.....

30 May 2009

അപഥ സഞ്ചാരങ്ങള്‍

വാക്കിനാല്‍ തുന്നിയ
ശവക്കച്ചയില്‍
പൊതിഞ്ഞതോര്‍ക്കുന്നോ..?

മുറിവ് പറ്റിയ വിരലിനാല്‍
തലോടിയ സലോമി
ഇന്നെവിടെയാണ്‌..?

രാത്രിയുടെ നിശ്ശബ്ദതയില്‍
അവള്‍ കിതച്ചു നേടിയ നോട്ടുകളില്‍
എന്റെ അന്നം...

നര വീണ സ്വപ്നങ്ങളുടെ
കാലം വീഴ്ത്തിയ തുളകളില്‍
വെയില്‍ കയ്യുകള്‍ പൊള്ളിക്കാന്‍ വരുന്നു

സ്വപ്നാടനത്തിന്റെ അവസാനം
ഇറങ്ങിനടക്കുന്നത്
സെമിത്തേരിയിലേക്കായിരുന്നു


നീ തന്ന മുറിവുകളുടെ തുന്നലില്‍
വിരല്‍ തൊട്ടാല്‍ ചോര പൊടിയും.
സലോമിക്കറിയില്ലല്ലോ..!

ഇന്നലെ രാത്രി
പതിവുകാര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍
അവള്‍ ഹൃദയം തുറക്കാന്‍ പറഞ്ഞു.
ചീറ്റിയ രക്തത്തുള്ളികള്‍ കണ്ട്‌
തുറിച്ച കണ്ണുകളോടെ മോഹലാസ്യപ്പെട്ടു .

എന്റെ ഓര്‍മ്മയ്ക്കായി
കള്ളിമുള്‍ച്ചെടി നട്ടുവളര്‍ത്തിയവളെക്കുറിച്ച്
ഞാനൊരു കവിതയെഴുതി.
അതിനാണ് ഇത്തവണ സമ്മാനം കിട്ടിയത്.

നാട് നിറയെ കാമുകിമാരുള്ള
കവി സുഹൃത്ത്
കള്ള് കലിപ്പിലെന്നെ തെറി വിളിച്ചു.

കഥ പറയാമെന്നു പറഞ്ഞ്
അയലത്തെ മിനിക്കുട്ടിയെ
അവന്‍ കവിതകള്‍ വായിച്ച് കേള്‍പ്പിച്ചു

ആറര വയസ്സിന്റെ ശരീരത്തിലേക്ക്
ആസക്തിയുടെ കണ്ണുകളാല്‍
അപഥ സഞ്ചാരം നടത്തി.

വേശ്യയുടെ അന്നത്തില്‍
പങ്കു പറ്റുന്നവന്‍ ഞാന്‍

എങ്കിലും
അവളോടൊത്ത് ശയിക്കാറില്ല
വിശപ്പ്‌ ശരീരത്തിന്റെതല്ല
ജീവനില്‍ വിശക്കുന്നു..
.
അപ്പവും വീഞ്ഞും
എത്രയും മതിയാകില്ല വിശപ്പാറ്റുവാന്‍

അലച്ചിലില്‍ നഷ്ടപ്പെട്ട
വന്‍ കരകളെന്നില്‍
നഷ്ട ബോധമുണര്‍ത്തുന്നില്ല

എനിക്കാറടി മണ്ണ് മതി
അതിലൊതുങ്ങും !
വന്‍ കരകളുടെ ബാഹുല്യം
എന്നെ ഞാനല്ലാതാക്കും...

അത് വേണ്ട...
ഞാന്‍ ഞാനായി തന്നെ ഇരിക്കട്ടെ ...

48 comments:

hAnLLaLaTh said...

“...വേശ്യയുടെ അന്നത്തില്‍
പങ്കു പറ്റുന്നവന്‍ ഞാന്‍

എങ്കിലും ഞാന്‍
അവളോടൊത്ത് ശയിക്കാറില്ല
എന്റെ വിശപ്പ്‌ ശരീരത്തിന്റെതല്ല
എനിക്ക് ജീവനില്‍ വിശക്കുന്നു...
അപ്പവും വീഞ്ഞും എത്രയും മതിയാകില്ല
എന്റെ വിശപ്പാറ്റുവാന്‍...”

