.....

30 December 2011

ഒടുക്കം

രാവൊടുക്കത്തെ
പാസഞ്ചര്‍
പുറപ്പെട്ടിരിക്കും

വിളിക്കുന്നില്ല.
സങ്കടപ്പനിയില്‍
നോവ്‌ തിന്നു കാക്കുമ്പോള്‍
നിന്നൊച്ചയില്‍
റെയില്‍പ്പാത കിതക്കും.

മോള്‍ക്ക്‌ ഒരുമ്മ....
നിനക്ക്.......!

27 December 2011

ഞാന്‍ കവിയല്ലാത്തത് എത്ര നന്നായി

ഉറക്കം
തലയിലുഴിഞ്ഞു 
കൊണ്ടേയിരിക്കുന്ന
വൈകുന്നേരം,
കവിത കൊറിച്ച്
രണ്ടു പെണ്‍കുട്ടികള്‍

ചിക്കന്‍ പോക്സിന്‍റെ 
കുരുക്കുഴികള്‍
ചിത്രം വരച്ച മൂക്ക്

പാതി കുടിച്ച
പ്രണയക്കയ്പ്പ്  ചുണ്ടില്‍

വെയില്‍  വറ്റിയ വഴിയില്‍
കരഞ്ഞ് തളര്‍ന്ന്
സൂചിമുനക്കണ്ണുകള്‍

കറുത്ത ഉടലേ..
കറുത്ത സന്ധ്യേ ..
കറു കറുത്ത കവിതേ..
ഇര പിടയുന്നത്
മറ്റൊരിര പിടിക്കാനോ..?

***********
പെണ്‍കുട്ടികള്‍
കവിത കൊറിച്ചു കഴിഞ്ഞ്
ഇലഞ്ഞി മരച്ചോട്ടില്‍
നില്‍ക്കുന്നു

പതുക്കെ
വളരെ പതുക്കെ
ഒരു തീവണ്ടി പുക തുപ്പുന്നു

വേഗങ്ങളുടെ
ആവര്‍ത്തനത്തില്‍
പാളങ്ങള്‍ ഭോഗിക്കപ്പെടുന്നു

ചൂടും വേഗതാളവും
ഒരുറക്കം പോലെ ഞെട്ടുന്നു
ഇലഞ്ഞി മരം
ഇലയെറിഞ്ഞുണര്‍ത്താന്‍
പരാജയപ്പെടുന്നു

ഇലകള്‍
മണ്ണ് പൊത്തിക്കരഞ്ഞ് 
കാറ്റിലേക്കോടിപ്പോകുന്നു

**************
കവിത കൊറിച്ചു കഴിഞ്ഞ
പെണ്‍കുട്ടികളെത്തേടി
കവി എത്തുന്നു

നെഞ്ചിലമര്‍ത്തി
തലേന്ന് കുടിച്ചതത്രയും
ഓക്കാനിച്ചു കളയുന്നു.

ഒരോവ് ചാലും
കവിത വായിക്കാതിരുന്നത്
എത്ര നന്നായി .?!

26 December 2011

ശബ്ദം

അമര്‍ത്തിപ്പിടിച്ചും
തുണി തിരുകിയും
ഞെക്കിത്താഴ്ത്തിയും 
നോക്കുന്നുണ്ട്
എന്നിട്ടുമൊരു വിളി 
എന്നില്‍ തട്ടി 
പ്രതിധ്വനിക്കുന്നു.

16 December 2011

പൈങ്കിളിക്കവിത എഴുതുന്നത്....

എന്തിനാണ് കവിതകളിലെല്ലാം
ഉമ്മകള്‍ നിറയ്ക്കുന്നതെന്ന്
അമ്മമാരെ, കുഞ്ഞുങ്ങളെ
കൊണ്ട് വരുന്നതെന്ന്
നീ അതിശയപ്പെടുന്നു ?!

പൈങ്കിളിയാണ് എഴുത്തെന്ന്
കളിയാക്കുന്നു

എനിക്കൊരു
വല്യുമ്മയുണ്ടായിരുന്നു
മഞ്ഞു കാലത്ത്
സ്വയം നെയ്ത കമ്പിളിക്കുപ്പായം
കൊടുത്തയച്ചിരുന്നു.

