.....

20 December 2009

ഓര്‍മ്മകള്‍..


അന്ന്
സഖിയുടെ സ്ലേറ്റു മായ്ക്കാന്‍
മഷിത്തണ്ട് തിരഞ്ഞ്
ആമ്പല്‍ കുളത്തിന്
അടുത്തെത്തിയതും

ആമ്പലുകളിലൊന്ന്
കൊതിച്ചവലളെന്നെ
നോക്കിയതും

അവള്‍ക്കായെന്തിനും
ഞാനേന്നോര്‍ത്ത്
അവളെന്റേതെന്നുറപ്പിച്ച്
ഉള്ളാലെ ചിരിച്ച്
കുളത്തില്‍ ചാടിയതും

നീര്‍ക്കോലിയുടെ
കടിയേറ്റു ഞാനിരുന്നതും
ആര്‍ത്തു കരഞ്ഞു കൊണ്ടവള്‍
വീട്ടിലേക്കോടിയതും

മരം കയറ്റമറിയാത്ത
എന്നെയവള്‍ കളിയാക്കിയതും
വാശി തീര്‍ക്കുവാന്‍
നാട്ടു മാവില്‍ കയറിയതും
പഞ്ചാര മാങ്ങയവള്‍ക്ക്
നല്‍കിയതും

പുളിയനുറുമ്പ് കടിച്ച
കൈ പിടിച്ച്
സ്നേഹത്താലവള്‍
ചേര്‍ത്തു വെച്ചതും

മത്സര ഓട്ടം നടത്തി
വയല്‍ വരമ്പിലവള്‍
തെന്നി വീണതും

ചെളി പുരണ്ട പാവാട
കണ്ടു ഞാന്‍ ചിരിച്ചതും
നിറ കണ്ണുകളുയര്‍ത്തി
എന്നെയവള്‍ നോക്കിയതും

കണക്കു മാഷ്‌
ചൂരലുയര്‍ത്തിയടിക്കുമ്പോള്‍
ഒളി കണ്ണാലെന്നെ
നോക്കിയതും

എന്നെ തല്ലിയ അബുവിനെ
പാമ്പ് കടിക്കാന്‍
നേര്‍ച്ച നേര്‍ന്നതും

അവളുമ്മയാകുമ്പോള്‍
കുഞ്ഞിനെന്തു
പേരിടുമെന്നോര്‍ത്ത്
തര്‍ക്കിച്ചതും

സന്ധ്യയ്ക്ക്‌
പുഴക്കടവില്‍
ചെകുത്താനെ കണ്ടവള്‍
ബോധം കെട്ടതും
എന്റെ വിളിയാലവള്‍
ഞെട്ടിയുണര്‍ന്നതും

ഞാനമ്മുവിനോട്
മിണ്ടുന്നത് നോക്കി
മൈതാനത്തു നിന്നവള്‍
കണ്ണ് തുടച്ചതും

ഞാനവളുടേതു
മാത്രമാണെന്നെന്നെ
ഉണര്‍ത്തിയതും

മാങ്ങാ ചുന പൊള്ളിയ
മുഖത്ത് ഞാനൊരുമ്മ
കൊടുത്തതും

ആറാം ക്ലാസ്സില്‍
അവള്‍ക്കു ഞാനൊരു
കത്തു കൊടുത്തതും

നാണത്താല്‍ ചുവന്ന
മുഖമൊളിപ്പിച്ചവള്‍
ഡസ്കില്‍
തല വെച്ചു കിടന്നതും

ക്ലാസിലൊന്നാമന്‍
ഞാനെന്നറിഞ്ഞവള്‍
അഭിമാനിച്ചതും

കൂട്ടുകാരികളവളെ
മണവാട്ടിയാക്കി
ഒപ്പന കളിച്ചതും

ക്ലാസ്സിലെന്നെ
നോക്കിയിരുന്നതിന്
മാഷിന്റെ ചൂരലുയര്‍ന്നതും
അവളുടെ കൈ ചുവന്നതും

ക്ലാസ്സിലെ
പുതിയ കുട്ടിയോടു ഞാന്‍
കൊഞ്ചിയെന്നു പറഞ്ഞ്
അവളെന്നോട് പിണങ്ങിയതും

അവളോടി വരുന്നത്
കണ്ടുറക്കം വിട്ടുണര്‍ന്നതും
വീണ്ടുമവള്‍
സ്വപ്നത്തില്‍ നിറഞ്ഞതും

അവളും ഞാനും
ഒന്നെന്നുറപ്പിച്ച കൂട്ടുകാര്‍
അസൂയ പൂണ്ടതും
കളിയാക്കിയതും
അവള്‍ കരഞ്ഞതും.....

ഇന്നലെ

പ്രണയത്തിന്‍റെ
വഞ്ചിയുണ്ടാക്കി ഞാന്‍
അവളൊന്നിച്ച് യാത്ര പോയതും

സുറുമയെഴുതിയ
കണ്ണുകളില്‍ നോക്കി
ഞാനെന്നെ കണ്ടതും

പഴയ കളി വീട് തകര്‍ന്നത്
കണ്ടു ഞാന്‍
ദുശ്ശകുനമെന്നു പറഞ്ഞതും
അതു കേട്ടവള്‍
ഹൃദയം പറിഞ്ഞു വിങ്ങിയതും

സ്കൂളിലെ ദിനങ്ങള്‍
ഒടുങ്ങിത്തീര്‍ന്നതും
ഹൈസ്കൂളിലായിരുവരും
ഇരു വഴികളിലെത്തിയതും

ബസ്സില്‍ നിന്നവളെന്റെ
വിരലില്‍ തൊട്ടതും
ഗൂഡമായവളോടു ഞാന്‍
പിറു പിറുത്തതും

ഞാനവളെ
കാത്തു നിന്നപ്പോളുമ്മയെന്നെ
ശകാരിച്ചതും
അവളും ഞാനും മുതിര്‍ന്നെന്നു
ചൊല്ലിപ്പഠിപ്പിച്ചതും

അവളെ കാക്കാതെ ഞാനോടി
ബസ്റ്റോപ്പിലെത്തിയതും
ഞങ്ങളെപ്പിരിക്കുവാന്‍
അവളുടെയുപ്പയവളെ
തടഞ്ഞു വച്ചതും
സ്കൂള് നിറുത്തിയവള്‍
വീട്ടിലിരുന്നതും

കൂട്ടുകാരി വശമവള്‍
എനിക്കായെഴുത്ത്
കൊടുത്തതും
കാരമുള്ള്‌ തറയുന്ന
വിവാഹ വാര്‍ത്ത‍
കേള്‍പ്പിച്ചതും
മുഖം പൊത്തിയവള്‍
കരഞ്ഞു കൊണ്ടോടിയതും

അത്താഴം കഴിക്കാതെയവള്‍
പ്രതിഷേധിച്ചതും
പുളി വാറു കൊണ്ടവള്‍ക്ക്
തല്ലു കൊണ്ടതും
എന്‍റെ വീട്ടിലെന്നെ പൂട്ടിയിട്ടതും
ഞങ്ങളിരുവരും ഉരുകിത്തീര്‍ന്നതും.....

ഇന്ന്

പഠിക്കാന്‍ തുറക്കുന്ന
പുസ്തകത്തിലവളുടെ
വട്ട മുഖം തെളിയുന്നതും
കണ്ണു നീരുറ്റി
താളുകള്‍ നനയുന്നതും

അവളുടെ വരനെ
പ്രാകി,യുറങ്ങാതെ
കുന്നിന്‍ മുകളില്‍
പോയിരുന്നതും

അവളെന്നെയോര്‍ത്തു
മെലിഞ്ഞു വരുന്നെന്നു
കേട്ടതും
ഭര്‍ത്താവ്
കടല്‍ കടന്നപ്പോള്‍
അവളോടി വന്നതും

അവളെ കാണാതെ
ഞാനൊളിഞ്ഞു നിന്നതും

ഭര്‍ത്താവയച്ച
ഗള്‍ഫ് തുണി
എനിക്കായവള്‍
കൊടുത്തയച്ചതും
അവളുടെ കുഞ്ഞിനെന്റെ
പേരു വിളിച്ചതും

ഓര്‍മ്മിക്കാം
ഞാന്‍ നഷ്ട സ്വപ്‌നങ്ങള്‍
നഷ്ട കാലങ്ങള്‍...

