.....

28 March 2011

ഇരവഴി

പ്രണയങ്ങള്‍ പൂക്കുന്നിടം
അറിയുമോ ?
അങ്ങോട്ടൊരു
യാത്ര പോകണം

നീയൊരു തുമ്പിച്ചിറക്
കടം വാങ്ങുക

അധികം പിന്നിലല്ലാതെ
വവ്വാല്‍ച്ചിറകുമായി
ഞാനെത്താം

വഴി തിരഞ്ഞ്
പകച്ചു നില്‍ക്കരുത്
കൂട്ട് തേടി തിരിഞ്ഞു നോക്കരുത്

അവിടം എത്തിച്ചേരും വരെ
ഞാനൊരു വവ്വാലും
നീയൊരു തുമ്പിയും മാത്രം..

19 March 2011

കവിതകള്‍ വായിക്കപ്പെടുന്നത്


വെയില് തട്ടിയും
മഴ നനഞ്ഞുമാകാം
നിറം നരച്ച് , പുറം ചട്ട കീറി
ചടച്ചു പോയൊരു കവിത
കവലയില്‍ നില്‍പ്പുണ്ട്

വഴിക്കാഴ്ചയില്‍
ഒരു കണ്ണാലും വായിക്കപ്പെടാതെ
എല്ലുന്തി കണ്ണ് കുഴിഞ്ഞ്
കവിത നിന്നാവിയാകാറുണ്ട്.

ആരെങ്കിലും കൊണ്ട് പോയി
ചേര്‍ത്ത് വെച്ച് വായിക്കുമെന്നും
കീറിയ മേലുടുപ്പ്
ബൈന്‍ഡ് ചെയ്ത്‌ ഭംഗിയാക്കുമെന്നും
ഇടയ്ക്കിടെ കൊതിക്കാറുണ്ട്.

രണ്ടു കവലയ്ക്കപ്പുറം
ഓവര്‍ ബ്രിഡ്‌ജിനടിയില്‍
ഒരു കവിത പിടയുന്നുണ്ട്‌

നിരൂപകരാകാം
മാറി മാറി വായിച്ചും
അഭിപ്രായങ്ങള്‍ ഒച്ചയിട്ടും
ഇടയ്ക്കിടെ ലഹരി മോന്തുന്നുണ്ട് .

അതിനുമപ്പുറം
വി ഐ പി കള്‍ മാത്രം വസിക്കുന്ന
അമര്‍ദീപില്‍
ഒരു കവിത ഉറങ്ങാതെയിരിപ്പുണ്ട്

വാങ്ങി വെച്ചയാള്‍
മറക്കുന്നത് കൊണ്ടാകാം
കവിത ഇടയ്ക്കിടെ
സ്വയം ചൊല്ലിത്തുടങ്ങും
അപ്പോഴൊക്കെ
രാവ്  കവിതയ്ക്കരികിലേക്ക്
കള്ളനെപ്പോലെ പതുങ്ങിച്ചെല്ലും .

പറഞ്ഞപ്പോഴാണ്
ഓര്‍മ്മ വന്നത്
അയ്യപ്പന്റെ എഴുതാതെ പോയ
ഒരു താള്
എന്നെ തേടി അലയുന്നുണ്ട്

ഞാനൊറ്റയ്ക്ക്
നിലാവില്‍
ആ കവിതയോടൊന്നു
കിന്നാരം പറഞ്ഞു വരാം

14 March 2011

പേരില്ലാത്ത തെരുവേ

തെരുവേയെന്നു കരയുന്ന
നീയാരാണ്‌..?
വരണ്ടു വിണ്ടടര്‍ന്ന
ചുണ്ടിലുമ്മ ചോദിച്ച്
നീയെന്തിനു കല്ല്‌ വാങ്ങുന്നു ?

