.....

09 March 2009

ലോഹഗര്‍ഭം

ലോഹഗര്‍ഭം ചുമക്കുമച്ഛന്‍റെ-
യാലയില്‍ കാണാം
മറു പിള്ളയില്ലാതെയുടല്‍ പാതി വെന്ത്
ഉലയിലെ ചൂടില്‍ പിന്നെയും
ഭ്രൂണക്കൊഴുപ്പുകള്‍

തീക്കൂട്ടിയുറഞ്ഞു തുള്ളിത്തുടി *
കൊട്ടിപ്പാഞ്ഞലറിപ്പെയ്തു ഞങ്ങള്‍
പാടിത്തളരുന്നത് കേട്ട്
കാഴ്ച കാണാന്‍ കുന്നിറങ്ങിക്കാട് താണ്ടി
യൊതുക്കമുള്ള കാട്ടു കനി കണ്ടു നാവ്
നൊട്ടി വേട്ടയ്ക്കായി
ചമഞ്ഞൊരുങ്ങിക്കൊള്‍ക

ഉലയിലൂതിപ്പുകഞ്ഞു
കണ്‍കളില്‍ ചാരം തെറിക്കാതെ സൂക്ഷിച്ചു
തീക്കൂട്ടിയൂതിയൂതിക്കാച്ചിയ മൂര്‍ച്ച
നിനക്കായി...മാത്രം...

കാഴ്ച മങ്ങി പീള കെട്ടി
മൂര്‍ച്ച തേഞ്ഞ്
വായ്ത്തലയൊടിഞ്ഞ നിന്‍റെ നോട്ടം
ഇനിയെന്നില്‍ മുറിവുണ്ടാക്കില്ല

ലോഹാലയത്തിനുള്ളില്‍ സ്വപ്‌നങ്ങള്‍
അടിച്ച് പതം വരുത്തുവാനപ്പന്‍
പണിപ്പെട്ടുയര്‍ന്നു നെഞ്ചിന്‍കൂടില്‍
നിറയുന്ന ശ്വാസം
അടക്കി തേങ്ങാതെയുരിയാടാന്‍ മറന്നു
എനിക്കായി

ഞരമ്പിലുരഞ്ഞു കയറി
പോറലുണ്ടാക്കിയ 

ദുഃഖ സ്വപ്‌നങ്ങള്‍
ഇനിയെനിക്ക് ഉറക്കമകറ്റുന്ന
ചൂട്ടു വെളിച്ചമല്ല

കാഴ്ച വറ്റിയ കണ്‍കിണറിലെ
നനവ് തേടിയലഞ്ഞു പിണഞ്ഞു പോയ
നേര്‍ത്ത ഞരമ്പ് വേരുകളില്‍
പഴുപ്പ് ബാധിച്ച ഇരുള്‍ സ്വപ്‌നങ്ങള്‍
കറുത്ത ജലമായി....

തല പിളര്‍ത്തിക്കടന്നു പോയ
അസ്ത്ര വാക്കുകള്‍
ചിന്തയില്‍ക്കടന്നു സ്വപ്നത്തുണ്ടുകള്‍
ഭക്ഷിച്ചു തൃപ്തിയടയും....

ഇല വിരിക്കാനിനിയതിഥിയില്ല
രാക്കൂട്ടു തേടിക്കാടു കടന്നു വന്നവര്‍
ഇലയൊന്നിച്ചാളിന്‍ കയ്യും കടിച്ചു
ചിറിയും തുടച്ചോടിപ്പോകും മുമ്പെന്‍
കിനാക്കൂട്ടിലൊരു വിത്തൊഴുക്കിയത് നീ കണ്ടില്ല

ഇയ്യമുരുക്കിയെന്‍ കണ്‍കളില്‍ ഒഴിക്കാം
സ്വപ്ന വഴികളില്‍
ഇരുള്‍ വീഴ്ത്തിയാവഴി തടയാം

മൂര്‍ച്ചയേറ്റിയേറ്റിയൊരു
വായ്ത്തല കാത്തിരിപ്പുണ്ട്‌ .....

തലയ്ക്കുള്ളിലൊരു മൂളല്‍
അത് കേള്‍ക്കില്ല ...നീയും

17 comments:

hAnLLaLaTh said...

തുടി എന്നത് ഒരു വാദ്യ ഉപകരണമാണ് .
ആദി വാസികളാണ് അതുപയോഗിക്കുന്നത്..
കള്ള് കുടിച്ച്‌ എല്ലാ ദുഖങ്ങളും വിരലുകളിലേക്കാവാഹിച്ചു ആസുരമായ തുടി താളം കേള്‍പ്പിക്കുന്ന ആദിവാസി ഊരുകള്‍ ഇന്നും എന്‍റെ നാട്ടിലുണ്ട്

Sunil Gopal said...

തുടി താളം കേള്‍പ്പിക്കുന്ന
നിന്റെ കവിതകൾക്ക്‌ ആശംസകൾ, മനോഹരമാവുന്നു എഴുത്തുകൾ

നരിക്കുന്നൻ said...

