.....

18 December 2014

ഭ്രാന്ത് പുതച്ച തെരുവില്‍ നിന്ന്


അറിയുമോ
ഭീതി റോന്തു ചുറ്റുന്ന ഇടവഴികളെ
ഭ്രാന്ത് തിന്നുന്ന തെരുവിനെ ?!
പിടഞ്ഞു പോയവർക്ക് മേല്‍
നിലവിളികള്‍
വസ്ത്രമാകുമ്പോള്‍
ഞാൻ ഭ്രാന്താശുപത്രീലായിരുന്നു

പറഞ്ഞു പുളിച്ചതാണ്
കേട്ട് തികട്ടിയതാണ്
തെരുവും, ഉറയൂരുന്ന സര്‍പ്പ ദൃഷ്ടികളും
ചാര നിറം പുതച്ച ആകാശവും

പേടി ഇല്ലാതായ നാട്
കണ്ടിട്ടുണോ ?
മൂത്ര നാളികളെയെങ്കിലും
വെറുതെ വിടണമെന്ന്
ഒരു  പെണ്ണും പറയാത്ത,
യോനികളില്‍ മണല്‍ നിറച്ച്
ആര്‍പ്പു വിളിക്കുന്ന  തെരുവിനെ

ഒരു വീട്ടിലും കുട്ടികള്‍
ഉറക്കത്തില്‍ ഞെട്ടി നിലവിളിക്കുന്നില്ല
ഓരോ കുട്ടിയും പൊടുന്നനെ
നോക്കി നോക്കി നില്‍ക്കെ വൃദ്ധരാകുന്നു

സ്കൂളുകളില്‍
കുഞ്ഞുടുപ്പണിഞ്ഞ്
മരണം നൃത്തം ചെയ്യുന്നു
കവിത ചൊല്ലുന്നു
കുട്ടികള്‍ ആരവങ്ങളോടെ
മരണത്തെ അനുഗമിക്കുന്നു...

നോക്കൂ..
ഓരോ കുഞ്ഞുങ്ങളും
ഉറക്കത്തില്‍  പൊട്ടിത്തെറിക്കുന്നു

ബോംബുകളായി പറന്നു നടക്കുന്നത്,
ആള്‍ക്കൂട്ടത്തിലേക്ക്
കണ്‍ചിമ്മല്‍ പോലെ കടന്നു കയറുന്നത്
ചോരച്ചോപ്പുള്ള
തുടകളെ വരച്ച് വെക്കുന്നത്
ഓരോ കുട്ടികളും സ്വപ്നം കാണുന്നു.

കുട്ടികളെല്ലാം ആണുങ്ങളാകുന്നു
ഓരോ അവവയങ്ങളാലും
തെരുവിനെ ഒരു പെണ്ണാക്കുന്നു.
അമ്മ മരിച്ചു പോയ പെണ്‍കുട്ടിയെ
ആറു വയസ്സുകാരൻ
ആര്‍ത്തവം പഠിപ്പിക്കുന്നു

ഓരോ രാത്രിയും പുലരാതിരിക്കണമെന്ന്
ഓരോ വീടും കൊതിക്കുന്നു
ഓരോ പകലുകളെയും
ഭ്രാന്തിയെപ്പോലെ മുഖം തിരിച്ച്
വിരുന്നൂട്ടുന്നു

കുട്ടികളുടെ ചിത്ര പുസ്തകത്തില്‍
ചോര നിറം മാത്രം നിറയുന്നു
തലകളെ കൂട്ടി വെച്ച്
മുഖങ്ങളെ വരച്ച് ചേർക്കുന്നു

ചുണ്ട് കോര്‍ത്ത്
തെരുവുകളെല്ലാം
സമരത്തിലാണെന്നു നീ പറയുന്നു
ഇവിടെയും സമരം തന്നെയാണ്

ഓരോ അമ്മയും
കുഞ്ഞുങ്ങളില്ലാത്ത വീട്ടിലേക്ക്
അമ്മേയെന്ന്  വിളിച്ച്
മരണമെങ്കിലും വരണമേയെന്ന്...
ഒരേ സമരം തന്നെയാണ്...

14 December 2014

ഒരു നക്സൽ വെറുതെ വിടപ്പെടുന്നു

കാട് കാണാൻ പോയതാണ് 
കാട്ടു പന്നി ഓടിച്ചതാണ് 
വഴി തെറ്റിയതാണ് 

കാട് തീ കൊളുത്തിച്ചത്തത് 
മലകുലുക്കി കല്ലുരുട്ടിയത് 
ഒരു പുഴ വന്ന് 
മുക്കിക്കൊല്ലാൻ നോക്കിയത് 
സത്യമാണ് സാർ... 

ഓടി ഓടിയോടിപ്പോന്നതാണ് 
വഴി തെറ്റിയതാണ് 
അവളെ ചെന്നായ പിടിച്ചു പോയി 
അതെ സാർ , ചെന്നായ... 
പറഞ്ഞോളാം സാർ 

അല്ല സർ 
സാറിന്റെ പേരല്ല...
ചെന്നായ തന്നെയാണ് പിടിച്ചത് 
ചെന്നായ ...ചെന്നായ... 