കെ.കെ.എസ് said...

കവിതയുടെകാമധേനുവിനെ താങ്കൾ വെറുപ്പിന്റെകുറ്റിയിൽ കെട്ടിയിട്ടിരിക്കുന്നു.വിഷയവൈവിധ്യത്തിന്റെ പച്ചപ്പുൽമേടുകൾ മാടിവിളിക്കുന്നു..അതിനെ അഴിച്ചുവിടൂ..

കണ്ണനുണ്ണി said...

അതെ സുഹൃത്തേ..... ജീവിതത്തിന്റെ പച്ച തുരുത്തുകള്‍ മനോഹരം ആണ്... അതിനെ സ്നേഹിച്ചാല്‍ മാത്രമേ പക്ഷെ ആ മനോഹാരിത കാണുവാന്‍ കഴിയു...
കവിത നന്നായിട്ടുണ്ട്

പള്ളിക്കുളം.. said...

നന്നായിരിക്കുന്നു ഹൻലലത്ത്.
കെ.കെ. എസ് പറഞ്ഞതിൽ കാര്യമുണ്ട്.
ബൂലോകത്തെ കവിതകൾ മിക്കതും ഇരുൾ നിറഞ്ഞതും
നിഷേധാത്മകവുമാണ്.. എന്താണെന്നറിയില്ല.

കാന്താരിക്കുട്ടി said...

നന്നായിരിക്കുന്നു ഹൻലല്ലത്ത്.നമ്മൾ നമ്മളായിത്തന്നെ ഇരിക്കട്ടെ

കുമാരന്‍ | kumaran said...

പ്രിന്റ് മീഡിയയിലേക്ക് എന്തേ പോകുന്നില്ല?
ഗ്രേറ്റ് !!

പാവപ്പെട്ടവന്‍ said...

വേശ്യയുടെ അന്നത്തില്‍ പങ്കു പറ്റുന്നവന്‍ മനപുര്‍വ്വമല്ല. അവളുടെ തൊഴിലിനോടു വെറുപ്പ്‌ തോന്നണ്ട, നമ്മില്‍ പലരും അവളെ വച്ഞിരുന്നു .അവളുടെ മനസ്സ് പരിശുദ്ദമാണ് .ഈ തിരിച്ചറിന്റെ മകുടങ്ങള്‍ ഞാന്‍ നിനക്ക് പകരുന്നു

കാപ്പിലാന്‍ said...

കവി കാട് കയറിപ്പോകുന്നു . സമ്മാനം കിട്ടിയത് എന്ന വരി വരെ സൂപ്പര്‍ .അതിനു ശേഷം വിഷയം മാറിയോ എന്നൊരു സംശയം .

അയ്യോ , ഞാന്‍ ഇങ്ങനെ പറഞ്ഞാല്‍ ഇനി ആരെങ്കിലും എന്നെ ക്രൂശിക്കുമോ :)

നന്നായിരിക്കുന്നു കവിത

അനില്‍@ബ്ലോഗ് said...

ഹന്‍ല്ലലത്തെ,
തെവ്രമായ വിഷയം.
പക്ഷെ എന്തൊക്കെയോ ചോര്‍ന്നുപോയപോലെ.
പതിവ് മൂര്‍ച്ചയില്ല,പതിവിനുവിപരീതമായൊരു മൂഡില്‍ എഴുതിയതാണെന്ന് സ്പഷ്ടം.
ഒന്നൂടെ മിനുക്കി എടുക്ക്.

ധൃഷ്ടദ്യുമ്നൻ said...

കവിത മനസ്സിലായി എന്നതു തന്നെ എന്നെ സംബന്ധിച്ച്‌ വല്യ കാര്യമാ..ഇതിന്റെ ടെക്നിക്കൽ വശങ്ങളൊന്നും അറിയില്ല മാഷെ..ഒരു സാധാരണക്കാരൻ എന്ന നിലയിൽ മനോഹരമായിരിക്കുന്നു..

ആലുവവാല said...

വളരെ ചുരുക്കം വരികളേ ഇവ്വിധം പൊള്ളിക്കാറുള്ളൂ..!