ഇന്നും നാട്ടിൽ നശിക്കാതെ കിടക്കുന്ന ആദിവാസി ഊരുകൾ തന്നെയാവാം ഈ കരുത്തുള്ള വരികൾക്കും ജന്മമേകീയത്. ഇന്നത്തെ പ്രഭാതം ഇവിടെ ഈ കവിതയിൽ തുടങ്ങുന്നു.

മുരളിക... said...

അത് കേള്‍ക്കില്ല ...നീയും

kelkkathe kazhiyumo kavee? aashamsakal.

രണ്‍ജിത് ചെമ്മാട്. said...

നിന്റെയീ ലോഹഗര്‍ജ്ജനം വായിച്ച്
എന്റെ തല പെരുക്കുന്നു
"തലയ്ക്കുള്ളിലൊരു മൂളല്‍
അത് കേള്‍ക്കില്ല ...നീയും"......

രജനീഗന്ധി said...

പറയാന്‍ മടിച്ച വാക്കുകള്‍
ആരോ ഈ കവിതയ്‌ക്കുള്ളിലിരുന്ന്‌
തിരിഞ്ഞുകുത്തുന്നതുപോലെ..

മനസ്സില്‍ പുകയും കനലിനെ
ഈ വാക്കുകള്‍
എരിയെച്ചെരിയിച്ച്‌
ആളിക്കത്തിക്കുന്ന പോലെ

ഇഷ്ടപ്പെട്ടു..ഒരുപാടൊരുപാട്‌..

ഗൗരി നന്ദന said...

ഉലയിലൂതിപ്പുകഞ്ഞു
കണ്‍കളില്‍ ചാരം തെറിക്കാതെ സൂക്ഷിച്ചു
തീക്കൂട്ടിയൂതിയൂതിക്കാച്ചിയ മൂര്‍ച്ച
നിനക്കായി...മാത്രം...


എന്തൊരു മൂര്‍ച്ച...!!!!

poor-me/പാവം-ഞാന്‍ said...

മുറിവുകള്‍ ഉണക്കാന്‍ ഈ സംഗീതത്തിനാകട്ടെ!

...പകല്‍കിനാവന്‍...daYdreamEr... said...

ഇയ്യമുരുക്കിയെന്‍ കണ്‍കളില്‍ ഒഴിക്കാം
സ്വപ്ന വഴികളില്‍
ഇരുള്‍ വീഴ്ത്തിയാവഴി തടയാം

മൂര്‍ച്ചയേറ്റിയേറ്റിയൊരു
വായ്ത്തല കാത്തിരിപ്പുണ്ട്‌ .....

തലയ്ക്കുള്ളിലൊരു മൂളല്‍
അത് കേള്‍ക്കില്ല ...നീയും

മൂളലല്ല.. മുഴങ്ങുന്നു...നിന്റെ ഈ വരികൾ...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

മൂര്‍ച്ചയേറ്റിയേറ്റിയൊരു
വായ്ത്തല കാത്തിരിപ്പുണ്ട്‌ .....

തലയ്ക്കുള്ളിലൊരു മൂളല്‍
അത് കേള്‍ക്കില്ല ...നീയും

തലപെരുക്കുന്നു

chelakkarakaran said...

ഈ കാട്ടുകനിക്ക് ഒരുപാടു അര്‍ഥങ്ങള്‍ തോന്നി .വളരെ നന്നായിട്ടുണ്ട് ,ആശംസകള്‍ ഇനിയും വരും

ചെറിയനാടൻ said...

ഒരൽ‌പ്പം കടുപ്പമായ കവിത!
ഒരു രണ്ടുമൂന്നുവട്ടം വായിപ്പിച്ചു...

വയനാടിന്റെ മനോഹാരിതയിൽ എല്ലാം മനസ്സിൽ തോന്നിപ്പിക്കും...

നന്നായിരിക്കുന്നു...

ആശംസകൾ...

hAnLLaLaTh said...

എഴുതുമ്പോള്‍ വല്ലാതെ വേദനിപ്പിച്ച ഒരു കവിതയാണിത്.
ഒരു കൊല്ലന്റെ മകളായ ആദിവാസി യുവതിയാണ് കഥാ പാത്രം.

എന്നെ വായിച്ച എല്ലാവര്‍ക്കും നന്ദി.
തുടര്‍ന്നും എന്നെ വായിക്കുമല്ലോ..?!

കെ.കെ.എസ് said...

‘ലോഹഗർഭം’.ഈ പദസങ്കരം നന്നായിരിക്കുന്നു.കവിതയുടെ ആൽ കെമിസ്ട്രി അറിയുന്നവർക്കേ ഇങനെയൊക്കെ എഴുതാനൊക്കൂ..

വാഴക്കോടന്‍ ‍// vazhakodan said...

you said it! it is touching!
all the best,
vazhakodan

hAnLLaLaTh said...

കെ.കെ.എസ്
വാഴക്കോടന്‍ ‍// vazhakodan

വായിച്ചറിഞ്ഞതിന് നന്ദി...

Safaru said...

വളരെ ഇഷ്ടപെട്ടു. പല ആവർത്തി വായിച്ചു. കലർപ്പില്ലാത്ത അഭ്നന്ദനങ്ങൾ.