.....

19 September 2012

പ്രണയത്തിനറിയില്ലല്ലോ അവര്‍ മരിച്ചതാണെന്ന്

ചില രാത്രികളില്‍
അച്ഛായെന്ന്
അമ്മേയെന്ന്    
മോനേയെന്ന്
വിളികള്‍ കേള്‍ക്കാം

സ്വര്‍ഗ്ഗവും നരകവും
അന്ത്യ നാളുമെവിടെയെന്ന്
കാത്തിരുന്നു മടുത്തവര്‍
ഭൂമിയിലേക്ക്‌ വരുന്നതാകും

ശ്മശാനത്തിലെ
മരക്കൊമ്പിലിരുന്ന്
ദൂരക്കാഴ്ചകള്‍ കണ്ടിരിക്കും

പരിചയക്കാരെ തേടി
അങ്ങാടിയില്‍ നോക്കും

ആരോ വിളിച്ചെന്ന്
ചിലര്‍ തിരിഞ്ഞു നോക്കും
ആരെയോ കണ്ടെന്ന്
ആരോ തൊട്ടെന്ന് അമ്പരക്കും

എന്നാലും
അവള്‍ക്കടുത്തേക്ക് അവനോ
അവന്റെ വീട്ടുമുറ്റത്തേക്ക് അവളോ
ഒരിക്കലും പോകാറില്ല

പ്രണയത്തിനറിയില്ലല്ലോ
അവള്‍ മരിച്ചതാണെന്ന്
അല്ലെങ്കില്‍,
അവന്‍ മരിച്ചതാണെന്ന്

13 September 2012

വിവാഹാനന്തര പ്രണയം

ഒറ്റയിലയുടെ
ഞരമ്പുകള്‍ നമ്മള്‍.
നമ്മെ നോക്കി
പ്രണയ നാരുകള്‍.

ആര്‍ത്തി തീര്‍ന്ന്
കണ്ണടച്ച്
പ്രണയ വേരുകള്‍.
ഇനിയേത് നനയിടം ?!

ശ്വാസ ദൂരത്ത്‌
ഇരുദേശ വാസികള്‍ നാം.
ജാര സ്വപ്നങ്ങളാല്‍
ഉറക്കം ഞെട്ടുന്നവര്‍ .

ഇടയ്ക്ക്
ജ്വര മൂര്‍ച്ച പോല്‍
പ്രണയ നാളുകള്‍..
മമതകള്‍..
വിരഹ രാത്രികള്‍..

ഉടല്‍ തൊട്ടു കിടക്കും
പ്രണയ മാന്ത്രികര്‍ നാം.
അവനെന്നു നീയും
അവളെന്ന് ഞാനും
പ്രണയം
കുടിച്ചുന്മത്തരാകുന്നോര്‍.

പുലര്‍ കാലങ്ങളില്‍
മഞ്ഞു  മറയില്‍
അനക്കം  കാത്തു നീ.

ഇലകളേ
പൂക്കളേ
കാറ്റേ
എന്ന് പ്രണയമായി
ഞാനും.

14 June 2012

പിന്നെയും ഓര്‍മ്മ

നെഞ്ച്
മിടിച്ചും കിതച്ചും
പുറത്തേക്കായുന്ന
ഓര്‍മ്മകളെ
മുറുക്കിപ്പിടിക്കുന്നുണ്ട്

എന്തേയിങ്ങനെ
തിരിഞ്ഞും നിവര്‍ന്നും
ഓര്‍മ്മക്കൊടിയില്‍
തെരുപ്പിടിക്കുന്നു ?!

ഓര്‍മ്മ വേരുകള്‍
ഓര്‍ത്തെടുത്ത്
നിലമിളകി
അകം മുറിഞ്ഞു
വേദനത്തായ് വേര്
നനഞ്ഞു

ഒതുക്കി വെച്ച്
ഒരുക്കി വെച്ച്
ഓര്‍മ്മ മാത്രം
വരി തരാതെ
വഴി തരാതെ
കരയിക്കുന്നു.

കൂടെ നീയും
ചോര്‍ന്നൊലിക്കുന്നു

08 June 2012

ഇരകള്‍ക്ക് നാല് പാഠങ്ങള്‍

പാഠം ഒന്ന് :ഒരുക്കം 
നോക്കൂ..
എനിക്കിതു മാത്രമാണ്
ഓര്‍മ്മിപ്പിക്കുവാനുള്ളത്
പതിവ് തെറ്റാതെയിരിക്കാന്‍
ശ്രദ്ധിക്കണം.