ലാലാ..! സമൂഹത്തിനു നടുവില്‍ സ്വയം നിര്‍ത്തിയുള്ള ഈ ചാട്ടവാറടികള്‍ വേദനിപ്പിച്ചേക്കാം...!

ramaniga said...

കവിത വായിച്ചു ഇഷ്ട്ടപെട്ടു
നാളെ ഒന്നാം പിറന്നാള്‍
ഇനിയും പല വാര്‍ഷികങ്ങള്‍ ഈ ബ്ലോഗ്‌ ലോകത്തില്‍ ഉണ്ടാവട്ടെ !

ആർപീയാർ | RPR said...

മനോഹരമാണോ എന്നറിയില്ല.
ഒരു കാര്യം ഉറപ്പിച്ച് പറയാം..
വായിച്ചത് മുഴുവൻ മനസിലായി...

തുടരട്ടേ... ആശംസകൾ

ചെറിയപാലം said...

ഹൻലല്ലത്തേ...

ഞാനും ഇപ്പോൾ കവിതവായിക്കാൻ തുടങ്ങിയിരിക്കുന്നു...ഹൻലല്ലത്തിന്റെ കവിതകളാണ് അതിന് കാരണം..!

വികടശിരോമണി said...

ആഴങ്ങളിലേക്കു കീറിമുറിക്കുന്ന വേദനയുടെ കനലുകൾ ഇപ്പൊഴേ ഹനല്ലലത്തിൽ ജ്വലിക്കുന്നു.അതു നഷ്ടപ്പെടുത്തരുത് എന്നാണെന്റെ അഭിപ്രായം.കനലുകൾ കെട്ടുപോയാൽ,കവിതയും കെട്ടുപോകുന്നു.ഒരു നിമിഷമേ ജീവിച്ചുള്ളൂ എങ്കിലും,വ്യാസൻ പറഞ്ഞപോലെ,കുന്തിരിക്കപ്പന്തം പോലെ ജ്വലിച്ചുകൊണ്ടു ജീവിക്കുക.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നീ നീയായിത്തന്നെയിരിക്കുക.

ഒന്നാം വാര്‍ഷികാശംസകള്‍.

നരിക്കുന്നൻ said...

മുറിവുകൾ....
ഈ മുറിവുകളാകാം നിന്റെ കവിതയെ മൂർച്ചകൂട്ടുന്നത്..
നിന്റെ വരികൾ വീണ്ടും വായിക്കാൻ തോന്നുന്നത് ഈ മൂർച്ചയാലാകാം...

raadha said...

കവിതകളില്‍ ഒക്കെ വല്ലാത്ത ഇരുട്ട്...!!!

വാഴക്കോടന്‍ ‍// vazhakodan said...

കൊള്ളാം നല്ല വരികള്‍....
ഒന്നാം വര്‍ഷത്തിലേക്ക്, അവിടെ നിന്നും ഒരു പാട് വര്‍ഷങ്ങളിലേക്കും വളരട്ടെ!
ആശംസകള്‍....

തോമ്മ said...

ഒന്നാം പിറന്നാള്‍ ആശംസകള്‍.....ബഹുദൂരം മുന്നോട്ടു പോവട്ടെ...........മടുപ്പ്‌ എന്ന് മിണ്ടാനേ പാടില്ല ......ഇനിയും നല്ല വരികള്‍ പ്രതീക്ഷിക്കുന്നു ...

Anonymous said...

വന്‍‌കരകള്‍ തന്‍റെ അസ്തിത്വത്തെ നിരര്‍ത്ഥകമാക്കുമെന്ന തിരിച്ചറിവിലേക്ക് അനുവാചകനെ കൈപ്പിടിച്ചുകൊണ്ടുപോകുന്ന കവിത..

കുഞ്ഞായി said...

കവിത നന്നായിരിക്കുന്നു ഹന്‍ലല്ലത്ത്...

...പകല്‍കിനാവന്‍...daYdreamEr... said...

മുറിവുകള്‍ക്ക്‌ ഒന്നാം പിറന്നാള്‍ ആശംസകള്‍ ..

അരുണ്‍ കായംകുളം said...

