.....

16 December 2010

അര്‍ബുദക്കാഴ്ചയില്‍

ജ്വരക്കാഴ്ചയാണ് ചുറ്റിലും
ചുമലിലാകെച്ചുറ്റിപ്പടര്‍ന്ന്
വേദനത്തായ് വേരുകള്‍

അകമുറിവിലൊരിറ്റ്
ചോര പൊടിയുന്നു..
ചുമരില്‍
കണ്‍നട്ടിനിയുമെത്ര നാള്‍ ...?

അടുക്കളച്ചായ്പ്പില്‍
അമ്മയിരുന്നാറാന്‍
കൊതിക്കുന്നുണ്ട്‌..

പതം പറയും പനിക്കാഴ്ച
തെളിയാന്‍
ദൈവത്തിനൊരാള്‍ രൂപം
നേരാന്‍
നീയുമില്ലാതെ പോയി..

പനി,
ഓര്‍മ്മകളുടെ വസന്തമാണ്
പനിപ്പാടങ്ങളില്‍
ഓര്‍മ്മപ്പൂക്കള്‍ കുലച്ചു നില്‍ക്കും

ബാല്യമെന്നത്
കുമ്മായമടര്‍ന്ന ചുമരാണ്
കോറി വരഞ്ഞത്
അപ്പാടെയുണ്ട്

ജ്വരം തിന്നുമുറക്കം..
വേദനയുടെ എട്ടുകാലികള്‍
ശരീരത്തിലപ്പാടെ
ഇഴഞ്ഞു നടക്കുന്നുണ്ട്

നീല വരകളാല്‍
അടയാളപ്പെടുത്തിയത്
കരിച്ചു കളയേണ്ട
കോശപ്പച്ചയാണ്

ശിഖരങ്ങളപ്പാടെ
തീ പോലെ പൊള്ളും...

അമ്മ മരം മാത്രം
പെയ്തു കൊണ്ടിരിക്കും
എത്ര മരം പെയ്താലും
എത്ര മഴ തീര്‍ന്നാലുമമ്മക്കാര്‍
പെയ്തൊഴിയാതെ..

പനിപ്പകര്‍ച്ചയില്‍
ഉറക്കം വറ്റും.
വീട്ടിലൊരു
കുശു കുശുപ്പുയരും

അടക്കാന്‍ പോകുന്ന
ശവപ്പെട്ടിക്കു വരെ
അളവെടുത്തേക്കാം
അമ്മയിരുന്നുരുകുന്നുണ്ടാകും

അപ്പോഴും
ഓര്‍മ്മകളരിച്ചു കയറി
കാട്ടു തീ പോലെ
ജ്വരത്തെയും തിന്നു കൊണ്ടേയിരിക്കും

ഇട വഴിയും
സ്കൂള്‍ കാലവും
വായന ശാലയിലെ
പ്രണയക്കാഴ്ചയും

ഒടുക്കമൊരു നിമിഷം
നീ കൂടെയുണ്ടായിരുന്നെങ്കിലെന്ന്
കൊതിക്കും

ഏത് പനിക്കാട്ടിലും
നീ തുണയായിരുന്നെങ്കിലെന്ന്
മോഹിക്കും

പിന്നെ
ആശയുടെ
കിരണങ്ങളുദിക്കില്ലെന്നറിയുമ്പോള്‍
കാതോര്‍ത്തിരിക്കുമൊരു
കാല്പെരുമാറ്റത്തിനായി...

അപ്പോഴും, പതുക്കെ
നെഞ്ചിനുള്ളില്‍
നീ നിന്ന്
കവിത ചൊല്ലുന്നുണ്ടാകും

9 comments:

hAnLLaLaTh said...

അമ്മ മരം മാത്രം
പെയ്തു കൊണ്ടിരിക്കും
എത്ര മരം പെയ്താലും
എത്ര മഴ തീര്‍ന്നാലുമമ്മക്കാര്‍
പെയ്തൊഴിയാതെ

sm sadique said...

പലതലങ്ങളിൽ തൊട്ട് ജീവിതത്തെ “സങ്കടത്തോടെ” അറിയുന്നവൻ ,……
ആശംസകൾ……..

സാബിബാവ said...

ശക്തി യാര്‍ജിച്ച ഭാഷ
ഹോ ഞാനതില്‍ തലപുകഞ്ഞു

എം.പി.ഹാഷിം said...

അമ്മ മരം മാത്രം
പെയ്തു കൊണ്ടിരിക്കും
എത്ര മരം പെയ്താലും
എത്ര മഴ തീര്‍ന്നാലുമമ്മക്കാര്‍
പെയ്തൊഴിയാതെ


മുറിവുകള്‍ എന്ന തലക്കെട്ടിനോട് പരമാവതി നീതി പുലര്‍ത്തുന്നു!
ഈ ട്രാക്കില്‍ നിന്ന് വെതിചലിക്കാത്തതും ഇതേ കാരണം കൊണ്ടാവുമോ ....
അല്ലെങ്കില്‍ താങ്കളുടെ മനസ്സിലെവിടെയോ ഒരു നീറ്റല്‍ കവിതകള്‍ക്ക് വളമാകുന്നുണ്ട്

എങ്ങിനെയായാലും ഈടുറ്റ വരികള്‍ ഓരോ കവിതയിലും വെരാഴങ്ങളാവുന്നു.

....സ്നേഹം

chandunair said...

നല്ല കവിത..ഭാവുകങ്ങൾ..... ചന്തുനായർ

Sreedevi said...

അതിമനോഹരം...

"

അപ്പോഴും, പതുക്കെ
നെഞ്ചിനുള്ളില്‍
നീ നിന്ന്
കവിത ചൊല്ലുന്നുണ്ടാകും"
എല്ലാം അവസാനിക്കുമ്പോഴും നെഞ്ചില്‍ നീ കവിത ചൊല്ലുമല്ലോ.അത് മതി.തനിച്ചല്ലെന്ന് വിശ്വസിക്കാന്‍..

MT Manaf said...

നല്ല വാക്കുകള്‍
ഒന്നു കൂടെ ഒതുക്കി പ്പറഞ്ഞാല്‍
ഇനിയും നന്നാക്കാമായിരുന്നു

hridayathaalam said...

അമ്മ മരം മാത്രം
പെയ്തു കൊണ്ടിരിക്കും
എത്ര മരം പെയ്താലും
എത്ര മഴ തീര്‍ന്നാലുമമ്മക്കാര്‍
പെയ്തൊഴിയാതെ
-most touching...

hridayathaalam said...

പനി,
ഓര്‍മ്മകളുടെ വസന്തമാണ്
പനിപ്പാടങ്ങളില്‍
ഓര്‍മ്മപ്പൂക്കള്‍ കുലച്ചു നില്‍ക്കും-
ആശംസകൾ……..