പതിവ് പോലെ
ചിരിക്കുകയും
കുശലം ചോദിക്കുകയും
ഒക്കത്തിരിക്കുന്ന കുഞ്ഞുങ്ങളെ
കവിളില്‍ തലോടുകയും ചെയ്യുക.

ചിന്ത പോലും
ഉയര്‍ന്നു കേള്‍ക്കരുത്‌.
ചാറ്റല്‍ മഴ പോലെ
മെല്ലെ തുടങ്ങണം.
പിന്നെ,
പറയേണ്ടല്ലോ..?!

നമ്മുടെ ദൈവത്തെ
കാത്തു കൊള്ളാമെന്ന്
നമ്മള്‍ കരാര്‍ ചെയ്തിരിക്കുന്നു.

വലുത്
ദൈവമോ രാജ്യമോ...?!
പറയും വരെ തുടരുക.

ഒരു ദൈവവും
നമ്മുടെ ദൈവത്തെക്കാള്‍
വലുതല്ല..

ദൈവം ഒന്നാണെന്നോ ?!
വിഡ്ഢീ,
നമ്മുടേത്‌ മാത്രമാണ് ദൈവം.

അവരോ...,
നശിക്കാനായിപ്പിറന്നവര്‍

പാഠം രണ്ട്: ശുദ്ധീകരണം 
അനന്തരം
ഊരി വെച്ച
മുഖം മൂടികള്‍ ധരിക്കുകയും
അവര്‍ വീടുകളില്‍ നിന്നും
തല നീട്ടുകയും ചെയ്തു.

തെരുവാകട്ടെ
വിളര്‍ത്തും ചകിതമായും
കാണപ്പെട്ടു.

ഒറ്റയ്ക്കും കൂട്ടായും
നടന്നടുക്കുന്ന
നിലവിളികളാല്‍
കാല്‍ വിറച്ചും
കണ്‍ നിറഞ്ഞും കാണപ്പെട്ടു

ദൈവചിന്തയും
രാജ്യസ്നേഹവും
ചോര നുണഞ്ഞു .

ഇലമറവില്‍  
പരസ്പരം
കൈപിടിച്ചുമ്മ വെച്ചു

ഓരോ ഞരക്കവും
ഗര്‍ഭനോവ്‌ പോലെ
നേര്‍ത്തു കാണപ്പെട്ടു

തളര്‍ന്ന നെടുവീര്‍പ്പ്
നടുങ്ങിയും വിറച്ചും
ഉയരങ്ങളിലേക്ക്
കൈകളുയര്‍ത്തുന്നത്‌
കാണാമായിരുന്നു.

പാഠം മൂന്ന്: വംശഹത്യയെന്നാല്‍ കലാപം /
(അക്കമിട്ടു കൊല്ലുന്നതാണ് കലാപം)
പതിവ് പോലെ
ദൈവത്തെ (രാജ്യത്തെയും)
കാക്കാന്‍
പട നയിക്കപ്പെട്ടു.

കുട്ടികള്‍
ചോര നനഞ്ഞ
കൊടികളില്‍
കാലമര്‍ത്തി
നടക്കുകയും ചെയ്തു

രാജ്യം കാക്കപ്പെട്ടു
'കുടിയേറ്റക്കാരാല്‍'
ആള്‍ക്കൂട്ടം
തീച്ചൂട് കാഞ്ഞു.

പതിവ് തെറ്റാതെ
കുഞ്ഞുങ്ങളെ,
പട്ടാളക്കാര്‍
ഉമ്മ വെച്ചുറക്കി.

ചുകന്ന പൂവ് പോലെ
കരുതലോടെ
ക്യാമറകള്‍  പകര്‍ത്തി.
വിരിയുന്നത്
പൂവായിട്ടല്ലെങ്കിലോ ?!

പാഠം നാല് :മതേതരത്വം
മുഖം മൂടികള്‍
ഊരി വെക്കപ്പെടുകയും
വേട്ടക്കാര്‍
വീടുകളിലേക്ക് മടങ്ങുകയും
ചെയ്തു

പൊരുതാന്‍ വന്നവരെ ഓര്‍ത്ത്
കുടുകുടെ ചിരിക്കുകയും
നിലത്തേക്ക് തുപ്പുകയും
ചെയ്യുന്നുണ്ടായിരുന്നു

ചുകന്ന കണ്ണുകളിലേക്ക്
നോക്കി
കണ്ണാടി അവരെ ഭയപ്പെടുത്തി.