ഓര്‍മ്മകളില്‍
തീ മഴ പെയ്യുമ്പോള്‍
എനിക്കുറക്കം വരുമോ
ശാന്തമായൊരു രാവിന്നായി
അശാന്തമല്ലാത്തൊരു നിദ്രയ്ക്കായ്
ഞാന്‍ കാത്തിരിക്കട്ടെ...

01 December 2009

വേട്ടയുടെ തമ്പുരാക്കന്മാര്‍

വംശ വേരുകള്‍ക്കിടയില്‍ നിന്ന്  
കൂര്‍ത്ത തല ഇടയ്ക്കുയരാറുണ്ട്

ചെതുമ്പല് പിടിച്ച കണ്ണുകളില്‍
വഴുവഴുത്ത നോട്ടമാണ്.
ആല്‍മരത്തണല്‍ ചുറ്റിയത്
ഉറക്കം നടിക്കും

വാട കെട്ടിയ വായ തുറന്നിടയ്ക്കിടെ
ഇരകളുടെ പിടച്ചില്‍
അയവിറക്കും

അര്‍ദ്ധ നഗ്നനായ ഫക്കീറെന്ന്
ചുണ്ട് കോട്ടിച്ചിരിക്കും

ദൈവം
രക്തം കണ്ടൂറിച്ചിരിക്കുന്നവനാണെന്ന്
ഫലകങ്ങളില്‍ കൊത്തി വെക്കും

ഇരകള്‍
പ്രതിരോധമെന്നു വീമ്പു പറഞ്ഞ്
ചാവേറുകളാകും
കൊല്ലുന്നവന് 
ആവനാഴിയില്‍ ഒരായുധം ലാഭം..!

കണ്ണുകളില്‍ നോക്കി
നേരം വെളുപ്പിച്ചിരുന്നവര്‍ നമ്മള്‍..

ചന്ദനക്കുറി തൊട്ടു തന്നത്
ഓര്‍മ്മയില്‍ മായ്ച്ച് കളഞ്ഞൊ.?

ഓര്‍മ്മകളെ മായ്ക്കുന്ന
ആ മഷിത്തണ്ട് കൊണ്ടെന്റെ
മതം മായ്ക്കുമൊ.?

നമ്മുടേതു മാത്രമായിരുന്ന
ഇടവഴിയില്‍
ജിഹാദിയെ പ്രതിരോധിക്കാനായി
ആള്‍ക്കൂട്ടമുണ്ട്.

മതം ചോദിച്ച് പ്രണയം തുടങ്ങാനും
പഠിച്ചു കഴിഞ്ഞു.
ഇനിയും നിന്നെയാരും ജിഹാദിയാക്കില്ല

തോറ്റു പോയ കണക്കുകളെ
വെട്ടിയും തിരുത്തിയും സ്വയം ശപിക്കുന്ന എന്നെ
ഇനിയും എത്ര നാള്‍ കഴിഞ്ഞാണ്
ഇരയായി തിരയുന്നത് ?

18 November 2009

മഴപ്പെയ്ത്ത്

പഴുത്ത ഒരില,
ഇരുളടര്‍ന്ന മഴപ്പെയ്ത്തില്‍
നീന്തിത്തുടിച്ച്‌...

ചെളിയില്‍ പുതഞ്ഞ
മനസ്സ് കഴുകാനും
നിന്റെ കൈകള്‍ മാത്രം

കണ്ണുകള്‍ തുടച്ചിട്ടും
മുഖം കട്ടിളപ്പടിയില്‍ അമര്‍ത്തിയിട്ടും
കണ്ടതെങ്ങനെ എന്റെ കണ്ണുനീര്‍ ?

സന്ധ്യയില്‍ കുളക്കടവ് ആളൊഴിയും
നിന്റെ സാന്നിധ്യം ഞാനവിടെ കാക്കും
ആളനക്കമില്ലാത്ത കല്‍പടവുകളില്‍
പായല്‍ പുതഞ്ഞ കല്ലുകളില്‍
കാത്തിരിക്കും
അരൂപിയായി നീ വരുന്നതും കാത്ത് !

ആളുകള്‍ നോക്കി
അടക്കം പറയുന്നതെന്താണ് ?
ചിത്രകഥയില്‍ നിന്നും മുഖമുയര്‍ത്തി
പകച്ച കണ്ണുകളാല്‍ അനിയത്തി
എന്തേയിങ്ങനെ നോക്കുന്നു ?!

അമ്മയുടെ തേങ്ങല്‍ അമര്‍ത്തിയത്
അലമുറയാകുന്നുണ്ട്.
ചോദിച്ചിട്ടാരും
പറയാത്തതെന്തേ ?

നിന്നെ കുളത്തില്‍ നിന്നും
മുങ്ങിയെടുത്തപ്പോള്‍
ചിരിച്ചതിനാണോ ?

നമ്മള്‍ സംസാരിക്കുന്നത്
ആര്‍ക്കുമറിയില്ല...
അവര്‍ക്കെന്തു പറ്റിയാവോ
നിന്നെയവര്‍
എങ്ങോട്ടാ കൊണ്ട് പോകുന്നെ...?

കൈകള്‍ ചങ്ങലയിലാണ്
എനിക്ക് ചിരി വരുന്നുണ്ട്
മാലാഖമാര്‍  ചുറ്റും
നൃത്തം വെക്കുന്നത്
ഇവരാരും കാണുന്നില്ല !!

അതാ പിശാചും വരുന്നു
അവനെ ഞാന്‍ കൊല്ലും...!
നിന്നെയവനല്ലേ
കട്ടു കൊണ്ടു പോകാന്‍ നോക്കിയത്.....?

03 November 2009

വെന്ത വാക്കുകള്‍..

വെന്ത വാക്കുകള്‍..
വറചട്ടിയില്‍
മുഖം പൂഴ്ത്തി മനസ്സ്....

അലച്ചിലില്‍ എത്താതെ പോയ
ഇടങ്ങളില്‍ നിന്നുള്ള
കാറിത്തുപ്പലുകള്‍...

വരണ്ട ചിന്തകളില്‍
ഉഷ്ണപ്പുണ്ണ് ...

ചിത മണം
സ്വപ്നങ്ങളെ ബാഷ്പമാക്കി
കടന്നു കളയുന്നു..

കണ്ണുകള്‍
ഒരിക്കലുമുണങ്ങാത്ത
നീരുറവകള്‍...

വറ്റാതെ പെയ്യുന്ന
ഭ്രാന്തിന്‍ തുള്ളികള്‍...

ഒരു പിടി ചോറ്
ആര്‍ത്തിയുടെ കണ്ണുകള്‍..

അവഗണനയുടെ
എച്ചില്‍ പാത്രത്തില്‍
പട്ടികള്‍ക്കൊപ്പമൊരു സദ്യ..

കള്ളിട വഴികളിലെ
മുഖമടിച്ചുള്ള വീഴ്ച..

കാറ്റിന്റെ ചിറകേറി
ആകാശത്തേക്കൊരു സഞ്ചാരം..

തിരികെ മണ്ണിലമരുമ്പോള്‍
കവിളിലൊട്ടിയ മണ്‍ തരികള്‍..
മണ്ണിനു നിന്റെ മണം

ഭ്രാന്ത് സിരകളില്‍
നുരയ്ക്കുന്ന പുഴുവിനെപ്പോലെ..

