.....

25 February 2011

പേരില്ലാത്തവള്‍

വാക്ക് വിഴുങ്ങി മരിച്ചവന്
ശിലാ ഫലകത്താലൊരു
സ്മാരകം

വാക്കിനാലെയ്യാന്‍ പഠിപ്പിച്ച
ഗുരുവിനായൊരു
മുന രാകിയ വാക്കിന്‍ വായ്ത്തല
കരുതി വെക്കാം

അധരപാനം
പഠിപ്പിച്ചവള്‍ക്കായ്
രുചിയുള്ള വാക്കുകള്‍
മാറ്റി വെക്കാം

ജന്മം തന്നവര്‍ക്ക്
ജീവനറ്റ വാക്കിന്‍ ചെതുമ്പലുകള്‍
കാത്തു വെക്കാം

വിശപ്പിന്‍
കണ്ണാലാര്‍ത്തിയോടെ തേടുന്ന
കുഞ്ഞിനായി
വാക്കുമിനി ബാക്കിയില്ല

പേരില്ലാത്തവള്‍ തന്നു പോയ
ചിറകുള്ള വാക്കിന്റെ ചില്ലകള്‍
അടര്‍ത്തി വെക്കാം
അതിലൊരു ഒലീവില
തുന്നിച്ചേര്‍ക്കുക

വാക്കിന്റെ ചിറകേറി
അതെന്റെ ഹൃദയത്തില്‍
എറിഞ്ഞു കൊള്ളിക്കുക...
സമാധനമുണ്ടാകട്ടെ

തെറ്റാതെ
ഗാത്രം നോക്കി
വാക്കിനാലെയ്യുക
നിന്റെ വിഷാസ്ത്രങ്ങള്‍

പിടഞ്ഞു തീരുന്ന
നിശ്വസങ്ങള്‍ക്കിടയില്‍
വാക്കിന്റെ ഗര്‍ഭപാത്രം കാണും

അതെടുത്ത്
പേരില്ലാത്തവള്‍ക്ക് കൊടുക്കുക
അവളാണെന്റെ
ആയുസ്സിന്റെ ജീവന്‍
2010 may

24 February 2011

മൂന്നു ഞെട്ടലുകള്‍

ഒന്നാമത്തേതിലൊരിടത്തും
മുഖമടയാളപ്പെടുത്തിയിട്ടില്ല
ഉതിര്‍ന്നു വീണ
മഞ്ചാടി മണികള്‍ കണ്ടാണ്‌
നില വിളിച്ചത് .

രണ്ടാമത്തേതില്‍
പലയിടത്തും
നഖമിഴഞ്ഞ പാടുണ്ട്
വെള്ളിസര്‍പ്പം പോലെ
ഇരുളിലാഞ്ഞു കൊത്തിയത്

മൂന്നാമത്തേതില്‍
മുഖമുണ്ട്,
ശബ്ദമുണ്ട് ,ചിരിയുമുണ്ട് ..!

പറഞ്ഞാല്‍
എല്ലാം തിരിച്ചു തരുമോ ?
നാറിയ നീതിപീഠം
പട്ടിപ്പത്രച്ചാനല്‍പ്പരിഷകള്‍....

22 February 2011

വിശപ്പ്‌

കൈവിരല് നക്കി
ചിറി നക്കി
പ്ലേറ്റ് നക്കി
അയല്പക്കത്തേക്ക് കൂടി
നീണ്ടു ചെല്ലാന്‍ മാത്രം
നിന്റെ വിശപ്പിന്‍
വേരുകള്‍ക്കെന്തൊരാസക്തി..!

17 February 2011

കവിതാവഴി

പിശാചുക്കള്‍
രമിക്കുമ്പോഴാണെത്രേ
കവിതകളുണ്ടാകുന്നത് .
അത് കൊണ്ടാകാം
ചില വരികള്‍
പിശാചിനെപ്പോലെ പിന്തുടരുന്നത്

10 February 2011

നീതി

വരിക
ശിക്ഷ
വിധിക്കുന്നു ഞാന്‍

ആദ്യം
കന്യകാത്വം
പരീക്ഷിക്കണം

കന്യകയെങ്കില്‍
അഗ്നിയില്‍
പഴുപ്പിച്ചെടുത്തോരീ
വാള്‍ത്തലയവളുടെ
ഗര്‍ഭ പാത്രത്തെ
പൊള്ളിക്കുകില്ല

ബലാല്‍ക്കാരം ചെയ്തെന്നോ
അവളെന്തു കൊണ്ടു
ഒച്ച വെച്ചില്ല..?!
ഇറങ്ങിയോടിയില്ല..?!

അവള്‍ മാത്രമാണ്
കുറ്റവാളി

കുഞ്ഞിന്‍റെ പിതാവാരെന്ന്
ചോദിക്കില്ല.
അവളെന്‍റെ വിരോധി
എന്‍റെ നേരെ ചൂണ്ടിയാല്‍..?!!!!

അവള്‍ പറയുന്നത്
കേള്‍ക്കരുത്
ഉടന്‍ ശിക്ഷിക്കുക

ജീവനോടെ കുഴിച്ചു
മൂടുക
അവളോന്നിച്ചു ശയിച്ചവരെ
വെറുതെ വിടുക

അവളാണ് കുറ്റവാളി..
അവള്‍
മാത്രമാണ് കുറ്റവാളി...

