.....

27 October 2011

ട്രീസാ സാമുവല്‍ പറയുന്നത് ....


കള്ള് മണമുള്ള അപ്പാപ്പന്‍റെ വരണ്ട ചുമ
മുട്ടിപ്പായി പ്രാര്‍ഥിച്ചു പ്രാര്‍ഥിച്ച്
ഒറ്റപ്പെട്ട കൊന്തമണികളുടെ ആത്മ ജപം
അപ്പനുമമ്മയ്ക്കും  സുഖമല്ലേയെന്ന്  
നിവര്‍ത്തി നിവര്‍ത്തി മങ്ങിപ്പോയ കുശലക്കുട

കണ്ടും കേട്ടും മടുത്തതു കൊണ്ടാകാം
വൈകുന്നേരങ്ങളില്‍
വാക്കടുപ്പില്‍ നിന്നും ചില മണങ്ങള്‍
വാശിയോടെ  പൊങ്ങും
തീർത്തും അപരിചിതമായത്

ഒരിക്കല്‍ മാത്രം
ഒരു ചുംബനത്തിന്റെ  ഞെട്ടലില്‍
വിറകു പുരയില്‍ നിന്നും
ഇറങ്ങിയോടുമ്പോള്‍ പിന്തുടര്‍ന്നിരുന്നു
പാമ്പിന്റെ മണം...

വാക്കടുപ്പ്
കണ്ടിട്ടില്ലേ ?
വാക്കടുപ്പിന്
മൂന്നു കല്ലുകളാണുള്ളത്

അനിയത്തി
കര്‍ത്താവിന്റെ മണവാട്ടിയായതില്‍ പിന്നെ
ഒരു കല്ല്‌  തിരയേണ്ടി വന്നിട്ടില്ല.
മുകളില്‍ വരുന്ന ഭാരത്തെക്കാളും
തീ മണത്തില്‍  കേള്‍ക്കുന്ന നിലവിളിയാണ്
അവളെ വേദനിപ്പിക്കുന്നത്.

ഇസ്രയേല്‍ യാത്ര കഴിഞ്ഞ ശേഷം
അമ്മച്ചി   മിണ്ടാറില്ലായിരുന്നു
കൊന്ത പൊട്ടിച്ച്‌  ഓരോ മുത്തും
ഓരോ കുഞ്ഞുങ്ങളാണെന്ന തിരിച്ചറിവില്‍
അമ്മച്ചിയും വാക്കടുപ്പിനു കല്ലായി

ബാക്കിയുള്ളത് ഞാനാണ്..!
ഇടയ്ക്കിടെ കവിത കേട്ട്
ഇടയ്ക്കു  മാത്രം സ്വപ്നത്തില്‍ നിന്നുണര്‍ന്ന്
മസോക്കിസ്റ്റായിത്തീര്‍ന്നിരുന്നു

മൂന്നാമത്തെ കല്ല്‌ തേടി
കുര്‍ബാന മറന്ന്,
അച്ചന്മാര്‍ നടക്കുന്നത്  കണ്ടാണ്‌
ഞാനിരുന്നത്.

മൂന്നു ഭാഗത്ത്‌ നിന്നും
സ്തോത്രങ്ങള്‍ കേള്‍ക്കുന്നുണ്ട്
വെന്തു വെന്ത്‌ ചില ഭാഗങ്ങള്‍
അടരുമെന്നു തോന്നുന്നുണ്ട്.

അപ്പോഴും വാക്കടുപ്പില്‍ നിന്നും
കവിത വേകണേയെന്ന്
പ്രാര്‍ഥനാസ്വരം കേള്‍ക്കാം

അത് കൊണ്ടാണ്
അത് കൊണ്ട് മാത്രമാണ്
ഓര്‍ത്തിരുന്നിട്ടും
ദൈവം മറന്നു പോയെന്നു
കള്ളം പറയുന്നത്

24 October 2011

എനിക്ക് നിന്നെ പൊള്ളുന്നത്..

സ്വര്‍ഗ്ഗം തുറക്കുന്നത്
പകല്‍പ്പൂവ് വാടുമ്പോഴാണ്.
ഒറ്റയ്ക്കൊരാളെയും
കടത്തി വിടില്ല.

ഒറ്റയ്ക്കെന്ന്
ഓടിക്കയറുന്നവര്‍
മുഖമടിച്ച് വീഴുന്നുണ്ടാകും .

