.....

16 January 2010

തുറക്കാതെ വെച്ച താളുകള്‍

ഒട്ടകകക്കൂട്ടം
മരുവായ മനസ്സില്‍
സ്വൈരവിഹാരം നടത്തുന്നു

കടിഞ്ഞാണ്‍ കൈവിട്ട സഞ്ചാരി
മണല്‍ത്തരികളുടെ പൊള്ളലില്‍
കാല്‍ വെന്ത് വിലപിക്കുന്നു

സ്വപ്നം
അന്ധനെപ്പോലെ
വഴി മറന്നു തപ്പിത്തടയുന്നു

പ്രവാ‍സം
വേരുകളുടെ മുരടിപ്പ്
നാടില്ലാത്തവര്‍ക്ക്
ഓര്‍മ്മകളെന്തിന്...?
ഓര്‍മ്മകളുടെ മുഷിഞ്ഞ മണമുള്ള
ലേബര്‍ ക്യാമ്പുകള്‍

ഒട്ടകം ഒരു പ്രതീകമാണെന്ന്
അവന്‍ പറയുമായിരുന്നു
ചുവപ്പിന്റെ ചോര
സിരയിലേറ്റു വാങ്ങിയവന്‍

ചൂടുള്ള ദിവസമായിരുന്നു അന്ന്
വിലാപങ്ങളുടെ ദിനം
കരയാനുള്ള എല്ലാ‍ മോഹവും
 കരഞ്ഞു തന്നെ തീര്‍ത്തു.

അവള്‍ മരിച്ചത്
അറിഞ്ഞിരുന്നില്ല
റോസാ  പൂവു പോലെ
സുന്ദരിയായിരുന്നു അവള്‍
മുള്ളുകളെല്ലാം എനിക്കു തന്ന്
പനിനീര് അവന് കൊടുത്തവള്‍
എനിക്കവളെ വെറുക്കാന്‍ കഴിയില്ല

 അവന്‍  പോകില്ല
അവനറിയാം ,
ശവത്തിനു ചൂടുണ്ടാവില്ല
ചുണ്ടുകള്‍ക്ക് തുടുപ്പും..!

പ്രിയപ്പെട്ട സുഹൃത്തെ
നീ മറന്നെന്ന് കഴിയുന്നില്ല,
സ്വയം വിശ്വസിപ്പിക്കുവാന്‍

അന്ന്
മുറിവു പറ്റിയ നെറ്റിയുമായി
ആശുപത്രീല്‍ കിടക്കുമ്പോള്‍
അനിയത്തിക്കു നീ കൊടുത്ത ചുംബനം
ഇന്നലെ കൈത്തോടു വറ്റിയ ചാ‍ലില്‍
ഓക്കാനിച്ചു.

ഭ്രാന്തിന്റെ വെയിലാറുമ്പോള്‍
അവള്‍ക്കായി
കവിത ചൊല്ലാന്‍ പോയിരുന്നു.
 ചുണ്ടിനുള്ളില്‍ ഒളിപ്പിച്ച പുച്ഛവുമായി
എന്നെയവര്‍ എതിരേല്‍ക്കും

കണ്ണു തുളുമ്പാതെ
മാനമെന്ന വാക്ക് ആഴത്തില്‍ കുഴിച്ചിട്ട്
അപമാന ഛര്‍ദ്ധിലില്‍ കുളിച്ച്
കരയാതെ നിന്നിട്ടുണ്ട്
എല്ലാം അവള്‍ക്കു വേണ്ടിയായിരുന്നു
എന്നിട്ടും അവളെ നീ...?!!

അല്ലെങ്കിലും
ഭ്രാന്തന്റെ പെങ്ങള്‍ക്ക്
എന്തു ജീവിതം ..?!
അവളൊരു പാവമായിരുന്നു സുഹൃത്തേ

അവള്‍ക്ക്
അമ്മ ഒരോര്‍മ്മയാണ്
നാഭിയില്‍ ചവിട്ടേറ്റ്
നിലത്തു പിടയുന്ന ഒരോര്‍മ്മ

മക്കളെ പ്രാകി
അച്ഛനെ പ്രാകി
അയലത്തുള്ളവരെ പ്രാകി
ഒടുക്കം ദൈവത്തെ പ്രാകി
ചുമരില്‍ തലയിടിക്കുമായിരുന്നു

അച്ഛനെന്നും കറുത്ത സ്വപ്നമാണ്
ചാരായക്കാഴ്ചയില്‍
തണുത്ത വടപ്പൊതിയുമായി
പടി കടക്കുന്നയാള്‍

ഏട്ടനായ ഞാനോ..
തലയില്‍ വെയിലുദിച്ചവന്‍..
പ്രണയോന്മാദത്താല്‍
പാഠപുസ്തകങ്ങളെ
കൈത്തോട്ടിലൊഴുക്കിയവന്‍
വിശപ്പാ‍റ്റാന്‍ കവിത ചൊല്ലുന്ന
കാടിന്റെ മകന്‍..!

എന്റെ വാമൊഴിപ്പാട്ടില്‍
നുരയുന്ന വാക്കിന്‍ മായാജാലം കാണില്ല
നോവുന്ന മുറിവാക്കല്ലാതെ

എനിക്കിന്ന് വാക്കുകള്‍ വറ്റുന്നു
ഒരിക്കല്‍ വരണ്ട വാക്കിന്‍ ഗര്‍ഭപാത്രം
എന്നില്‍ നിന്നുമെടുത്തു കളയേണ്ടി വരും

അന്ന്
ആയിരത്തൊന്നു ചാപിള്ളകളെ കാണും
മാലഖക്കുഞ്ഞുങ്ങളുടെ
പാതി വളര്‍ന്ന ഭ്രൂണങ്ങള്‍ നോക്കി
നിങ്ങളന്നും അടക്കിച്ചിരിക്കും...
അത് കാണാന്‍ ഞാനുണ്ടാകില്ല