.....

31 January 2011

സ്വപ്നസഞ്ചാരം.

വിഹ്വലതകളുടെ രണ്ടാം പകല്‍
തീക്കൂടാര സ്വപ്നശയനം
എന്നിലെക്കൊരു ലാവാ പ്രവാഹം

സിരകളില്‍ മഞ്ഞിന്‍ തണുപ്പ്
നിന്റെ കണ്ണുകളില്‍
പ്രണയത്തിന്റെ ഏഴാം കടല്‍
ഒരു കുഞ്ഞു വഞ്ചിയില്‍ ഞാന്‍

അജ്ഞാതനായ സഞ്ചാരീ ...
നിന്റെ മുതുകില്‍ കൂനിക്കിടക്കുന്ന
ഭാരമെന്താണ്..?
മത്സ്യ കന്യകകള്‍
ചിറകുകളിളക്കി ചോദിക്കുന്നു

സ്വപ്നങ്ങളെ ചുമന്നു ചുമന്നു
കൂനിപ്പോയെന്നു പറയട്ടെ..?
പ്രണയത്തിന്റെ ശവമഞ്ചം
അടക്കം ചെയ്തിടമാണെന്റെ മുതുകെന്ന്
പിറുപിറുക്കട്ടെ..?

കാംക്ഷിക്കുന്നത്
ഉടലാണെന്നറിഞ്ഞിട്ടും
എന്തിനാണ്
വാക്കുകളുടെ ചഷകങ്ങളില്‍
മൌനം നിറച്ച് കാത്തിരിക്കുന്നത് ..?

പ്രണയത്തിന്റെത്
യാഗാഗ്നിയാണെന്നല്ലേ  പറഞ്ഞത്..!
പ്രണയമില്ലാത്ത
വെറും കാമത്തിന്റെ അഗ്നിയോ...?!

ശ്മശാന സൂക്ഷിപ്പുകാരന്‍
മാത്രമായിപ്പോകുന്നു ഞാന്‍
ശവം കരിക്കുന്ന തീയ്യില്‍ എവിടേക്കാണ്‌
ഹവിസ്സൊഴിക്കാന്‍ കൊതിക്കുന്നത്..?

കളങ്കപ്പെട്ട ആത്മാവേ...
നിനക്ക് ,
നിന്റെ പ്രണയത്തിന് ,
നിന്റെ സ്വപ്ന കൂടാരങ്ങള്‍ക്ക് വിട...

27 January 2011

ഒറ്റയാന്‍ കാഴ്ചകള്‍

ഒറ്റയ്ക്കാണെന്ന്
മനസ്സിലാക്കാന്‍  വൈകും..
പുച്ഛവും വെറുപ്പുമുണ്ടാകും
കാണില്ല..
പുഞ്ചിരി മാത്രം കാണും..

ചൂണ്ട പോലെഎറിഞ്ഞു തരുന്ന
നനുത്ത വാക്കുകളാല്‍
മഴയാലെന്ന പോലെ കുതിരും..
മനസ്സ് നിറയെസ്നേഹമാണെന്ന്
പ്രത്യാശിക്കും..

ഒറ്റയാണെന്ന്‌
ഉറക്കത്തില്‍ അരൂപികള്‍ വന്ന്
അടക്കം പറയും..
ഞെട്ടിയുണര്‍ന്ന്
ഫോണില്‍ കയ്യമര്‍ത്തും
വിളിക്കാനുള്ളനമ്പറുകള്‍
ഒന്നുമില്ലെന്ന് ഓര്‍മ്മ തെളിയും.

ഒറ്റപ്പെടല്‍ എന്നത്
ഒറ്റയക്കം പോലെയല്ല..
ഒറ്റപ്പെടല്‍ എന്നതിന്
പര്യായങ്ങളുണ്ടോ..?
ചതുപ്പ് നിലങ്ങളാല്‍ ചുറ്റപ്പെട്ട
കുഞ്ഞു ദ്വീപാണ് ഞാന്‍.
അകത്തേക്കെടുക്കാനാവില്ല
ഒന്നിനെയും...
പുറത്തേക്കുള്ള  വഴിയില്‍
നരച്ച താടിയില്‍ വിരലോടിച്ച്
മരണം കാല്‍ നീട്ടിയിരിക്കുന്നു..!

