.....

26 June 2008

പ്രത്യാശ

വെന്തടര്‍ന്ന ഹൃദയത്തില്‍
വിരലമര്‍ത്തി
ചോര കൊണ്ടൊരു
കയ്യൊപ്പ്.....

നീ പൊള്ളിച്ച
ഹൃദയത്തിലിനി
സ്നേഹമുറയില്ല

ബാഷ്പമായ്‌ പോയ
പ്രണയ കണികയില്‍
പറ്റിപ്പിടിച്ചത് സ്വപ്‌നങ്ങള്‍......

നിന്‍റെ നഖക്ഷതമേറ്റു കീറിപ്പോയ
ഹൃദയത്തില്‍ പുരട്ടേണ്ടത്
കണ്ണീരുപ്പാണെന്നു
തനിച്ചാക്കിയെന്നെ
വിട്ടു പോകുമ്പോള്‍
നീ പറയുന്നു..........

ഒലിച്ചിറങ്ങിയ
കണ്ണീരു തുടയ്ക്കാനെന്‍റെ
കവിളിലമര്‍ത്തിയ
അവളുടെ നനുത്ത വിരലുകളും
നിന്‍റെ വിഷം നിറഞ്ഞ
നിശ്വാസം തട്ടി കരിഞ്ഞിരിക്കുന്നു

എല്ലിന്‍ കൂടായിത്തീര്‍ന്ന
എന്‍റെ നെഞ്ചില്‍
കണ്ണീരില്‍ കലര്‍ന്ന
ചോര പടര്‍ന്ന്
പുതിയ ഭൂപടം വരയ്ക്കുന്നു..

ആറാമത്തെ വാരിയെല്ല് തേടി
വിചിത്രമായ
ഗ്രാഫുകള്‍ വരച്ച്
താഴേക്ക്...

ഇതാ...
ഞാവല്‍പഴങ്ങള്‍ക്കൊപ്പം,
വേവിച്ചെടുത്തൊരീ
ഹൃദയവും കൃഷ്ണ മണികളും
ഭക്ഷിക്കുക...

നീ
ഉറക്കം നടിക്കുന്നതെന്തിനു...?
നിന്‍റെ കുടിലമായ കണ്ണുകള്‍
സത്യം പറയുന്നുണ്ട്.....

വയ്യ.....!!!
ഇനിയും വാക്കുകള്‍ക്ക്
തീപിടിപ്പിക്കുവാന്‍...

എന്‍റെയഗ്നി
കെട്ടു പോയിരിക്കുന്നു....
അക്ഷരങ്ങള്‍
കണ്ണീരു തട്ടി കുതിര്‍ന്നിരിക്കുന്നു...

ഇനി
എന്‍റെ ചിതയില്‍ വെച്ചവ ,
ചുട്ടെടുക്കാം...

എനിക്കീ
പേക്കിനാവ് നിറഞ്ഞ
ഉറക്കം മതിയായി...

വെളിച്ചം കെട്ട നെരിപ്പോടില്‍
ഒരു തീപ്പൊരിയെങ്കിലും
ബാക്കിയാവുമെന്നു
ഞാന്‍ ആശിക്കട്ടെ...

പ്രത്യാശയുടെ
ആ നുറുങ്ങു വെട്ടം
ഒരു കുഞ്ഞു മാലഖയ്ക്ക്
വഴി കാണിക്കും ....

അതു വരെ
ഞാന്‍ ഉണര്‍ന്നിരിക്കാം.

20 June 2008

മഴ

ക്ലാവ് പിടിച്ച ഓര്‍മ്മകളില്‍
പുതു മണ്ണിന്‍റെ മണമൊളിപ്പിച്ച്
പെയ്തിറങ്ങുന്നു

ഓലക്കീറുകള്‍ക്കിടയിലൂടെ
കുസൃതിക്കൈകള്‍ നീട്ടി
തൊട്ടു കളിക്കുന്നു

കുളിര്
തുന്നി
ളകിയ 
ഉടുപ്പുകള്‍ക്കിടയിലൂടെ
കാളിച്ചയായി
കൊളുത്തി വലിക്കുന്നു

ഒഴുകിപ്പോയ
കടലാസു തോണികളില്‍
പുസ്തകത്താളിലെ മയില്‍ പീലികള്‍
ആകാശം കണ്ടപ്പോള്‍
കരള്‍ നൊന്തു കരയുന്നു

ചെമ്പരത്തിപ്പൂ ചതച്ച്
നിറം വരുത്തിയ ബോര്‍ഡില്‍
മാഷ്, വര്‍ണച്ചോക്കു കൊണ്ട്
കടല്‍ത്തിരയ്ക്ക്
ജീവന്‍ നല്‍കാന്‍ കൊതിക്കുന്നു