വല്യുമ്മയുടെ
മണമുള്ള കുപ്പായങ്ങള്‍
ദലീമയ്ക്കാണ് കൊടുത്തിരുന്നത്

തണുപ്പിനെ കെട്ടിപ്പിടിച്ച്
ചുരുണ്ടുറങ്ങിയ രാവുകളിലൊന്നും
വല്യുമ്മ വന്നില്ല.

ദലീമ
പുതുതായി വന്ന
പഞ്ചാബിയോടൊന്നിച്ചു പോയപ്പോള്‍
കമ്പിളിക്കുപ്പായവും കൊണ്ട് പോയി .

പതിവ് പോലെ
കൊടുത്തയച്ച കുപ്പായം
തണുപ്പില്‍ ഒറ്റയ്ക്കിരുന്നു കിതച്ചു.
പുലര്‍ന്നപ്പോഴാണ്
വല്യുമ്മ മരിച്ചത്.

പിന്നീട് ഓരോ രാത്രിയിലും
പുതിയ പുതിയ
കമ്പിളിക്കുപ്പായങ്ങളുമായി
വല്യുമ്മ വരാറുണ്ട്

ചുള്ളിക്കമ്പ് വിരലുകളാല്‍
തലയിലുഴിയും.
നെറ്റി തലോടും
ഒരുപാടുമ്മകള്‍ തരും.
ഈയുമ്മകളൊക്കെ
കുഞ്ഞുങ്ങള്‍ക്ക്‌
കൊടുക്കണമെന്ന് പറയും

നേരം വെളുത്താല്‍
ഉമ്മകളും സ്നേഹവും നിറഞ്ഞ്
ഹൃദയം
ചിലപ്പോള്‍ നിന്നു പോകും.

അത് കൊണ്ടാണ്
ഉമ്മകളെല്ലാം കുഞ്ഞുങ്ങള്‍ക്കും
സ്നേഹമെല്ലാം നിനക്കും തരുന്നത്.
വരികളെല്ലാം'പൈങ്കിളി'യാകുന്നത്

ഇനിയെങ്കിലും
ബിംബങ്ങള്‍ നിറച്ച് വിഷയം മാറ്റിച്ച്
എന്നെ കവിയാക്കരുതേ....!!

15 December 2011

പൈങ്കിളി

പെണ്ണെ,
നിനക്കൊരു കത്ത് തന്നതിന്
ചന്തിക്കമ്മ തന്ന തല്ലുകള്‍
എഴുതാന്‍ പറ്റില്ല
പൈങ്കിളിയാണ്.!

നമ്മുടെയപ്പൂപ്പന്‍ താടി മരം
വേരറ്റ ദിവസം
കൈതക്കാട്ടില്‍ കണ്ടതും
പറയാന്‍ പാടില്ല
പോര്‍ണോ ആണത്രേ..!

എന്നാലുമെന്‍റെ  പെണ്ണേ
ഞാനും നീയും
പ്രണയിച്ചെന്ന്,
ജീവിച്ചെന്ന്,
ഉമ്മ വെച്ചെന്ന്
തീവണ്ടിക്കുളിമുറിയിലെങ്കിലും
ഞാനെഴുതിക്കോട്ടേ...

14 December 2011

പേരില്ലാത്തത്

വികാരത്തള്ളിച്ചയില്‍
ഇടമുറിഞ്ഞ വാക്കുകള്‍
ചില്ലു പാത്രം പോലെ
പൊട്ടിച്ചിതറി..

അള്ളിപ്പിടിച്ച വിരലുകള്‍
മാംസത്തില്‍ നഖമാഴ്ത്തി..

ഇമയനക്കത്തില്‍
ചോര്‍ന്നുപോയ ചുംബനച്ചൂര്
ഫണം വിടര്‍ത്തി..

പെയ്തൊഴിഞ്ഞ
പേമാരിയില്‍
ഒഴികിയിറങ്ങിയ ജീവന്‍
കാത്തു വെച്ച്..

കിതപ്പിനിടയില്‍
ശൂന്യമാക്കപ്പെട്ട ഹൃദയം
പിന്നിപ്പിന്നി..

ഒട്ടിപ്പിടിച്ച് 
കുതിര്‍ന്നെണീക്കുമ്പോള്‍
അറപ്പായിപ്പടര്‍ന്ന്..

