.....

21 May 2015

മരിച്ചവന്റെ ഓർമ്മപ്പുസ്തകം

മരിച്ചവന്റെ ഓര്മ്മ ദിനത്തിൽ
അവനിഷ്ടമുള്ള ഭക്ഷണമോ
ഇഷ്ടമുള്ള നിറങ്ങളോ
ഇഷ്ടമുള്ള പാട്ടുകളോ
ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ

വെറുപ്പിനെക്കാൾ
വെറുത്തു പോയ
ചില ചിരികളിൽ
അവന്റെ ഓര്മ്മ
പല്ലിടയിൽ കുടുങ്ങും

ഇട്ടേച്ച് പോയ കടങ്ങളെ
പൂർത്തിയാക്കാത്ത
വീടു പണിയെ
കൊടുക്കാമെന്നേറ്റ
സ്ത്രീധന ബാക്കിയെ
വാക്കത്തി വാക്കുകളാൽ
മുറിച്ച് മുറിച്ച്....

പൊട്ടിപ്പോയ കളിപ്പാട്ടങ്ങളിൽ
പാതി നിറുത്തിയ കഥയിൽ
തരാമെന്നേറ്റ സമ്മാനങ്ങളിൽ
ഒരു കുട്ടി...

ആരും സ്നേഹിക്കാനില്ലാത്ത
കുഴിമാടം
ഓരോ വസന്തത്തിലും
മച്ചിയുടെ അടിവയറ് പോലെ
തുടിക്കും

നെഞ്ചിലേക്ക് ഇലകളടർത്തി
മരമതിന്റെ
തണലിനാൽ തലോടും.
കാട്ടു ചെടികൾ
ഓര്മ്മകളെ,
ജീവിച്ചു തീരാത്ത ചിലതിനെ
നീട്ടിനീട്ടി വിളിക്കുന്നുണ്ട്

തിരഞ്ഞു വരാനാളില്ലാത്ത
താഴ്വാരങ്ങളിലേക്ക്
ഓരോ രാവിലും
മണ്ണറ തുറന്ന് യാത്ര പോകുന്നു.

മൂടിപ്പുതച്ച മഞ്ഞു മാറ്റി
താഴ്വാരം
ശിരസ്സിൽ ചുണ്ടു ചേർക്കുന്നു
ഒരാളും ചുംബിക്കാത്ത
കണ്പോളകളെ
ഇക്കിളിപ്പെടുത്തുന്നു.

രാത്രി തീർന്നു പോകല്ലേയെന്ന്
നെഞ്ചിടിപ്പോടെ
ഓടിക്കൊണ്ടേയിരിക്കുന്നു.

ഒരിക്കലും കേട്ടിട്ടില്ലാത്ത
വിദൂര ഗ്രാമങ്ങളിലേക്ക്
എത്തിപ്പെടും മുമ്പേ
ക്രൂരമായ ചിരിയോടെ
വെളിച്ചം കോരിയൊഴിച്ച്
രാത്രി, കടന്നു കളയുന്നു.

ഏകാകിയുടെ
ഗാനങ്ങളിൽ
മരണത്തിന്റെ തണുപ്പ്.
തൊട്ടു നോക്കൂ
മടുപ്പ് പുതച്ച് മരണമുറങ്ങുന്നു

നെഞ്ചിലാകെ
വിരലോടിച്ച് രസിക്കുന്നു
ആരും കൊതിക്കുന്ന
നീലക്കണ്ണുള്ള മരണം

നോക്കൂ
വേരടർന്നുപോയ മരച്ചുവട്ടിൽ
നഷ്ടപ്പെട്ട പൂച്ചക്കുഞ്ഞുങ്ങളെ
കാത്തു കാത്ത്
ഒരു പെണ്‍കുട്ടി

ഓരോ വാക്കിലും
മണ്ണിനടിയിൽ നോവും
നോവിൽ ചൂട് പകർന്ന്
ദൂരെ ദൂരെ
അവന്റെ ഓർമ്മയിൽ
ഒരുവൾ മാത്രം കരയും

കരയാൻ മാത്രമൊന്നും
പറഞ്ഞില്ലല്ലോയെന്ന്
ഒരു നെഞ്ച് നോവുമ്പോഴും
കുഴിമാടം തിരഞ്ഞു തിരഞ്ഞ്
ജീവിതത്തെ
വകഞ്ഞു മാറ്റുകയാവും
ഒരേ ഒരുവൾ....

