.....

24 April 2009

പെണ്ണിന്‍റെ മണം

മുന്തിയ സോപ്പു തേച്ച്
മേല്‍ കഴുകി

പരസ്യങ്ങളില്‍
മാടി വിളിച്ച സുഗന്ധങ്ങള്‍
വാരിപ്പൂശി

പ്രണയിനിക്കായൊരു
കുഞ്ഞു കവിതയുമെഴുതി

ഇനിയും,
ഉടുതുണി ബാക്കി വയ്ക്കാതെ
കുടഞ്ഞെറിയപ്പെട്ട
ആ തെരുവു പെണ്ണിന്‍റെ
മണമാണെനിക്കെന്ന്
നിങ്ങള്‍ പറയരുത്

15 April 2009

ഉന്മാദിയുടെ വിഷു

തുരുമ്പിച്ച
കത്തി കൊണ്ടൊരു ശസ്ത്രക്രിയ
ഹൃദയാന്ധകാരം കണ്ട്‌ ഭയക്കരുത്
കുടില ചിന്തകളുടെ
നുരയ്ക്കുന്ന പുഴുക്കള്‍
അട്ടിയായിപ്പുളയ്ക്കുന്നുണ്ടാകും

ആത്മപീഡയുടെ
ദിനരാത്രങ്ങള്‍ക്കിനി അറുതി
കൊന്നക്കൊമ്പില്‍ തന്നെ
കയര്‍ കുരുക്കാം

വയറ്റാട്ടിയിന്നലെയും പറഞ്ഞു
ജനിച്ചപ്പോള്‍
പകയോടെ നോക്കിയവനെന്ന്..!
ജന്മങ്ങളുടെ ഇരുള്‍ഗ്രഹ രഹസ്യങ്ങള്‍
പേറുന്ന വയസ്സി
വഴുവഴുപ്പോടെ
 ഞാനിറങ്ങാന്‍ തുടങ്ങിയപ്പോള്‍
എന്തേ ചാപ്പിള്ളയെന്നു തോന്നാതിരുന്നത്..?!

ചിന്തകളുടെ ചടുല നൃത്തത്തിനിടയില്‍
നഷ്ടപ്പെടുന്ന പൌരുഷം
ഇനിയുമെന്നെ തേടി വന്നിട്ടില്ല
നപുംപസകമായിപ്പോയ ചിന്തയുടെ കൈ പിടിച്ച്
ഞാനെത്ര ദൂരം നടക്കുമിനിയും..?

ഇന്നലെ ഉയിര്‍പ്പിന്റെ ദിനമായിരുന്നു.
മുഖം മൂടി വെച്ച്  സത്യം വിളിച്ചു പറയുക
കരിമ്പടത്തില്‍ മുഖമൊളിച്ച്
പറയുന്നത്  കള്ളമാണെന്ന്
അവര്‍ പറയും

വീഞ്ഞിന്റെ തണുപ്പില്‍
അലിഞ്ഞില്ലാതാകുമ്പോള്‍
ഉയിര്‍പ്പിന്റെ ആവശ്യം
എനിക്കും തോന്നിത്തുടങ്ങിയിരുന്നു
അപ്പോഴും ഗുഹാ കവാടമെന്ന പോലെ
വായ മലക്കെത്തുറന്ന്, സാമുവല്‍
ട്രീസ്സയുടെ
മടിയില്‍ കിടക്കുന്നുണ്ടായിരുന്നു

നാളെ വിഷുവാണ്
എന്റെ മലര്‍ന്ന കണ്ണുകള്‍
നിനക്ക് വിഷുക്കണിയാകട്ടെ
കൊന്നക്കൊമ്പിന്
ബലം പോരെന്ന് നീ പറയും..
വേദനയുടെ അളവില്‍ പുഞ്ചിരിക്കും
നീ മാലാഖ തന്നെയാണ്
കാഴ്ച്ചയുടെ ആനന്ദം കണ്ടവള്‍..

ആദ്യം പറുദീസാ നഷ്ടം
പെണ്ണ് ചോദിച്ച ആദ്യ കനി..
കാലങ്ങള്‍ ഒലിച്ചു പോയിട്ടും
കണ്ണുകള്‍ ഇന്നും നിന്നെ തിരിച്ചറിയുന്നു

സര്‍പ്പ രൂപത്താല്‍
എന്നെ വഞ്ചിക്കാന്‍ കഴിയില്ല
അവളുടെ രൂപത്താല്‍  കഴിഞ്ഞേക്കാം
അവള്‍ നീയാണോ...?
നീ അവളില്‍ പടര്‍ന്നതാണോ
ഏതാണ് സത്യം..?

കണ്ണുകളുടെ കാമം അവള്‍ തന്നതാണ്
രാത്രികളുടെ ഉത്സവങ്ങള്‍ക്കൊടുവില്‍
തളരുന്നവനെ അവജ്ഞയോടെ നോക്കി
അടുക്കള വാതില്‍ തുറന്നു വെക്കുന്നവള്‍

അക്വേഷ്യ മരങ്ങള്‍ നിറഞ്ഞ വഴികളില്‍
തോളോട് ചേര്‍ന്ന് നടന്നവളാണ് തീ തന്നത്
വിരല്‍ തൊടാതെ ,മേല്‍ തൊടാതെ
ചിന്തകളെ ആലിംഗനം ചെയ്തവര്‍ ഞങ്ങള്‍

തീ പിടിച്ച ചിന്തകളിന്നില്ല
വീട്ടിനകവും പുറവും കത്തുമ്പോള്‍
എന്റെ ചിന്തയിലെ തീക്കെന്ത് ചൂട്.?!