10 December 2014

വസന്തം കാണാത്ത ചെടികളെക്കുറിച്ച്


ആലോചനയൊന്നും
വന്നില്ലെയെന്ന്
വയസ്സ് കൂടിയല്ലോയെന്ന്
നരച്ച പകൽക്കുട
കുശലം നിവർത്തും

പുതിയ ചുളിവുകളെണ്ണി
കറുപ്പിനോട് പരിതപിച്ച്
കരച്ചില് നടിക്കും

കുടയ്ക്കടിയിൽ
നോവ്‌ ചോരും
നനഞ്ഞൊലിച്ച്
ആലിപ്പഴമാകും

ഈ രാവെങ്കിലും
പുലരാതിരിക്കണമെന്ന്
അടുത്ത പകലെങ്കിലും
പുര നിറയരുതെന്ന്
പ്രാർഥനയിൽ കുതിരും

സ്വപ്നത്തിൽ
അമ്മേയെന്ന് വിളി കേള്‍ക്കും
വാടിപ്പോയ മുലകളിൽ
ഉറവ തുടിക്കും

വീട് ഉറങ്ങിയെന്നുറപ്പാകുമ്പോൾ
കുട്ടിക്കാലത്ത് നിന്ന്
ഒരു പാവക്കുട്ടി
അമ്മയെ തേടി വരും.
അവളുടെയുള്ളിൽ മാത്രം
ജീവൻ വെക്കും

പുലരും വരെ പേനെടുക്കും
തലമുടി കെട്ടും
കുഞ്ഞുടുപ്പിടീച്ച് ഒരുക്കും
ജീവിക്കാതെ മരിച്ച
സ്വപ്നത്തെ.

ആള് കാണ്‍കെ, വീട് കാണ്‍കെ
ഒരു രാത്രിയെങ്കിലും
ഒരു നുള്ള് ജീവൻ കൊടുത്താൽ
വിളി കേൾപ്പിച്ചാൽ
ദൈവമേ നിനക്കെന്ത് നഷ്ടം ?

03 December 2014

പുതുമകൾ ഏതുമില്ലാത്ത ഒരു ദിവസം


കെട്ടു പോയ അടുപ്പുകൾ
ഒന്നൂതിയിട്ട്‌
പോകണേയെന്ന്
കരയുന്നത്

ഒരു വാതില്പ്പാളി
എന്നിലേക്കൊന്ന്
ചാരി നിൽക്കൂവെന്ന്
കൊതിക്കുന്നത്

കുമ്മായമടർന്ന ചുമര്
കരഞ്ഞോളൂ
ആരോടും പറയില്ലെന്ന്
ആശ്വസിപ്പിക്കുന്നത്

വാതിലുകൾ
ജനലുകൾ
പാത്രങ്ങൾ
ഓടുകൾ
നോക്കൂ
വീട്ടിലേക്കുള്ള
ഓരോ വഴിയും
ഒരമ്മക്കിതപ്പിന്
കൊതിച്ച് കൊതിച്ച്
നിശബ്ദമായി
നിലവിളിക്കുന്നത്

ഇതൊന്നും
കാണുന്നില്ലെങ്കിൽ
അതാ,
നേരത്തിനും കാലത്തിനും
തുള്ളി വെള്ളം തന്നൂടെ എന്ന്
ഒച്ചയിടുന്നുണ്ട്
ഒരു കസേര

ഇനിയെങ്കിലും
മിണ്ടിക്കൂടെ...?
മരിച്ചവർ കേൾക്കില്ലെന്ന്
കള്ളം പറഞ്ഞതാരാണ്

26 November 2014

അസർ മുല്ല പൂക്കുന്ന വീട്


മൈലാഞ്ചിചെടികൾ
നിറഞ്ഞു നിൽക്കുന്ന,
അസർ മുല്ലകൾ
പൂത്ത് നില്ക്കുന്ന വീട്

വീട്ടുകാരി
ഒറ്റയ്ക്കാണ്
കാറ്റ് കൊള്ളാൻ
ഇറങ്ങി നിൽക്കുന്നുണ്ടാകും

ഇപ്പോഴും
അവൾക്ക്
മാങ്ങാ മണമായിരിക്കുമോ ?

മഴ കാണണം
മഴ നനയണം  
മഴ മഴയെന്ന് 
കൊതിക്കുന്നുണ്ടാകുമോ ?

കാവൽ നിൽക്കുന്നവരോട്
കെഞ്ചി നോക്കണം
അവളുടെ
കവിത കേൾക്കണമെന്ന്
ഒരഞ്ചു നിമിഷം
ചേർന്നിരിക്കണമെന്ന്

ഒരുപക്ഷെ
അവളുറക്കമാകാം
നോക്കി നോക്കി
വീടിനു ചുറ്റും 
വലം വെക്കണം

കാവൽ നിൽക്കുന്ന
മാലാഖമാർ
കാറ്റായി വന്ന്
എന്നെയുറക്കാൻ നോക്കും

അന്നേരം
അന്നേരം
ആ ഖബർ വീട്ടിൽ നിന്ന്
ഒരു നെഞ്ചിടിപ്പ് കേൾക്കാം

23 November 2014

ബ്ലോഗ്‌ അച്ചടിക്കുന്നു.


2008 മുതല്‍  മുറിവുകള്‍ എന്ന  ബ്ലോഗില്‍  എഴുതിയ ചിലതെല്ലാം ചേര്‍ത്ത്
 'പായല്‍'  ബുക്സ്,   'പൂമ്പാറ്റയെ പിടിക്കേണ്ട വിധം' എന്ന പേരില്‍
ഡിസംബര്‍ അവസാനത്തോടെ  പുസ്തകം പുറത്തിറക്കുന്നു.

ബ്ലോഗ്‌ വായിച്ചു കൂടെ നിന്നവര്‍ ഇവിടെയും കൈ പിടിക്കുമെന്ന് വിശ്വസിക്കുന്നു.

മരുന്ന് മണക്കുന്ന ചിലത്


തട്ടം നിറയെ 
പിരാന്ത് നിറച്ച് 
ഏഴാം വാർഡിൽ നിന്ന് 
ആമിന വിളിക്കുന്നു.

പിരാന്തിന്റെ 
വയല്ക്കരകളിൽ 
വളയിട്ട് 
മൈലാഞ്ചിയൊരുങ്ങി 
ഹൂറിയാകുന്നു.

