.....

18 March 2010

തെരുവിന്റെ ദൈവം

അടര്‍ന്ന പുറ്റുകളില്‍ നിന്നും
തല നീട്ടുന്നുണ്ട്
കനല്‍ ചെതുമ്പല് പിടിച്ച
വിഷ നിശ്വാസങ്ങള്‍

കേള്‍വിയറ്റ വാക്കിന്റെ
കാലടിച്ചുവട്ടിലത്
നീണ്ടു കിടക്കും
ഉടലനക്കാതെ

ജനലഴി പിടിച്ച്
ഉടലാട്ടം കണ്ട്‌ നില്‍ക്കും
ഇട വഴി പിന്നിട്ട്
നിരത്തിലിറങ്ങി
ആളനക്കമില്ലാത്ത
ഇരുള്‍ക്കാട്ടില്‍ പോയിരിക്കും.

നരിച്ചീറു കരയുന്നത് കേട്ട്
പേടിച്ചോടും
കീറക്കരിമ്പടം പുതച്ച് ചൂടാറ്റും
പാലച്ചുവട്ടില്‍ മലര്‍ന്ന്
മഞ്ഞിന്‍ ചൂട് കായും.

തെരുവില്‍ ചിരിയില്ല..
കല്ലെടുത്തെറിയാന്‍
കുട്ടികളില്ല

ഉടല്‍ തെറ്റിയ തലയ്ക്ക് മേല്‍
തുണി  പുതപ്പിക്കുന്നു..
തകര്‍ന്ന ദേവാലയങ്ങളില്‍
ഓരിയിട്ട് കുറുക്കന്മാര്‍ ..

തെരുവിന്റെ ദൈവം ഞാന്‍
തെരുവ് നിങ്ങള്‍ക്കാര് തന്നു..
ഉടയവനറിയാതെ ?!

തെരുവ്
സ്വപ്‌നങ്ങള്‍ വിരിയുന്നിടം

തെരുവിന്
സന്ധ്യക്ക്‌  മുല്ലപ്പൂ മണമാണ്
രാത്രി വിയര്‍ത്ത്
കുമിറലില്‍ ഒട്ടിപ്പിടിക്കും

രാവിലെ സോപ്പ് മണക്കും
സാമ്പ്രാണി മണക്കും
എനിക്കു മാത്രം നിന്നെ മണക്കും

തെരുവിലെ വിളക്ക് കാലില്‍
കല്ലെറിഞ്ഞു കൊള്ളിക്കാന്‍
രസമാണ്

എന്റെ നെഞ്ചില്‍
കനലെറിഞ്ഞത്‌ പോലെ

1 comment:

ഹന്‍ല്ലലത്ത് Hanllalath said...

തെരുതെരുവിലെ വിളക്ക് കാലില്‍കല്ലെറിഞ്ഞു കൊള്ളിക്കാന്‍ രസമാണ്
എന്റെ നെഞ്ചില്‍നീ കനലെറിഞ്ഞത്‌ പോലെ വിന്റെ ദൈവം..