മുഖം മൂടികളുടെ പാകത
അലോസരപ്പെടുത്തുകയും
നിരുത്സാഹപ്പെടുത്തുകയും
ചെയ്യുന്നുണ്ടായിരുന്നു

പച്ചയും കാവിയും നിറമില്ലാത്ത
പ്രഭാതം
കാത്തിരിക്കുന്നുണ്ടായിരുന്നു.

06 June 2012

കടല്‍പ്പക്ഷി

നീയിനിയുമെന്നെ 
അറിഞ്ഞിട്ടില്ല

നിന്‍റെ പ്രണയത്തില്‍
മുങ്ങി മരിച്ച
വെറുമൊരു 
കടല്‍പ്പക്ഷിയാണ് ഞാന്‍

30 May 2012

പ്രണയ നഷ്ടം

അജ്ഞാതനായ
സുഹൃത്തേ,
നന്ദി.
എന്‍റെ പ്രണയത്തെ
ഞെരിച്ചുടച്ചില്ലല്ലോ.

ഒരു കുമ്പിള്‍
ജലമെന്ന പോല്‍
നീയതിനെ
മൊത്തിക്കുടിച്ചല്ലോ.

നിന്‍റെ കണ്ണുകള്‍..
ആ ജലസ്പര്‍ശത്താല്‍
നിന്‍റെ കൈവിരലുകള്‍..
ഹാ...
ചേതോഹരം..!

ഒരു ചുംബനത്താല്‍
മരുഭൂമിയെ
നീ ഉര്‍വ്വരമാക്കിക്കളഞ്ഞല്ലോ .  

വരണ്ടു പോയിരുന്നു.
വിണ്ടു വിളര്‍ത്ത്
ഉന്മാദം പിടിപെട്ട്
കണ്ണ് നനച്ചിരുന്നു .
അവള്‍ തന്നെയാണോ ഇത് ?!

ദൈവമേ..
എന്‍റെ ദൈവമേ..,
നീയാണ്
നീ മാത്രമാണ് വലിയവന്‍..!

പ്രണയമേ..
പ്രണയമേ,
നിനക്കൊരു
വസന്തകാലത്തെയപ്പാടെ
ശിശിരഹിമശൈലമുടുപ്പിക്കാന്‍
ഒരു രാത്രി .

എനിക്കോ,
ഒരു വസന്തത്തില്‍
മാഞ്ഞു പോയ പ്രണയത്തിന്‍
ലവണ സ്പര്‍ശം.

23 May 2012

ഓര്‍മ്മയുടെ ഒന്നാം പാദം കഴിഞ്ഞ് ഫേസ്ബുക്ക് പ്രണയത്തില്‍ കവിത

ഓര്‍മ്മകളെ
കെട്ടിപ്പിടിച്ചുറങ്ങുന്ന
ഭ്രാന്തന്‍
ചെന്നായയാണ് ഞാന്‍

ഓര്‍മ്മയാകട്ടെ
മൂന്നിലകള്‍ മാത്രം ബാക്കിയുള്ള
മരക്കാഴ്ചയാണ്

മരവേരില്‍ തലതല്ലി
ഒരുണര്‍വ്വും
വേദനിപ്പിക്കാതിരുന്നെങ്കില്‍

ചോര രുചിച്ച്
ഇനിയുമെന്ന്
ആര്‍ത്തുവിളിക്കുന്ന
ചോരക്കണ്ണനാണ് ഞാന്‍ 

എന്‍റെ രുചികള്‍
നോവ്‌ പടരുന്ന പ്രണയം
എന്‍റെ വേദനകള്‍
എന്‍റെ ഓര്‍മ്മകള്‍
എന്‍റെ.....
അതെ,
എന്റെ
എന്റെ
എന്റെ
എന്‍റെ മാത്രം...!