നിറഞ്ഞ കണ്ണുകളുമായി
പടികള്‍ക്കടുത്ത്
ചിലരുണ്ടാകും

കൂട്ടു ചെന്നവര്‍
മാറിപ്പോയതറിയാതെ
നനഞ്ഞ ചിരിചിരിച്ച്..

ഉപ്പു ചുവയിലും
സ്വര്‍ഗ്ഗവാസികള്‍ക്കായി
ആശംസകള്‍ നേരും

വിരഹനരകത്തില്‍
കണക്കെടുക്കുന്ന മാലാഖമാര്‍
ചീന്തിപ്പോയ ഹൃദയത്തിലേക്ക്
ചിലപ്പോഴൊക്കെ
ഒരു കുമ്പിള്‍ ജലമിറ്റിക്കും

ഓര്‍മ്മകള്‍ തളിര്‍ക്കുമ്പോള്‍
നരക വാതില്‍ വിടവിലൂടെ
നനഞ്ഞ മുത്തുകള്‍ വീഴും.

അന്നേരമാണ്
എനിക്ക് നിന്നെയും
നിനക്കെന്നെയും പൊള്ളുന്നത്..

10 October 2011

അള്‍ഷിമേഴ്സ്

പൊറ്റ കെട്ടിയ ഓര്‍മ്മകളെ
വിറ വിരല് കൊണ്ട്
മാന്തിയെടുക്കരുത്

ഓര്‍മ്മയുടെ
അയലുകള്‍ പൊട്ടുന്നതും
നേരമില്ലാത്ത നേരങ്ങളിലാണ്.

കൊച്ചുമോള്‍
ഉടുപ്പ്  നല്ല രസമില്ലേയെന്ന്,
അകത്തു നിന്ന്
കണ്ടോ മോന് കിട്ടിയ സമ്മാനമെന്ന്
ചോദ്യങ്ങളുടെ ലോകമപ്പാടെ കൂടെ വരും

ആരാണെന്ന് എന്താണെന്ന്
ഒരൊറ്റ വാക്കിന്റെ തുമ്പു വിറച്ചതല്ലേ...
കണ്ടോ..?!
ഒരു കെട്ട് കഥകള്‍ മുറിഞ്ഞു പോയില്ലേ...

വലിയൊരു മൂളിച്ച കേള്‍ക്കുമ്പോള്‍
മരണം മരണമെന്ന് കരയാന്‍ തോന്നുന്നു.
ഓര്‍മ്മകളേയെന്ന് കരഞ്ഞാല്‍
മറവി മായ്ക്കാന്‍ കഴിയുമോ..?

ഓര്‍മ്മ മരത്തിലെ അവസാന ശിഖരവും
നിനക്കായി കാത്തു വെച്ചതാണെന്ന്
കെമിസ്ട്രി ക്ലാസ്സില്‍ പഠിപ്പിക്കാന്‍ മറന്ന
മരിയ മിസ്സിനോട് പറഞ്ഞതാണ്.

എന്നിട്ട് നീയുമില്ല
ഓര്‍മ്മയുമില്ല..
ഫിഡല്‍ കാസ്ട്രോയുടെ ക്യൂബയുമില്ല..!

അധിനിവേശമാണ് എല്ലായിടത്തും
പെരുകിപ്പെരുകി വരുന്നത്..!
പൂപ്പല് പിടിച്ച ഓര്‍മ്മകള്‍ക്ക് മേല്‍
ആവരണം തീര്‍ത്ത്....
എന്നെയൊന്നു മടക്കിത്തന്നൂടെ..?

ദിശ തെറ്റിപ്പോകുന്ന
വാക്കുകള്‍ക്കിടയില്‍ നിന്നും
പ്രണയം കെട്ടിപ്പിടിച്ചൊരുമ്മ തരുന്നു.

ജീവിതമേ,
സ്വപ്നങ്ങളെ..,
ബന്ധങ്ങളെ....
ഇല്ലാത്ത ഓര്‍മ്മയുടെ നിഴല്‍ വീഴ്ത്തി
സ്വപ്നവഴികളില്‍ കൂടെ നടക്കല്ലേ...

ഒരിക്കല്‍ മാത്രമെങ്കിലും
ഒരൊറ്റയുമ്മയുടെ
പ്രണയത്താല്‍ തളിര്‍പ്പിക്കുമോ..?