08 February 2011

തീവ്രവാദിയുടെ കവിത

കറുത്ത ശിരോവസ്ത്രമണിഞ്ഞ്‌
ജൂതത്തെരുവില്‍ പൊട്ടിത്തെറിച്ച
പ്രണയത്തെപ്പറ്റി ചോദിക്കൂ...

പിതാവിനെപ്പറ്റി ചോദിക്കൂ ...
കരിഞ്ഞ ഒലീവ് തോട്ടത്തില്‍
മരുന്ന് പരീക്ഷണത്തില്‍
ചുവന്നു കുതിര്‍ന്നത്‌
അബി തന്നെയാണ്

ഗോതമ്പ് വയലില്‍ പിടഞ്ഞ്
രക്തസ്രാവം വന്നു മരിച്ച
ഉമ്മിയെപ്പറ്റി ചോദിക്കൂ...

ചെകുത്താന്‍
പിടിച്ചു കൊണ്ട് പോയ
സഹോദരങ്ങളെപ്പറ്റി ചോദിക്കൂ ...

കണ്ണു പൊട്ടിപ്പോയ
നാടിനെപ്പറ്റി ചോദിക്കൂ...
മണ്‍കട്ടയായുടഞ്ഞു പോയ
വീടിനെപ്പറ്റി ചോദിക്കൂ ..

രാജ്യമേയെന്നു
നെഞ്ചു പൊട്ടിക്കരയുന്ന
ജദ്ദായെ പറ്റി ചോദിക്കൂ....

ജൂതന്റെ ദുഷിച്ച രക്തം
ചാവു കടലില്‍
ഒഴുക്കുമെന്നാണയിടുന്ന
കുഞ്ഞനിയനെപ്പറ്റി ചോദിക്കൂ...

പിടഞ്ഞ് വീഴുമ്പോഴും
മുറുകെപ്പിടിക്കാന്‍
മണ്‍കട്ടയല്ലാതെ
ആയുധമെന്തുണ്ടെന്നു ചോദിക്കൂ..

07 February 2011

മൂന്നു കവിതപ്പൊട്ടുകള്‍..

1.   സ്ത്രീധനം

കാമത്തിന് നീലയും
പ്രണയത്തിന്
പനിനീര്‍ച്ചുവപ്പും
നിന്റെയുടലിന്
മഞ്ഞപ്പവന്‍ നിറവും

2 .  കുട്ടി

ഗൃഹപാഠത്തേക്കാളും
ഗുണനപ്പട്ടികയേക്കാളും
പേടിപ്പിക്കുന്നത്‌
എന്താണെന്നോര്‍മ്മ കിട്ടുന്നേയില്ല...

3.  വിരിപ്പ്

ഇന്നലത്തെ
വിരിപ്പലക്കിയുണക്കിയതോടെ
നമ്മുടെ പ്രണയം
മാഞ്ഞു പോയി

03 February 2011

മുറിപ്പാടുകള്‍

ഓര്‍മ്മച്ചില്ലകളിലൊന്നും
കൂടു കൂട്ടാനറിയാത്ത
ഭ്രാന്തന്‍ കിളിയാണ് ഞാന്‍.
വിരിയാത്ത മുട്ടയ്ക്ക്
അടയിരിക്കുന്നയാള്‍...

കളി പറഞ്ഞപ്പോഴും
കടം കുടിച്ചപ്പോഴും
പിണങ്ങിപ്പിരിയാന്‍
മുതിര്‍ന്നില്ല
ഇപ്പോഴെന്തിനാണ്‌ നീ...?

ഒറ്റയ്ക്കിരുന്നതല്ലേ
ഒന്നും ചോദിച്ചില്ലല്ലോ..
ഉറക്കത്തില്‍ പോലുമൊരക്ഷരം
എതിരോതിയില്ല 

പറഞ്ഞതല്ലേ..
അരികു കീറി വക്കൊടിഞ്ഞ്
വിതുമ്പിപ്പോയതാണെന്റെ
വാക്കുകളെന്ന്..?!

കണ്ടതല്ലേ..
ചോര്‍ന്നൊലിക്കുന്ന
ഓര്‍മ്മക്കൂരയില്‍
അരികു പറ്റി
മിടിക്കാന്‍ മറക്കുന്ന
ഹൃദയത്തെ

എന്നിട്ടുമെന്തിനാണ്
മഴയിലൊതുങ്ങിയ ചിറകുമായി
എന്റെ മരക്കൊമ്പിലേക്ക്
പാറി വന്നത് ?

കൂട്ട് വേണ്ടാ‍ത്തവനെ
ഇര തേടാത്തവനെ
കൂടെപ്പറന്ന് നെഞ്ചുരുക്കിയത് ?

ആകാശത്താഴ്വരയ്ക്കപ്പുറം
ചിറകു കുടഞ്ഞ് നീ പോകുമ്പോള്‍
എന്റെ  കൊക്കില്‍
മുറിപ്പാടുകള്‍ ബാക്കി...