.....

22 July 2015

ഇലാഹീ


ഇലാഹീ
നിന്റെ നോട്ടത്താൽ
പൂവുകൾ കൊഴിയുന്നു
അതേ  നോട്ടത്താൽ
വസന്തം
ഗർഭം ധരിക്കുന്നു

സ്പർശിക്കും മുമ്പേ
എത്ര ജീവനുകളാണ്
ജനിച്ചു ജനിച്ച്
മരിക്കുന്നത്

തെരുവുകളിൽ,
വിളക്കുകളിൽ ,
ഓരോ ഇലകളിലും
നിന്റെ നാമം തിരയട്ടെ..

ആരോ ഉപേക്ഷിച്ചു പോയ
ഒരുടുപ്പാണ്
ഞാൻ...
അകത്ത്
വേർപ്പിൻ നനവ്..

എന്നെ തിരഞ്ഞു തിരഞ്ഞ്
നിന്നെ
കണ്ടെത്തിയിരിക്കുന്നു

ഇലാഹീ
ഹിമസ്പർശ്മായി
എന്നെ  തലോടൂ...
അനുരാഗത്തിന്റെ
പുതപ്പു കൊണ്ട് മൂടൂ ...

ഇലാഹീ
മണ്ണ് പുതപ്പിച്ച്
അവർ പോകുമ്പോൾ
മൈലാഞ്ചിച്ചെടികളാൽ
പ്രണയത്തിന്റെ
വേര് വിരൽ  നീട്ടൂ...

ഉടഞ്ഞു പോകാത്ത
ചഷകങ്ങളിൽ
ആത്മാവിനെ നിറച്ചു തരൂ

നോവുകൾ
നീയാകട്ടെ...
കവിതകളിൽ
നിന്നെ മാത്രം ഉമ്മ വെക്കട്ടെ...

അനുരാഗം
ആവർത്തനങ്ങളാൽ
വജ്രം പോലെ
മൂർച്ചയേറുന്നു.

മൂർഛകളുടെ മൂർച്ചയാൽ
ഞാനെത്ര നിസ്സാരനെന്ന്
ഒരു സ്വപ്നം കൊണ്ടെന്നിൽ
ജീവിതം  തീർക്കുന്നു

ഇലാഹീ...
ഒരുറക്കം കൊണ്ടെന്നെ
ഉണര്ത്തുക നീ..

കണ്ടു തീര്ന്നവയിലേക്ക്
പിന്നെയും പിന്നെയും
ഞരമ്പുകളിൽ
കണ്ണുകൾ മുളപ്പിക്കരുതേ

4 comments:

ഒരു കുഞ്ഞുമയിൽപീലി said...

ഈ ഇലാഹിയെ ഞാൻ പ്രണയിക്കുന്നു .....

കവിതയുടെ ഒഴുക്ക് ശൈലിയും പ്രണയത്തെ കാട്ടി തരുന്നു

Cv Thankappan said...

കണ്ടു തീര്ന്നവയിലേക്ക്
പിന്നെയും പിന്നെയും
ഞരമ്പുകളിൽ
കണ്ണുകൾ മുളപ്പിക്കരുതേ
നല്ല വരികള്‍
ആശംസകള്‍

ajith said...

മനോഹരമായിരിക്കുന്നു

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഹൃദ്യം..മനോഹരം