.....

08 September 2016

നിതാഖാത്തിൽ വിശപ്പ് വിരിയുമ്പോൾ

പകലിനെ നക്കിക്കുടിച്ച് 
വലിയൊരു പൂച്ച 
മരുക്കാട്ടിലേക്ക്
ഓടിപ്പോകുന്നുണ്ട്; 
മോള് പറയാറുള്ള 
കാട്ടുമാക്കാൻ...!
നിറയെ നിറയെ 
കാട്ടുമാക്കാനുകളാണ്.
പകൽപ്പേടിയില്ലാതെ 
അകത്തും പുറത്തും 
ഓടി നടക്കുന്നു.
ഒരുണക്ക കുബ്ബൂസെങ്കിലും 
കിട്ടിയെങ്കിലെന്ന് 
മതികെട്ടവനെപ്പോലെ 
വിശപ്പ്, 
കാൽ കുഴഞ്ഞു വരുന്നു.
നീട്ടി നീട്ടി വരുന്ന 
ഓരോ മിസ് കോളും 
ചെറുപ്പത്തിലെങ്ങോ മറന്നു വെച്ച 
" കോലൈസ്.. തേനൈസ്.. പാലൈസ് "
വിളികളാകുന്നു.
ബ്രേക്ക് പൊട്ടിപ്പോയ 
നൂറായിരം 
സൈക്കിളുകളിൽ നിന്ന് 
മുഖമടച്ച് വീഴുന്നു.
വിശക്കുന്നുവെന്ന് 
കൈ നീട്ടിയപ്പോൾ 
സദാ പാൻ ചവയ്ക്കുന്ന 
പാക്കിസ്‌ഥാനി ഡ്രൈവർ ഉദാരനാകുന്നു
"മേരെ സാഥ് ചാലേകാത്തു പൈസ ദേഖ "
അടിവയറിലേക്ക് 
കൊതിയോടെ 
അയാളൊരു കാമുകനാകുന്നു.
കണ്ടു കണ്ടു നിൽക്കെ 
ഉള്ളിൽ 
മഞ്ഞു മലകളിടിഞ്ഞു വീഴുന്നു.
ഒലിച്ച് പോവുകയാണ് 
മോളും നീയും നാടും...
കൂർത്ത മുഖമുള്ള 
വിശപ്പ് മാത്രം ബാക്കിയാകുന്നു.
അറബിക്കഥയിൽ നിന്ന് 
ഒരു പാത്രം നിറയെ 
കബ്‌സയുമായി 
ഡ്രൈവർ 
ഇറങ്ങി വരുന്നു.
വിശപ്പുകൾക്കിടയിൽ 
ഒരോക്കാനം 
ഉടലിൽ നിന്ന്
വലിയൊരു തുമ്പിക്കൈയ്യായി 
നീണ്ടു വരുമ്പോൾ 
റിമോട്ടിൽ വിരലമർത്താൻ 
ദൈവമേ...
നിനക്ക് മാത്രമേ കഴിയൂ...