മഴ നനഞ്ഞു
വികൃതമായ
വരകള്‍ക്കിടയില്‍
മിഴിയുടക്കിപ്പോയ
പിന്‍ ബഞ്ചിലെ കോങ്കണ്ണൂള്ള പെണ്‍കുട്ടി
തികട്ടി വന്ന സ്വപ്നങ്ങളെ
ഛര്‍ദ്ധിച്ചു കളയുന്നു

ഉറങ്ങും മുമ്പേ തുറന്നു വച്ച
ഓര്‍മ്മകളുടെ ചെപ്പ് തുറന്നു
സ്വപ്നങ്ങളെയും കഴുകി
ശേഷിപ്പുകളില്ലാത്ത
പകലുകള്‍ ഒരുക്കുന്നു

കൈത്തോടുകളിലെ
കുഞ്ഞു നിലവിളികള്‍
കേള്‍ക്കാനായുമ്പോള്‍
പുതിയൊരു താളം പകര്‍ന്നു
പെയ്തൊടുങ്ങുന്നു

ഭീതിയുടെ
ശിരോ വസ്ത്രമൂരാതെ
കനത്ത കൈത്തലം കൊണ്ട്
സര്‍വ്വം തച്ചു തകര്‍ക്കുന്നു

ഒടുക്കം
ചെമ്മണ്ണില്‍
പുതഞ്ഞു കിടക്കുന്ന
കുഞ്ഞു ചെരുപ്പുകള്‍
ബാക്കിയാക്കി
മഴ, അജ്ഞാതനായ
ശത്രുവിനെ പോലെ
കൊലച്ചിരി ചിരിച്ചു
രംഗമൊഴിയുന്നു

18 June 2008

നിഴല്‍ക്കാഴ്ചകള്‍

ഇരുട്ട്
നേര്‍ത്ത കൈത്തിരി വെട്ടത്തിന്‍റെ
ശോഷിച്ച ജഡത്തില്‍
കൈകള്‍ കുത്തിയിറക്കി

മനസ്സ്
കറുത്ത ഫലകങ്ങളില്‍
നിലാ വെളിച്ചം തട്ടിത്തിളങ്ങുമ്പോള്‍
രാപ്പനി പിടിച്ചു കിടപ്പിലായി

സ്വപ്നം
പൊട്ടാറായ പട്ടത്തിന്‍റെ
ദുര്‍ബലമായ ചരടില്‍
അറ്റം കാണാത്ത മാനത്തിന്‍റെ
അതിര് തേടിപ്പോയി

മൌനം
ചത്തു കിടന്ന ഈയല്‍ കൂട്ടത്തിനിടയില്‍
ചൂടു പറ്റിക്കിടന്ന മൌനം
ശവ ഗന്ധം പേറി തിരിച്ചു വരുന്നു

മുഖം
കണ്ണാടി കടം കൊടുത്ത
മുഖമില്ലാത്ത മനുഷ്യര്‍ക്ക്‌
മുഖം മൂടി സമ്മാനിക്കുന്നു ഞാന്‍

15 June 2008

ഉയിര്‍പ്പ്

ഞാനിനിയും വരില്ലെന്ന്
തീര്‍ച്ചപ്പെടുത്തിയവരുടെ
ചെയ്തികളാണ്
ഞാന്‍ കണ്ടത്
അതെന്‍റെ തീരുമാനം
ശരിയാണെന്നെന്നെ
അറിയിക്കുന്നു

അമ്മ
വീണ്ടും വരാത്ത
കുരുത്തം കെട്ട സന്തതിയെ
ഓര്‍ത്തു
നൊമ്പരപ്പെടുന്നു

അച്ഛന്‍
കുടിച്ചു വന്നു
തല്ലുണ്ടാക്കുവാനിനി
എഴുത്ത് മുറിയില്‍
മകനുണ്ടാവില്ലെന്നറിഞ്ഞു
കുടി നിറുത്തി

പണ്ടെന്നോ കടം വാങ്ങിയ
നൂറു രൂപ ലാഭമായെന്നോര്‍ത്തു
കണാരേട്ടന്‍ സന്തോഷിക്കുന്നു

നിരത്ത് വക്കിലെ
ചുവന്ന വാകയ്ക്ക് കീഴെ
തണല്‍ പറ്റിയിരിക്കുന്ന
ഭ്രാന്തന്‍ പൂച്ചക്കണ്ണന്‍
ഇനിയാരോട്,
സങ്കടം പറയുമെന്നോര്‍ത്തു
എന്നെ തേടുന്നു

