.....

13 April 2010

കരയാതമ്മേ..

അമ്മെ,
മിഠായി വേണമെന്നിനി
മോള് പറയില്ല
അമ്മ കരഞ്ഞാല്‍
മോള്‍ക്കും കരയാന്‍ വരും
കരയാതമ്മേ...

ചിരി മഴയെന്നു
മോളെ നോക്കിപ്പറയമ്മേ...
കിലുകിലെയമ്മയും
ചിരിക്കമ്മേ..

അമ്മെ,
ഇന്നുച്ചയ്ക്കമ്മുവെന്നോട്
പിണങ്ങി

അമ്മയിനീം
കണ്‍ തുറന്നില്ലേല്‍
മോളൊറ്റയ്ക്ക്
പുഴക്കരയില്‍ പോകും
കരടി വന്നു മോളെ പിടിക്കട്ടെ

കഴുത്തിലാണോ
അമ്മെ ഊഞ്ഞാല് കെട്ടുന്നേ..?
ഒന്ന് മിണ്ടമ്മേ...
മോള് സത്യായും പോകുമേ....

31 comments:

hAnLLaLaTh said...

"...ചിരി മഴയെന്നു
മോളെ നോക്കിപ്പറയമ്മേ...
കിലുകിലെയമ്മയും
ചിരിക്കമ്മേ...."

ഒരു യാത്രികന്‍ said...

ഹന്‍ലല്ലത്തിന്റെ മറ്റു കവിതകളുടെ മൂര്‍ച്ച ഇതിനു തോന്നിയില്ല...എവിടെയൊക്കെയോ എന്തോ ഒരു കുറവ് പോലെ...എന്‍റെ തോന്നലാവാം....സസ്നേഹം

നാസ് said...

നിസ്സഹായതയുടെ ബാക്കി പത്രം...ജീവിതത്തില്‍ തനിച്ചായി പോകുന്ന നൊമ്പരം.. വരികളില്‍ ആ നൊമ്പരം തിരിച്ചറിയുന്നു...ആശംസകള്‍..

ശ്രീ said...

ലളിതം... നന്നായിട്ടുണ്ട്

Sulthan | സുൽത്താൻ said...

നോവിന്റെ വരികൾ, അല്ല മുറിവുകൾ. ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ.

ഭായി, ഉദേശിച്ചത്‌ പറയുവാൻ മറന്നുവോ, അതോ വരി തെറ്റിയോ.

കരയുന്ന അമ്മയുടെ ചിത്രം യോജിക്കുന്നില്ല.

Sulthan | സുൽത്താൻ
.

ramanika said...

ജീവിതത്തില്‍ തനിച്ചായി പോകുന്ന നൊമ്പരം തിരിച്ചറിയുന്നു.........

നന്നായിട്ടുണ്ട്

ഒരു നുറുങ്ങ് said...

ചിരിമറന്നമ്മതന്‍, പൂപുഞ്ചിരി മറന്നുറങ്ങുമീ ലോകവുമതിലൊ രു കുഞ്ഞുമോളും.......... കരയാതെ,കരയിക്കും.

മൈലാഞ്ചി said...

യാത്രികനോട് യോജിക്കാന്‍ തോന്നുന്നു.. മറ്റു കവിതകളുടെ ഫീല്‍ ഇല്ല.. എന്നാലും നൊമ്പരം ബാക്കി നിര്‍ത്തുന്നുണ്ട്..

»¦ മുഖ്‌താര്‍ ¦ udarampoyil ¦« said...

'അമ്മെ,
ഇന്നുച്ചയ്ക്കമ്മുവെന്നോട്
പിണങ്ങി

അമ്മയിനീം
കണ്‍ തുറന്നില്ലേല്‍
മോളൊറ്റയ്ക്ക്
പുഴക്കരയില്‍ പോകും
കരടി വന്നു മോളെ പിടിക്കട്ടെ'

നല്ല വരികള്‍..
കവിതയുണ്ട്.
വേദനയുണ്ട്.
സത്യമുണ്ട്.

അവസാന വരികള്‍
ഒന്നൂടെ കുറുക്കാമാരുന്നു..

ഭാവുകങ്ങള്‍...

Anonymous said...
This comment has been removed by a blog administrator.
junaith said...

കഴുത്തിലാണോ
അമ്മെ ഊഞ്ഞാല് കെട്ടുന്നേ..?
ഒന്ന് മിണ്ടമ്മേ...
മോള് സത്യായും പോകുമേ..