കവിത അമ്ല സ്പര്‍ശമായി
ആത്മാവില്‍ പൊള്ളുന്നു

അക്ഷര ഗര്‍ഭത്തില്‍
അസ്വസ്ഥതയുടെ തീരങ്ങളിലൂടെ
അപഥ സഞ്ചാരം..

പ്രണയം
ജീവിക്കാനൊരു കാരണം
മരിക്കാതിരിക്കാനും

വാക്കുകളുടെ ചതുരംഗം
എന്നും തോല്‍ക്കുന്നവന്നായി
ഒരു കള്ളക്കരു...

അവസാന വിജയവും
അംഗീകരിക്കില്ലെന്നറിയാം
കരുക്കളെല്ലാം വലിച്ചെറിഞ്ഞ്‌
ഞാന്‍ എഴുന്നേല്‍ക്കും

എനിക്ക് നഷ്ടപ്പെടാന്‍
ഒന്നുമില്ല......
പക്ഷെ നിങ്ങള്‍ക്കോ..?!

05 October 2009

നീയും ഞാനും

നീ അഗ്നിയാണ്
ആളിപ്പടര്‍ന്ന്
പാപങ്ങളെയെല്ലാം
നക്കിതുടയ്ക്കുന്ന
യാഗാഗ്നി

നീ ജലമാണ്
എന്‍റെ ഭാരങ്ങളെയെല്ലാം
ആവാഹിച്ചെടുത്ത്
ഭാരമില്ലാതെ
എന്നെ മടക്കിത്തരുന്ന
തീര്‍ഥം

നീ വായുവാണ്
ചുട്ടു പഴുത്ത
എന്‍റെ നിശ്വാസങ്ങളെ
ആഗിരണം ചെയ്ത്
നിറഞ്ഞ ശ്വാസം തരുന്ന
കാരുണ്യം

നീ ഭൂമിയാണ്‌
ജീവനുറങ്ങുന്ന
എന്‍റെ വിത്തുകള്‍ മുളപ്പിച്ചെടുത്ത്
മടക്കിത്തരുന്ന മണ്ണ്

നീ ആകാശമാണ്‌
എന്‍റെ ചിറകുകള്‍ക്ക്
അതിരുകളില്ലാതെ പറക്കാനായി
പതിച്ചു തന്ന
സഞ്ചാര പാത

നീ ഞാനാണ്
നിന്നെ തേടി നടന്ന്
ഒടുവില്‍
അലിഞ്ഞലിഞ്ഞ്
നീയായിപ്പോയ ഞാന്‍

28 August 2009

ശേഷിപ്പ്‌

പുഴയെ സ്നേഹിച്ചു
പുഴയോടൊന്നിച്ച്
ഒഴുകിയവനാണ് ഞാന്‍

അതിഥികള്‍ക്കായൊരുക്കിയ
കാഴ്ച്ചകളുമായി
പുഴ,എന്നുമെന്നും
കാത്തിരിക്കാറുണ്ട്

പുഴയുടെ അടിത്തട്ടില്‍
സ്വര്‍ഗം കാണാനായി
വിരുന്നു പോയവരാണ്
അച്ഛനുമമ്മയും

കള്ളു മണക്കുന്ന
അച്ഛന്‍റെ വാക്കു കേട്ട്
എതിര്‍പ്പിന്‍റെ
സ്വരമറിയാത്ത അമ്മ
അച്ഛനൊന്നിച്ചു യാത്ര പോയി

അന്നെനിക്കായൊരുക്കിയ
ഇഡ്ഡലി തണുത്തിരുന്നു
ഈച്ച ചത്തു കിടന്ന
ചട്നിയില്‍
അമ്മയുടെ കണ്ണീരുണ്ടെന്ന്
ഞാനറിഞ്ഞിരുന്നില്ല

ശ്വസന നാളത്തില്‍
സ്നേഹം നിറയ്ക്കുന്ന
പുഴയുടെ കൂടെ
അന്തിയുറങ്ങിയ
അച്ഛനുമമ്മയും
മൂന്നാം നാള്‍ പുറത്തു വന്നു

ചീര്‍ത്ത ശരീരങ്ങളില്‍
മത്സ്യങ്ങള്‍ ചുണ്ടു ചേര്‍ക്കുമ്പോള്‍
അവരെന്താണ്
ഇക്കിളിപ്പെടാത്തതെന്ന്
എനിക്കറിയില്ലായിരുന്നു

ഇപ്പോള്‍
എന്‍റെ കാമുകിയും
മത്സ്യക്കുഞ്ഞുങ്ങളുടെ
ചുംബനം തേടി
പുഴയുടെ മടിത്തട്ടില്‍
ഇടം തേടിയിരിക്കുന്നു

എന്‍റെ ചുവന്ന ഹൃദയം
പകരം കൊടുത്ത്
പുഴയുടെ ചില്ലു ഹൃദയം
അവള്‍ സ്വന്തമാക്കി

അവള്‍ക്കായി, പുഴ
സ്വപ്നങ്ങളെ പ്രസവിക്കുന്ന
മത്സ്യക്കുഞ്ഞുങ്ങളെ
കാത്തു വെച്ചിരുന്നു

ഇനി
അവളുടെ മെലിഞ്ഞ ഉടലും
ഋതുക്കള്‍ വിരിയുന്ന കവിളും
എല്ലാം പുഴക്കുള്ളതാണ്

എനിക്കായി
ഓര്‍മ്മകള്‍ മാത്രമാണുള്ളത്
ഉപ്പ് പുരണ്ട ഓര്‍മ്മകള്‍

11 July 2009

വേനല്ക്കാഴ്ച

ചോരത്തുള്ളികളില് ബ്രഷുരച്ച്
അടര്‍ന്നു വീണ
ശിരസ്സുകള് സ്റ്റഫു ചെയ്ത്
പുതിയ ലോകം

മാറ്റി വെച്ച തലകള്‍ക്ക്
പൂപ്പല് ബാധിച്ചപ്പോള്
ഉണര്‍ന്നു വന്നവന്
വാഗണ് ട്രാജഡി

വിരുന്നുകാരന് വിഷുക്കണിയായി
അമ്മയുടെ കുഴിമാടത്തിലെ
കരിഞ്ഞ കാട്ടുമുല്ല

കാള കൂടം നുരയുന്ന പാല്‍ക്കുടവുമായി
കണ്ണനെ തേടുന്ന
ഗോപിക

അരിയില്ലാത്ത രാവുകളില്
അമ്മിഞ്ഞ വറ്റിയ സ്തനങ്ങളില്
കൊഴുത്ത നീര്

കണ്ണുനീര് വീണ്
ഉര്‍വരമായ വേനല്
തീത്തണലില് ദുഃഖമൊളിക്കുന്നു

അനാഥയായ തെരുവ് കുഞ്ഞിന്
പട്ടിണിയൊടുക്കാനായ്
റീത്ത് കൂമ്പാരം

വേദന തിന്ന് മരിച്ചു കിടക്കുന്ന
സ്ത്രൈണതയ്ക്ക് മുമ്പില്
നീണ്ട നിരകള് ....

കയ്യില് രോഗ പ്രതിരോധം
പുതിയ ഉപാധി
പഴയതും ....

09 June 2009

അതിജീവനം...

