.....

18 June 2015

ഉടൽ നദികളുടെ സുവിശേഷം

പ്രളയത്തിന്‍റെ ദിനങ്ങളിൽ
നൂറു നൂറു നാവുകൾ
വാഴ്ത്തപ്പെട്ടവളായി
നിന്നെ ഉരുവിടുന്നു

പുലരാൻ മറന്നു പോകുന്ന
രാവുകളിൽ
ഒരായിരം ഉടലുടുപ്പുകളിൽ
നീ പൂക്കളെ തുന്നിപ്പിടിപ്പിക്കുന്നു.
നിന്‍റെ വചനങ്ങളാൽ
ഇമകൾ ഞെട്ടി നിവരുന്നു.

തണുത്ത ജലയുമ്മകളിൽ
നിന്നെ പൊള്ളുന്നു
ജലജയാകുന്നു നീ.
ജലരൂപി

ആകാശം
കരഞ്ഞു കരഞ്ഞ്
ഭൂമിക്കു മീതെ
തളർന്നുറങ്ങുന്നു

വരി വരിയായി
നിന്‍റെ വഴിയിലേക്ക്
ഗ്രാമം
നഗരത്തെ പ്രസവിക്കുന്നു.

ചുറ്റിലും
വഴി വാണിഭക്കാർ,
കൈനോട്ടക്കാർ...
പതിയെപ്പതിയെ
നിന്നെച്ചുറ്റി
ഉടൽനദികളിൽ
ഇക്കിളിയുടെ പൂക്കാലം.

ഉന്മാദം പൊട്ടിച്ചിതറിയ
ഇടിമിന്നലുകളിൽ
നിന്‍റെ  കണ്ണുകളിൽ നിന്ന്
ഭ്രാന്ത് പൂത്തുലയുന്നു.

നമുക്ക്  വേണ്ടി മാത്രം
ഒരു പ്രളയമുണ്ടാകട്ടെ
നമുക്ക് മാത്രം...

വരൂ കാടിന്‍റെ
വിശപ്പ് മുറ്റിയ
നിബിഡതയിലേക്ക് പോകാം
നമുക്ക് മേൽ
ആയിരം ശതാവരി വള്ളികൾ
പടര്‍ന്നു കയറട്ടെ.

നോക്കൂ..
അവഗണിക്കപ്പെട്ട
ഒരു പുല്‍ച്ചാടി
നമ്മുടെ  അത്താഴക്കറിയിൽ  
ആത്മഹത്യ ചെയ്തിരിക്കുന്നു.

ഒരു പുല്‍ച്ചാടിയോ..!
നീ  പുച്ഛം കൊറിക്കുന്നത് പോലെ
ആകാശത്തിന്റെ അതിരുകളിൽ നിന്ന്
ആരോ ചിരിക്കുന്നു.
ഒരു മനുഷ്യനോ എന്ന്...!

09 June 2015

കവിതയുടെ വീട്

ആരുമെഴുതാത്ത
വാക്കുകൾ ചേർത്ത്
വീടുണ്ടാക്കണം

പനിച്ചുറങ്ങാൻ
അചുംബിതമാമൊരു
മെത്ത വേണം

വളത്തുണ്ടുകളാൽ
ഇരിപ്പിടം
തീര്ക്കണം

മുറിവുകൾ തുന്നി
മേല്ക്കൂര
മേയണം

ആകാശക്കഷ്ണങ്ങൾ
ചേർത്ത്‌ വെച്ച്
ചുമരു കെട്ടണം

മൂക്കുത്തിക്കല്ല് കൊണ്ട്
വിളക്ക്
കൊളുത്തണം

കവിത ചൊല്ലി
പാല് കാച്ചണം
മറക്കരുതേ
വരാൻ...

01 June 2015

വീട് ഒറ്റപ്പെടുന്നത്

കോളു നാളില്‍
തോണി നിറയെ സ്നേഹം
ഉപ്പു വെള്ളത്തിലടിഞ്ഞു

നിറയെ നിറയെ ജീവിതമെന്ന്
കുട്ടികള്‍ ഒച്ചയിട്ടു.
രുചിയുള്ള കൂട്ടാനെന്ന്
അടുക്കള പാത്രമൊരുക്കി
തീര്‍ന്നു പോയ
മരുന്ന് കുപ്പി തിരഞ്ഞ്
അകമുറി ചുമച്ചു.

പറയരുതെന്ന
തിരമൊഴി കേള്‍ക്കാതെ
കാറ്റ് വാതിലില്‍ മുട്ടി
അരുതെന്ന്
തെങ്ങോലയും വിലക്കി

കാറ്റേ,ഞാനും പറയുന്നു
തോണിപ്പുറത്ത്
ഒരുടല് മലച്ച്
ആകാശം നോക്കുന്നത്
വീടിനോട് പറയല്ലേ..