ഒരാഴ്ച മുമ്പ്
പാര്‍ക്കിലെ അക്വേഷ്യ മരച്ചുവട്ടില്‍
എന്‍റെ മടിയില്‍ തലവെച്ച്‌
എന്നോട് കിന്നരിച്ചു
ഇനിയൊരു ജീവിതവും
മരണവുമൊന്നിചെചന്നു
മൊഴിഞ്ഞവള്‍
കടല കൊറിച്ചു കൊണ്ടു
ഒരു തടിയന്‍ ഡോക്ടറുടെ കൂടെ
തിയേറ്ററില്‍ നിന്നു ഇറങ്ങി വരുന്നു

പുതുമ മാറാത്ത
എന്‍റെ കുഴിമാടത്തിനരികിലൂടെ
അവള്‍, നേരംപോക്ക് പറഞ്ഞു
നടന്നകലുന്നു

എന്നെക്കാത്ത്
വായനശാലയിലെ
നീണ്ട ബെഞ്ചുകളില്‍
ഇരിക്കാറുള്ള കൂട്ടുകാര്‍
ഒരു സിഗറെറ്റിന്ടെ
വിലയിലൊതുക്കി
എന്നെ ഓര്‍ക്കുന്നു

അടുപ്പ് കല്ല്
പൊന്നായാലെങ്ങനെ
കഞ്ഞി വെക്കുമെന്നറിയാത്ത
വയസ്സിപ്പണിച്ചി മുന്ടത്തി
അടുപ്പ് കല്ല് പൊന്നാകട്ടെയെന്നു
പറയാനിനി,തെമ്മാടിചെറുക്കന്‍
ഉണ്ടാവില്ലെന്നറിഞ്ഞു
ആശ്വസിക്കുന്നു

കോളേജ് കാന്റീനില്‍
പറ്റു തീര്‍ക്കാന്‍
എന്നോടിരന്ന രാമന്‍കുട്ടി
മനുഷ്യത്വമില്ലാത്തവനെന്നു
സാഹിത്യ ചര്‍ച്ചയില്‍
എന്നെ, തള്ളിപ്പറയുന്നു

മുരളി മാഷ്
കുട്ടികളോട്‌ പറയുന്നതു കേട്ടു
മരിച്ചിരുന്നില്ലെങ്കില്‍
എനിക്ക്
നല്ലൊരു ഭാവി ഉണ്ടാകുമായിരുന്നെന്നു
കയര്‍ക്കുരുക്ക്
എന്‍റെ കഴുത്തിനു
പാകമാണോയെന്നു
ഞാന്‍ നോക്കിയത്‌
മണ്ടതതരമാണെന്ന്

ഭാവി.........!
നീറി നീറി, വിതുമ്പി....
ഞാനെത്ര കാത്തിരുന്നു
തളര്‍ന്നുറങ്ങുന്ന പട്ടിണി രാവുകള്‍
എത്ര കടന്നു പോയി....

ഭാവി .........!
മാഷ് പഠിപ്പിക്കുന്ന
കുട്ടികളുടെ ഭാവി
എനിക്കറിയാം

പതിനാറാം വയസ്സില്‍
ഇരുപതൊന്നാം വയസ്സില്‍
മുപ്പതില്‍ , അമ്പതില്‍
ഒടുങ്ങും അവരുടെ ഭാവി..

ഒടുക്കം
അവരെന്താണ്
കൊണ്ടു പോവുക
ഭാവിയാണോ ഭാവി ...?

03 June 2008

അനുഭൂതി

നിശ തന്‍ ഇരുണ്ട യാമങ്ങള്‍
കൊഴിഞ്ഞിറങ്ങുന്നൂ മൂകമായ്‌
വലയില്‍ പിടയും കലമാനിന്‍ രോദനം
ആരവങ്ങളൊടുങ്ങാത്ത മനസ്സിന്‍റെ മയക്കം

ആയിരം വിഷ ബാണമേറ്റതു പോല്‍ പുളയും
നിദ്രയ്ക്കന്യയാം അമ്മ തന്‍ ചേതന
പൈതലിന്‍ വരണ്ടയധരങ്ങള്‍
ജീവാമൃതം തേടുന്നു

അര്‍ബുദം കാര്‍ന്നിടും സ്തനങ്ങളില്‍
കുഞ്ഞിന്‍ കരങ്ങള്‍ പരതിടുന്നു
കിനാവില്‍ ലയിച്ചിടും ജനനിയെ
വിങ്ങുന്ന വേദന ഉണര്‍ത്തിടുന്നു
കുഞ്ഞിന്‍റെ കരങ്ങളാ മാറിലമരുന്നു
വേദനയാല്‍ പുളയുന്നൂ വ്രണിത ഹൃദയം

മയങ്ങിക്കിടക്കും അമ്മ തന്‍ തൃഷ്ണ
അറിയാതുണര്‍ന്നീടുമീ വേളയില്‍
പുണരുന്നൂ കുഞ്ഞിനെയാക്കരങ്ങള്‍
അമ്മതന്‍ ആത്മാവിന്‍ നിര്‍വൃതിയാല്

