.....

29 April 2011

യാത്ര


തുടങ്ങിയപ്പോള്‍
അറിയില്ലായിരുന്നു
ലക്‌ഷ്യമെന്തെന്ന്

കൂട്ടായി നീ വന്നപ്പോഴും
അറിയില്ലായിരുന്നു
നഷ്ടമാകുന്നതെന്തെന്ന്

യാത്ര പറയാതെ
പോകുമ്പൊള്‍
അറിയുന്നുണ്ട്

ഇടയ്ക്ക് ദിശ മാറ്റാനാവാതെ
ദുര്‍ബലനായിപ്പോയപ്പോള്‍
ഒഴുക്കിക്കളഞ്ഞത്
എന്നെ തന്നെയാണെന്ന്

25 April 2011

നാണിയമ്മൂമ്മ പറഞ്ഞ കഥ

നാണിയമ്മൂമ്മ 
ഒരു കഥ പറഞ്ഞു
കടലിനാദ്യം
മധുരമായിരുന്നൂത്രേ...!
പഞ്ചാരപ്പാല്‍പ്പായസം പോലെ...!

കഥയില്‍
ചോദ്യമില്ലാത്തതിനാല്‍
ഞാനൊന്നും ചോദിച്ചില്ല

ഒരാണും പെണ്ണും
സ്നേഹിച്ചു സ്നേഹിച്ച്
കൊതിതീരാതെ
ജീവിച്ചു ജീവിച്ചു
മതി വരാതെ
മല മുകളിലെ
ഇടയക്കുടിലില്‍ 
വസിച്ചിരുന്നു.!

മലയുച്ചിയില്‍ നിന്ന്
നോക്കിയാല്‍
കടലറ്റം കാണാമെത്രേ.

കടല്‍ കടന്നൊരു നാള്‍
വെളു വെളുത്തൊരു
ചൊക ചൊകന്നൊരു
തുടു തുടുത്തൊരു
മൊഞചന്‍ വന്നു

ഉടലു കണ്ടുറക്കം മറന്നൊരു നാള്‍
ഇടയപ്പെണ്ണിറങ്ങി.
പൂഴി മണല്‍ തിട്ടയില്‍
സര്‍പ്പങ്ങള്‍...!

ഇലഞ്ഞി മരച്ചോട്ടില്‍
ആട്ടിന്‍ പറ്റത്തെ
നോക്കിയിരുന്നവന്‍
ഒറ്റയ്ക്കാണ് പെണ്ണെന്നോര്‍ത്ത്
ഓടിപ്പിടഞ്ഞ്
ചാടിക്കിതച്ച്
മല മുകളില്‍
നിന്ന് കിതച്ചപ്പോള്‍
താഴെ അങ്ങ് ....
ഇരുളില്‍....

ഇടയച്ചെറുക്കന്‍
കയ്യിലൊരു മഴുവുമായി
അവര്‍ക്ക് നേരെ ചീറിയില്ല..
അവന്‍
കടലിന്‍റെ നെഞ്ചിലേക്ക്
നടന്നു കയറി...
കയ്യും വീശി...
ചിരിച്ചും കൊണ്ട്..

പിറ്റേന്ന് 
കണ്ണുനീരെല്ലാം
ഒഴുകിപ്പരന്ന്
കടലാകെ കലങ്ങി..
അതിന്റെ പിറ്റേന്ന്
അവനൊരു 
വലിയ തിമിംഗലമായി
മാറിയത്രെ..

അന്ന് മുതല്‍
അവന്‍
കരഞ്ഞു കൊണ്ടേ ഇരിക്കുന്നു
കടലില്‍
ഉപ്പു കൂടിക്കൊണ്ടേ ഇരിക്കുന്നു.

വെളുത്ത നിറമുള്ള
തുടുത്ത കവിളുള്ള
ഉറച്ച ശരീരമുള്ള
മൊഞ്ചന്‍മാര്‍
മൊഞ്ചുള്ള
വാക്കുകളുമായി
മലയായ മലയൊക്കെ
കുടിലായ കുടിലൊക്കെ
കറങ്ങി നടക്കുന്നു...

18 April 2011

ഭ്രാന്ത്‌ പകരുന്നത്

എവിടെയാണ്
മുള്ളുകള്‍ തറഞ്ഞ ഹൃദയം...?