അന്നേരമാകും
മരിച്ചിട്ടും
മരിക്കാൻ കൊതിച്ച് പോകുന്നത്

14 May 2015

മരിച്ചു പോകാത്ത വിപ്ലവങ്ങൾ

മഴവില്ല്
പൂമ്പാറ്റ
വളകിലുക്കം
മൂക്കുത്തിയുമ്മകള്‍
മായ്ച്ച് കളയൂ..
നേരിനെ പൊതിഞ്ഞ
കടലാസു വാക്കുകളെ...

ചോര മണക്കുന്ന
വിത്തുകളെ പകരമെടുക്കൂ
സമരങ്ങളാല്‍ ഒരുക്കണം
സ്വപ്നങ്ങളെയും

ഉള്ളില്‍ നിന്ന്
വെളിച്ചത്തിന്റെ കൂട്ടം
ചിറകിളക്കുന്നു.

കാണുന്നുണ്ടോ
കാടുകൾ
ഉള്ളു കുലുങ്ങിക്കരയുന്നത്
ആകാശം
ഇരുളിലൊളിച്ച് വിങ്ങുന്നത്

ജീവിതം
നിനക്കും എനിക്കും
ചോര നനയുന്ന പുഴയാണ്
ഓരോ വെടിയുണ്ടകളും
നമുക്ക് നേരെയാണ്
ഓരോ വിരലുകളും
നമ്മുടെ കണ്ണുകളിലേക്കാണ്

ആസക്തിയുടെ തടാകം
വറ്റിക്കേണ്ടിയിരിക്കുന്നു.
പൊള്ളുന്ന നദിക്കരയിൽ വരിക
ചുവപ്പിന്റെ
വസന്തമുണ്ടീ കരയിൽ

പാതിയിൽ
വഴി മറന്നു പോയ
ഈ പുഴക്കരയിൽ
ഒഴിച്ച് കൂടാനാവാത്ത ഒഴുക്കിന്റെ
ആഴമില്ലായ്മയിൽ  നാം...

നിലവിളികളെ
ചവിട്ടിയരക്കുമ്പോൾ
ഒരു ചുമരിനപ്പുറം
തീ പിടിക്കുന്നുണ്ട്.

മൂന്നാം നാള്‍
കല്ലറകളിൽ നിന്ന്
വരിക തന്നെ ചെയ്യും
ചുവപ്പിന്റെ ചോരപ്പൂക്കൾ

04 May 2015

ചിറകുകള്‍


വരൂ
പോകാം
കിനാവ് കണ്ട
ഏദന്‍ തോട്ടത്തിലേക്ക്

ചേര്‍ന്നിരിക്കൂ
ചേര്‍ത്ത് പിടിക്കൂ
നിന്റെ ചിറകിടയില്‍
ഞാനൊരു തൂവല്‍

ഉടൽ ഭാരങ്ങളുടെ
നിഴല്‍പ്പാറകള്‍ കഴിഞ്ഞ്
തടാകത്തിന്റെ
നാഭീ തീരം മുറിച്ച്
പോകാം

അപ്പോഴും
ചിറകുകള്‍
ചുണ്ടുകളായി
എന്നെ
തിന്നു കൊണ്ടിരിക്കണം

തടാകം
വറ്റുന്നിടത്ത്
തമ്പടിക്കാം

ദാഹിക്കുന്നുവെന്ന്
തടാകം
കള്ളം പറയും
കള്ളം പറഞ്ഞു പറഞ്ഞ്
കടം കുടിപ്പിക്കും

01 May 2015

ദൈവത്തിന്റെ സ്കൂളിൽ നിന്ന്

കുട്ടികൾക്കെല്ലാം 
വെള്ളാരം കണ്ണുകളായിരിക്കും 
ചെമ്പരത്തിച്ചോപ്പുള്ള 
ചുണ്ടുകളായിരിക്കും 
ചാമ്പയ്ക്കാ നിറമുള്ള 
ചൊക ചൊകന്ന കുട്ടികൾ...

ഇന്റർ ബെല്ലിൽ 
ചിലരെല്ലാം  ഒളിച്ച് നിൽക്കും 
ആരും കാണാതെ പേരുകളെഴുതും 

ചുമരിൽ നിന്നിറങ്ങി 
ആകാശത്ത് പറന്നു കളിക്കും, 
ഓരോ പേരുകളും... 
വേദനിപ്പിക്കാത്ത ചൂരലുമായി 
ആരെഴുതിയെന്ന് 
ഹെഡ് മാഷ്‌ ചിരിക്കും...