തട്ടം കെട്ടി, 
പിന്നെയും കെട്ടി 
അഴികളിൽ 
കണ്ണാടി കാണുന്നു

ഏതെങ്കിലുമൊരു നിഴൽ 
അഴികൾ തുറക്കാതെ 
ആരും കാണാതെ 
ഉള്ളിലോടിക്കളിക്കും 

ഉറങ്ങാതെ കിടന്ന് 
ആമിന മാത്രം കണ്ടു പിടിക്കും 
പിടിച്ചേ പിടിച്ചേയെന്ന് 
തൊങ്ങിക്കളിക്കും 
മൂലയ്ക്കിരുന്നു  മുലയൂട്ടും

കാണെക്കാണെ  
നിഴലുകൾ കൂടുന്നല്ലോ 
മമ്പുറത്തെ തങ്ങളെയെന്ന് 
വിരലുകളാൽ 
ചുമരു തീർത്ത് 
ആമിനയൊളിക്കും

നാഭിയിലേക്ക്‌ 
വിണ്ടു കീറിയ 
ഒരു കാല്പാദം 
പുളഞ്ഞു വരുന്നെന്ന്, 
കള്ള് മണക്കുന്നല്ലോ 
നേർച്ചക്കാരെയെന്ന്, 
ചുമരിനെ കെട്ടിപ്പിടിക്കും 

അഴിയിപ്പുറം 
ഒരു മകൻ പിറക്കും 
വലുതായി വലുതായി 
ഉമ്മായെന്ന് വിളിക്കും 
ഒരു വിളി കൊണ്ട് ഒരുമ്മയായി 
ആമിനയുടെ മാറ് വിങ്ങും 

നിന്റെ കുപ്പായമപ്പടി 
ചെളിയാണല്ലോ 
മോനിന്ന് കുളിച്ചില്ലേ 
എന്നൊക്കെയാകും ചോദിക്കുന്നത് 
പേരറിയാത്ത 
ഒരു ചിരി മാത്രമേ കേൾക്കൂ 

മോനിഷ്ടമുള്ള 
ഇറച്ചിച്ചോറ്‌ 
ഉമ്മയുണ്ടാക്കിയതാണെന്ന് 
കൈ പുറത്തിട്ട് 
വാരിത്തരും  

വാപ്പയെ പോലെ 
ആകരുതെന്ന് 
മെല്ലെ മെല്ലെ ശാസിക്കും 
പനിമാറാത്ത 
സുനു മോളെ 
കാണാൻ പോകണമെന്ന് 
ഓർമ്മിപ്പിക്കും 

ഒരോർമ്മ 
മുന്നറിയിപ്പോ 
ഒരുത്തരവാദിത്തമോയില്ലാതെ 
കടന്നു വരുന്നതോടെ 
ആമിന 
അന്യനൊരുത്തനെ കണ്ട് 
എണീറ്റ് നില്ക്കുന്നു... 

ഞാനൊരു പ്രാന്തിയെന്ന് 
വിതുമ്പി വിതുമ്പി 
അലിഞ്ഞു പോകുന്നു... 

13 November 2014

പെങ്ങള്‍..

പെങ്ങള്‍
ഒതുങ്ങിയൊതുങ്ങി
ആമ മയങ്ങുന്നതു പോലെ
വിതുമ്പിയിരുന്നു

വയസ്സേറിയെന്ന്
ചോദിച്ചെത്തുന്നവര്‍
കരളില്‍ കുത്തിപ്പറയു‌മ്പൊഴും
അനങ്ങിയില്ല

കണ്ണുനീര്‍
പെയ്തൊഴിയുമ്പോള്‍
മഴവില്‍ പുഞ്ചിരിയില്‍
പെങ്ങള്‍ കഥ പറഞ്ഞു തന്നു

കര്‍ക്കിടകം കരഞ്ഞ
രാവുകളൊന്നില്‍
പെങ്ങള്‍ക്കൊരു ജീവിതം
പടി തേടി വന്നു.

മഴയുടെ
കണ്ണുനീര്‍ക്കുരവയില്‍
മുങ്ങിപ്പോയ ആള്‍ക്കൂട്ടം
ഇറച്ചിയുടെ വേവിനെ
കുറ്റം പറഞ്ഞിരുന്നു.

ആമത്തോട്‌
കുത്തിപ്പൊളിച്ച്
ചോരയിറ്റുന്ന ഉടല്‍ നോക്കി
പെങ്ങളോടയാള്‍
ഓരോന്നായി
പറിച്ചു വാങ്ങി.

മഴയുടെ
ഇട വേളയിലെപ്പോഴോ
വിതുമ്പല്‍ കേട്ടുണര്‍ന്നപ്പോള്‍
പെങ്ങള്‍....

ചോരക്കുഞ്ഞിനെ സാക്ഷിയാക്കി
മുറിവ് പറ്റിയ ഹൃദയവുമായി
പടിവാതില്‍ക്കല്‍
പെങ്ങള്‍...

ബാക്കിയായ
ഹൃദയം കൊണ്ട്
ചോദിക്കുന്നു
ഞാനിനി എന്തു വേണം...?

11 November 2014

മീശ

മുളപ്പിക്കണം
കരടി നെയ്യ് തേച്ച്
കരി തേച്ച്.

ദിവസവും
നോക്കുന്നുണ്ട്,
കണ്ണാടീ
എന്തിനിത്ര
കടുപ്പമെന്നോട്...?!

മുളച്ച് വന്നാൽ
മുളച്ച് വന്നാൽ
ബീഡി മണമുള്ള
ഉമ്മ കിട്ടില്ലാല്ലോ..!!!

09 November 2014

വാല്


പറഞ്ഞതാണ്
തലയിലിരുന്നോ
തോളിലിരുന്നോ 
കവിളിലുരുമ്മി
കാടും നാടും 
വരച്ചോയെന്ന്...
ചുണ്ടിലിരുന്നപ്പോ,
ഉമ്മ വെക്കല്ലേയെന്ന്‍  
കെഞ്ചിയതാണ്.
പ്രിയപ്പെട്ട തുമ്പീ,
നിന്റെ വാല്
ഇനി തിരിച്ച് ചോദിക്കരുത്.