*********

അക്കരകളില്‍
ജീവിക്കുന്ന
ഒരു കൂട്ടുകാരിയുണ്ടെനിക്ക്
കണ്‍കളില്‍ ചുണ്ടുരുമ്മി
ഉറക്കം നക്കിക്കുടിക്കുന്ന
കൂട്ടുകാരനുണ്ടായിട്ടും
അക്കരക്കടവില്‍
മിഴി കോര്‍ത്തിരിക്കുന്നോള്‍

കവിത ചൊല്ലി
കടംകഥ പറഞ്ഞ്
ഞാന്‍ ചിലപ്പോള്‍
അവളിലേക്ക്‌ യാത്ര പോകാറുണ്ട്

അവളുടെ
കണ്‍കിണറില്‍ നിന്ന്
നീണ്ട നാവുള്ള പാമ്പ്
ഉറക്കത്തില്‍ കൊത്താറുണ്ട്

ഒരുമ്മയുടെ ചൂടില്‍
ഒരു തലയ്ക്കല്‍
അവനുരുകുന്നുണ്ടാകാം
ഇവിടെയുമതെ
ഒരുമ്മയുടെ ചൂരില്‍
അവള്‍ തിളയ്ക്കുന്നു

*******

കൂട്ടുകാരാ
എന്‍റെ പെണ്ണെയെന്ന്
ഒരു പെണ്ണിനേയും
നീയിനി വിളിക്കരുതേ..
എന്തെന്നാല്‍
ഒരു പെണ്ണും എന്‍റെയല്ല;
നിന്‍റെയും

പ്രിയപ്പെട്ട കൂട്ടുകാരാ
നിന്‍റെ  ഉറക്കറയില്‍
വെറുമൊരു കവിതാ വായന
അത് മാത്രമാണ്
നടത്തിയതെന്ന്
ആണയിട്ടു  കൊണ്ട്
നിറുത്തട്ടെ...

14 May 2012

പ്രിയപ്പെട്ട സഖാവേ.....

നൊന്തോ നിനക്ക് ?
അടിനാഭിമുതല്‍
വേദനത്തീവേര്
പിടഞ്ഞുവോ ?

അമ്മ കാക്കുന്നുണ്ടിപ്പോഴും,
ഉണ്ണാന്‍ വരുന്നത്.
ചിന്നു മോളെന്നും
ചോദിക്കും നിന്നെ..

എന്‍റെ ചങ്ങാതിയല്ലേ
കളിക്കൂട്ടുകാരനല്ലേ...

പറഞ്ഞതാണ്
എന്‍റെയാളാണെന്ന്
വേദനിപ്പിക്കരുതെന്ന്

തുരുമ്പിച്ച കൊടുവാളില്‍
നനഞ്ഞുവോ നിന്‍റെ ചോര ?

ഒരൊറ്റ ഭോഗത്തിന്‍
സുഖം പോലെ
ഞാനൊളിച്ചു വെച്ചിരുന്നു
നിനക്കൊരു  മൂര്‍ച്ചാ ചുംബനം

കാത്തുകാത്ത് വെച്ചിരുന്നു
കട്ടില്‍ത്തലയ്ക്കല്‍
നിനക്കായി  മാത്രം
കാച്ചിയെടുത്ത ലോഹമൂര്‍ച്ച

20 April 2012

മാര്‍ 'ജാരന്‍ '

വേലി കെട്ടി
സ്വന്തമാക്കിയ
ആകാശക്കണ്ടം 

വെള്ളിത്തിളക്കത്താല്‍
വേലി

വെളുത്ത വേലിപ്പൂ
വെളുത്ത ഓന്തുകള്‍
വെളുത്ത പകല്‍

പച്ച മണക്കുന്ന
വള്ളിക്കുടില്‍
സ്വപ്നച്ചുണ്ടുകള്‍

കറുത്ത പശുക്കള്‍
കറുത്ത പുല്ലുകള്‍
കറുകറുത്ത
നോട്ടങ്ങള്‍

ചോന്ന മൂക്കുത്തി
ചൊകന്ന ചിരി
ചൊക ചൊകന്ന
അനക്കങ്ങള്‍

മിഴിച്ചുമരിടയില്‍ 
പൂച്ചക്കണ്‍ തിളക്കം

ഒരൊറ്റ വെട്ടിന് തീരണം
രണ്ടുടലില്‍
ഒന്നെങ്കിലും

31 March 2012

ഓര്‍മ്മ നഷ്ടം

ഉന്മാദം

ഓര്‍മ്മകളത്രയും വാരിത്തിന്നിട്ടും
നോവുകളെല്ലാം നക്കിത്തുടച്ചിട്ടും
വിശപ്പിന്നൊടുക്കമില്ലല്ലോ