തെരുവിന്റെ ശവം കണ്ടില്ലേ ?
കേടായ കളിപ്പാട്ടം പോലെയാണ്
കുട്ടികള്‍ വലിച്ചെറിഞ്ഞത്

കുട്ടികളോ എന്ന് അത്ഭുതപ്പെടാന്‍
തോന്നുന്നുണ്ടോ ?
ഇവിടെ കുട്ടികളാണ്
ശവം കൊണ്ട് പോകുന്നത്.

ഉപേക്ഷിക്കപ്പെട്ട പട്ടാള ട്രക്കിന്റെ
ടയറുകള്‍ ചേര്‍ത്തുണ്ടാക്കിയ വണ്ടിയിലാണ്
വലിച്ചു കൊണ്ട് പോയത്

പൂട്ടിപ്പോയ പന്നിഫാമിന്റെ പുറകിലേക്ക്
നരകമണം ശ്വസിക്കെടായെന്ന്
തെരുവിനെയും വണ്ടിയെയും തള്ളിയപ്പോള്‍
കയ്യടിയുടെ  കടല്‍ത്തിര ഉയര്‍ന്നിരുന്നു

തെരുവുകള്‍ക്ക്‌ മീതെ
കരിമ്പടം പുതപ്പിച്ചവനെത്തേടിയാണ്
കുട്ടികള്‍  കവണകളുമായി നടക്കുന്നത്

വിളക്കു കാലുകളില്‍ തലയടിച്ച്  
തെരുവേ തെരുവേയെന്ന്  കരഞ്ഞ്‌
തെരുവെന്നു പേര് കിട്ടിയ
പേരില്ലാത്ത തെരുവേ...

നിന്റെയോര്‍മ്മ മാത്രം മതിയെന്ന്
ചോര മണത്തിലോക്കാനിക്കാത്ത കുട്ടികള്‍
പറഞ്ഞു കൊണ്ടേയിരിക്കുന്നു.

എന്റെ തെരുവേ...
നീ മരിക്കാതിരുന്നെങ്കില്‍
നെഞ്ചില്‍ ഒരു വെടിയുണ്ടയും
തറയാതിരുന്നെങ്കില്‍.......

05 March 2011

ആറ് ഉന്മാദപ്പൊട്ടുകള്‍

1.കവിത
നെടു ഞരമ്പ് കീറി
തീത്തുള്ളിയുറ്റിച്ച്
ബോധരേണുക്കളില്‍
രക്ത സ്രാവം

2. നീ
മറവിയിലുമ്മ വെച്ച്
ഓര്‍മ്മപ്പൂപ്പല്‍
ചുരണ്ടിക്കൂട്ടി
നിലാവ് പോലൊളിക്കുന്നു

3. വീട്
ദുരൂഹതകള്‍ക്കൊരു കൂടാരം
മുറു മുറുപ്പിന്റെ ദൃഷ്ടികള്‍ക്കിടയില്‍
തിളച്ചു മൂടിയ കിണറാഴം


4. മിഠായി
വാ പൂട്ടിയൊന്നുമ്മ വെച്ചാല്‍
തീര്‍ന്നു പോകുവാന്‍ മാത്രം
എന്തു കൊണ്ടിത്ര ദുര്‍ബലയായി ?!

5. സംശയം
കണ്ണുനീരില്‍ ഉപ്പ് കൂടുതല്‍
പുഞ്ചിരിക്ക് വെണ്മ കൂടുതല്‍
വിയര്‍പ്പിന് സിഗരറ്റിന്റെ മണം
ചുംബനത്തിന്
ശീലിച്ചതിന്റെ പരിചയം
നീ പതിവ്രതയല്ല ..

6. വേദന
പ്രണയമെന്നാല്‍
ചങ്ങലക്കൊളുത്താണ്
തുരുമ്പിച്ചടര്‍ന്നാലും
മാംസത്തിലാഴ്ന്നു
കൊണ്ടേയിരിക്കും