എന്താടാ ഇത്.ഇങ്ങനെ വിഷമിപ്പിക്കാതെ

Typist | എഴുത്തുകാരി said...

ലളിതമായ വരികള്‍. അതുകൊണ്ടെനിക്കു മനസ്സിലായി. വേദനയും.

സലാഹ് said...

ലളിതസുന്ദരം

Ranjith chemmad said...

കഴുത്തിലാണോ
അമ്മെ ഊഞ്ഞാല് കെട്ടുന്നേ..?

ഇത്രയ്ക്ക് ലളിതമായ ഒരു ചോദ്യം!!!!
തൂങ്ങിമരണത്തിന്റെ ഒരു പൊയ്റ്റിക് ഇന്റര്‍പൊട്ടേഷന്‍...
മാഷേ....അതിമനോഹരം....

മീര said...
This comment has been removed by the author.
വാഴക്കോടന്‍ ‍// vazhakodan said...

കഴുത്തിലാണോ
അമ്മെ ഊഞ്ഞാല് കെട്ടുന്നേ..?

വളരെ നല്ല ചോദ്യം.ചോദ്യത്തിന്റെ ആഴം അളക്കാനാവുന്നില്ല. നന്നായി!

ഹരി ശങ്കരന്‍ കര്‍ത്താവ്‌ said...

മനോഹരമായി

വെള്ളത്തിലാശാന്‍ said...

സിമ്പിള്‍.. ഇഷ്ട്ടമായി..

ചേച്ചിപ്പെണ്ണ് said...

കഴുത്തിലാണോ
അമ്മെ ഊഞ്ഞാല് കെട്ടുന്നേ..?

vendayirunnu han

Aneesa said...

എല്ലാവരും പറഞ്ഞ പോലെ ഈ വരികള്‍ കഴുത്തിലാണോ
അമ്മെ ഊഞ്ഞാല് കെട്ടുന്നേ..? വളരെ ഇഷ്ടായി

ജിപ്പൂസ് said...

കഴുത്തില്‍ ഊഞ്ഞാലു കെട്ടിയ വരികള്‍ ലളിത മനോഹരം ഹള്ളൂ.ഒപ്പം ഈ ലോകത്ത് തന്നെ ഒറ്റക്കാക്കി പോയ അമ്മയുടെ ക്രൂരതയും നിഴലിക്കുന്നു വരികളില്‍.

കുഞ്ഞൂസ് (Kunjuss) said...

അതെ ആ വരികള്‍, വേദനയുടെ ആഴം..., ഹൃദയത്തില്‍ വീണ്ടും മുറിവുകള്‍ തന്നെയല്ലോ....

Echmukutty said...

സങ്കടപ്പെടുത്തല്ലേ......പ്ലീസ്.

കാണാമറയത്ത് said...

വികാരം കൊണ്ട് വീര്‍പ്പുമുട്ടുകയാണ് കവിത. ചിലപ്പോള്‍ നിങ്ങള്‍ കരഞ്ഞിരിക്കും ഇത് എഴുതി കഴിഞ്ഞപ്പോള്‍. അല്ലേ?

fasil said...

oru nombarathe thotunarthikondula kavitha nanayiketo

യൂസുഫ്പ said...

കഴുത്തിലാണോ
അമ്മെ ഊഞ്ഞാല് കെട്ടുന്നേ..?
ഒന്ന് മിണ്ടമ്മേ...
മോള് സത്യായും പോകുമേ..
...നന്നായെഴുതി.

Sreedev said...

കവിത തൊണ്ടയിലൊരു ഗദ്ഗദമായി നിറഞ്ഞു. നിശ്വാസത്തിലൊരു നനവായി പടര്‍ന്നു. മനോഹരം..!

Aju vava said...

ഹായ് , ഒരുപാട് ഇഷ്ടായി, ഒരുപാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാട്

Anonymous said...

ഒറ്റക്ക് പുഴക്കരയില്‍ പോയാല്‍ കരടി വന്നു പിടിക്കും എന്ന് പറഞ്ഞു വിലക്കിയ അമ്മ എന്തേ ആ കുരുന്നു ഈ ഭൂമിയില്‍ തനിച്ചാകും എന്ന് ഓര്‍ത്തില്ല ?

Manoj Kumar M said...

എന്താ അമ്മേ ഇത്...
ഇങ്ങനെ കരയിക്കല്ലേ...

Manoj Kumar M said...

എന്താ അമ്മേ ഇത്...
ഇങ്ങനെ കരയിക്കല്ലേ...