06 November 2014

മരണത്തിലേക്ക് ഒരു നദി

പുരാതന നഗരത്തില്‍
ഉപേക്ഷിക്കപ്പെട്ട 
കപ്പലുകള്‍
കണ്ണു പൊത്തിയുറങ്ങുന്ന 
തുറമുഖം

ഉടലുകള്‍ കൊണ്ട്
പണിതിട്ട
വാസ്തുക്കളുണ്ട് 
നഗരത്തില്‍

വിദഗ്ദനായ ശില്‍പി
അസ്ഥികള്‍ കോര്‍ത്ത്
പൂക്കളവും 
തീര്‍ത്തിരിക്കുന്നു 

അതെ,
നമ്മളിപ്പോള്‍
നഗരത്തിന്‍റെ
മട്ടുപ്പാവില്‍
എത്തിയിരിക്കുന്നു.

മേഘങ്ങളുടെ
കണ്ണു തുറപ്പിച്ച് 
ആവോളം കാണണം 
നമുക്കുടലുകള്‍ 

നോക്കൂ,
നഗ്നതയുടുത്ത്
തീ കൊളുത്തുന്നത്

അവളുടെ 
അരക്കെട്ട്
ചിറ്റോളങ്ങള്‍ 
തീര്‍ക്കുന്നു.

നഗരം 
വിഷാദിയായ 
നദിയാകുന്നു;
കന്യാരക്തം വീണ് 
നദി വിറങ്ങലിച്ച്
വിറങ്ങലിച്ച്
മരിച്ച് പോകുന്നു

ഇനി
എഴുതിക്കോളൂ...
നഗരത്തോടൊപ്പം
മരിച്ച് പോയ
ഒരു നദി കൂടിയുണ്ട്.

04 November 2014

നോവ്‌,പെണ്ണ്,കവിത..

നെഞ്ചു കലങ്ങുന്നത്
ഒരു ജീവൻ
ഉള്ളിലുറങ്ങുന്നത്
കൊണ്ടാണ്.
കണ്ണ് പിടയ്ക്കുന്നത്
ഉള്ളിലൊരു കുഞ്ഞ്
കരയുന്നതിനാലാണ്.
പൊത്തിപ്പിടിച്ച്
പൊത്തിപ്പിടിച്ച്
ഏതു കുളിമുറിയിലാണ്
ഞാനിവളെ
പെറ്റിടുക..

03 November 2014

സ്വപ്നാടനം


നമ്മൾ
കടൽ കാക്കകളായിരുന്നു.
ഒരു കടൽ മാന്ത്രികൻ
ആഭിജാരത്താൽ
കടൽ  മാറ്റിക്കളയുന്നു.

പറന്നു പറന്ന്
നമ്മെ  മറവി മൂടുന്നു.
കടൽ  മറക്കുന്നു
കര മറക്കുന്നു
മറക്കുന്നു നമ്മെത്തന്നെയും

അനുരാഗം നിരോധിക്കപ്പെട്ട
രാജ്യത്തേക്ക്
നീ പറന്നിറങ്ങുന്നു.
കൊക്കിൽ
എന്റെ രുചി
കണ്ണുകളിൽ
എന്റെ മണം

വരിഞ്ഞു മുറുക്കപ്പെട്ട
കഴുമരങ്ങൽക്കു കീഴെ
നീ വിചാരണ ചെയ്യപ്പെടുന്നു.
നിന്റെ ഉടലിൽ നിന്നും
ഓരോ തൂവലും
ആര്പ്പു വിളികളോടെ
പറിക്കപ്പെടുന്നു.

പ്രണയത്തിന്റെ
ചങ്ങാടങ്ങളിൽ
നിന്നെയും
കന്യകകളല്ലാത്ത
പതിമൂന്ന് സുന്ദരികളെയും
(വിരൂപികളുമാകാം )
നദിയിലൊഴുക്കുന്നു

* * * * * * * * * * * *
പതിനാറു കരകൽക്കിപ്പുറം
തിരഞ്ഞു കൊണ്ടേയിരിക്കുന്നു.
ചിറകു തളർന്ന്
കാഴ്ചയിടറി
ഓരോ കര ദൂരവും
ഞാൻ താണ്ടുന്നു.

എവിടെയാണ് നീ...
രാവ് വെളിച്ചത്തിന്റെ
ഹൃദയം തന്ന്
ചുംബിക്കുന്നു.

ഞാൻ
ഒരു നിമിഷം കൊണ്ട്
ഞാനാവുകയാണ്...
അല്ല...
അങ്ങനെയല്ല..
ഞാൻ ഞാനല്ലാതാവുകയാണ്...
അഥവാ മനുഷ്യ ശരീരിയാകുന്നു

പൂച്ചക്കണ്ണുള്ള
ആണുങ്ങൾ മാത്രമുള്ള
നാട്ടിൽ ഞാനെത്തുകയാണ്.
സ്വപ്നാടകനെയെന്ന പോലെ
ആളുകള്
കൌതുകം കൊറിക്കുന്നു.

ദൈവത്തെ നിരോധിച്ച
നാടെത്രേ അത്
ആയതിനാൽ
സ്നേഹത്തെയും
കല്ലെറിഞ്ഞു കൊല്ലണം

ദൈവത്തെയും
സ്നേഹത്തെയും
നിരോധിച്ചവരുടെ മക്കളെ...
നിങ്ങളെ ഞാൻ ഉമ്മ വെക്കുകയാണ്....

അവർ
ഉമ്മകൾക്കു പകരമായി
എന്റെ ചുണ്ടുകളെ  ഛേദിച്ച്
നിലത്തേക്ക് തുപ്പുന്നു

'നിങ്ങളോ '
എന്ന് അത്ഭുതപ്പെടും മുമ്പേ
ഉറക്കം മുറിയുന്നു...
സദാചാരിയായി
പുതപ്പ് തല വഴി  മൂടുകയാണ്.

