.....

31 October 2013

ആകാശം മറന്നു വെച്ചത്...

നിന്റെ ആകാശം എനിക്ക്
എന്റെ കടല്‍ നിനക്ക്

മഴക്കാലം കഴിഞ്ഞാല്‍
തനിച്ചായാല്‍
എന്റെ കബറിടത്തില്‍
വിരല്‍കോര്‍ത്ത് കിടക്കണം

കടലില്‍
നീ തനിയെ
ആകാശത്ത്
ഉയരെ ഉയരെ ഞാന്‍

കടലില്‍
ഒരു മുക്കുവന്‍ വരും
നിന്നെ ചുംബിച്ചു  ചുംബിച്ച്
മൂര്‍ഛയാലുറക്കും

കടലടിയില്‍
ഒരു കുഞ്ഞു ജനിക്കും
അമ്മച്ചിമിഴുകള്‍
നിനക്കുമേല്‍
തരളിതരാകും

മുക്കുവന്‍
രാവുകളത്രയും
നിനക്ക് മേല്‍ കിതപ്പാറ്റും
നക്ഷത്ര മത്സ്യങ്ങള്‍
അടിനാഭിയില്‍
ചിത്രം വരക്കും

നിന്റെ
സീല്‍ക്കാര ശ്വാസങ്ങളാല്‍
കടല്‍ത്തറകള്‍
ഞെട്ടി വിയര്‍ക്കുകയും
ഭൂമി ആകാശത്തിനായ്
ദാഹിക്കുകയും ചെയ്യും

ആകാശം
വെയില്‍ക്കയ്യാല്‍
ഭൂമിയെ വാരിപ്പുണരും

നിലാവില്‍
ഭൂമിക്കുമേല്‍
ചുണ്ടമര്‍ത്തുമ്പോള്‍
നക്ഷത്രങ്ങള്‍ നാണിക്കും

ഞാനാകട്ടെ
ആകാശം  വാതിലുകള്‍
തുറന്നു തരുമ്പോള്‍
ഉറക്കം മറന്നു കണ്മിഴിയും
ലോലമായ്
ഭൂമി ഓര്‍മ്മ തൊടും

ആകാശച്ചെരുവില്‍
കിനാവിന്റെ
താഴ്വരയുണ്ടാകും
കിനാക്കളുടെ രാജാവെന്ന്
മാലാഖസ്വരമുയരും

നീലവാനമെന്ന്
താഴെത്താഴെ
കലപിലക്കുട്ടികള്‍..
കിനാവിന്നാകാശമെന്ന്
എനിക്ക് മാത്രം

നിനച്ചിരിക്കാത്ത
നേരങ്ങളില്‍
ഉപേക്ഷിക്കപ്പെട്ട
ഒരമ്മ കരയും
അമ്മക്കാറിന്
കണ്‍ നിറയും

വേദന കെട്ടി
എന്റെ നാഡികള്‍
നിശ്ചലമാകവേ
മഴയെന്ന്
കടലാഴത്തില്‍
നീ വള കിലുക്കും

കടലില്‍
കടലോളം കിനാവ്‌ നിറച്ച് നീ
ആഴത്തിലാഴത്തില്‍
കടല്ക്കിനാക്കള്‍
ഉയരത്തിലുയരത്തില്‍
എനിക്കുഷ്ണ മഴക്കാറുകള്‍

നിന്നെക്കാത്തു കിടക്കാന്‍
കബറില്ലാതെ
ആകാശച്ചെരിവുകളില്‍
പറന്നു നടക്കുമ്പോഴാകും
എന്തൊരു കരിമേഘമെന്ന്  നീ
തിരയിലേറി
നെറ്റിയില്‍ കൈ ചേര്‍ക്കുന്നത്

29 October 2013

നിനക്കും അവള്‍ക്കുമിടയില്‍....

നന്ദി
തിരിച്ചൊഴുക്കിനെ
തടഞ്ഞതിന്

ഇവിടെ വരുമ്പോള്‍
നിന്നെ ശ്വസിക്കുന്നു.
ഒരു പൂമ്പാറ്റയായ്‌
ആത്മാവ്
വേര്‍പ്പെടുന്നു

പ്രണയമധു തേടി പറക്കുന്നു.
ചിറകു മുറിയും വരെ
പറക്കുന്നു

വേദനച്ചിറകുകളാല്‍
നിനക്കജ്ഞാതമാമൊരു ലോകം
കാണുന്നു.

പീഡാനുഭവത്തിന്മേല്‍
നിന്റെ സന്തോഷം
മാഞ്ഞു പോയ
വര്‍ഷകാലമാകുന്നു.

ആഭിജാരമെന്ന പോല്‍
ഓര്‍മ്മ നീരാളി
ഭൂതകാലച്ചുഴിയിലേക്ക്
വലിച്ചു പോകുന്നു

നീ പലരില്‍ ഒരാളെന്ന്
സമാധാനിക്കുന്നു.

