.....

29 July 2008

ജീവിതപ്പൊരുള്‍

യാത്ര സത്യമെന്നറിഞ്ഞിട്ടും
സമയമായെന്നൊരു
ഉണര്‍വിനു കൊതിക്കാതെ
മയങ്ങിയത്
കൈവിട്ട സ്വപ്നങ്ങള്‍ക്ക്
ബലി നല്‍കാന്‍
മടിച്ചായിരുന്നു

പുതിയതിനെ തേടിയലഞ്ഞു
ഒടുവിലെത്തിയത്
പഴകിപ്പതിഞ്ഞിട്ടും
തേഞ്ഞു മായാത്ത
മൃത്യു സ്പര്‍ശത്തില്‍

കുഴിയില്‍ മങ്ങിയ കണ്ണുകള്‍ക്കും
ചുളിഞ്ഞോട്ടിയ കവിളുകള്‍ക്കും
തിളക്കമുണ്ടായിരുന്നു

നേര്‍ത്ത  നൂലിഴയില്‍
കുരുങ്ങിക്കിടന്ന മോഹങ്ങള്‍
കൂര്‍ത്ത കല്ലില്‍
തല തകര്‍ന്നു മരിച്ചപ്പോള്‍
മനസ്സ് തുറന്ന പുസ്തകം

കണ്ണു പൊത്തിക്കളിച്ച്
കരള്‍ പിടയ്പ്പിക്കുന്ന
മരണം വന്നപ്പോള്‍
കണ്ണു നീരിന്‍റെ ചവര്‍പ്പ്

ഇടുങ്ങിയ മണ്ണറയില്‍
ഒറ്റയ്ക്കിരിക്കുമ്പോള്‍
തിരിച്ചറിവ് തികട്ടും

എല്ലാം നാട്യങ്ങള്‍
ഒന്നുമില്ലാതെ വന്നു
ഒന്നും നേടാതെ മടക്കം

മിനുത്ത തൊലിയില്‍
അണുക്കള്‍ മണ്ണ് ചേര്‍ക്കുമ്പോള്‍
തുടുത്ത അവയവങ്ങള്‍
ദ്രവിച്ചളിയും

കാമുകനൊരുപാട്
കവിതയെഴുതി വര്‍ണിച്ച
തത്തചുണ്ടുകളിനി
പുഞ്ചിരി പൊഴിക്കില്ല
അതിനി പുഴുക്കളുടെ
വിഹാര സ്വര്‍ഗം

മരവിച്ച മേനിയില്‍
വിഷപ്പല്ലുകള്‍ ആന്നിറങ്ങുമ്പോള്‍
കാമുകനൊത്തിരി ചുംബിച്ച
കവിളുകള്‍ അടര്‍ന്നു വീഴും

മാംസമടര്‍ന്നു
അസ്ഥികളെഴുന്ന
അവളുടെ രൂപം
കാമുകനറിയില്ല

അവന്‍
ഒരു ദിനം കരഞ്ഞു
രണ്ടു ദിനങ്ങളിരുന്നു
നാലാം നാള്‍
പുതിയൊരു കൂട്ടുകാരിയെ
ചേര്‍ത്തു പിടിച്ച്
നടക്കും

ഭൂമിക്കു
മീതെ കാണുന്നത്
മിഥ്യയെന്നറിയാതെ
ചലിക്കുന്ന നിഴലിനെ
കയ്യിലൊതുക്കാന്‍ കൊതിച്ച്
ജീവിതപ്പൊരുളറിയാത്തവര്‍
വിഡ്ഢികള്‍...
29/7/08

26 July 2008

കുറുക്കു വഴി

ഇനിയെത്ര ദൂരം താണ്ടണം
നാമീ പെരു വെയില്‍ പാതയില്‍
മോഹ ജഡവും ചുമന്നു കൊണ്ട്....?

