.....

10 December 2014

വസന്തം കാണാത്ത ചെടികളെക്കുറിച്ച്


ആലോചനയൊന്നും
വന്നില്ലെയെന്ന്
വയസ്സ് കൂടിയല്ലോയെന്ന്
നരച്ച പകൽക്കുട
കുശലം നിവർത്തും

പുതിയ ചുളിവുകളെണ്ണി
കറുപ്പിനോട് പരിതപിച്ച്
കരച്ചില് നടിക്കും

കുടയ്ക്കടിയിൽ
നോവ്‌ ചോരും
നനഞ്ഞൊലിച്ച്
ആലിപ്പഴമാകും

ഈ രാവെങ്കിലും
പുലരാതിരിക്കണമെന്ന്
അടുത്ത പകലെങ്കിലും
പുര നിറയരുതെന്ന്
പ്രാർഥനയിൽ കുതിരും

സ്വപ്നത്തിൽ
അമ്മേയെന്ന് വിളി കേള്‍ക്കും
വാടിപ്പോയ മുലകളിൽ
ഉറവ തുടിക്കും

വീട് ഉറങ്ങിയെന്നുറപ്പാകുമ്പോൾ
കുട്ടിക്കാലത്ത് നിന്ന്
ഒരു പാവക്കുട്ടി
അമ്മയെ തേടി വരും.
അവളുടെയുള്ളിൽ മാത്രം
ജീവൻ വെക്കും

പുലരും വരെ പേനെടുക്കും
തലമുടി കെട്ടും
കുഞ്ഞുടുപ്പിടീച്ച് ഒരുക്കും
ജീവിക്കാതെ മരിച്ച
സ്വപ്നത്തെ.

ആള് കാണ്‍കെ, വീട് കാണ്‍കെ
ഒരു രാത്രിയെങ്കിലും
ഒരു നുള്ള് ജീവൻ കൊടുത്താൽ
വിളി കേൾപ്പിച്ചാൽ
ദൈവമേ നിനക്കെന്ത് നഷ്ടം ?

4 comments:

കീയക്കുട്ടി said...

കണ്ടും കെട്ടും പരിജയിച്ച വഴികൾ തേടി വരാത്തവളുടെ...വേദന
ശരിക്കും നൊന്തു ..എനിക്കും.

ajith said...

ജീവിക്കാതെ മരിച്ച സ്വപ്നങ്ങളുടെ ഒരു ഖനി തന്നെയുണ്ട്

സിയാഫ് അബ്ദുള്‍ഖാദര്‍ said...

വേദനകളുടെ മുറിപ്പാടുകൾ

Akbar said...

പുലരും വരെ പേനെടുക്കും
തലമുടി കെട്ടും
കുഞ്ഞുടുപ്പിടീച്ച് ഒരുക്കും
ജീവിക്കാതെ മരിച്ച
സ്വപ്നത്തെ.

ആള് കാണ്‍കെ, വീട് കാണ്‍കെ
ഒരു രാത്രിയെങ്കിലും
ഒരു നുള്ള് ജീവൻ കൊടുത്താൽ
വിളി കേൾപ്പിച്ചാൽ
ദൈവമേ നിനക്കെന്ത് നഷ്ടം ?