തിളയ്ക്കുന്ന വെള്ളത്തില്‍
പിടിയരി ചൊരിഞ്ഞിടാന്‍ ഗതിയില്ലാതെ,
തളര്‍ന്നുറങ്ങുന്ന മക്കളെ പോറ്റുവാന്‍
മാനം വിറ്റ അമ്മയുടെ കഥയാണ്‌
അവള്‍ പറഞ്ഞത്

പിന്നിത്തുടങ്ങിയ ഉടുപ്പുകളണിഞ്ഞ്
വിശപ്പാറാത്ത
വയറിന്റെ കാളലുമായ്
അസംബ്ലിയില്‍
തല ചുറ്റി വീഴുന്നവരാണ്
അമ്മയുടെ മക്കള്‍

അമ്മയൊരിക്കലും
കടങ്ങള്‍ ബാക്കി വെക്കാറില്ല
എന്നിട്ടും, അമ്മയ്ക്കൊരു കടം
വീടാതെ കിടന്നു

പൊള്ളുന്ന പനിയുടെ ചൂടളക്കാതെ
പുഴയില്‍ ചൂണ്ടയിടാന്‍ പോയ
അച്ഛന് കൊടുക്കാനുള്ള
ഒരു മുത്തം

ഏഴു വയറിന്‍റെ വിശപ്പൊടുക്കുവാന്‍
അനേകരുടെ വിശപ്പാറ്റുന്ന അമ്മ,
എന്നിട്ടും പുഞ്ചിരിക്കുന്നു

കണ്ണുകളില്‍ നീര് ബാക്കി വയ്ക്കാതെ
അമ്മ,കുഞ്ഞുങ്ങള്‍ക്കായി
കരച്ചിലിനെ
ഹൃദയത്തില്‍ കബറടക്കുന്നു

വിളര്‍ത്ത മുഖം തിരുമ്മി
വൈകിയുണരുന്ന അമ്മയെ പ്രാകി
മക്കളാറു പേരും

അന്തിപ്പണത്തിന്റെ
നോട്ടുകളെണ്ണുന്ന
അമ്മയുടെ വിറയ്ക്കുന്ന കരങ്ങള്‍
ഇപ്പോഴും ചിരിക്കുന്നു

04 June 2009

നാളെ

ഊര്‍ജ്ജം തീര്‍ന്ന്
സ്പാര്‍ട്ടക്കസ്
മരിച്ചു വീണത്‌
ഇന്നലെ

ചെഗുവേരയുടെ
കബറടക്കം നടന്നതും
ഇന്നലെ

പ്രോമിത്യൂസിന്‍റെ
കുഴിമാടത്തില്‍
നാരകം തളിര്‍ത്തിരിക്കുന്നു

ഒരു പക്ഷേ,
നാളെയ്ക്കായി
അവ എന്തെങ്കിലും തന്നേക്കാം

30 May 2009

അപഥ സഞ്ചാരങ്ങള്‍

വാക്കിനാല്‍ തുന്നിയ
ശവക്കച്ചയില്‍
പൊതിഞ്ഞതോര്‍ക്കുന്നോ..?

മുറിവ് പറ്റിയ വിരലിനാല്‍
തലോടിയ സലോമി
ഇന്നെവിടെയാണ്‌..?

രാത്രിയുടെ നിശ്ശബ്ദതയില്‍
അവള്‍ കിതച്ചു നേടിയ നോട്ടുകളില്‍
എന്റെ അന്നം...

നര വീണ സ്വപ്നങ്ങളുടെ
കാലം വീഴ്ത്തിയ തുളകളില്‍
വെയില്‍ കയ്യുകള്‍ പൊള്ളിക്കാന്‍ വരുന്നു

സ്വപ്നാടനത്തിന്റെ അവസാനം
ഇറങ്ങിനടക്കുന്നത്
സെമിത്തേരിയിലേക്കായിരുന്നു


നീ തന്ന മുറിവുകളുടെ തുന്നലില്‍
വിരല്‍ തൊട്ടാല്‍ ചോര പൊടിയും.
സലോമിക്കറിയില്ലല്ലോ..!

ഇന്നലെ രാത്രി
പതിവുകാര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍
അവള്‍ ഹൃദയം തുറക്കാന്‍ പറഞ്ഞു.
ചീറ്റിയ രക്തത്തുള്ളികള്‍ കണ്ട്‌
തുറിച്ച കണ്ണുകളോടെ മോഹലാസ്യപ്പെട്ടു .

എന്റെ ഓര്‍മ്മയ്ക്കായി
കള്ളിമുള്‍ച്ചെടി നട്ടുവളര്‍ത്തിയവളെക്കുറിച്ച്
ഞാനൊരു കവിതയെഴുതി.
അതിനാണ് ഇത്തവണ സമ്മാനം കിട്ടിയത്.

നാട് നിറയെ കാമുകിമാരുള്ള
കവി സുഹൃത്ത്
കള്ള് കലിപ്പിലെന്നെ തെറി വിളിച്ചു.

കഥ പറയാമെന്നു പറഞ്ഞ്
അയലത്തെ മിനിക്കുട്ടിയെ
അവന്‍ കവിതകള്‍ വായിച്ച് കേള്‍പ്പിച്ചു

ആറര വയസ്സിന്റെ ശരീരത്തിലേക്ക്
ആസക്തിയുടെ കണ്ണുകളാല്‍
അപഥ സഞ്ചാരം നടത്തി.

വേശ്യയുടെ അന്നത്തില്‍
പങ്കു പറ്റുന്നവന്‍ ഞാന്‍

എങ്കിലും
അവളോടൊത്ത് ശയിക്കാറില്ല
വിശപ്പ്‌ ശരീരത്തിന്റെതല്ല
ജീവനില്‍ വിശക്കുന്നു..
.
അപ്പവും വീഞ്ഞും
എത്രയും മതിയാകില്ല വിശപ്പാറ്റുവാന്‍

അലച്ചിലില്‍ നഷ്ടപ്പെട്ട
വന്‍ കരകളെന്നില്‍
നഷ്ട ബോധമുണര്‍ത്തുന്നില്ല

എനിക്കാറടി മണ്ണ് മതി
അതിലൊതുങ്ങും !
വന്‍ കരകളുടെ ബാഹുല്യം
എന്നെ ഞാനല്ലാതാക്കും...

അത് വേണ്ട...
ഞാന്‍ ഞാനായി തന്നെ ഇരിക്കട്ടെ ...

26 May 2009

മരുന്നു മണക്കുന്ന കൂട്ടുകാരിക്ക്....

ഓര്‍മ്മയുടെ സുഷിരങ്ങളിലൂടെ
ഊര്‍ന്നു പോയ സ്വപ്‌നങ്ങള്‍
നിന്നെ തേടുന്നുണ്ട്

അനാഥത്വത്തിന്‍റെ
കരുവാളിപ്പില്‍
കരിപിടിച്ച മുഖവുമായി
ഒരു സ്വപ്ന ശിശു
നിന്നു തേങ്ങുന്നു

നിന്‍റെ കൈപ്പിടിയില്‍ നിന്നും
കുതറിയോടുന്ന
മനസ്സിന്‍റെ കടിഞ്ഞാന്‍
ഞാന്‍ പിടിച്ചോളാം

കാട്ടു കുതിരയുടെ
ഭ്രാന്തന്‍ പാച്ചിലില്‍
നിന്‍റെ ചിന്തകളും....

മരുന്ന് തളര്‍ത്തിയ
നിന്‍റെ കണ്ണുകളില്‍
സദാ ഉറക്കം നിറയുന്നത്
ഭയപ്പെടുത്തുന്നു

 പറഞ്ഞതോര്‍മ്മയില്ലേ..?
വഴുതുന്ന പാടവരമ്പില്‍
നടക്കാന്‍ കൊതിക്കുന്ന പോലെ
വഴുക്കല് പിടിച്ച മനസ്സ്
കൈ വിട്ടു പോകുമ്പൊള്‍
പാടുപെടുന്നുവെന്ന്

നിന്നെ തളര്‍ത്തുന്ന
മരുന്നുകളിനി
കൈ തൊടേണ്ട

നിനക്ക്
എന്നെ മരുന്നാക്കാം

നിന്‍റെ ചിന്തകളുടെ താളം..
സ്വപ്നങ്ങളുടെ
ബീജ ദാതാവ്...