നിരങ്ങി നീങ്ങുന്ന 

സമയ താളവും
തളം കെട്ടി നില്‍ക്കുന്ന
കാല ചലനവും
മനസ്സിലുടക്കി നില്ക്കുന്നു

മനസ്സുകള്‍
പറയുന്ന
കഥകളില്‍ മുഴുകി നാം
എത്ര കാതങ്ങള്‍
താണ്ടിക്കഴിഞ്ഞു
അറിഞ്ഞിടാതെ

എരിഞ്ഞടങ്ങുന്ന
മോഹങ്ങളും
വരണ്ടുണങ്ങുന്ന
ദാഹങ്ങളും
ഇനിയെത്ര നേരം
പിടിച്ചു നിര്‍ത്തും..?!

ഇനിയെത്ര കാലം
നാമിരിക്കണം
ഈ മരുപ്പറമ്പില്‍
മൂകരായി..

കുന്തിരിക്കത്തിന്‍
മണമടിക്കുന്നു
നീ
നടുങ്ങുന്നതെന്തിന്...?!

കൊഴിഞ്ഞ കരിയിലകളില്‍
ചവിട്ടിക്കടന്നു പോം
മൃത്യുവിന്‍ ഗന്ധം
അതല്ല സത്യം

അറിയാത്ത വാക്കിനാല്‍
നോവു
നേരുന്നതെന്തിനു നീ
ആവില്ല നമുക്കീ
പെരുവെയില്‍ താങ്ങുവാന്‍
ആവിയായ് പോകു‌ന്നു
സ്വപ്നങ്ങളും

പതുക്കെ ദിശ മാറ്റാം
നമുക്ക്
പുതിയൊരു പാത തിരഞ്ഞിടാം
കാലിടറി വീഴും മുമ്പേ
നമുക്കീ യാത്രയ്ക്കന്ത്യമാക്കാം

ഈ മരച്ചുവട്ടില്‍
നമുക്കിരിക്കാം, ഒരു മാത്ര
അറിയാതെ നിദ്രയെ
പുല്‍കിടാം

ഒടുങ്ങാത്ത
യാത്രയില്‍ നിന്ന്
മോചനത്തിന്‍ കുറുക്കു വഴി

ജീവിതപ്പാതയിലിനി
നീരുറവ കിനിയില്ല
നമുക്ക്
തണല്‍ തേടി ഒളിഞ്ഞോടാം
കാല ഗതിയോട് വിട ചൊല്ലിടാം
മൂകരായ്‌.......

ഞാന്‍ ഊര്‍മ്മിള

ഞാന്‍ ഊര്‍മ്മിള
ഉറക്കം വറ്റിയ കണ്‍ തടങ്ങളില്‍
കരുവാളിച്ച ചുണ്ടുകളില്‍
കാളിമ പടര്‍ന്ന കവിള്‍ തടങ്ങളില്‍
ലക്ഷ്മണ സ്പര്‍ശം കൊതിച്ച്
ഉരുകിത്തീരുന്നവള്‍

വിങ്ങുന്ന ഹൃദയത്തില്‍
താരാട്ട് ചുരത്തുന്നു
ധമനികളിലെവിടെയോ
മാതൃത്വമുറയുന്നു

എവിടെയെന്‍ കാന്തന്‍
എനിക്കായുറങ്ങാതെ
ഉണ്ണാതെ
കാത്തിരുന്നോരെന്‍
പ്രിയനെവിടെ

എന്നെക്കൈവെടിഞ്ഞ്
ഓവു ചാലിന്‍ പുത്രിക്ക്
കാവലായ് പോയോ

ജ്യേഷ്ടന്
കൂട്ടു പോകുന്നവന്‍
എന്തിനെന്നെ തടവിലാക്കുന്നു

ഇല്ല ..!
എന്‍റെ ഹൃദയമുറങ്ങുന്നില്ല
ഉറഞ്ഞു പോയ
രക്തതിലിനി
അഗ്നി മഴയേ ശാന്തി നല്‍കൂ

ഞാനുണര്‍ന്നു തന്നെ
കിടക്കട്ടെ
അഗ്നി നാമ്പുകള്‍
ചുമന്നു വരുന്നൊരു
മഴത്തുള്ളിക്കായ്