വിപ്ലവം

പഠനവും പ്രണയവും ജീവിതവും
ചവച്ചൂറ്റിയ ശേഷം
പാര്‍ട്ടി പറഞ്ഞു
നീ പാര്‍ട്ടി വിരുദ്ധന്‍

അള്‍ഷിമേഴ്സ്

ഓര്‍മ്മ നഷ്ടത്തില്‍
ജെ സി ബി മാന്തിയെടുത്തത്
നിന്‍റെ മുഖവും
അമ്മയുടെ അസ്ഥിത്തറയും
കശുമാവില്‍ കെട്ടിയ ഊഞ്ഞാലും

23 February 2012

നീ

ഒറ്റയാളലില്‍
ആകെപ്പടര്‍ന്ന്
കനത്ത പെയ്യലില്‍
എന്നിലേക്കൂര്‍ന്ന്
ഒരൊറ്റ വാക്കിനാല്‍
നിരാസത്തിലാഴ്ത്തി
കളിപ്പാട്ടമായെങ്കിലും
തിരഞ്ഞെടുത്തുവല്ലോ
നന്ദി...!

21 February 2012

എന്റെ പൊന്നേ

ഭ്രാന്ത് അങ്ങനെയാണ്.
ഏതക്ഷരവും
തനിക്കാണെന്ന്
തിന്നു തുടങ്ങും.

പുഴുവരിച്ചതെന്നു കരുതി
നീയെടുത്ത്
കാടി വെള്ളത്തിലിടാം
ഓവ് ചാലിലൊഴുക്കാം
കുപ്പത്തൊട്ടിയിലെറിയാം

മുറുമുറുത്ത്
അതവിടുന്ന് ഇടറിച്ചാടും
തല വെട്ടിച്ച്
തുറിച്ചു നോക്കും

മുഖം പൂഴ്ത്തി
മൌനമായിരിക്കും
വെയിലത്തിരുന്ന്
മഴയെ വിളിക്കും.

മഴ വരുമ്പോള്‍
പൊട്ടിച്ചിതറും
കെട്ട കാലമെന്ന്
കരഞ്ഞു കൊണ്ടേയിരിക്കും.

ഒറ്റയ്ക്ക് വന്നതല്ലേ
അത് കൊണ്ടൊറ്റയ്ക്ക് മതിയെന്ന്
കാതില്‍ വിരലമര്‍ത്തും

പൊന്നേയെന്ന് വിളിച്ചു നീ
അരികത്തുണ്ടെന്ന്‍
ബോധത്തിലാരോ
അടക്കം പറയുന്നുണ്ട്.

നീങ്ങിപ്പോകുന്ന
പുകമഞ്ഞിനപ്പുറം
നിന്റെ നിഴല്‍രൂപം മാത്രം..

എന്നിട്ടുമെന്താണെന്റെ
പൊന്നെ
നീ മാത്രമിങ്ങനെ...

(പഴയത് )

20 February 2012

കൂട്ടുകാരാ..

കൂട്ടുകാരാ നീ മരിച്ചു പോയി അല്ലെ..?
വിശ്വസിക്കാനാവുന്നേയില്ല
ശരിക്കും ?!

എവിടം മുതലാണോര്‍ത്തെടുക്കുക
മറവിയിലൊരിടത്തും
അടയാളം വെച്ചിട്ടില്ല
ഒരു താളും പാതി മടക്കീട്ടില്ല
 കൂട്ടുകാരാ നീ മരിച്ചു ?!
( സന്തോഷം ..!
ഞാന്‍ മരിച്ചില്ലല്ലോ  )

16 February 2012

ലാവയുറവകള്‍

എന്റെ ചുണ്ടിലെ സ്നേഹം തീര്‍ന്നപ്പോള്‍
ടീച്ചറുടെ കണ്ണില്‍ നിന്ന്  സിഗരറ്റ് കത്തിച്ച് അവന്‍ നടന്നു  പോയി .
പിറ്റേന്ന് തീ തേടി അഗ്നിപര്‍വ്വതങ്ങളെ തിരഞ്ഞു നടക്കുന്നത് കണ്ടു .
പെണ്ണെന്നാല്‍ അഗ്നി പര്‍വ്വതമാണെന്നാണവന്റെ മതം.
പൊട്ടിത്തെറിക്കും വരെ ആരുമറിയില്ല ,
ഉള്ളിലുറങ്ങുന്ന ലാവയുറവകള്‍...!