22 October 2014

വരനെ ആവശ്യമുണ്ട്


കട്ടിലിനടിയിൽ 
ഒളിച്ചു വെച്ച മരപ്പെട്ടിയിൽ 
ആരുമറിയാതെ 
പാർക്കുന്നുണ്ട്, 
സുന്ദരനും സുമുഖനുമായ 
അഞ്ചടി നാലിഞ്ചുകാരന്‍,
തന്റെതല്ലാത്ത 
കാരണത്താലുള്ളവന്‍,
ഡിമാന്റുകൾ ഒന്നുമില്ലാത്ത 
മധ്യ വയസ്കന്‍..!
ഒരു ഞായറാഴ്ചപ്പത്രവും 
എന്നാൽ ശരിയെന്ന്,  
അറിയിക്കാമെന്ന്,
മുരടനക്കി പോകില്ലല്ലോ...

12 October 2014

അയ്യപ്പന് ( നിനക്കും )


ചത്ത
ചിത്ര ശലഭങ്ങളുടെ
തോരണം തൂക്കിയ വീട് .

ഇത്
ഞങ്ങളുടെ അഥവാ
മരിച്ചവരുടെ
വീടാണ്

മരിച്ചവരെന്ന്
ഉത്കണ്ഠപ്പെടുന്നു ?!
മരിച്ചവരെന്നാൽ
ചുംബിക്കപ്പെട്ടവരാണ്.

ഉള്ളം കാലിൽ
സര്പ്പ സ്പര്ശം പോലെ
തണുത്തൊരുമ്മ

ആ സന്ധ്യയ്ക്ക് ശേഷം
കാൽ വെള്ളയിൽ നിന്ന്
ചുകന്ന
അരുവിയൊഴുകുന്നു.

മണ്ണടിഞ്ഞ ചിലത്
അരുവിയിലൂടെ
ഊളിയിട്ട്
ഇക്കിളിപ്പെടുത്തുന്നു.

പൊടുന്നനെ
ആരെയുമറിയിക്കാതെ
ഇവിടെയും
നീ വരുന്നു.

മരിച്ചവരോട്
സംസാരിക്കാൻ
ഞാനീ രാവിൽ
ഉണർവ്വുടുത്ത്
കവിത പുതച്ചിരിക്കുന്നു.

തനിച്ചരുതെന്ന്
ഉള്ളു കലങ്ങി നീ..
ചിരിയലംകൃതം
നിന്നധരശോണിമ

കയങ്ങളുറങ്ങാത്ത
കണ്‍ നദി കാണിച്ച്
രാവിനെ
തോല്പ്പിച്ചു കളയുന്നു

എനിക്കും
മരിച്ചവർക്കുമിടയിൽ നിന്ന്
മഴവില്ല് പോലെ
രക്തത്തിന്റെ അരുവി
മാഞ്ഞു പോകുന്നു.

നീല നിറത്തിലുള്ള
വളപ്പൊട്ടുകൾ
രാത്രിക്ക് പനി പടര്ത്തുന്നു.

ഭ്രാന്തിന്റെ
ഒന്നാമധ്യായം
അപൂർണമായ
ഒരുറക്കം കൊണ്ട്
ഉണർത്തിക്കളയുകയാണ്

ഇതിനെല്ലാം
നീ മാത്രമാണ്
ഉത്തരം പറയേണ്ടത്.

11 October 2014

കറുത്തു പോയ ചോപ്പുകള്‍


സുഹൃത്തേ,
സുഖരഹസ്യങ്ങള്‍
ദുഃഖഹേതുക്കള്‍
ചികയുന്നില്ല.

നാമിരുവര്‍
നെയ്ത രാവുകള്‍
പിന്നിക്കിടക്കുന്നു
തിണര്ത്തും
ഉടലില്‍
ജ്വലിച്ചും

രതി സ്മരണയില്‍
പൊട്ടിയൊഴുകുന്നു
അറപ്പിന്‍ വിരി
മണവും

സഖേ
ചുംബിച്ചു ചുംബിച്ച്
നിന്നെ എന്നിലും
എന്നെ നിന്നിലും
ഉറക്കിക്കിടത്തിയ
തിക്തസ്മരണകള്‍

നഗരം
മൗനമായിരു-
ദിക് വാസികളെ
പുതപ്പിച്ച്
കിതപ്പാറ്റി
ഉറക്കിയ രാവുകള്‍

കാടിൻ
ഇരുളിമയില്‍
ഒളിച്ചിര പിടിച്ചു നീയും
ഇരയിലെന്നെപ്പിരിഞ്ഞു ഞാനും

കവിത നോറ്റ്
പ്രണയത്തിന്റെ
യൂദാസുമാര്‍
ഇടംപിടിക്കും മുമ്പേ
നാമിരുവര്‍
തപിച്ചും കൊതിച്ചും
ഇഴ നെയ്ത
ചുകന്ന നിനവുകള്‍

വെളിച്ചം ,
ഇരുളുടുത്ത്
നടത്തുന്നു നായാട്ട്.

വിപ്ലവം
വാര്ന്നു പോയ നീ
ഉടലുടഞ്ഞ വിഗ്രഹം

കാട് നാടായി;
നീയും ഞാനും
ചുകന്ന സ്വപ്നത്തില്‍
മുങ്ങി മരിച്ചവർ

ചുകപ്പില്‍
പൊതിഞ്ഞു നാം
നിനവുകള്‍,കനവുകള്‍

ഓര്മ്മ മാത്രം
വറ്റിയ
നിലാവിന്‍ ചോലകള്‍
ചുകപ്പിന്‍
തുടിപ്പ് മാഞ്ഞു പോയി

വെള്ളയുടുത്തു നീ
മാലാഖയും
മരുക്കാട്ടില്‍ ഞാന്‍
കാമാര്‍ത്തനും

01 October 2014

രണ്ടു മുയല്‍ക്കുഞ്ഞുങ്ങള്‍


വെണ്ണയുടെ നിറമുള്ള
രണ്ടു മുയല്‍ക്കുഞ്ഞുങ്ങള്‍
ഓര്‍മ്മയുടെ താഴ്വാരത്തില്‍
ഉറക്കം കൊതിക്കുന്നു.

