16 January 2010

തുറക്കാതെ വെച്ച താളുകള്‍

ഒട്ടകകക്കൂട്ടം
മരുവായ മനസ്സില്‍
സ്വൈരവിഹാരം നടത്തുന്നു

കടിഞ്ഞാണ്‍ കൈവിട്ട സഞ്ചാരി
മണല്‍ത്തരികളുടെ പൊള്ളലില്‍
കാല്‍ വെന്ത് വിലപിക്കുന്നു

സ്വപ്നം
അന്ധനെപ്പോലെ
വഴി മറന്നു തപ്പിത്തടയുന്നു

പ്രവാ‍സം
വേരുകളുടെ മുരടിപ്പ്
നാടില്ലാത്തവര്‍ക്ക്
ഓര്‍മ്മകളെന്തിന്...?
ഓര്‍മ്മകളുടെ മുഷിഞ്ഞ മണമുള്ള
ലേബര്‍ ക്യാമ്പുകള്‍

ഒട്ടകം ഒരു പ്രതീകമാണെന്ന്
അവന്‍ പറയുമായിരുന്നു
ചുവപ്പിന്റെ ചോര
സിരയിലേറ്റു വാങ്ങിയവന്‍

ചൂടുള്ള ദിവസമായിരുന്നു അന്ന്
വിലാപങ്ങളുടെ ദിനം
കരയാനുള്ള എല്ലാ‍ മോഹവും
 കരഞ്ഞു തന്നെ തീര്‍ത്തു.

അവള്‍ മരിച്ചത്
അറിഞ്ഞിരുന്നില്ല
റോസാ  പൂവു പോലെ
സുന്ദരിയായിരുന്നു അവള്‍
മുള്ളുകളെല്ലാം എനിക്കു തന്ന്
പനിനീര് അവന് കൊടുത്തവള്‍
എനിക്കവളെ വെറുക്കാന്‍ കഴിയില്ല

 അവന്‍  പോകില്ല
അവനറിയാം ,
ശവത്തിനു ചൂടുണ്ടാവില്ല
ചുണ്ടുകള്‍ക്ക് തുടുപ്പും..!

പ്രിയപ്പെട്ട സുഹൃത്തെ
നീ മറന്നെന്ന് കഴിയുന്നില്ല,
സ്വയം വിശ്വസിപ്പിക്കുവാന്‍

അന്ന്
മുറിവു പറ്റിയ നെറ്റിയുമായി
ആശുപത്രീല്‍ കിടക്കുമ്പോള്‍
അനിയത്തിക്കു നീ കൊടുത്ത ചുംബനം
ഇന്നലെ കൈത്തോടു വറ്റിയ ചാ‍ലില്‍
ഓക്കാനിച്ചു.

ഭ്രാന്തിന്റെ വെയിലാറുമ്പോള്‍
അവള്‍ക്കായി
കവിത ചൊല്ലാന്‍ പോയിരുന്നു.
 ചുണ്ടിനുള്ളില്‍ ഒളിപ്പിച്ച പുച്ഛവുമായി
എന്നെയവര്‍ എതിരേല്‍ക്കും

കണ്ണു തുളുമ്പാതെ
മാനമെന്ന വാക്ക് ആഴത്തില്‍ കുഴിച്ചിട്ട്
അപമാന ഛര്‍ദ്ധിലില്‍ കുളിച്ച്
കരയാതെ നിന്നിട്ടുണ്ട്
എല്ലാം അവള്‍ക്കു വേണ്ടിയായിരുന്നു
എന്നിട്ടും അവളെ നീ...?!!

അല്ലെങ്കിലും
ഭ്രാന്തന്റെ പെങ്ങള്‍ക്ക്
എന്തു ജീവിതം ..?!
അവളൊരു പാവമായിരുന്നു സുഹൃത്തേ

അവള്‍ക്ക്
അമ്മ ഒരോര്‍മ്മയാണ്
നാഭിയില്‍ ചവിട്ടേറ്റ്
നിലത്തു പിടയുന്ന ഒരോര്‍മ്മ

മക്കളെ പ്രാകി
അച്ഛനെ പ്രാകി
അയലത്തുള്ളവരെ പ്രാകി
ഒടുക്കം ദൈവത്തെ പ്രാകി
ചുമരില്‍ തലയിടിക്കുമായിരുന്നു

അച്ഛനെന്നും കറുത്ത സ്വപ്നമാണ്
ചാരായക്കാഴ്ചയില്‍
തണുത്ത വടപ്പൊതിയുമായി
പടി കടക്കുന്നയാള്‍

ഏട്ടനായ ഞാനോ..
തലയില്‍ വെയിലുദിച്ചവന്‍..
പ്രണയോന്മാദത്താല്‍
പാഠപുസ്തകങ്ങളെ
കൈത്തോട്ടിലൊഴുക്കിയവന്‍
വിശപ്പാ‍റ്റാന്‍ കവിത ചൊല്ലുന്ന
കാടിന്റെ മകന്‍..!

എന്റെ വാമൊഴിപ്പാട്ടില്‍
നുരയുന്ന വാക്കിന്‍ മായാജാലം കാണില്ല
നോവുന്ന മുറിവാക്കല്ലാതെ

എനിക്കിന്ന് വാക്കുകള്‍ വറ്റുന്നു
ഒരിക്കല്‍ വരണ്ട വാക്കിന്‍ ഗര്‍ഭപാത്രം
എന്നില്‍ നിന്നുമെടുത്തു കളയേണ്ടി വരും

അന്ന്
ആയിരത്തൊന്നു ചാപിള്ളകളെ കാണും
മാലഖക്കുഞ്ഞുങ്ങളുടെ
പാതി വളര്‍ന്ന ഭ്രൂണങ്ങള്‍ നോക്കി
നിങ്ങളന്നും അടക്കിച്ചിരിക്കും...
അത് കാണാന്‍ ഞാനുണ്ടാകില്ല