നോക്കിക്കേ നോക്കിക്കേ 
താഴെത്താഴെ കുഞ്ഞിപ്പുഴ...
വറ്റിയൊഴുകുന്ന പുഴ കാണിച്ച് 
മേഘങ്ങളാൽ തോണിയുണ്ടാക്കും 
കാറ്റേ കാറ്റേ  കൊണ്ട് പോ 
താഴേക്ക്... താഴേക്ക്...

തോണി ചെന്ന് ഒറ്റയ്ക്കിരിക്കുന്ന 
കുട്ടിയുടെ മടിയിലിരിക്കും 
അരുമയോടെ 
ആരും കാണാത്ത ആകാശക്കഷണം 
കീശയിലിടും 

വൈകുന്നേരങ്ങളിലെ 
പതിവുള്ള കളികളിൽ 
പതിവുള്ള ചിരികളിൽ 
പതിവുള്ള പുതുമകളിൽ 
കുട്ടികളങ്ങനെ 
ചിരിച്ച് ചിരിച്ച് ചിരിച്ച് 
ഓടി ഓടി ഓടി 
പറന്നു പറന്നു പറന്ന് 
കളിച്ചോണ്ടിരിക്കുമ്പോൾ 
നീല നിറത്തിലുള്ള വലിയ ബസ്സ്‌ വരും 

"പുതിയ  കുട്ട്യോളെത്തീ....  "
ആരവത്തോടെ 
മാഷുമ്മാരും കുട്ടികളും ഓടിച്ചെല്ലും 
വാതില് തുറന്ന് 
കൈ നിറയെ ഉമ്മകളുമായി 
പുതിയവർ ഇറങ്ങും 
വേറെ വേറെ നിറമുള്ള 
വേറെ വേറെ മണമുള്ള 
വേറെ വേറെ ഭാഷയുള്ള 
ഉമ്മകളെത്രയാ കിട്ടിയതെന്ന് 
സ്വർഗ്ഗത്തിലെ ഹെഡ് മാഷ്‌ അന്തം വിടും 

സ്കൂൾ ബസ്സിനെയപ്പാടെ 
മാലാഖമാർ പൊതിയും 
"ബിനോയ്‌ ആശുപത്രീലാണോ...
നമ്മുടെ കൂടെ വന്നില്ലേ.."
"അനു മോളും വന്നില്ലല്ലോ... "
ഓരോരുത്തരും 
കൂട്ടുകാരെ എണ്ണമെടുക്കും 

ആറ് ബിയിൽ നിന്ന് അഞ്ച് സിയിലേക്ക് 
മുടങ്ങാതെയെത്തുന്ന കടല മിഠായി 
ആഴ്ച മുമ്പേ വാങ്ങി വെച്ച 
ചോക്കളേറ്റുകളുമായി 
നുണക്കുഴിയുള്ള ഹാപ്പി ബർത്ത് ഡേ 
ഫിസിക്സ് മാഷ്‌ 
സ്കൂള് മാറിപ്പോകണമെന്ന് 
നേർച്ച നേർന്നു നേർന്ന് 
ദൈവത്തോട് പിണങ്ങിയ 
ഏഴാം ക്ലാസ്സിലെ കാക്കപ്പുള്ളി 

അസംബ്ലിയുടെ ബെല്ലടിച്ചിട്ടും 
ഇങ്ങനെ നിൽക്കുവാണോ 
ചോപ്പ് നനഞ്ഞ ഉടുപ്പൊക്കെ മാറിക്കേ..... 
ഈ ചളുങ്ങിപ്പോയ ബസ്സ്‌ പൊയ്ക്കോട്ടേ...

നോക്കൂ.... നോക്കൂ...
ആരവങ്ങളോടെ കുട്ടികളെല്ലാം 
മൈതാനത്തേക്ക് ഓടും...
ചോപ്പുടുപ്പല്ലാം പച്ചപ്പുല്ലുകളാകും 

പുല്ലുടുപ്പണിഞ്ഞ കുട്ടികളേയെന്ന് 
മൈതാനത്തിരുന്ന് 
ദൈവം പുഞ്ചിരിക്കും 
ഓരോ കുട്ടിയെയും  
പേര് ചൊല്ലി വിളിക്കും. 

ദൈവം നോക്കുമ്പോൾ 
തുടുത്ത് തുടുത്ത് 
ചൊകന്നു ചൊകന്നു ചൊകന്ന്....
കുട്ടികളേ ...ഇങ്ങനെ നാണിക്കല്ലേ..