13 February 2012

അക്ഷരം

നിന്‍റെ ചിന്തകളുടെ
ഗര്‍ഭഭിത്തിയില്‍ നഖമാഴ്ത്തി
ഞാന്‍ പിറവിയെടുക്കും

പനിച്ചൂടിലൊരു
വിഷാദ സ്വപ്നം.
ഉറിയില്‍ കരിപിടിച്ച്
ആര്‍ക്കുമില്ലാതെ...

ലഹരി പൂത്ത വഴികളില്‍
തല തട്ടിത്തകര്‍ന്ന്,
ചോരച്ച കണ്ണുകളില്‍
ഇനിയും വിരിയാത്ത വസന്തമായ്‌..

11 February 2012

സ്വത്വം

നീ
മുറിച്ചുണ്ടിനാലുമ്മ
വെച്ചുണര്‍ത്തുകയെന്റെ
കാമനയെ..

തളര്‍ന്ന
കൈകളുയര്‍ത്തി
പുണരാം.

ഇമ ചിമ്മുക
ഞാനൊന്നയയട്ടെ
നിന്നില്‍

അന്ധകാര നിബിഡം
നഗരം
വഴിവിളക്കുകള്‍
മിഴി ചിമ്മിയ
മേല്‌പാലക്കീഴില്‍

ഭ്രാന്ത്‌
കാമം
അറപ്പ്‌...!
സിരകളില്‍ നിന്ന്
തീജലം

നാളെ
ഏതു നരകത്തില്‍
ഞാന്‍ ..?

അകക്കണ്ണുകള്‍
ചൂഴ്ന്നെടുക്കാം .
ഒരു കാഴ്ചയുമിനി
ഉറക്കം വറ്റിച്ച്  
ഭ്രാന്തു പിടിപ്പിക്കില്ല.

എന്തിനെന്നെ
പ്രണയിക്കുന്നു..?
നീ ആരാണ്..
ഞാന്‍  ആരാണ്..?

വഴിയിലനാഥമായ്
ഒരു പൊതിച്ചോറ്
ഓരോ വറ്റിലും
വിധവയുടെ കണ്ണുനീര്‍
ഒരു പാര്‍ട്ടിയിലും പെടാത്തവള്‍...!

ഒരിക്കലും സജലമാകാത്ത
കൂട്ടുകാരന്‍റെ കണ്ണുകള്‍
വഴി വക്കില്‍ ചൂണ്ടയുമായ്.

കൃഷ്ണ മണിയില്‍
ഒരിരയുടെ പിടച്ചില്‍...!

കണ്ണിലൂടെ
ഒലിച്ചിറങ്ങുന്നത്
മദജലമായിക്കരുതരുത്

എനിക്കുറപ്പുണ്ട്
അതിന്റെ നനവ് തട്ടിയാല്‍ മതി
ഉരുകിപ്പോകാന്‍...

ഞാന്‍ ആരാണ്..?
ഒന്ന് പറഞ്ഞു തരാമോ..?!
നീയെങ്കിലും....

08 February 2012

നിനക്ക്

വെറുപ്പിന്റെ വസ്ത്രം
ഓരോന്നായി 
പറിച്ചെറിയുക

ഇളമുടല്‍  പോലെ  
ഹൃദയം നഗ്നമാവട്ടെ

കാണുന്നുണ്ടോ ?
കുഞ്ഞുങ്ങള്‍ക്ക്‌ മേല്‍
തീ ചൊരിയുന്നത്

കേള്‍ക്കുന്നുണ്ടോ ?
നിലവിളി വറ്റിയ
ഭീതിശ്വാസങ്ങള്‍

നമുക്കിടയില്‍
എത്ര കടലുകള്‍ കൊണ്ടാണ്
അകലം നിറച്ചത്

എത്ര മരുഭൂമികള്‍ കൊണ്ടാണ്
പച്ചപ്പുകള്‍
മൂടിക്കളഞ്ഞത്‌

വെറുപ്പിന്റെ സൂര്യന്‍
നിന്റെയുള്ളം  കയ്യില്‍ ...