കുഞ്ഞു കാല്‍ പാടുകള്‍
പതിഞ്ഞത് മായ്ക്കാതെ
സംഗീതം പൊഴിക്കുന്ന
ചാറ്റല്‍ മഴയ്ക്കായ്‌

20 July 2008

പൊയ്മുഖം

കിനാവില്‍ കാണുന്ന
എത്തിപ്പിടിക്കാന്‍ കഴിയാത്ത
മേഘങ്ങളാണ് ജീവിതം

ജയിച്ചു  നേടുന്നത്
ശൂന്യത മാത്രം..!

ഞാന്‍
നിന്നെ നോക്കിച്ചിരിക്കുന്നത്
പ്രണയത്തിന്‍റെ തീവ്രതയാലല്ല
വിഷമിറക്കാനൊരു
ഇരയെ കിട്ടിയ സന്തോഷമാണ്

ഉദരത്തില്‍ ഞാന്‍ തഴുകുന്നത്
മുളച്ചു വരുന്ന
കുഞ്ഞു ജീവനെ ഓര്‍ത്തല്ല
നിന്‍റെയൊതുങ്ങിയ ശരീരം
കമ്പോളത്തിലെനിക്ക്
നേടിത്തരുന്ന ലാഭമോര്‍ത്താണ്

അധരങ്ങളില്‍
മുഖം ചേര്‍ക്കുമ്പോള്‍
പരതുന്നത്
ഉത്തേജിപ്പിക്കാനല്ല

നിന്‍റെയവയവങ്ങളോരോന്നും
സ്ഥാനങ്ങളില്‍
ഉണ്ടെന്നുറപ്പ്
വരുത്താനാണ്

ഇപ്പോള്‍
നിനക്കു തരുന്നത്
സ്നേഹമൂറുന്ന മധു ചഷകമല്ല

നിന്നെയിനി ആവശ്യമില്ല
വിഷമാണിത്
കുടിച്ചു കൊള്ളുക
20/july/08

16 July 2008

ഭ്രാന്ത്

പരുത്ത കവിളിനു മുകളിലെ
ചടഞ്ഞ കണ്ണുകളില്‍
നീരു വറ്റിയ തിളക്കം

മസ്തകം പിളര്‍ന്നു
മദജലം വറ്റിച്ച
ആനക്കാരന്‍റെ ക്രൌര്യം.

പുഴുവരിക്കുന്ന എലിയില്‍
ചുണ്ടു ചേര്‍ക്കുമ്പോള്‍
വിശപ്പ്‌

കിനാക്കളുടെ പടികള്‍ക്കപ്പുറം
ഇരുളിന്‍റെ മറ പറ്റിയ
അരൂപികള്‍ക്ക്
മുന്നറിവായി
മണ്‍ കട്ടകള്‍

ഉഷ്ണിക്കുന്ന രാവുകളില്‍
പിശാച് ചൂട്ടുമായെത്തുമ്പോള്‍
അഭയം തേടിയ നിലവിളി.

ദ്രവിച്ചകന്ന ചങ്ങലക്കണ്ണികള്‍
കാലുകളെ പ്രണയിച്ച്‌
മാംസത്തിലേക്ക്
ആഴ്ന്നിറങ്ങുമ്പോള്‍
കണ്ണീരു വറ്റിയ തേങ്ങല്‍

05 July 2008

പ്രവാസി

ചീന്തിയെറിഞ്ഞ
നോവുകള്‍ക്കിടയില്‍
നിന്‍റെ മുഖം തെളിയുമ്പോള്‍
ഓര്‍മ്മകളുടെ
ശവക്കൂനയില്‍ നിന്ന്
പ്രണയം
ചിറകടിക്കുന്നു

ആള്‍ക്കൂട്ടത്തിലലിഞ്ഞ്
ഹൃദയത്തിലൊളിപ്പിച്ച
വാല്‍മീകങ്ങളില്‍
അഭയം തേടുമ്പോള്‍
ഏകാന്തത
ചീവീടു പോലെ
അസ്വസ്ഥനാക്കുന്നു