അവസാനത്തെ അത്താഴം
ഓരോ നാളും 
ഓര്‍മ്മകളെ ഊട്ടുന്നു

പകല്‍ വെളിച്ചം
ജീവിതം തുറക്കുമ്പോള്‍
നീ ദൂരെ ദൂരെ
ആകാശച്ചെരുവില്‍ മായുന്നു.

നോവുകളില്ലാത്ത ഒരുമ്മ
പിന്‍കഴുത്തില്‍ പതിയുന്നു.25 October 2013

മഴത്തുള്ളിക്ക് ..

നിന്റെ പ്രണയത്തിന്റെ
വേര്‍പ്പ് പറ്റി നനഞ്ഞതെന്റെ ഹൃദയം
മുറിവുകളില്‍
ഓര്‍ത്തെടുക്കുന്നത് നിന്റെ മുഖം
ഓര്‍മ്മകളില്‍
ചോര കിനിയിക്കുന്നതും നീ മാത്രം

ഇവിടെ
നീ വരുമ്പോള്‍
എനിക്ക് നോവുന്നു
വരികളില്‍ നീ തൊടുമ്പോള്‍ കുളിരുന്നു
ജ്വരമെന്ന പോല്‍
എന്നിലേക്ക്‌ വിറ പടരുന്നു

ഒരു വിളി ദൂരത്തില്‍
ഇരുകരകളില്‍ നാം
ഓര്‍മ്മകളെ കെട്ടിപ്പിടിക്കുന്നു.

ഒരു കൈദൂരത്തില്‍
ഒരേ താളം എന്നിലും നിന്നിലും
മിടിക്കുന്നു.

നനവാര്‍ന്ന കണ്ണുകള്‍ കാണുന്നു ഞാന്‍
അരുത്
മേഘ സ്വപ്‌നങ്ങള്‍
നിന്നില്‍ മാത്രമാണ് പെയ്യുന്നത്.

ഒരു വേള അജ്ഞാത രൂപിയായ്
നീ എന്നോട് പറയുന്നു
ഓര്‍മ്മകളെ കബറടക്കുവാന്‍

ഓര്‍മ്മകള്‍ ഞാനാണ്
മുറിവുകള്‍ ഞാനാണ്
ഓര്‍മ്മകളില്‍ അണകെട്ടിയത്
നിന്നെയാണ്
നിന്നെ മാത്രമാണ്

നീ എന്നെ ഓര്‍ക്കുന്നു
ഞാന്‍ പോലുമറിയാതെ
എന്നിലേക്ക്‌ നടന്നു കയറുന്നു

നീ പുതച്ച
മറവിയുടെ പുതപ്പുകള്‍
എനിക്ക്
ഉഷ്ണരാവുകള്‍ സമ്മാനിക്കുന്നു

വേണ്ട
മറവിയുടെ മതിലുകള്‍ക്കപ്പുറം
നിന്ന് കൊള്ളുക

നോവിന്റെ മഴത്തുള്ളിയായ്
നീ ചിതറുന്നത്
എനിക്ക് കാണണ്ട

02 October 2013

പ്രണയ ശേഷം

അവൾ
എന്നിലേക്ക്‌  പടർന്ന്
എന്നെ ശ്വസിക്കുന്നു

ഞാൻ
ശിരസുയര്ത്തി
പറവകളെ  ഉമ്മ വെക്കുന്നു

വിരൽ വേര് നീട്ടി
മണ്ണിൻറെ
നാഭി തൊടുന്നു

തോല്പ്പാളിയില്‍
ഒളിച്ചു വെക്കുന്നു
ചിലരെ...

ഇല പുതച്ച്
ഇതള്‍ മറച്ച്
ഉമ്മ വെച്ചുണരുന്നു
ഒരുവളില്‍
മറ്റൊരുവളില്‍

01 October 2013

കവിയല്ലാത്തവന്റെ സങ്കടം.

എത്ര പറഞ്ഞാലും
കേള്‍ക്കാത്ത
വികൃതിക്കുട്ടിയാണ്

ഉമ്മ...,
ഓര്‍മ്മ..,
പ്രണയം..,
നോവ്‌....

പിന്നെയും പിന്നെയും
വരിനിറഞ്ഞ്
തുളുമ്പുന്നുണ്ട്

നീയെങ്ങാനും
കണ്ടാല്‍
കരഞ്ഞു കരഞ്ഞു
പൊട്ടിപ്പോകും

പുതുമകള്‍
ഏതുമില്ലാതെ
അതേ ചോദ്യം
ആവര്‍ത്തിക്കും

അരികു മുറിച്ചും
വരി നിറച്ചും
എത്ര നാളായി....

നമുക്കിടയിലെ
കടലാഴത്തില്‍
ഒരാകാശം
അതിന്റെ
കുഞ്ഞിനെ
കാത്തു വെച്ചിട്ടുണ്ട്.

നിനക്ക് മാത്രമായ്
കുഞ്ഞു മേഘത്തുണ്ടും...

വലുതായി
വലുതായി
ഇടിമിന്നലാകാശം
ആവാതിരിക്കട്ടെ...

മഴ കാത്ത് കാത്ത്
നിനക്ക്
ഉറക്കം വറ്റാതിരിക്കട്ടെ...