അതി മോഹങ്ങളുടെ
നീണ്ട പട്ടികയില്‍
നിന്‍റെ പേരും ?!

നിന്‍റെ ചിന്തകളുടെ
ഉഷ്ണ സഞ്ചാരം
എന്നെ പൊള്ളിക്കില്ല

കൂട്ടുകാരീ..
എന്‍റെ ഉള്ളു നിറയെ
അമ്ലമാണ്
അതിനെ പൊള്ളിക്കാനിനി
ഏതിനു കഴിയും..?

18 May 2009

ഇരുള്‍ മറ

കരയണം
കരഞ്ഞു കരഞ്ഞു
കണ്ണലിയിക്കണം
പിന്നെ കരയേണ്ടല്ലോ...

സ്ഖലിച്ച വാക്കുകള്‍
അറപ്പിന്‍റെ
വിരിപ്പിലൊതുക്കി
പുഴയിലൊഴുക്കണം

മുള പൊട്ടുന്ന ഓര്‍മ്മ വിത്തുകള്‍
വേവിച്ചെടുത്ത്
തത്തയെത്തീറ്റാം

വാക്കിന്‍റെ വായ്ത്തല
തുരുമ്പെടുത്തു നശിക്കട്ടെ

ഇനിയെന്നെ കാക്കരുത്
ഇരുള്‍ മറവില്‍
പഴുപ്പ് ബാധിച്ച മൂത്ര നാളിക്കായി
നീയിനിയും വില പേശി നടക്കുക

11 May 2009

രാജാവിന്റെ നഗരം

ആ നഗരത്തിലാര്‍ക്കും
ആത്മാവില്ലായിരുന്നു.

തിരക്കൊഴിയാത്ത
നടപ്പാതകളില്‍
കണ്ണുകളില്‍ ശൂന്യതയുമായി
ആളുകള്‍ തുറിച്ചു നോക്കുന്നു..

സ്വപ്‌നങ്ങള്‍
വില്പനയ്ക്ക് വെച്ച ഒരു വൃദ്ധന്‍
ശാപഗ്രസ്തനാകുന്നു

സ്വപ്‌നങ്ങള്‍ അവര്‍ക്ക്,
പിശാചിന്‍റെ സേവയാണെത്രെ ,...!!

നനവ് മറന്ന കണ്ണുകളില്‍
ഞാനൊരു വിഡ്ഢി...
പാട്ടു പാടിയതിനാണ്
എന്നെയവര്‍ കല്ലെറിഞ്ഞത്

അവിടെ
രാജാവിന്‍റെ അപദാനം മാത്രം ..!
അനുരാഗം
സ്വര്‍ഗീയമെന്നു പറഞ്ഞതിനാണ്
എന്നെയവര്‍, അവളൊന്നിച്ച്
കഴുതപ്പുറത്തിരുത്തിയത്

അവളുടെ കഴുത്തില്‍
എനിക്കജ്ഞാതമായ ഭാഷയില്‍
ഒരു കുറ്റാരോപണം.
അവളൊരു വേശ്യയാകാം..

എന്‍റെ നേരെ വരുന്ന
കല്ലുകള്‍ക്കിടയിലൂടെ
ഞാന്‍ കാണുന്നുണ്ട്

അകത്തളങ്ങളില്‍ നിന്നും
തലപ്പാവുകളുടെ കണ്ണുകള്‍ തറയുന്നത്‌
അവളുടെ അടി വയറ്റില്‍ തന്നെയാണ്.

24 April 2009

പെണ്ണിന്‍റെ മണം

മുന്തിയ സോപ്പു തേച്ച്
മേല്‍ കഴുകി

പരസ്യങ്ങളില്‍
മാടി വിളിച്ച സുഗന്ധങ്ങള്‍
വാരിപ്പൂശി

പ്രണയിനിക്കായൊരു
കുഞ്ഞു കവിതയുമെഴുതി

ഇനിയും,
ഉടുതുണി ബാക്കി വയ്ക്കാതെ
കുടഞ്ഞെറിയപ്പെട്ട
ആ തെരുവു പെണ്ണിന്‍റെ
മണമാണെനിക്കെന്ന്
നിങ്ങള്‍ പറയരുത്

15 April 2009

ഉന്മാദിയുടെ വിഷു

തുരുമ്പിച്ച
കത്തി കൊണ്ടൊരു ശസ്ത്രക്രിയ
ഹൃദയാന്ധകാരം കണ്ട്‌ ഭയക്കരുത്
കുടില ചിന്തകളുടെ
നുരയ്ക്കുന്ന പുഴുക്കള്‍
അട്ടിയായിപ്പുളയ്ക്കുന്നുണ്ടാകും

ആത്മപീഡയുടെ
ദിനരാത്രങ്ങള്‍ക്കിനി അറുതി
കൊന്നക്കൊമ്പില്‍ തന്നെ
കയര്‍ കുരുക്കാം

വയറ്റാട്ടിയിന്നലെയും പറഞ്ഞു
ജനിച്ചപ്പോള്‍
പകയോടെ നോക്കിയവനെന്ന്..!
ജന്മങ്ങളുടെ ഇരുള്‍ഗ്രഹ രഹസ്യങ്ങള്‍
പേറുന്ന വയസ്സി
വഴുവഴുപ്പോടെ
 ഞാനിറങ്ങാന്‍ തുടങ്ങിയപ്പോള്‍
എന്തേ ചാപ്പിള്ളയെന്നു തോന്നാതിരുന്നത്..?!

ചിന്തകളുടെ ചടുല നൃത്തത്തിനിടയില്‍
നഷ്ടപ്പെടുന്ന പൌരുഷം
ഇനിയുമെന്നെ തേടി വന്നിട്ടില്ല
നപുംപസകമായിപ്പോയ ചിന്തയുടെ കൈ പിടിച്ച്
ഞാനെത്ര ദൂരം നടക്കുമിനിയും..?

ഇന്നലെ ഉയിര്‍പ്പിന്റെ ദിനമായിരുന്നു.
മുഖം മൂടി വെച്ച്  സത്യം വിളിച്ചു പറയുക
കരിമ്പടത്തില്‍ മുഖമൊളിച്ച്
പറയുന്നത്  കള്ളമാണെന്ന്
അവര്‍ പറയും

വീഞ്ഞിന്റെ തണുപ്പില്‍
അലിഞ്ഞില്ലാതാകുമ്പോള്‍
ഉയിര്‍പ്പിന്റെ ആവശ്യം
എനിക്കും തോന്നിത്തുടങ്ങിയിരുന്നു
അപ്പോഴും ഗുഹാ കവാടമെന്ന പോലെ
വായ മലക്കെത്തുറന്ന്, സാമുവല്‍
ട്രീസ്സയുടെ
മടിയില്‍ കിടക്കുന്നുണ്ടായിരുന്നു

നാളെ വിഷുവാണ്
എന്റെ മലര്‍ന്ന കണ്ണുകള്‍
നിനക്ക് വിഷുക്കണിയാകട്ടെ
കൊന്നക്കൊമ്പിന്
ബലം പോരെന്ന് നീ പറയും..
വേദനയുടെ അളവില്‍ പുഞ്ചിരിക്കും
നീ മാലാഖ തന്നെയാണ്
കാഴ്ച്ചയുടെ ആനന്ദം കണ്ടവള്‍..