ഇന്നലെ ഡോക്ടര്‍ വന്നു
ഭ്രാന്തിന്റെ തുടക്കമാണെന്ന്
അടക്കം പറയുന്നത് കേട്ടു .!
എനിക്കു വട്ടാണോ എന്നറിയാന്‍
കുന്നിനപ്പുറത്തെ തങ്ങളുപ്പാപ്പയെ കാണാന്‍
ഉമ്മ ഒരുങ്ങിക്കഴിഞ്ഞു.

ഉത്തരം കിട്ടാതെ പോയ ആള്‍ജിബ്രയുടെ
അവസാനത്തെക്കുറിച്ചുള്ള
ആലോചനയിലായിരുന്നു ഞാന്‍..

നാളെ കഫെയില്‍ പോകണം
എന്റെ നാടെയെന്ന് ഇടയ്ക്കിടെ ഞെട്ടുന്ന
ഫലസ്തീനിപ്പെണ്‍കുട്ടി കാത്തിരിക്കും
അവളുടെ തുടുത്ത മുഖം
വെബ്‌ കാമറയില്‍ നിന്നും
ഇറങ്ങി വന്ന് മുത്തം തരും

കശുമാവിന്‍ പൂക്കള്‍ക്ക്
എന്ത് സുഗന്ധമാണെന്നോ..?
കൊമ്പില്‍ കയര്‍ കെട്ടി
ഊഞ്ഞാലാടാനും രസമാണ്..
കഴുത്തില്‍ കയറിട്ട്
അമ്പിളി ഊഞ്ഞാല്‍ കെട്ടിയതും
കശുമാവിലായിരുന്നു .

എന്തെയെന്നെയിങ്ങനെ
നോക്കുന്നു..?
ഒറ്റയ്ക്കാണെങ്കിലെന്താ..?
കൈ വിരലുകള്‍ ചലിക്കുന്നുണ്ട്.
തലച്ചോറില്‍ ഇഴഞ്ഞു നടക്കുന്ന
അക്ഷരങ്ങളുണ്ട്..
ചിന്തയില്‍ കൂര്‍ത്ത നഖമാഴ്ത്തി
വേദനയുടെ നരക കവാടങ്ങള്‍
തുറന്നു തരുന്നുണ്ട്

ഒരു പക്ഷെ
നാളുകള്‍ എണ്ണപ്പെട്ടിരിക്കാം
നടുങ്ങരുത്
ഞാന്‍ ശപിക്കില്ല
ഭ്രാന്തിനു പങ്കു പറ്റുകയെന്നത്
ഭ്രാന്തിന്റെ ലോകത്ത് തന്നെ
കേള്‍ക്കാത്തതാണ്.

നീ  ഓര്‍ക്കരുത്..
ആദ്യത്തെ കുഞ്ഞിന് മഴയെന്നു പേരിടണം
രണ്ടാമത്തെ കുഞ്ഞിനു പേര് വേണ്ട..
അല്ലെങ്കില്‍ മോതിര വിരലെന്നിടാം..
അനാമിക ‍..!

കൌതുകമുണ്ടാകും അല്ലെ..?
ഇരുള്‍ നിറഞ്ഞ  ഒറ്റ ജനലുള്ള മുറിയില്‍
ഞാനെന്തെടുക്കുന്നുവെന്ന് .?
സ്വപ്നങ്ങളെ അടക്കം ചെയ്യുകയാണ്..
ഉഷ്ണ സഞ്ചാരം നിറഞ്ഞ
എന്റെ ഇരുള്‍ മുറി..!
ഇവിടെ ഞാന്‍ മാത്രമേ ഉള്ളു..

എങ്ങനെയാണ് ഒറ്റയ്ക്കാവുന്നതെന്ന്
നീ അത്ഭുതം കൂറുന്നു..?!