 പിടയുന്ന അക്ഷരങ്ങള്‍
അമ്മ തന്നതാണ്
പിടയുന്ന ഇരയായി
കുന്നിന്‍ ചെരുവില്‍ ഒരു തുടം
ചോര ബാക്കിയാക്കിയ  അമ്മ ..

കൂട്ടുകാരന്‍ കൊടുത്ത കണ്ണു നീരില്‍
മുങ്ങി മരിച്ച
കുഞ്ഞനിയത്തി തന്നതാണ്
ആത്മ പീഡയുടെ ബലി....!

ക്രൂരമായ തമാശയില്‍
ആനന്ദം കണ്ടെത്തുന്നവനാണോ
നിന്റെ ദൈവം..?

വഴി മറന്നു പോയ എനിക്ക്
കടല്‍ ചൊരുക്ക് തന്നത് അവനാണോ..?
അതോ സര്‍പ്പ രൂപിയായ് വന്ന്
ഉന്മാദിയാക്കിയെന്നെ
വിഭ്രമിപ്പിച്ചു കടന്നു പോയ അവളോ..?

നാളെ വിഷുവാണ്
കണി കണ്ടുണരാന്‍ ബാക്കിയൊന്നുമില്ല.
നനഞ്ഞ കുറച്ച് കടലാസുകളുണ്ട്
അത് കണിയാക്കാം..

അവള്‍ തന്ന അക്ഷരങ്ങള്‍...!
അതിലിനി തീ പടരില്ല
ഞാന്‍ ചാരമായിരിക്കുന്നു...
ചാരത്തിന്  ഒരിക്കലും തീ പിടിക്കില്ലല്ലോ..!

09 April 2009

ഉന്മാദം

ചിന്തകള്‍ ചിതയിലെരിക്കാ -
മതുമല്ലെങ്കില്‍ പഴന്തുണിക്കെട്ടിലിട്ടത്
ഭാണ്‍ഡമാക്കി ,
മല മുകളില്‍ നിന്നുരുട്ടിത്തള്ളാം

പ്രണയ തത്വശാസ്ത്രം
ദഹിക്കാതെയെക്കിളില്‍ തികട്ടിത്തികട്ടി,
നിദ്രയില്ലാത്ത യാമങ്ങളില്‍
തലയണ കുതിര്‍ന്ന്.....

ഛര്‍ദ്ദിലില്‍ മങ്ങിപ്പോകുമെന്‍
പുഞ്ചിരിത്താളുകള്‍
ഗര്‍ഭ ഛിദ്രത്താല്‍ പിന്തുടരുന്നൊരു
കുഞ്ഞിന്‍ പ്രേത ശാപമെന്നോതി
നീ ഭയന്നോടിപ്പിടഞ്ഞു കരഞ്ഞോരാ നിമിഷം
മജ്ജയില്‍ ഭയത്തിന്‍ നാരുകള്‍
പിണഞ്ഞു , ഞാനിരുന്നു മൂകനായ്‌

കാത്തിരുന്ന സന്ധ്യയില്‍  കുളിച്ചീറന്‍
മുടിയിഴകളില്‍ മുഖമമരുന്നതു മനം നിറഞ്ഞു
കിനാക്കണ്ടിരിക്കുമെന്നു കൊതിച്ചു
മെല്ലെയൊന്നൊച്ചയനക്കമില്ലാതെ
വിരല്‍ തൊട്ട് നീക്കിയ ജാലക വിരി
കാത്തു വെച്ച കാഴ്ച കണ്ടു ഞാന്‍
മനം പൊട്ടിത്തകര്‍ന്നു പോയോമനേ....

ഉന്മാദ ശ്വേതാണു
മുത്തം നല്‍കിയെന്‍ ചിന്തയില്‍..
ദ്രവിച്ചു തുടങ്ങിയെന്‍ ഓര്‍മ്മകള്‍...
നിന്‍ നാമം ജപിച്ചു തുടങ്ങിയെന്‍ ചുണ്ടുകള്‍

ഞാന്‍ ഭയക്കുന്നു,
നിന്‍ മടിയില്‍ തല ചായ്ച്ചുറങ്ങുന്ന
ഇരുള്‍ പുരണ്ട കണ്‍കളുടെ നോട്ടമെന്നില്‍
തറഞ്ഞു കയറുമൊരു ദിനം ചാട്ടുളിയായ്....

എന്നിട്ടുമെന്തേ
നിന്‍ മുഖമെന്നില്‍ നിന്നും
പറിച്ചെറിയാനെനിക്ക് കഴിയാതെ പോകുന്നു...?
അര്‍ബുദം പോലെ നീയനുദിനം വളര്‍ന്ന്
പെറ്റു പെരുകിയെന്‍ മജ്ജയില്‍ മാംസത്തില്‍
അസ്ഥിയില്‍ ജീവനില്‍ നഖമാഴ്ത്തിയള്ളിപ്പിടിച്ചു
ഉടുമ്പിന്‍ വിരല്‍ പോലെ.... ..!!

നേര്‍ത്തൊരു
സന്ധ്യതന്‍ ഇരുള്‍ നാളമെന്നില്‍
പെറ്റു പെരുകുന്ന
ഭയത്തിന്‍ ചീളുകളായ് പതിക്കുന്നു
ഇരുളെന്‍റെ ശത്രു....
ഇനിയിരുളെന്‍റെ ശത്രു.....