ആദ്യം പറുദീസാ നഷ്ടം
പെണ്ണ് ചോദിച്ച ആദ്യ കനി..
കാലങ്ങള്‍ ഒലിച്ചു പോയിട്ടും
കണ്ണുകള്‍ ഇന്നും നിന്നെ തിരിച്ചറിയുന്നു

സര്‍പ്പ രൂപത്താല്‍
എന്നെ വഞ്ചിക്കാന്‍ കഴിയില്ല
അവളുടെ രൂപത്താല്‍  കഴിഞ്ഞേക്കാം
അവള്‍ നീയാണോ...?
നീ അവളില്‍ പടര്‍ന്നതാണോ
ഏതാണ് സത്യം..?

കണ്ണുകളുടെ കാമം അവള്‍ തന്നതാണ്
രാത്രികളുടെ ഉത്സവങ്ങള്‍ക്കൊടുവില്‍
തളരുന്നവനെ അവജ്ഞയോടെ നോക്കി
അടുക്കള വാതില്‍ തുറന്നു വെക്കുന്നവള്‍

അക്വേഷ്യ മരങ്ങള്‍ നിറഞ്ഞ വഴികളില്‍
തോളോട് ചേര്‍ന്ന് നടന്നവളാണ് തീ തന്നത്
വിരല്‍ തൊടാതെ ,മേല്‍ തൊടാതെ
ചിന്തകളെ ആലിംഗനം ചെയ്തവര്‍ ഞങ്ങള്‍

തീ പിടിച്ച ചിന്തകളിന്നില്ല
വീട്ടിനകവും പുറവും കത്തുമ്പോള്‍
എന്റെ ചിന്തയിലെ തീക്കെന്ത് ചൂട്.?!

 പിടയുന്ന അക്ഷരങ്ങള്‍
അമ്മ തന്നതാണ്
പിടയുന്ന ഇരയായി
കുന്നിന്‍ ചെരുവില്‍ ഒരു തുടം
ചോര ബാക്കിയാക്കിയ  അമ്മ ..

കൂട്ടുകാരന്‍ കൊടുത്ത കണ്ണു നീരില്‍
മുങ്ങി മരിച്ച
കുഞ്ഞനിയത്തി തന്നതാണ്
ആത്മ പീഡയുടെ ബലി....!

ക്രൂരമായ തമാശയില്‍
ആനന്ദം കണ്ടെത്തുന്നവനാണോ
നിന്റെ ദൈവം..?

വഴി മറന്നു പോയ എനിക്ക്
കടല്‍ ചൊരുക്ക് തന്നത് അവനാണോ..?
അതോ സര്‍പ്പ രൂപിയായ് വന്ന്
ഉന്മാദിയാക്കിയെന്നെ
വിഭ്രമിപ്പിച്ചു കടന്നു പോയ അവളോ..?

നാളെ വിഷുവാണ്
കണി കണ്ടുണരാന്‍ ബാക്കിയൊന്നുമില്ല.
നനഞ്ഞ കുറച്ച് കടലാസുകളുണ്ട്
അത് കണിയാക്കാം..

അവള്‍ തന്ന അക്ഷരങ്ങള്‍...!
അതിലിനി തീ പടരില്ല
ഞാന്‍ ചാരമായിരിക്കുന്നു...
ചാരത്തിന്  ഒരിക്കലും തീ പിടിക്കില്ലല്ലോ..!

09 April 2009

ഉന്മാദം

ചിന്തകള്‍ ചിതയിലെരിക്കാ -
മതുമല്ലെങ്കില്‍ പഴന്തുണിക്കെട്ടിലിട്ടത്
ഭാണ്‍ഡമാക്കി ,
മല മുകളില്‍ നിന്നുരുട്ടിത്തള്ളാം

പ്രണയ തത്വശാസ്ത്രം
ദഹിക്കാതെയെക്കിളില്‍ തികട്ടിത്തികട്ടി,
നിദ്രയില്ലാത്ത യാമങ്ങളില്‍
തലയണ കുതിര്‍ന്ന്.....

ഛര്‍ദ്ദിലില്‍ മങ്ങിപ്പോകുമെന്‍
പുഞ്ചിരിത്താളുകള്‍
ഗര്‍ഭ ഛിദ്രത്താല്‍ പിന്തുടരുന്നൊരു
കുഞ്ഞിന്‍ പ്രേത ശാപമെന്നോതി
നീ ഭയന്നോടിപ്പിടഞ്ഞു കരഞ്ഞോരാ നിമിഷം
മജ്ജയില്‍ ഭയത്തിന്‍ നാരുകള്‍
പിണഞ്ഞു , ഞാനിരുന്നു മൂകനായ്‌

കാത്തിരുന്ന സന്ധ്യയില്‍  കുളിച്ചീറന്‍
മുടിയിഴകളില്‍ മുഖമമരുന്നതു മനം നിറഞ്ഞു
കിനാക്കണ്ടിരിക്കുമെന്നു കൊതിച്ചു
മെല്ലെയൊന്നൊച്ചയനക്കമില്ലാതെ
വിരല്‍ തൊട്ട് നീക്കിയ ജാലക വിരി
കാത്തു വെച്ച കാഴ്ച കണ്ടു ഞാന്‍
മനം പൊട്ടിത്തകര്‍ന്നു പോയോമനേ....

ഉന്മാദ ശ്വേതാണു
മുത്തം നല്‍കിയെന്‍ ചിന്തയില്‍..
ദ്രവിച്ചു തുടങ്ങിയെന്‍ ഓര്‍മ്മകള്‍...
നിന്‍ നാമം ജപിച്ചു തുടങ്ങിയെന്‍ ചുണ്ടുകള്‍

ഞാന്‍ ഭയക്കുന്നു,
നിന്‍ മടിയില്‍ തല ചായ്ച്ചുറങ്ങുന്ന
ഇരുള്‍ പുരണ്ട കണ്‍കളുടെ നോട്ടമെന്നില്‍
തറഞ്ഞു കയറുമൊരു ദിനം ചാട്ടുളിയായ്....

എന്നിട്ടുമെന്തേ
നിന്‍ മുഖമെന്നില്‍ നിന്നും
പറിച്ചെറിയാനെനിക്ക് കഴിയാതെ പോകുന്നു...?
അര്‍ബുദം പോലെ നീയനുദിനം വളര്‍ന്ന്
പെറ്റു പെരുകിയെന്‍ മജ്ജയില്‍ മാംസത്തില്‍
അസ്ഥിയില്‍ ജീവനില്‍ നഖമാഴ്ത്തിയള്ളിപ്പിടിച്ചു
ഉടുമ്പിന്‍ വിരല്‍ പോലെ.... ..!!

നേര്‍ത്തൊരു
സന്ധ്യതന്‍ ഇരുള്‍ നാളമെന്നില്‍
പെറ്റു പെരുകുന്ന
ഭയത്തിന്‍ ചീളുകളായ് പതിക്കുന്നു
ഇരുളെന്‍റെ ശത്രു....
ഇനിയിരുളെന്‍റെ ശത്രു.....

27 March 2009

ഇരുട്ട്

രാവിന്റെ
ഗര്‍ഭ പാത്രത്തില്‍
മൃതിയടയുന്ന
വെയില്‍ നാളങ്ങളില്‍
അമര്‍ത്തിച്ചുംബിച്ച്
കാത്തിരിക്കുന്നു

ഇനിയുമൊരു
ജന്‍മത്തിനായി ...

അതിലെങ്കിലും
ഒരു നുറുങ്ങു വെട്ടമായി
പിറന്നുവെങ്കില്‍...

18 March 2009

നഗരം

നരച്ച വെയില്‍ നൂലുകളാല്‍
പിന്നിയ ഓര്‍മ്മകളില്‍
ഒരു ചിത്രത്തുന്നല്‍..

നഗരച്ചുവപ്പില്‍
അന്തിയാര്‍ത്തികള്‍
വിലപേശാന്‍
നിന്ന് തിരിയുന്നു

മുലമുറിച്ച പെണ്ണ്
കുഞ്ഞിനെ കാണിച്ച്
ചേറു പിടിച്ച കയ്യാല്‍
കാലില്‍ തൊടുന്നു.