മരണം വന്നെന്റെ കയ്യില്‍
മുത്തമിട്ടിരുന്നുവെങ്കില്‍...
അക്ഷരങ്ങളുടെ വടുക്കള്‍ കണ്ട്
ഓരോരുത്തരായി  പിന്‍വലിയുന്നു..
സഹതാപത്തിന്റെ ,അറപ്പിന്റെ
നിസ്സംഗതയുടെ കണ്ണുകള്‍..
സ്നേഹം നിറഞ്ഞ
കണ്ണുകളെന്തേ കാണുന്നില്ല..?

സ്നേഹം ആത്മഹത്യ ചെയ്തത്
നീ അറിഞ്ഞു അല്ലെ.?
അതാണല്ലോ
മദ്യാലയത്തില്‍ നൃത്തം ചെയ്യാന്‍
പോയിത്തുടങ്ങിയത്..
ആര്പ്പുകള്‍ക്കിടയില്‍
അര്‍ദ്ധ നഗ്നയായ നിന്നിലേക്ക്‌
വന്നു വീഴുന്ന ചുളിയാത്ത നോട്ടുകള്‍...
എനിക്കു മടുത്തു ഞാന്‍ നിറുത്തുന്നു...

16 January 2011

കബറിലുറങ്ങുന്ന കുഞ്ഞുങ്ങള്‍

കുഞ്ഞുങ്ങള്‍
കബറിലുറങ്ങുന്നത്
കണ്ടിട്ടുണ്ടോ ?

വിരല്‍ കുടിച്ച്
ചെറു ചിരിയുതിര്‍ത്ത്
കിടക്കുന്നുണ്ടാകും

തനിച്ചാക്കി
ചുമന്നു വന്നവര്‍
മടങ്ങുമ്പോള്‍,
പോകല്ലേയെന്ന്
ചിണുങ്ങുന്നുണ്ടാകും

വിതുമ്പുന്ന കൂട്ടുകാരനെ
സാറ്റ് കളിക്കാമെന്ന്
ഉറക്കത്തില്‍
തൊട്ടു വിളിക്കുന്നുണ്ടാകും

അതു കണ്ട്
നേര്‍ത്ത ചിറകുകളിളക്കി
മാലാഖമാര്‍
പുഞ്ചിരിക്കുന്നുണ്ടാകും

മറന്നു വെച്ചതെന്തോ
ഭൂമിയില്‍
തിരികെ വലിക്കുന്നുവെന്ന്
കുഞ്ഞിന് ചിലപ്പോള്‍
തോന്നുന്നുണ്ടാകും

അപ്പോഴൊക്കെ
ഒരു മാറ്
വിങ്ങിക്കിനിയുന്നുണ്ടാകും

ചുമരില്‍
കണ്ണീരു
നനയുന്നുണ്ടാകും

ഒരു നിശ്വാസം
കബറിനെ,
പള്ളിക്കാടിനെ
വലം വെച്ച്
പറക്കുന്നുണ്ടാകും

ബറാത്ത് രാവ്
വന്നു വിളിക്കുമ്പോള്‍
മുഖമുയര്‍ത്തിച്ചിരിച്ച്
കബറില്‍ ന്നിന്നുയര്‍ന്ന്
ഉമ്മായെന്ന്
വിളിച്ചു നോക്കുന്നുണ്ടാകും

ജന്നാത്തുല്‍ ഫിര്‍ദൌസിന്റെ
മണം പരത്തി
പള്ളിക്കാട് ചുറ്റി
വീട് ചുറ്റി
ഉമ്മയ്ക്കൊരുമ്മ കൊടുത്ത്
കുഞ്ഞ്‌ പിന്നെയും
കബറിലുറങ്ങുന്നുണ്ടാകാം...

12 January 2011

പൂമ്പാറ്റയെ പിടിക്കേണ്ട വിധം

പൂവുള്ള
ഇടം നോക്കണം.
പൂമ്പാറ്റ,
ഒറ്റയ്ക്കാണോയെന്നറിയണം,

"തേന്‍ തരാന്ന് "
പറഞ്ഞു നോക്കണം.
കേള്‍ക്കില്ല;
എല്ലാറ്റിനും 'വിവരം' വെച്ചു..!

എന്നാപ്പിന്നെ
അറിയാത്ത പോലെ
പൂമരച്ചോട്ടിലിരിക്കണം.
ഒറ്റപ്പിടുത്തത്തില്‍
ചിറക് മുറിയും..!