സ്വപ്നരാവിനെ
നീയൊരു നോട്ടം കൊണ്ട്
വെളുപ്പിച്ചു കളയുന്നു

തരാന്‍ കഴിയുമോ
നിലവിളി കേള്‍ക്കാത്ത
ഒരു കാത്

വേദന കാണാത്ത
കണ്ണുകള്‍

നിനക്കും എനിക്കുമിടയില്‍
ഒരു തുള്ളി കണ്ണീര്‍ ദൂരം

07 February 2012

ഇനിയും എത്ര കാലം

കരയണമെന്നുണ്ട്,
അണ കെട്ടിയത്
പൊട്ടിപ്പോകുന്ന നിമിഷം
നീ ഒഴുകിപ്പോകുമെന്നത്
വിതുമ്പലിനെ
ഉരുക്കിക്കളയുന്നു

ഒന്നുറക്കെപ്പറയണമെന്നുണ്ട്
തുറന്നു പറച്ചിലിന്‍റെ
അവസാനം നഷ്ടപ്പെടുന്നത്
നീയാണെന്ന്
ഞാന്‍, എനിക്ക്
പറഞ്ഞു കൊടുത്തു കഴിഞ്ഞു

മയങ്ങണമെന്നുണ്ട്
അര്‍ദ്ധ മയക്കത്തില്‍
നീ ചീന്തിയെറിയപ്പെടുമെന്ന്
മനസ്സിനുള്ളില്‍
ദുര്‍ഭൂതങ്ങള്‍ അലറിപ്പറയുന്നു

ഉറങ്ങാത്ത മിഴികളുമായി
വിങ്ങുന്ന ഹൃദയവുമായി
ചലിക്കാത്ത നാവുമായി
ഞാനിരിക്കാം.

പക്ഷെ..
എത്ര കാലം....?!!!
20/ August /08

ഓര്‍മ്മപ്പൊട്ടുകള്‍

ഏതുമകള്‍ കൊണ്ടാണ്
ഞാനിതു പൂര്‍ണ്ണമാക്കുന്നത് ..
കൌതുകം തോന്നുന്നുണ്ടോ ?

വാക്കുകള്‍ നൂല് പൊട്ടി
ഊര്‍ന്നു പോവുകയും
ഞാന്‍ മിഴിച്ചു നില്‍ക്കയും ചെയ്യവേ,

ഒരു പൂച്ചക്കുഞ്ഞായ്
നീയെന്നെ
നെഞ്ചോട്‌ ചേര്‍ക്കുന്നു

മൃദുലമായ കരങ്ങള്‍
ഒരു ചുംബനം പോലെ
പൊതിയുന്നു.
 
 ********************

ഉറക്കം
ബലിഷ്ടമായ
ആലിംഗനത്തിലൂടെ
ഓര്‍മ്മകളെ  പുറന്തള്ളുന്നു.

മരണമേ നീയെത്ര സുന്ദരം
നഷ്ടങ്ങള്‍
മരണ സ്വപ്നങ്ങളില്‍ മുത്തമിടുന്നു.

**********************

എത്ര കടലുകള്‍ കൊണ്ടാണ്
നമുക്കിടയില്‍ അകലം നിറച്ചത് ..!
എത്ര മരുഭൂമികള്‍ കൊണ്ടാണ്
വാക്കുകള്‍ ഊഷരമാക്കിക്കളഞ്ഞത്

ഒറ്റ വാക്കിനാല്‍ 
അറുത്തു കളഞ്ഞതെല്ലാം
ഒറ്റയാനായ്
ഓര്‍മ്മ  മെതിക്കുന്നു.

************************


ആകാശത്തിന്റെ
അതിരുകള്‍ മായ്ച്ച്
ഏതു  സൂര്യനിലേക്ക്
ചേര്‍ത്ത് വെക്കുന്നു, എന്നെ  ?

മേഘ സ്വപ്‌നങ്ങള്‍
നിന്റെ നിശ്വാസത്തില്‍
ഞെട്ടി വിയര്‍ക്കുന്നു.

********************

ഒരു രാവും
നീയില്ലാതെ പുലരുന്നില്ല.

എങ്കിലും ഞാനറിയുന്നു;
ഇത്രമേല്‍  ഗാഡമായി
കാത്തു വെച്ചിട്ടില്ല
മഴ ത്തുള്ളിയായുടഞ്ഞു  ചിതറും
നിന്നോര്‍മ്മയല്ലാതെ

28 January 2012

വെയിലോര്‍മ്മപ്പൊട്ടുകള്‍

ഓര്‍മ്മ

വരകളും
വാക്കുകളുമില്ലാതാകും വരെ
കൃഷ്ണമണിയിലൊളിപ്പിക്കാം ഞാന്‍

വെയില്‍

നീണ്ട നാവിനാല്‍
നക്കിയെടുത്ത
പകലോര്‍മ്മകളത്രയും
കടലിലൊഴുക്കി ശാന്തി തരിക നീ

പ്രണയം

കുടയുള്ള കൂട്ടുകാരീ
മഴയത്ത് നിന്നിടം
ഇപ്പോഴും കാത്തിരിപ്പുണ്ടോ ?