ഈ ബൂലോകത്ത് ഒരു വര്‍ഷം തികച്ച സ്നേഹിതാ..
ആയിരം ആയിരം അഭിനന്ദനങ്ങള്‍
ഒപ്പം ഒരുപിടി ആശംസകളും.
സ്നേഹപൂര്‍വ്വം

ശ്രീഇടമൺ said...

നന്നായിട്ടുണ്ട്...
:)
ആശംസകള്‍...*

ഹരിശ്രീ said...

ഹന്‍ലല്ലാത്ത്,
വളരെ നന്നായിരിയ്കുന്നു.

ആ‍ശംസകളോടെ...
:)

ശ്രീ said...

നന്നായിരിയ്ക്കുന്നു.

ഒപ്പം വാര്‍ഷിക ആശംസകളും...

karimeen said...

നന്നായി ഹന്‍ ഹലാത്ത്. ആത്മാവില്‍ നിന്നുള്ള കവിത

ആചാര്യന്‍... said...

വായിച്ചു ഹന്‍ലലത്ത്, ആകര്‍ഷകമയ കവിത

പോങ്ങുമ്മൂടന്‍ said...

അപഥ സഞ്ചാരങ്ങൾ നല്ലതാണ്. :)

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ആശംസകൾ..

സന്തോഷ്‌ പല്ലശ്ശന said...

വെറുപ്പില്‍ നിന്നും സ്ഖലിക്കുന്ന വാക്കുകള്‍ കൊണ്ട്‌ ഹന്‍ല്ലലത്ത്‌ നടത്തുന്ന നായാട്ട്‌ അവസാനിക്കുന്നേയില്ല. യുദ്ധഭൂമിയില്‍ കൈകാലറ്റു നിലവിളിക്കുന്നവരെ പോലെ കമണ്റ്റുബോര്‍ഡില്‍ വായനക്കര്‍ നിലവിളിക്കുന്നു ..എല്ലാവരും ഒരേസ്വരത്തില്‍ പറയുന്നു "മുറിപ്പെടുത്തിയെന്നും നീറ്റുന്ന വരികളെന്നും....കനിവില്ലാതെ ഹന്‍ല്ലലത്ത്‌....

ഈ കവിത ഹന്‍ല്ലലത്തിണ്റ്റെ മറ്റൊരു ചാട്ടുളി പ്രയോഗം മാത്രം....

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

:)

ഹരീഷ് തൊടുപുഴ said...

ഒന്നാം പിറന്നാളാശംസകള്‍..

fousiya said...

(നാട് നിറയെ കാമുകിമാരുള്ള
എന്‍റെ കവി സുഹൃത്ത്‌
ഇന്നലെ രാത്രി
കള്ള് കലിപ്പിലെന്നെ തെറി വിളിച്ചു..
ഒരു കഥ പറയാമെന്നു പറഞ്ഞു..
അയലത്തെ മിനി കുട്ടിയെ..
അവന്‍ കവിതകള്‍ വായിച്ചു കേള്‍പ്പിച്ചു..
ആറര വയസ്സിന്റെ ശരീരത്തിലേക്ക്
ആസക്തിയുടെ കണ്ണുകളാല്‍
അപഥ സഞ്ചാരം നടത്തി.. )

സ്വന്തം അനുഭവമാണോ..?

Anonymous said...

നാട് നിറയെ കാമുകിമാരുള്ള
എന്‍റെ കവി സുഹൃത്ത്‌
ഇന്നലെ രാത്രി
കള്ള് കലിപ്പിലെന്നെ തെറി വിളിച്ചു..
ഒരു കഥ പറയാമെന്നു പറഞ്ഞു..
അയലത്തെ മിനി കുട്ടിയെ..
അവന്‍ കവിതകള്‍ വായിച്ചു കേള്‍പ്പിച്ചു..
ആറര വയസ്സിന്റെ ശരീരത്തിലേക്ക്
ആസക്തിയുടെ കണ്ണുകളാല്‍
അപഥ സഞ്ചാരം നടത്തി..

ഒരു കവിതയിക്ക്‌ ചേരാത്ത വരികള്‍...
നിങ്ങളില്‍ നിന്നും ഇത്തരം വരികള്‍ അല്ലല്ലോ പ്രതീക്ഷിച്ചത്..