അവളൊരിക്കല്‍
ത്രസിപ്പിക്കുന്ന ഓര്‍മ്മയാവാം
പലര്‍ക്കും.

ഒറ്റമുലയുടെ കാഴ്ച
ഒരു പെണ്ണിനേയും
പിന്തുടരാതിരിക്കട്ടെ..

രാത്രി ഷിഫ്റ്റില്‍
ജോലിക്ക് പോകുന്ന
ഭര്‍ത്താവിന്റെ റോളില്‍
ഒരു പെണ്ണെന്നെ കാത്തിരിക്കുന്നു.

പുലരും വരെ ഞാനവള്‍ക്ക്
എല്ലാമാകുന്നു.
അതിരാവിലെ കുളിക്കാതെ
അവളുടെ മണവുമായി
ഞാന്‍ ഇറങ്ങിപ്പോകുന്നു..

ഒന്നുമറിയാതെ അയാള്‍
ഉറക്ക ക്ഷീണത്താല്‍
ജോലിത്തളര്‍ച്ചയാല്‍
ഫ്ലാറ്റിന്റെ പടികടന്ന് അകത്തേക്ക്..

നഗരം തിരക്ക് പുതച്ച്
ഗൂഡമായ്
എല്ലാം ഉള്ളിലൊതുക്കുന്നു.

മുഖം നിറയെ
കുരുക്കള്‍ നിറഞ്ഞ
വയസ്സന്‍ ഗൂര്‍ഖ
എന്നെ നോക്കി
വൃത്തികെട്ട ചിരിയോടെ
പാന്‍ മസാല തുപ്പിക്കളയുന്നു.

ഓര്‍മ്മകളുടെ
അവസാനത്തെ എണ്ണ മണവും
അവളുടെ മുടിയില്‍ തുടച്ചു കളഞ്ഞ്
മനസ്സില്‍
ഞാനെന്റെ ഗ്രാമത്തെ
കൊന്നു കളയുന്നു

പിറ്റേന്ന്
റെയിലില്‍ മലര്‍ന്ന ജഡത്തിന്
എന്റെ മുഖമാണെന്ന് കണ്ട്‌
അവള്‍ നടുങ്ങുന്നില്ല ..

അടുത്ത അതിഥിക്കായ്
വാതിലൊരുക്കി
നഗരം
മഞ്ഞപ്പല്ലുകളാല്‍ ചിരിക്കുന്നു

13 March 2009

അനിവാര്യമായ പ്രണയം

ദുര്‍ബലമായ
കൈകളില്‍ വിരല്‍ ചേര്‍ത്ത്
നീയെന്നോട്‌
എന്തിനാണ് പ്രണയിക്കാന്‍
ആവശ്യപ്പെടുന്നത്...?

ബലവാനായ
കാമുകനെ കിട്ടുമെന്ന്
അറിയാമല്ലോ..?

ഹൃദയം അലിഞ്ഞു പോയ
എനിക്ക്
നിനക്കായി ഒന്നും തരാനാവില്ല

എന്തിനാണ്
എന്നെത്തേടി
ഇത്ര ദൂരം വന്നത്  ?

മറവിയുടെ ആലസ്യത്തില്‍
മുഴുകിപ്പോയ ഞാന്‍
ഒന്നും കാത്തു വച്ചിട്ടില്ലല്ലോ..?!!

വിദൂരതയില്‍ നീ ഉണ്ടെന്ന്
എപ്പോഴും മനസ്സിനെ
ഓര്‍മ്മിപ്പിക്കുമായിരുന്നു

ഒരിക്കല്‍
എന്നെ തേടി വരുമെന്നും
അറിയാമായിരുന്നു

ഇരുള്‍ നിറഞ്ഞ രാത്രികളില്‍
ചാന്ദ്ര വെളിച്ചത്തില്‍
നടക്കുമ്പോള്‍
എന്നോട് തന്നെ
പറയാറുണ്ടായിരുന്നു
നിന്‍റെ വരവിനെക്കുറിച്ച്...

ഇപ്പോള്‍
എന്നെ തേടി വരുമെന്ന്,
മരണമേ,
കൊതിച്ചു പോലും ഇല്ലല്ലോ...?

09 March 2009

ലോഹഗര്‍ഭം

ലോഹഗര്‍ഭം ചുമക്കുമച്ഛന്‍റെ-
യാലയില്‍ കാണാം
മറു പിള്ളയില്ലാതെയുടല്‍ പാതി വെന്ത്
ഉലയിലെ ചൂടില്‍ പിന്നെയും
ഭ്രൂണക്കൊഴുപ്പുകള്‍

തീക്കൂട്ടിയുറഞ്ഞു തുള്ളിത്തുടി *
കൊട്ടിപ്പാഞ്ഞലറിപ്പെയ്തു ഞങ്ങള്‍
പാടിത്തളരുന്നത് കേട്ട്
കാഴ്ച കാണാന്‍ കുന്നിറങ്ങിക്കാട് താണ്ടി
യൊതുക്കമുള്ള കാട്ടു കനി കണ്ടു നാവ്
നൊട്ടി വേട്ടയ്ക്കായി
ചമഞ്ഞൊരുങ്ങിക്കൊള്‍ക

ഉലയിലൂതിപ്പുകഞ്ഞു
കണ്‍കളില്‍ ചാരം തെറിക്കാതെ സൂക്ഷിച്ചു
തീക്കൂട്ടിയൂതിയൂതിക്കാച്ചിയ മൂര്‍ച്ച
നിനക്കായി...മാത്രം...

കാഴ്ച മങ്ങി പീള കെട്ടി
മൂര്‍ച്ച തേഞ്ഞ്
വായ്ത്തലയൊടിഞ്ഞ നിന്‍റെ നോട്ടം
ഇനിയെന്നില്‍ മുറിവുണ്ടാക്കില്ല

ലോഹാലയത്തിനുള്ളില്‍ സ്വപ്‌നങ്ങള്‍
അടിച്ച് പതം വരുത്തുവാനപ്പന്‍
പണിപ്പെട്ടുയര്‍ന്നു നെഞ്ചിന്‍കൂടില്‍
നിറയുന്ന ശ്വാസം
അടക്കി തേങ്ങാതെയുരിയാടാന്‍ മറന്നു
എനിക്കായി

ഞരമ്പിലുരഞ്ഞു കയറി
പോറലുണ്ടാക്കിയ 

ദുഃഖ സ്വപ്‌നങ്ങള്‍
ഇനിയെനിക്ക് ഉറക്കമകറ്റുന്ന
ചൂട്ടു വെളിച്ചമല്ല

കാഴ്ച വറ്റിയ കണ്‍കിണറിലെ
നനവ് തേടിയലഞ്ഞു പിണഞ്ഞു പോയ
നേര്‍ത്ത ഞരമ്പ് വേരുകളില്‍
പഴുപ്പ് ബാധിച്ച ഇരുള്‍ സ്വപ്‌നങ്ങള്‍
കറുത്ത ജലമായി....

തല പിളര്‍ത്തിക്കടന്നു പോയ
അസ്ത്ര വാക്കുകള്‍
ചിന്തയില്‍ക്കടന്നു സ്വപ്നത്തുണ്ടുകള്‍
ഭക്ഷിച്ചു തൃപ്തിയടയും....