പൊടുന്നനെ
ഒരു നിമിഷം കൊണ്ട്
താഴ്വാരം
മഴ പുതപ്പിച്ച്‌
മലയെ സുന്ദരിയാക്കുന്നു.

മൃദുലമായ
മേനിയിലേക്ക്
മല,കല്ലുകളെ പ്രസവിക്കുന്നു.

ഒരമ്മ ,
അതിനും ഉള്ളത് കൊണ്ടാകണം
അടിയന്തരാവസ്ഥ
നിലവില്  വരുന്നത് പോലെ
തീര്ത്തും നിശബ്ദമായി
താഴ്വാരത്ത്
മഴമണം പരക്കുന്നു.

മഴയെന്ന്
മഴനിലാവെന്ന്
താഴ്വാരം നിറയെ പൊതിയുന്നു

ഏതോ സ്വപ്നത്തില് നിന്നും
മുയല്‍ക്കുഞ്ഞുങ്ങള്‍
പിടഞ്ഞു കൊണ്ടോടുന്നു.
കൂടെ,ഒരു സിംഹളപ്പെണ്‍കുട്ടിയും
(സിംഹള എന്നത്
തീര്ത്തും വംശീയം ആകയാല്‍
ഞാന് മാപ്പ് പറയാന് മറക്കുകയാണ് )

ആ നേരത്ത് തന്നെയാകണം
പാമ്പ് ഉറയഴിക്കുന്നത് പോലെ,
ഒരു ജാലകവിരി
മാറ്റിയിടുന്നത് പോലെ,
വെറും സാധാരണമായി
ഒരുവള്‍
മേഘമല്‍ഹാര്‍ പാടുന്നത്

ഒരു കാറ്റ്,
കാടിന്റെ മുരള്ച്ചകളെ
കാതുകളില്‍ കോരിയൊഴിക്കുന്നത്

മേഘാവൃതമായ ആകാശം
മഴക്കുഞ്ഞുങ്ങളെ പ്രസവിക്കുന്നു.
പ്രസവ രക്തം
ഉടല്‍ നനച്ച്
എന്നെയും നിന്നെയും
കാട്ടിലേക്ക് വിളിക്കുന്നു .

കാട്
അതിന്റെ കുഞ്ഞുങ്ങളെ
രാക്കൈകളാല്‍
നഗ്നരാക്കുന്നു
ഇലയുടലുകളില്‍
ഉന്മാദം വിതയ്ക്കുന്നു.

അപ്പോഴും
മുയല്‍ക്കുഞ്ഞുങ്ങള്‍
നിന്റെ മടിയിലും
കല്ലുകളത്രയും
എന്റെ പാത്രത്തിലും...!

29 September 2014

മാരിജുവാന

പഴയ കാമുകിയെ
തേടിപ്പോകല്‍
കഞ്ചാവ് ബീഡിക്കുറ്റികള്‍
പെറുക്കുന്നത് തന്നെ.

തുപ്പല് മണക്കുന്നത്
തുടച്ചെടുക്കണം.
'ആരേലും കാണുമോ '
നീലാകാശച്ചിന്തയില്‍
ഭയരേണുക്കള്‍
ചിറകു വിരുത്തുമ്പോള്‍
ഉറുമ്പ്‌ തീനികളെ വിളിക്കണം.

ഉറുമ്പുകള്‍
ഭയഹേതുവല്ലെങ്കില്‍ കൂടി
പ്രണയത്തെ,
വരി വരിയായിപ്പോകുന്ന
പ്രണയത്തിന്റെ
കുനു കുനുപ്പിനെ,
തിന്നു തീര്‍ത്തോളും

അപ്പോള്‍
ഭയത്തോടൊപ്പം
പ്രണയത്തെയും
പ്രണയത്തോടൊന്നിച്ച്
ഉമ്മകളെയും
തിന്നു കളയും

പെട്ടെന്ന്
വഴി വക്കില്‍
ഞെട്ടുമ്പോള്‍
കുട്ടികള്‍,
കൂക്കി വിളിക്കും
ഏതേലും ഒരമ്മ
ഒരു കുടം
വെള്ളമൊഴിക്കും

അവിടെ നിന്നും
ഓര്‍മ്മയുടെ
ആറാമത്തെ
ഹെയര്‍പിന് വളവും കഴിഞ്ഞ്
വര്‍ത്തമാനക്കോലത്തിലേക്ക്
ഓടിപ്പോരും

25 September 2014

വോയറിസ്റ്റുകൽ ഉള്ളു നിരങ്ങുമ്പോൾ

ആനന്ദിപ്പിൻ
കാഴ്ച്ചയുടെ
ആനന്ദത്തിൽ
രതിമൂർച്ഛയുണ്ടാവട്ടെ

പിടയുന്നത്,
കുതറുന്നത്,
ജീവനാഡിയിൽ
പുലിനഖം
പൂക്കൂട തുറക്കുന്നത്,
നിനക്ക്
സ്ഖലന സുഖം തരുന്നു.

തീര്ക്കാൻ കഴിയാത്തത്
എത്രയെങ്കിലുമുണ്ട്.
കണ്ടു കണ്ട്
ഉറക്കം വറ്റിക്കണം

ചര്ച്ച ചെയ്യണം
തീര്ച്ച,
വോയറിസം
ഒരു സാധ്യതയാണ്...!

