.....

14 May 2015

മരിച്ചു പോകാത്ത വിപ്ലവങ്ങൾ

മഴവില്ല്
പൂമ്പാറ്റ
വളകിലുക്കം
മൂക്കുത്തിയുമ്മകള്‍
മായ്ച്ച് കളയൂ..
നേരിനെ പൊതിഞ്ഞ
കടലാസു വാക്കുകളെ...

ചോര മണക്കുന്ന
വിത്തുകളെ പകരമെടുക്കൂ
സമരങ്ങളാല്‍ ഒരുക്കണം
സ്വപ്നങ്ങളെയും

ഉള്ളില്‍ നിന്ന്
വെളിച്ചത്തിന്റെ കൂട്ടം
ചിറകിളക്കുന്നു.

കാണുന്നുണ്ടോ
കാടുകൾ
ഉള്ളു കുലുങ്ങിക്കരയുന്നത്
ആകാശം
ഇരുളിലൊളിച്ച് വിങ്ങുന്നത്

ജീവിതം
നിനക്കും എനിക്കും
ചോര നനയുന്ന പുഴയാണ്
ഓരോ വെടിയുണ്ടകളും
നമുക്ക് നേരെയാണ്
ഓരോ വിരലുകളും
നമ്മുടെ കണ്ണുകളിലേക്കാണ്

ആസക്തിയുടെ തടാകം
വറ്റിക്കേണ്ടിയിരിക്കുന്നു.
പൊള്ളുന്ന നദിക്കരയിൽ വരിക
ചുവപ്പിന്റെ
വസന്തമുണ്ടീ കരയിൽ

പാതിയിൽ
വഴി മറന്നു പോയ
ഈ പുഴക്കരയിൽ
ഒഴിച്ച് കൂടാനാവാത്ത ഒഴുക്കിന്റെ
ആഴമില്ലായ്മയിൽ  നാം...

നിലവിളികളെ
ചവിട്ടിയരക്കുമ്പോൾ
ഒരു ചുമരിനപ്പുറം
തീ പിടിക്കുന്നുണ്ട്.

മൂന്നാം നാള്‍
കല്ലറകളിൽ നിന്ന്
വരിക തന്നെ ചെയ്യും
ചുവപ്പിന്റെ ചോരപ്പൂക്കൾ

3 comments:

Rainy Dreamz ( said...

ഉയിർത്തെണീക്കട്ടെ ചോരപ്പൂക്കൾ, മാറ്റിയെഴുതട്ടെ കറുത്തനീതികൾ... ആശംസകൾ...!!

Cv Thankappan said...

മരിച്ചു പോകാത്ത വിപ്ലവങ്ങള്‍
ലോകനന്മയ്‌ക്കായി മാറട്ടെ!
ആശംസകള്‍

ശ്രീജ എന്‍ എസ് said...


ജീവിതം
നിനക്കും എനിക്കും
ചോര നനയുന്ന പുഴയാണ്