ഇല വിരിക്കാനിനിയതിഥിയില്ല
രാക്കൂട്ടു തേടിക്കാടു കടന്നു വന്നവര്‍
ഇലയൊന്നിച്ചാളിന്‍ കയ്യും കടിച്ചു
ചിറിയും തുടച്ചോടിപ്പോകും മുമ്പെന്‍
കിനാക്കൂട്ടിലൊരു വിത്തൊഴുക്കിയത് നീ കണ്ടില്ല

ഇയ്യമുരുക്കിയെന്‍ കണ്‍കളില്‍ ഒഴിക്കാം
സ്വപ്ന വഴികളില്‍
ഇരുള്‍ വീഴ്ത്തിയാവഴി തടയാം

മൂര്‍ച്ചയേറ്റിയേറ്റിയൊരു
വായ്ത്തല കാത്തിരിപ്പുണ്ട്‌ .....

തലയ്ക്കുള്ളിലൊരു മൂളല്‍
അത് കേള്‍ക്കില്ല ...നീയും

05 March 2009

ഭ്രാന്തിനു ചിറകു മുളച്ചാല്‍

ഭ്രാന്തിനു ചിറകു മുളച്ചാല്‍
പറക്കില്ലത്.
അള്ളിപ്പിടിച്ചിരിക്കും
ചിന്തകളില്‍, സ്വപ്നങ്ങളില്‍

അക്ഷരപ്പെയ്ത്തില്‍ കുതിര്‍ന്ന

കടലാസിലേക്ക്
പ്രേതബാധ പോലെ
കണ്ണുകളാല്‍ തീ കോരിയിടും

വിരല്‍ത്തുമ്പില്‍
പൊള്ളിപ്പനിയാല്‍
വിറ പിടിപ്പിക്കും

ഒറ്റപ്പെട്ടവനെന്നു വിളിച്ച്
മനസ്സിനുള്ളില്‍
ആരുകളാല്‍ മുറിവേല്‍പ്പിക്കും

സ്വന്തമായൊന്നുമില്ലാത്ത
ജീവിതമാണ് സത്യമെന്ന്

ബോധമണ്ഡലത്തില്‍
ചൊറിക്കയ്യാല്‍ കോറി വരക്കും

കണ്ണു നീരെന്നാല്‍
കള്ളങ്ങളുടെ പ്രസവ രക്തമാണെന്ന്
മുറിവേറ്റ മനസ്സില്‍ പച്ച കുത്തും

ഏകാന്തതകളില്‍
മുട്ടുകളില്‍ മുഖമമര്‍ത്തി
വിതുമ്പുവാന്‍ പറയും

ഇറ്റി
വീഴുന്ന കണ്ണുനീരില്‍
നിലം കുതിരുമ്പോള്‍,
മഴ പോലെയത് ഒഴുകിപ്പരക്കുമ്പോള്‍
ഞെട്ടിയെഴുന്നേല്‍ക്കാന്‍ പറയും

സ്നേഹമെന്നാല്‍
വഞ്ചനയുടെ മറു പുറമാണെന്ന്
തിരസ്കൃതരുടെ വിലാപം
ചെവികളില്‍ മുഴക്കിക്കൊണ്ടെയിരിക്കും

പൊള്ളലേല്‍പ്പിച്ച്
നിദ്രകളില്‍
പ്രണയിനിയുടെ മുഖം കാട്ടിത്തരും.

ചങ്ങലക്കിലുക്കങ്ങള്‍
ഉയരുന്ന ലോകത്തേക്ക്
ഭീതിയോടെ മുഖം തിരിച്ചിരിക്കും

02 March 2009

ഇരയും ചിലന്തിയും

ഒരു ചിലന്തിയുംഇരയെ
നേരിട്ടെതിര്‍ക്കാറില്ല

ചതിയുടെ നൂലിഴയില്‍
ഒട്ടിപ്പോയ ചിറകുകള്‍
കുഴഞ്ഞു തളരുമ്പോള്‍
അത് അടുത്ത് വരും

അവസാന പിടച്ചിലും
തീരും വരെ
ചിലന്തി
ഇരയെ തൊടാറില്ല

ഓടി മാറിയും ഒളിഞ്ഞു നിന്നും
ഒടി വിദ്യയുടെ
ചതുരുപായങ്ങള്‍ പുറത്തെടുത്ത്
ഇരയെ, വരിഞ്ഞു മുറുക്കും

പിടയാനുള്ള ത്രാണിയില്‍
സ്വയം നഷ്ടമാകുന്നതറിഞ്ഞു
മരണം കൊതിച്ചു പോകുമ്പൊള്‍
തന്നെയാണ്
അത്, ഇരയെ തൊട്ടു നോക്കുന്നത്

24 January 2009

എന്‍റെ പ്രണയം

എന്‍റെ പ്രണയം
ഒരൊറ്റ സംഖ്യയാണ്
ഏഴാം ക്ലാസ്സില്‍
മാഷ്‌
ചൂരലുയര്‍ത്തിയപ്പോള്‍
നിനക്കു ഞാന്‍
വിരലുയര്‍ത്തിക്കാട്ടിയ
ഒറ്റയക്കം

എന്‍റെ പ്രണയം
ഒരൊറ്റ നാണയമാണ്
കാലഹരണപ്പെട്ടിട്ടും
കാത്തു വയ്ക്കപ്പെട്ട
ഒറ്റ നാണയം

എന്‍റെ പ്രണയം
തീവണ്ടി യാത്രയാണ്
ടിക്കറ്റില്ലാതെയുള്ള
യാത്രയ്ക്കിടയില്‍
അനിവാര്യമായ
ഇറക്കി വിടലറിഞ്ഞിട്ടും
പ്രതീക്ഷയുടെ
നിഴല്‍ കാത്ത്
വാതില്‍ പടിയിലെ
അശാന്തമായ യാത്ര

എന്‍റെ പ്രണയം
മരണം മണക്കുന്ന
ഒരോര്‍മ്മയാണ്
ഓരോ മാര്‍ച്ചിലും
അതിന്‍റെ ശവ ഘോഷയാത്ര
മനസ്സില്‍
അശാന്തി തീര്‍ക്കുന്നു

എന്‍റെ പ്രണയം
ഒരിക്കലും ചോര പൊടിയാത്ത
ഒരു മുറിവാണ്
പ്രണയം
കുടിച്ചു തീര്‍ക്കുമ്പോള്‍
നനയാന്‍ പോലും
ഒരു തുള്ളിയും
ബാക്കി വച്ചിരുന്നില്ലല്ലോ

എന്‍റെ പ്രണയം
പറയാതെ പോയ
യാത്രാ മൊഴിയാണ്
പരീക്ഷാ ചൂടില്‍
ലാബില്‍ നിന്നിറങ്ങി
മാറിലടുക്കിയ
പുസ്തകങ്ങളേന്തി
കാത്തു നിന്ന
നീ കാണാതെ
കരള്‍ മുറിച്ചെറിഞ്ഞ
യാത്ര

എന്‍റെ പ്രണയം
മനസ്സില്‍ വരാതെ പോയ
ശാപമാണ്
ചുമതലകളുടെ
നുകം വലിച്ച്
കിതച്ചോടിയ
എന്നെ
മനസ്സറിഞ്ഞു സ്നേഹിച്ച
നീ തരാതെ പോയ
ശാപം

എന്‍റെ പ്രണയം
ഒരു സ്വപ്നമാണ്
ഉണരും മുമ്പേ
കണ്ടു തീരാന്‍ കൊതിച്ച്
പാതി മുറിഞ്ഞ സ്വപ്നം

എന്‍റെ പ്രണയം
നോറ്റ് വീടിയ വ്രതമാണ്
നിനക്കറിയാം
ഞാനൊരിക്കലും
നിന്‍റെ ചാരിത്ര്യത്തില്‍
വിരല്‍ തൊട്ടില്ലെന്ന്

എന്‍റെ പ്രണയം
ഒരുള്‍ വിളിയാണ്
എന്‍റെ ജീവനില്‍ തൊട്ട
പ്രണയം കണ്ട്
നീയുണരാന്‍ കാരണമായ
ഉള്‍വിളി......