പഞ്ചാരക്കുട്ടന്‍.... said...

പ്രീയ സ്നേഹിതാ..
ഏതൊക്കെയൊ ചില വരികള്‍ വേണ്ടായിരുന്നു......
എങ്കിലും ...വലെരെ നന്നായിരിക്കുന്നു..
അഭിനന്തനങ്ങള്‍..
സ്നേഹപൂര്‍വ്വം....
ദീപ്.........

കാട്ടിപ്പരുത്തി said...

:)- ഇവിടെയുണ്ട്-

കുക്കു.. said...

hanLLaLath..നന്നായിട്ടുണ്ട്....കൂടെ..ബ്ലോഗ്‌ ഒന്നാം പിറന്നാള്‍ ആശംസകള്‍....

Typist | എഴുത്തുകാരി said...

പതിവുപോലെ മൂര്‍ച്ചയുള്ള വരികള്‍.

എം.കെ.ഖരീം said...

"ജീവന്‍റെ വിശപ്പ്‌ അറിയാത്തവന്‍ രണ്ടാത്മാക്കള്‍ തമ്മിലുള്ള ബന്ധത്തെ ഭോഗമായി കാണും. "
വേശ്യ വേശ്യ അല്ലാതാകുന്നത്‌ അവള്‍ ജാതി മതം നോക്കാതെ കര്‍മം ചെയുന്നതുകൊണ്ടാണ്... ഒരു നേരത്തെ വിശപ്പ്‌ അവളെ ആ വഴിക്ക് എറിയുന്നു. കുടിലില്‍ നിലവിളികളുമായി കരയുന്ന കുഞ്ഞും... ആരും വേശ്യയായി പിറക്കുന്നില്ല. ഏതോ കുടുംബത്തില്‍ ഏറ്റവും നല്ല പേരോടെ വളര്‍ന്നവള്‍... ഏതെല്ലാമോ കരങ്ങള്‍ അവളെ ആ പടുകുഴിയിലേക്ക് തള്ളിയത്... സ്ത്രീ ജന്മം ഒരു ശാപം ആയി കാണുന്ന എത്രയോ വേശ്യകള്‍... വേശ്യകള്‍ക്ക് അമ്പലം പണിയണം എന്ന് പറഞ്ഞ എം.മുകുന്ദന്‍... ഹന്ല്ലലത്തിന്റെ തൂലിക ജീവിതത്തിന്റെ നഗ്നസത്യങ്ങള്‍ തേടുന്നു. അത് കവി അനുഭവിച്ചത് ആവണം എന്നില്ല. കണ്ടതോ കേട്ടതോ... കവിതയുണ്ടോ എന്ന് മാത്രം ചികയാം... ആശംസകള്‍... ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് നിന്റെ തൂലിക ചലിക്കട്ടെ... ആശംസകളോടെ...

ശ്രീ..jith said...

നന്നായിരിക്കുന്നു കവിത

Anonymous said...

എന്നെ സംബന്ധിച്ചിടത്തോളം കവിത ദഹിക്കാത്തതാണ്. എന്നാലും മുഴുവനും വായിച്ചു, കുറച്ചൊക്കെ മനസ്സിലായി.

സണ്ണിക്കുട്ടന്‍ /Sunnikuttan said...

എന്നെ സംബന്ധിച്ചിടത്തോളം കവിത ദഹിക്കാത്തതാണ്. എന്നാലും മുഴുവനും വായിച്ചു, കുറച്ചൊക്കെ മനസ്സിലായി.

Sudheesh|I|സുധീഷ്‌.. said...

ഞാന്‍ എന്ത് പറയാന്‍...
ഹന്ല്ലലത്, വരികള്‍ക്ക് നല്ല മൂര്‍ച്ചയുണ്ട്‌..

Parvathy said...

ഞാന്‍ ഞാനായി തന്നെ ഉറങ്ങട്ടെ.. ആറടി മണ്ണില്‍

Gopan Kumar said...

നന്നായിരിക്കുന്നു

hridayathaalam said...

നന്നായിരിക്കുന്നു.... ഹൻലല്ലത്ത്.
നമ്മൾ നമ്മളായിത്തന്നെ ഇരിക്കട്ടെ....