എനിക്ക് തരൂ...
അനുരാഗ പനിനീരിന്റെ
ദിവ്യതയാല്‍ പരിശുദ്ധമാക്കാം .

കണ്ണുകള്‍
എന്തേയിങ്ങനെ പെയ്യുന്നു..?!

നീ മരിക്കും..
ഒരിക്കല്‍ ഞാനും..!
നമുക്കറിയാവുന്നത്‌ തന്നെ...
വെറും ക്ലീഷേ..!

ഇന്നലെകള്‍
അനുവാദത്തിന്റെ
വാതില്‍പടിയില്‍
കാത്തു നില്‍ക്കാറില്ല

ഓര്‍മ്മയുടെ ജാലക വിരികളെ
പരുഷമായ ഒരാലിംഗനത്തിലൂടെ
അവ കീഴ്പ്പെടുത്തുന്നു
ചുറ്റും കറുത്ത കാഴ്ചകള്‍ ..

ഇന്നലെയും
ഏട്ടത്തി ചോദിച്ചു
വര്‍ണങ്ങളെത്രയോ തന്നിട്ടുമെന്തേ
കറുത്ത ചായക്കൂട്ടിനാല്‍ വരക്കുന്നുവെന്ന് ..?!

എനിക്കു മരിക്കാന്‍ തോന്നുന്നു
അവളോട് പറഞ്ഞു.

ഓര്‍മ്മകളില്‍ നിന്നൊരു
മയില്‍‌പീലി തിരഞ്ഞെടുത്ത് അവള്‍ തന്നു
"കൈയില്‍ വെച്ച് കൊള്ളുക
അവസാനത്തെ നാമമായ്
എന്റെ പേരുച്ചരിക്കുക...!"

യാത്ര പറഞ്ഞ് നടക്കുമ്പോള്‍
അടക്കിച്ചിരികള്‍ക്കിടയില്‍ നിന്നും
വരി തെറ്റിത്തെറിച്ച വാക്ക് കേട്ടു...

കാമുകന്‍..!
കാമിക്കുന്നവന്‍..
ഞാനൊന്നും കാമിക്കുന്നില്ല
പിന്നെയെങ്ങിനെ കാമുകനാകും..?!

വിശക്കുന്നു...
അവസാനമായി മണ്ണില്‍ ചുംബിക്കണം
വെളുത്ത വസ്ത്രം ധരിക്കണം
കരയുവാനാരെയും ശേഷിപ്പിക്കാതെ
അജ്ഞാതമായൊരിടത്ത് ഉറങ്ങണം

കടലില്‍ മരിക്കുകയെന്നത്
അവളുടെ മോഹമാണ്
കടലമ്മയുടെ ആലിംഗനം..
ഓര്‍മ്മയുടെ മടിയില്‍ കിടക്കാം
എന്നെന്നും...


എന്നിലും അതേ മോഹം
മുള പൊട്ടിത്തുടങ്ങിയോ ?!

15 April 2011

പ്രണയം

ഒരുക്കൂട്ടി വച്ച കുന്നി മണികള്‍
ആരും കാണാതെ ഒളിച്ചു വച്ച
കൊച്ചു മയില്‍ പീലി

കൊളുത്തി വച്ച റാന്തലിന്‍റെ
അരണ്ട വെളിച്ചത്തില്‍
പഴമയുടെ
പുക മണക്കുന്ന പെട്ടി തുറന്ന്
ഞാന്‍ നോക്കാറുണ്ട്

പൊടി തുടച്ചു വിരലോടിച്ച്
നെഞ്ചോടടുക്കാറുണ്ട്

നിന്നോടുള്ള
എന്‍റെ പ്രണയം

14 April 2011

ഉദയം

ഏകാന്തതയുടെ തീരങ്ങളില്‍
നിന്റെ ഓര്‍മ്മത്തിരകള്‍
കണ്ണു നനയ്ക്കുമ്പോഴും
സ്വപ്നങ്ങളൊന്നും
ബാക്കി വെക്കാതെ
കടലെടുത്ത് മടങ്ങുമ്പോഴും
ഞാനെന്റെ പ്രതീക്ഷയുടെ
ഉദയത്തെ കാത്തിരിക്കുകയാണ്.. 