ശേഷം
ഒളിക്യാമറക്കാഴ്ചകൾ
ഒളിഞ്ഞു തന്നെ കാണണം

രതി,
മാംസഘര്ഷണം
അല്ലെന്ന്
കൂട്ടുകാരി.

എങ്കിൽ,
നമ്മൾ കാഴ്ച്ചക്കാര്ക്ക്
തെരയാം,
ചോരയുടെ,
പിടയുമ്പോൾ
ഒടുക്കത്തെ ജീവരതി..!

കൂട്ടുകാരാ..
കുറ്റം പറയരുത്;
ക്യാമറകൾ
തുറന്നു വെച്ച്
ഞങ്ങളൊന്ന്..
ഒന്ന്....
ഒന്ന്...

18 September 2014

ഇരപിടിയൻ കാലം.(അപൂർണ്ണമായ എന്തോ ഒന്ന്)


മൂക്ക് പൊറ്റ
അടര്ത്തുന്നത് പോലെയോ
നിലതെറ്റി വീണ മച്ചിങ്ങ
ചവിട്ടിത്തെറിപ്പിക്കും പോലെയോ
തീര്ത്തും
അലസമായിരിക്കുമ്പോൾ;

ഒരു കൂട്ടിരിപ്പുകാരിയെ,
കക്കാൻ ശ്രമിച്ചു പരാജയപ്പെട്ടവനെ,
ഇടുക്കി ഗോൾഡ്‌ സ്മിത്തിനെ,
തിയെറ്ററിൽ  കൂവിയോനെ,
ബ്രേക്ക് പോയ സൈക്കിളാക്കി
മുന്നില്...

ഇരുപത്തി ഒന്ന് വന്കരകളാൽ
ചുറ്റപ്പെട്ടിരിക്കുകയാണ്.
ആർട്ടിക്കിൾ  124എ,ബി
ഏതുമാകാം.

ചുമരിൽ തൂങ്ങുന്ന ഗാന്ധിജി
ഇനി തറയിൽ വിശ്രമിക്കട്ടെ..
സവർഗ്ഗവും,സ്വവര്ഗ്ഗവും
സവര്ക്കറും
ഏന്തി വലിഞ്ഞ്  അള്ളിപ്പിടിക്കട്ടെ.

ഓടിപ്പോകാൻ
ഒരു പട്ടിക്കും
കാലുണ്ടാവരുത്.
ചുരുട്ടി വെക്കാൻ വാലും...!

വെറുപ്പ്‌,
അവനവനിൽ
പിന്നെയും പിന്നെയും
ഭോഗിക്കുന്നു.

പേരുകൾ
ഭാഷയുടെ തന്തയില്ലായ്മയാണ്.
ആണിനെ പെണ്ണെന്നും
തിരിച്ചും
വിളിക്കാൻ
എന്തിനു മടിക്കണം ?!

ചുണ്ടങ്ങയെ
ആനക്കൊമ്പെന്നോ
ഗാന്ധിജിയുടെ വടിയെ
വെടിയെന്നോ
എന്ത് കൊണ്ട് വിളിച്ചൂടാ..!!

മൃഗം വേട്ടയ്ക്കിറങ്ങുന്നത്
ഇര പിടിക്കാനാണ്.
ആണോ എന്ന്
പരിഹസിക്കണ്ട.

ഇര
എന്തിനാ
വേട്ടയ്ക്കിറങ്ങുന്നത്...?!

15 September 2014

പാഠഭേദം


പാഠം ഒന്ന് : ഫെമിനിസം 

ഒറ്റവായനയില്‍
ഒതുങ്ങരുത്.

ഒരു ചുംബനം,
മിഴി കൂമ്പരുത്.
ഒരേ ഒരു നടുക്കം !
നിലവിളിയില്‍
തീര്‍ന്നു പോകരുത്.

നീ എന്നാല്‍ നീയാണ്
നീ മാത്രമാണ്.

കേള്‍ക്കുന്നില്ലേ ?!
നിന്ന് കത്തണം നീ.

ഇരുന്നും കിടന്നും കത്താം..
ജ്വലിക്കണം.
ആളിപ്പടരണം.

പാഠം രണ്ട് : നമ്മുടെ വീട് ( എന്റെ മാത്രം വീട് )

കുറിപ്പില്‍
മറക്കരുത്,
അജ്ഞാതനാമൊരു
അക്രമിയെ വരച്ചിടാന്‍.

പ്രിയപ്പെട്ടവളേയെന്ന്
സങ്കടപ്പെട്ടോളാം
നീയാണ് സത്യം..

മോള്ക്ക് ജലദോഷം...
നോക്കാനാള് വേണ്ടേ ?!
വിഷമിക്കരുത്,
പതിനെട്ടുവരെ കാത്തോളാം.

08 September 2014

മൈലാഞ്ചിക്കൈ...

നിനക്ക്
മുമ്പും ശേഷവുമെന്നത് ,
ക്രിസ്തുവിന്  മുമ്പെന്നും
പിമ്പെന്നും പോലെയല്ല

യുദ്ധശേഷം
സമാധാനം...!
നിനക്ക് മുമ്പേയുള്ളത്
നീയറിയാത്തത്...

അന്ന്,
മുള്‍വടിയുണ്ടായിരുന്നു.
ദേഹത്തുരച്ച്
മുള്ളാലുഴിഞ്ഞ്
നനയിക്കും.
മുള്മുനകൾ
ചിരിക്കുന്നത് കാണും

നിനക്ക് ശേഷമെന്നത്
നിനക്ക് മാത്രം
അറിയുന്നത്..!

മഞ്ഞുമ്മകളാൽ
വിവസ്ത്രനാക്കി,
വിരഹ മദപ്പാടുകളിൽ
ചുണ്ടുഴിഞ്ഞു.

