.....

18 November 2009

മഴപ്പെയ്ത്ത്

പഴുത്ത ഒരില,
ഇരുളടര്‍ന്ന മഴപ്പെയ്ത്തില്‍
നീന്തിത്തുടിച്ച്‌...

ചെളിയില്‍ പുതഞ്ഞ
മനസ്സ് കഴുകാനും
നിന്റെ കൈകള്‍ മാത്രം

കണ്ണുകള്‍ തുടച്ചിട്ടും
മുഖം കട്ടിളപ്പടിയില്‍ അമര്‍ത്തിയിട്ടും
കണ്ടതെങ്ങനെ എന്റെ കണ്ണുനീര്‍ ?

സന്ധ്യയില്‍ കുളക്കടവ് ആളൊഴിയും
നിന്റെ സാന്നിധ്യം ഞാനവിടെ കാക്കും
ആളനക്കമില്ലാത്ത കല്‍പടവുകളില്‍
പായല്‍ പുതഞ്ഞ കല്ലുകളില്‍
കാത്തിരിക്കും
അരൂപിയായി നീ വരുന്നതും കാത്ത് !

ആളുകള്‍ നോക്കി
അടക്കം പറയുന്നതെന്താണ് ?
ചിത്രകഥയില്‍ നിന്നും മുഖമുയര്‍ത്തി
പകച്ച കണ്ണുകളാല്‍ അനിയത്തി
എന്തേയിങ്ങനെ നോക്കുന്നു ?!

അമ്മയുടെ തേങ്ങല്‍ അമര്‍ത്തിയത്
അലമുറയാകുന്നുണ്ട്.
ചോദിച്ചിട്ടാരും
പറയാത്തതെന്തേ ?

നിന്നെ കുളത്തില്‍ നിന്നും
മുങ്ങിയെടുത്തപ്പോള്‍
ചിരിച്ചതിനാണോ ?

നമ്മള്‍ സംസാരിക്കുന്നത്
ആര്‍ക്കുമറിയില്ല...
അവര്‍ക്കെന്തു പറ്റിയാവോ
നിന്നെയവര്‍
എങ്ങോട്ടാ കൊണ്ട് പോകുന്നെ...?

കൈകള്‍ ചങ്ങലയിലാണ്
എനിക്ക് ചിരി വരുന്നുണ്ട്
മാലാഖമാര്‍  ചുറ്റും
നൃത്തം വെക്കുന്നത്
ഇവരാരും കാണുന്നില്ല !!

അതാ പിശാചും വരുന്നു
അവനെ ഞാന്‍ കൊല്ലും...!
നിന്നെയവനല്ലേ
കട്ടു കൊണ്ടു പോകാന്‍ നോക്കിയത്.....?

03 November 2009

വെന്ത വാക്കുകള്‍..

വെന്ത വാക്കുകള്‍..
വറചട്ടിയില്‍
മുഖം പൂഴ്ത്തി മനസ്സ്....

അലച്ചിലില്‍ എത്താതെ പോയ
ഇടങ്ങളില്‍ നിന്നുള്ള
കാറിത്തുപ്പലുകള്‍...

വരണ്ട ചിന്തകളില്‍
ഉഷ്ണപ്പുണ്ണ് ...

ചിത മണം
സ്വപ്നങ്ങളെ ബാഷ്പമാക്കി
കടന്നു കളയുന്നു..

കണ്ണുകള്‍
ഒരിക്കലുമുണങ്ങാത്ത
നീരുറവകള്‍...

വറ്റാതെ പെയ്യുന്ന
ഭ്രാന്തിന്‍ തുള്ളികള്‍...

ഒരു പിടി ചോറ്
ആര്‍ത്തിയുടെ കണ്ണുകള്‍..

അവഗണനയുടെ
എച്ചില്‍ പാത്രത്തില്‍
പട്ടികള്‍ക്കൊപ്പമൊരു സദ്യ..

കള്ളിട വഴികളിലെ
മുഖമടിച്ചുള്ള വീഴ്ച..

കാറ്റിന്റെ ചിറകേറി
ആകാശത്തേക്കൊരു സഞ്ചാരം..

തിരികെ മണ്ണിലമരുമ്പോള്‍
കവിളിലൊട്ടിയ മണ്‍ തരികള്‍..
മണ്ണിനു നിന്റെ മണം

ഭ്രാന്ത് സിരകളില്‍
നുരയ്ക്കുന്ന പുഴുവിനെപ്പോലെ..

കവിത അമ്ല സ്പര്‍ശമായി
ആത്മാവില്‍ പൊള്ളുന്നു

അക്ഷര ഗര്‍ഭത്തില്‍
അസ്വസ്ഥതയുടെ തീരങ്ങളിലൂടെ
അപഥ സഞ്ചാരം..

പ്രണയം
ജീവിക്കാനൊരു കാരണം
മരിക്കാതിരിക്കാനും

വാക്കുകളുടെ ചതുരംഗം
എന്നും തോല്‍ക്കുന്നവന്നായി
ഒരു കള്ളക്കരു...

അവസാന വിജയവും
അംഗീകരിക്കില്ലെന്നറിയാം
കരുക്കളെല്ലാം വലിച്ചെറിഞ്ഞ്‌
ഞാന്‍ എഴുന്നേല്‍ക്കും

എനിക്ക് നഷ്ടപ്പെടാന്‍
ഒന്നുമില്ല......
പക്ഷെ നിങ്ങള്‍ക്കോ..?!