പ്രയാണങ്ങളുടെ
ഒടുങ്ങാത്ത നൈരന്തര്യത്തില്‍
കിളിര്‍ത്ത് തുടങ്ങിയതും
കരിഞ്ഞുണങ്ങുമ്പോള്‍
കിനിഞ്ഞിറങ്ങുന്ന
ചോര തുടച്ച്
മൌനം
കണ്ണുനീരിനു വഴി മാറുന്നു

വേരുറയ്ക്കും മുമ്പേ
പറിച്ചു നടുമ്പോള്‍
മണ്‍ വെട്ടികളില്‍
തട്ടിത്തെറിക്കുന്ന
ചോരക്കുഞ്ഞുങ്ങള്‍
വിതുമ്പാനറിയാത്ത
ഊമകളാവുന്നത്
നിന്‍റെ കുറ്റമല്ല

നഗരം
ആലസ്യത്തില്‍ നിന്നും
അനുഭൂതികള്‍
നുകര്‍ന്നുറങ്ങുമ്പോള്‍
തികട്ടി വരുന്ന നോവുകള്‍
നാണയക്കിലുക്കത്തില്‍
ഞെരിഞ്ഞമരുന്നു

വരണ്ടുണങ്ങിയ
നിന്‍റെ ഞരമ്പുകളോരോന്നും
അസ്വസ്ഥതയുടെ
എല്ലുകള്‍ തീര്‍ക്കുന്ന
തടവറയില്‍ നിന്ന്
മോചനമാശിച്ച്
ചിതറിത്തെറിച്ച്.....

ഇപ്പോള്‍ ഞാന്‍ നിന്നെ
മനസ്സിലാക്കുന്നു
ഞാന്‍ നീയായിരുന്നു
നീ എന്‍റെതു മാത്രവും
എന്‍റെ
മാത്രമായ മണ്ണ്...!

02 July 2008

പതിവ്രത

കണ്ണു നീരൊഴുകി
കരുവാളിച്ച നിന്‍റെ
കവിള്‍തടത്തില്‍
നനുത്ത
ഇരുള്‍ച്ചാലുണ്ടായത്

നിന്‍റെ ചാരിത്ര്യം
തെളിയിക്കാന്‍
അവയവങ്ങളോരോന്നും
സാക്ഷി പറഞ്ഞത്

കവിതയെഴുതി
വിരല്‍ മുറിഞ്ഞ
കൈത്തലം
കറിയിലുപ്പു കുറഞ്ഞതിനു
പാതി വെന്തത്‌

ചുംബനത്തിനു
ചൂരു പോരാഞ്ഞ്
നിന്‍റെ അധരങ്ങള്‍
രക്തം വാര്‍ത്തത്

അടുപ്പിലെരിഞ്ഞ
വിറകുകളാണ്
നിന്‍റെ മോഹങ്ങളെന്നു
നിന്‍റെ പാതി വ്രത്യം
നിന്നോട് പറഞത്


പ്രണയത്തിന്‍റെ
രസ തന്ത്രം പഠിപ്പിക്കാന്‍
കിടപ്പറയില്‍
കാട്ടു മൃഗങ്ങളെ
തുറന്നു വിട്ടത്

കിണറിന്‍റെ
ആഴമളക്കാന്‍ കൂട്ടാക്കാത്ത
നിനക്ക് തീച്ചൂട് പകരുമെന്ന്
ഭയപ്പെടുത്തിയത്

ഒടുക്കം
നിന്‍റെ നഷ്ട പ്രണയം
നിന്നെ കൊണ്ടു പോയെന്ന്
കണ്ണുനീരില്‍ കുതിര്‍ന്ന
വാക്കുകള്‍

മേമ്പൊടിയായി
നീ തന്നെ കൊളുത്തിയെന്നു
കരള്‍ നൊന്തു പറഞ്ഞു
നിന്‍റെ കനല്‍ ചിതയില്‍
രണ്ടിറ്റു കണ്ണുനീര്