കവിത
പ്രണയം
വിരഹനോവുകൾ
തീച്ചിന്തകൾ
പോയതിനെല്ലാം
പകരം;
മൈലാഞ്ചിക്കൈകൾ
ചൊടിയുമ്മകൾ..

നെറ്റിയിൽ
ഇമകളമർത്തി
ഒരു മഴ
ചിണുങ്ങുന്നു.

പിന്നിലോർമ്മ വഴിയിൽ
തീ കെടാതെ,
മുഖപുസ്തകത്തിൽ
പ്രണയപ്പിരാന്ത് ...!

വേണ്ട...!
തിരിവുകൾ
വളവുകൾ
ഒന്നുമില്ല.
നിറഞ്ഞ പകലും
തുടുത്ത രാവുകളും.
അത് മതിയെനിക്ക്.

06 September 2014

പ്രണയപ്പനി

പനി പടര്‍ന്ന ചില്ലകളില്‍
കൊക്കുരുമ്മിക്കൊണ്ട്
നീയെങ്ങോട്ടാണ്
വിളിക്കുന്നത് ..?

അസ്തമയങ്ങളിനിയും വരും
ഉദയങ്ങളും...

മടുപ്പും കിതപ്പുമില്ലാത്ത
സൂര്യ സഞ്ചാരങ്ങള്‍ക്കിടയില്‍
വഴി പിഴച്ചു പോകാന്‍
എനിക്കും നിനക്കും മാത്രമൊരു
യാത്രാ ദാഹം

പ്രണയത്തീയ്യിലൊഴിക്കാ‍ന്‍
മനസ്സിലൊരു
ഹവിസ്സിന്‍ ഖനിയുണ്ട്

തീച്ചൂടുണ്ട്
നിന്റെ കൈ ഞരമ്പില്‍.
പൊള്ളിപ്പനിയെന്ന്
അമ്മ കരയും
തുളസിയരച്ചു നെറ്റിയില്‍ പുരട്ടും

എനിക്കറിയാം
അമ്മക്കാറ് മൂടിയ
ആകാശക്കരയില്‍ വെച്ച്
നിന്റെ പനി എന്നിലേക്ക്‌ പടരും

ഉമ്മ വെച്ചുണര്‍ത്തിയ
ഓര്‍മ്മപ്പരുന്തുകള്‍
ബോധത്തിലേക്കാഞ്ഞു പറക്കും

മറക്കാനായിക്കരുതിയ
ഓര്‍മ്മത്താളുകളപ്പാടെ
തുറന്നു കാണിച്ച്
കണ്ണ് നനയിക്കും

താഴെ,
നീല നിറത്തില്‍
കാണുന്നതാണ് കടല്‍...

കാണുന്നില്ലേ...
അതിന്റെ അടിയിലൊരു
കണ്ണാടി മാളിക

അത് നമുക്കുള്ളതാണ്
നമുക്ക് മാത്രം...

03 September 2014

ടൂറിസം


സായിപ്പ് വന്നു,
പോയി.
നാട്ടു പെണ്ണ്,
കുളിച്ചു കേറി ..!


23 July 2014

ചോന്ന ചിത്രങ്ങള്‍

വേദനിച്ചിരുന്നോ നിനക്ക്  ?
എന്നിട്ടെന്തേ
ചുണ്ടിലൊരു ചിരി പൂത്തു !

കുപ്പി വളകള്‍..
കരിമഷി..
കളര്‍ ചോക്കുകള്‍..
അത്ഭുതമായിരിക്കുന്നു,
നിന്റെ ശേഖരത്തില്‍
നോവിന്റെ നിറം പോലുമില്ല...!

ക്യാമറകളില്‍
നിന്റെ മുഖം..
ഉറക്കം പുതച്ച കണ്ണുകള്‍..
ഇളമുടല്‍..

തികച്ചും  ന്യായം തന്നെ.
നാളെ നീയൊരു
മനുഷ്യബോംബായിത്തീര്‍ന്നെങ്കിലോ..!

അജ്ഞാതനായ ഫോട്ടോഗ്രാഫര്‍
നിനക്ക് നന്ദിയോതുന്നു.
പാതി വരച്ച ചിത്രത്തില്‍
നിന്റെ ചുവപ്പ് പടര്‍ത്തി
പുതിയ ചിത്രം
പിറന്നിരിക്കുന്നു.

ലോകം
കരയുകയും
കരയാന്‍ ശ്രമിക്കുകയും
ചെയ്യുന്നുണ്ട്.

അതെ...!
നിനക്ക് വേണ്ടി...
നിന്റെ ചുവപ്പ് നനഞ്ഞ
അതിരു മാഞ്ഞ
രാജ്യത്തിനെച്ചൊല്ലി

എനിക്ക് മാപ്പ് തരിക.
ഈ ഒളിമ്പിക്സ്
കഴിഞ്ഞോട്ടെ.
ക്രിക്കറ്റ്‌ ഒന്ന് തീര്‍ന്നോട്ടെ..
ചാറ്റിംഗ് മുഴുമിച്ചോട്ടെ..!

എല്ലാം കഴിഞ്ഞ്
നിന്നെ ഓര്‍ക്കുകയും
നിരന്തരം ഞെട്ടുകയും ചെയ്യാം.20/7/2012

14 May 2014

തീ

തീയക്ഷരം
കെട്ടു പോകല്ലേയെന്ന്
കവിക്കൂട്ടുകാരി.

കവിത പൊള്ളിയ പെണ്ണ്,
തീക്കു ചുറ്റും
മൂന്നു കല്ലുകള്‍ വെച്ച്
ജീവിതം വേവിച്ചു.

22 January 2014

പുസ്തക പ്രകാശനം.

കോഴിക്കോട് എത്തിച്ചേരാൻ കഴിയുന്ന പ്രിയ സുഹൃത്തുക്കൾ ദയവായി വിളിക്കുക....+91 9526375837.