സാരമില്ല...
കുറച്ചു കഴിഞ്ഞ്,
ഷൂസിട്ടൊന്ന്
അമര്‍ത്തിയാല്‍ മതി.....

06 January 2011

പ്ലാസ്റ്റിക് പൂക്കള്‍

ചോരയും തുപ്പലും തുടച്ച്
പിന്നെയും കഴുകിത്തുടച്ച്‌
ഇറച്ചിക്കടയിലെ
മേശപ്പുറത്തു തന്നെ വെക്കാറുണ്ട്
പഴക്കം വന്നിട്ടും ഭംഗി പോകാത്ത
പ്ലാസ്റ്റിക് പൂക്കള്‍

05 January 2011

ഭൂതകാലത്തുടര്‍ച്ച

കറുത്ത പൂവിതള്‍ തുമ്പില്‍ മുത്തമിട്ടു
കുടിച്ചുന്മത്തനായി ചൊല്ലിയ
വരികളെന്നില്‍ തുളഞ്ഞിറങ്ങി

കസവു തട്ടം ചുരുട്ടി
ഉത്തരത്തില്‍ വളയമാക്കി
യാത്ര ചോദിയ്ക്കാതെ പോയവള്‍
നിനക്കാരുമല്ല...

ഇരുള്‍ മരങ്ങള്‍ പൂത്തു നില്‍ക്കും
വിപ്ലവത്തിന്‍ നിണച്ചാലുകള്‍
കുടിച്ചു തീര്‍ത്ത യൌവ്വനത്തിന്‍
നനവ് പടര്‍ത്തി നീ കവിതയില്‍

നഷ്ട യൌവ്വനം
ശപ്തമാം ഭൂതത്തിലൊരു
പ്രേതബാധ പോലെ
എന്നില്‍ പിന്നെയും..

മുറിച്ചു മാറ്റാത്ത
പൊക്കിള്‍ കൊടിയിലായി
തെരുപ്പിടിച്ച വിരലുകള്‍
കണ്ടു ഞാനമ്പരന്നു നോക്കി,

ദിക്ഭ്രമത്താല്‍
ചുഴലി ദീനത്താലെന്ന പോല്‍
പിടഞ്ഞകന്നൂ
നുരയില്‍ കുളിച്ച നാവുമായി...

കാതില്‍,പൊട്ടിച്ചിതറിയ
ചില്ലു വാക്കുകള്‍.
കൈകളില്‍ കുന്നിമണികള്‍.
കണ്‍കളില്‍ നിഴല്‍ മരിച്ച കാഴ്ചകള്‍..

ഇതു വിഭ്രമക്കാഴ്ചയല്ല..
അല്ലിതു സത്യവുമല്ല..!

ഇനിയേതു നരക വഴിയില്‍
കാത്തു നില്‍പ്പുണ്ടെന്നെ
ഭയപ്പെടുത്താത്തൊരു
ഭൂതകാലത്തിന്‍  ശവം മണക്കാത്ത
മാലാഖക്കുഞ്ഞുങ്ങള്‍...?!

(പഴയ വരികള്‍...)

മകന്‍

കല്ല്‌ കൊണ്ടതാകും
തുടരെത്തുടരെ
മാവിനെറിയുന്നത്
കണ്ടവരുണ്ട്.

ഉന്നം തെറ്റാതെയെറിയാന്‍
മിടുക്കനാണെന്ന്
കേട്ടിട്ടുണ്ട്.

ഒന്നാമത്തെ ഏറില്‍ തന്നെ
നിലത്തു വീണിരിക്കാം
പിടഞ്ഞ അടയാളങ്ങള്‍
മാവിന്‍ ചുവട്ടിലുണ്ട്.

വലിച്ചു കൊണ്ട് പോയത്
തീകത്തിക്കാനാവാം..!
മോനേയെന്ന്
പലവട്ടം വിളിച്ചതാകും

അമ്മവിളിക്കെതിരെ
ചെവി രണ്ടും
കൊട്ടിയടച്ചു കളയാന്‍ മാത്രം
എന്താണ് നിനക്ക് 
കഞ്ചാവ് തന്നത് ?