ഒടുങ്ങാത്ത ദാഹത്താല്‍ കുഞ്ഞു പതറുന്നു
വേദന പുളയുന്ന നിന്‍മാറ് കനിയുന്നു
കരങ്ങള്‍ നീട്ടുന്നു നീ
കുഞ്ഞിനെ അണയ്ക്കുന്നു

നീറുന്ന മാറില്‍ ചുരത്തുന്ന പാല്‍ നിറം
ഏറെ കറുത്തു പോയ് ജീവന്‍ പിടഞ്ഞു പോയ്
അമ്മ തന്‍ മാറിലേക്കധരങ്ങള്‍ തേടുന്നു
നിന്‍ ചുടു രക്തം നുണഞ്ഞവനമരുന്നു

അര്‍ബുദം കാര്‍ന്നിടും നിന്‍സ്തനം ചപ്പുന്ന
കുഞ്ഞിന്‍റെ ഉള്ളം വിറയ്ക്കുന്നുണ്ടാവുമോ...?
തപിക്കുന്നുണ്ടമ്മതന്‍ ചേതനയെങ്കിലും
അമ്മയ്ക്ക് തന്‍ കുഞ്ഞനുഭൂതിയായിടുന്നു...
ഇതിന് മലയാളത്തിലെ ഒരു വാരികയില്‍ വന്ന കഥയോട് കടപ്പാട്

01 June 2008

മുറിവ്‌

പ്രിയേ
ഞാനെന്തെഴുതണം..?

എനിക്കറിയുന്നില്ല
എന്‍റെ ചിന്തകളില്‍
തീ പടര്‍ന്ന്
വാക്കുകളെ കരിക്കുന്നു

ഭ്രാന്താശുപത്രീലന്നു
സന്ദര്‍ശനം നടത്തിയപ്പോള്‍
മരിച്ച മക്കളെ
കൊതിച്ചിരിക്കുന്ന
അമ്മയെക്കണ്ട്
ഞാന്‍ കരഞ്ഞപ്പൊഴേ
നീ പറഞ്ഞിരുന്നു
എനിക്ക് ഭ്രാന്താണെന്ന്

ഞാനിന്ന്
ആകാശത്തായിരുന്നു..!
അവിടമാകെ
മാലാഖമാരുടെ
മുറിഞ്ഞ ചിറകുകളാണ്...

നനഞ്ഞ കൈത്തലം
ഇതാ നോക്കൂ.....
ചോര ...!
ഞാനൊരു
ചിറകെടുത്തതാണ്.

നീ മാത്രമാണെന്റ്റേത്...
അമൃതായും തീയ്യായും
പെയ്തിറങ്ങുവാനിനി
നീയില്ലെങ്കില്‍
എനിക്ക് നേരെ പോകാം
കാത്തിരിക്കേണ്ടല്ലോ...!

പക്ഷെ
ഒടുവില്‍ നീ മാത്രം
ബാക്കി വരും
അതങ്ങനെയേ വരൂ ...

ഒരു ചിതക്ക് കൂടി
തീ കൊളുത്തുവാനുണ്ട്
നീ വരിക

ഇന്നെനിക്ക്
ആഘോഷിക്കാനുളളതാണ്
എന്റെ ശത്രുക്കളെല്ലാമൊടുങ്ങി

പു‌വ്.....പൂമ്പാറ്റ .....നിലാവ് .....
ഒന്നുമിനിയുണ്ടാവില്ല
ഇനി ഞാനും
കൂട്ടിന് ഇരുട്ടും..!

കടലിലെറിയാനുള്ള
കരിപിടിച്ച
സ്വപ്‌നങ്ങള്‍ നിറയ്ക്കുവാനൊരു
വട്ടി വേണം

പുതിയത് വാങ്ങേണ്ട
പിളരാത്ത
തലയോട്ടികളുണ്ട്
അതില്‍ നിറയ്ക്കാം..!

ഞാന്‍ ......

ഞാന്‍
അനാഥ പഥികന്‍റെ
പാഴ്ക്കിനാവ്

ദേഹം വെടിഞ്ഞു
സ്വച്ഛത തേടിയ
ദേഹി

കലങ്ങിയ മനസ്സില്‍
പിടയുന്ന
പരല്‍മീനുകളെ
വലയില്ലാതെ
പിടിച്ചവന്‍

നിറംകെട്ട ചിന്തകളില്‍
നഷ്ടബോധത്തിന്‍റെ
മരവിപ്പ് ബാക്കിയാക്കി
മണ്മറഞ്ഞവന്‍്

പുഴുവരിച്ച ജഡത്തിന്‍റെ
അസ്ഥികളുടെ ശുഭ്രതയെ
നെഞ്ചേറ്റുന്നവന്‍