നേട്ടങ്ങളുടെ പട്ടികയില്‍
ഒന്നുകൂടി ചേര്‍ത്ത്
പിന്നെയും...

12 December 2011

പരേതന്..

ചിലരങ്ങനെയാണ്
ഒരുച്ചയുടെ
ആലസ്യത്താലെന്ന പോല്‍ 
മൌനമായങ്ങുറങ്ങും.

വനവശ്യത പോലെ
നിശബ്ദത പുതച്ച്..
ചുംബിച്ചുറക്കിയ
ചെറു ചിരിയോടെ.

പ്രണയമെന്നോ പഠനമെന്നോ
ജോലിയെന്നോ അല്ലലില്ലാതെ
ഉറങ്ങുന്നത് കാണുമ്പോ
കള്ളാ ...
കരച്ചില് തീരാത്തത്
അസൂയ കൊണ്ടാ

വരിമറന്ന് 
കൈവിറച്ച്  നില്‍ക്കുന്നത്
കവിത വായിച്ച്
തെറി വിളിക്കാനും വരില്ലെന്ന്
ആശ്വാസം കൊണ്ടാ..

നെഞ്ചു പൊട്ടിക്കരയുന്ന
പ്രണയം കണ്ടിട്ട് 
കരഞ്ഞുലഞ്ഞ  കണ്ണുകള്‍  കണ്ട് 
അസൂയ മാത്രേ ഉള്ളു ..
സത്യം...

എന്നാലും
കള്ളക്കഴുവേറീ
ഒരു വാക്ക് പറയാതെ...

10 December 2011

കവിക്ക് ഭ്രാന്താകുന്നു...

രണ്ടു കവികള്‍ കണ്ടുമുട്ടുന്നു
കള്ളങ്ങള്‍ കൂട്ടി മുട്ടുന്നു
കവിത ചൊല്ലുന്നു
കാമുകിയെ ധ്യാനിക്കുന്നു.

കുഞ്ഞിനെ ഓര്‍ക്കുന്നു
അമ്മേയെന്ന് കരയുന്നു
പ്രിയപ്പെട്ടവളെയെന്ന് നീറുന്നു

കവിതയും നീയും
പോയിത്തുലയെടാ
എന്നൊരു തികട്ടല്‍ വരുന്നു

രണ്ടാമത്തെ കവി
കവിത ചുരുട്ടി എറിയുന്നു
വീട്ടിലേക്കു നടക്കുന്നു.

അച്ഛായെന്ന് വിളി കേള്‍ക്കുന്നു
സ്നേഹണ്ണുന്നു
വാത്സല്യം നുകരുന്നു .

കവിക്ക്
കവിത പൊള്ളുന്നു
ഉള്ള് വേവുന്നു
വഴി മറന്നു നില്‍ക്കുന്നു

നശിച്ച ലോകമെന്ന്
വീട്ടിലെത്തുന്നു.

മക്കള്‍ നോക്കുന്നു
ഭാര്യ ഉരുകുന്നു
അമ്മ നോവുന്നു.
സ്വയം നോവുന്നു.

അകത്തും പുറത്തും
അമ്ലമഴ  നനയുന്നു

നോവ്‌ തിന്നുന്നു, കുടിക്കുന്നു
നോവിലൂടെ
സഞ്ചാരം നടത്തുന്നു
നോവിലേക്ക് ഉണരുന്നു...

ആദ്യത്തെയാള്‍ കവിയാകുന്നു
കവിക്കാകട്ടെ ഭ്രാന്താകുന്നു...

08 December 2011

തൃപ്തം

നിലീനാ..
ഇത് നിനക്ക്
നിന്‍റെ വയലറ്റ് ചുണ്ടുകള്‍ക്ക്.

വെയില്‍ തിന്ന
ഗോതമ്പ് വയലുകള്‍ക്ക്
നിന്‍റെയോര്‍മ്മ.
ഉറവകള്‍ക്ക്
ലാവാഗ്നിദാഹം.

നിലീനാ..
നിദ്രാവിഹീനം രാവ്.
അചുംബിതപ്പുലര്‍ച്ച
ഒട്ടുമേയുലയാത്ത ചേല.

ഉടഞ്ഞ മാറിടം ചേര്‍ത്ത്
നീറിപ്പുകയാതെ
ഒരു പകല്‍..

ഒരേ ഒരു പകല്‍
നിനക്ക്...