06 April 2011

പ്രവാസ പ്രണയം

ഓര്‍മ്മകളിലൊക്കെയും
കൈപിടിക്കാമെന്ന
നിന്‍റെ വാക്കാണുള്ളത്.

അറബിക്കഥകളുടെ
താളുകകളില്‍ നിന്ന്
ഒരു ജിന്നും ഇറങ്ങി വന്നില്ല.

മരണത്തിന്റെ ചൂതില്‍
പരാജയപ്പെട്ടവനെപ്പോലെ
എമിഗ്രേഷന്‍ കൌണ്ടറില്‍ നിന്നും
പുറത്തേക്കിറങ്ങുമ്പോള്‍
നാഭിയില്‍ ഒരഗ്നി പര്‍വ്വതം പൊട്ടി.

കൊതിയുണ്ട്
മനുഷ്യനെക്കാണാന്‍..
മുരള്‍ച്ചയുള്ള യന്ത്രങ്ങള്‍ക്കിടയില്‍
പ്രണയം തുടിക്കുന്ന
കരിമഷിക്കണ്ണു കാണാന്‍
ഒരമ്മയെ കാണാന്‍....

പൊട്ടിയ പട്ടച്ചരടുമായി
വിഷാദത്തോടെ നോക്കുന്ന
കുട്ടിയെ  കാണണം.
സ്നേഹത്തോടെ  വിളിച്ച്
പുതിയ പട്ടമുണ്ടാക്കിക്കൊടുക്കണം.

നിര്‍മാണ സാമഗ്രികള്‍ക്കിടയില്‍ നിന്നും
കള്ളു മോന്താന്‍ കൊതിക്കുന്ന
ദിവാകരേട്ടനൊപ്പം
ഇങ്ക്വിലാബ് വിളിക്കണം.

പ്രവാസത്തിന് നരച്ച നിറമാണ്.
പൊടി പറ്റിയ  മേഘങ്ങള്‍...

ഹതാശമായ ആകാശത്ത് നിന്നും
കനല്‍ ജ്വാലകള്‍ക്കിടയില്‍
നനവു പെയ്യിക്കണം

നാട്ടില്‍,
മഴക്കാലം കഴിഞ്ഞു.
അയലത്തെ നാണിയമ്മയുടെ മകന്‍
വെള്ളത്തില്‍ പോയി...!

സ്വപ്നങ്ങളുടെ
അണകള്‍ പൊട്ടിയ
ജലമത്രയും ഒഴുകിപ്പോയി..

ലീവ് കഴിഞ്ഞെത്തിയ ദാസേട്ടന്‍റെ
നാട്ടു കഥകള്‍ കേട്ടതു മുതല്‍ നീ
ഉറക്കത്തില്‍ കൈ തൊടുന്നു.

02 April 2011

ഓര്‍മ്മത്താള്‍...

ഇരയ്ക്ക് മേല്‍ നരികള്‍
ചാടി വീഴുന്നത് പോലെയാണ്
ഓര്‍മ്മകള്‍ വേട്ടയാടുന്നത്

ചെമ്മണ്‍ പാത പിന്നിട്ട്
ഇടവഴി കാണുമ്പോള്‍
പൊന്തയില്‍ നിന്നോടിയെത്തും
ഓര്‍മ്മപ്പിശാചുക്കള്‍..

വഴി നടന്നു വീടെത്തുമ്പോള്‍
നരിച്ചീറായി
ഉത്തരത്തില്‍
തൂങ്ങിക്കിടക്കുന്നുണ്ടാകും
കറുത്ത ഓര്‍മ്മപ്പക്ഷി..

അകമുറിയില്‍
ഉറക്കം പിടിക്കുമ്പോള്‍
കരിമ്പടത്തിനുള്ളില്‍ പതുങ്ങിയെത്തും
രണ്ടാം ക്ലാസിലെ ഹസീന  മുതല്‍
വിപ്ലവച്ചൂടുള്ള അമ്പിളി വരെ..

ഉറക്കം പതുക്കെ വഴി മാറും
ചോദിച്ചു കൊണ്ടേയിരിക്കും
പകലോര്‍മ്മയോ
ഉറക്കത്തിലെ ഓര്‍മ്മത്താളുകളൊ
സത്യമെന്ന്...