കവിത

നെഞ്ചു പൊട്ടിയ വേദന
ഉറക്കം വറ്റിയ രാവ്
പിന്നെ
നിന്‍റെയോര്‍മ്മയും

17 January 2012

മൂന്ന് അകമുറിവുകള്‍

നോട്ടം

എറിഞ്ഞു തറപ്പിച്ച
ചാട്ടുളികളില്‍ കുരുങ്ങിപ്പിടയുമ്പോള്‍
കണ്ണിലൊരിറ്റ്  ശ്വാസം നല്‍കാന്‍
മറക്കാത്തതിന്‌   നന്ദി.

അച്ഛന്‍

ചില്ലിട്ട ചിത്രം കാണുമ്പോഴൊക്കെ
അച്ഛന് മാത്രമെന്താ വയസ്സകാത്തതെന്ന്
അമ്മുവിനെന്നും സംശയമാണ്.

ചിറകുകള്‍

ഒരു ചിറക്‌  മാത്രമാണ്
ഞാന്‍ ചോദിച്ചത്
നീയോ ?
താലിയും എന്റെ സ്വപ്നങ്ങളും..!

09 January 2012

പല്ലിവാലുകള്‍

രാവ്
കടുത്ത നിറത്തിലുള്ള
ബ്ലൌസ് പോലെ
നമുക്ക് മേല്‍
ഒട്ടിക്കിടക്കും

അപരിചിതമായ
ഇടങ്ങളില്‍
പല്ലിവാലുകള്‍ പോലെ
ചിലര്‍ പുളയും

നമുക്ക് ,
കവിത
ചൊല്ലിക്കൊണ്ടിരിക്കാം
ഓര്‍മ്മയെ
കെട്ടിപ്പിടിച്ച് കരയാം

മറവി,
അസൂയപ്പെടട്ടെ

നിര നിരയായി
എഴുന്നു നില്‍ക്കുന്ന
മിടിപ്പുകള്‍
എത്രയെങ്കിലുമുണ്ട്

എനിക്കും നിന്നെപ്പോലെ
കവിത നുരയ്ക്കണം
കാലിടറി നടക്കുമ്പോ
പൊടുന്നനെ
കണ്ണ് ചിമ്മിയിരുന്ന് ..!

വരികള്‍ക്കിടയില്‍
പെണ്ണും പെരുച്ചാഴിയും
ഇടറി നീങ്ങുമ്പോ
കല്ലുകളാല്‍ ഞരക്ക സുഖം 

ഉയിര്‍പ്പിന്റെ ദിനം അടുത്തു
ഇനി നമുക്ക്
ചോരയളക്കാം

ഒരു പെണ്ണിനെ
ബാക്കി നിറുത്താം
ഉയിര്‍പ്പ്
താമസിക്കുകയാണെങ്കിലോ ?!

ഒരായിരം കീടങ്ങള്‍
അവളെ ചവച്ചു ചവച്ച്  തുപ്പുമ്പോ
പൊടുന്നനെ
വലിയ തെറ്റാലിയില്‍ നിന്ന്
തെറിച്ചു ചെല്ലണം

അന്നേരം
എല്ലാരും ഒരേ ശബ്ദത്തില്‍
നമുക്ക് ജയ് വിളിക്കും

അത് മതി...
അത് മാത്രം മതി...!

02 January 2012

മഴനിലാ...

നിലാവായി 
ഒഴുകുന്നുണ്ട്
ഓര്‍ത്തെടുക്കുമ്പോള്‍
പിന്നിപ്പോകുന്ന ചിലത്

മൌനത്തില്‍ പൊതിഞ്ഞ്
കാത്തു വെച്ചിട്ടുണ്ട്
വിരല്‍  തൊടാത്തൊരു
തൊട്ടാവാടിപ്പൂ..

ഒരാകാശം നിറയെ
വരച്ചു വെച്ചിട്ടുണ്ട്
ഇറയത്തിരുന്ന് 
മഴ തുന്നുന്ന  നിന്നെ ...