.....

20 June 2008

മഴ

ക്ലാവ് പിടിച്ച ഓര്‍മ്മകളില്‍
പുതു മണ്ണിന്‍റെ മണമൊളിപ്പിച്ച്
പെയ്തിറങ്ങുന്നു

ഓലക്കീറുകള്‍ക്കിടയിലൂടെ
കുസൃതിക്കൈകള്‍ നീട്ടി
തൊട്ടു കളിക്കുന്നു

കുളിര്
തുന്നി
ളകിയ 
ഉടുപ്പുകള്‍ക്കിടയിലൂടെ
കാളിച്ചയായി
കൊളുത്തി വലിക്കുന്നു

ഒഴുകിപ്പോയ
കടലാസു തോണികളില്‍
പുസ്തകത്താളിലെ മയില്‍ പീലികള്‍
ആകാശം കണ്ടപ്പോള്‍
കരള്‍ നൊന്തു കരയുന്നു

ചെമ്പരത്തിപ്പൂ ചതച്ച്
നിറം വരുത്തിയ ബോര്‍ഡില്‍
മാഷ്, വര്‍ണച്ചോക്കു കൊണ്ട്
കടല്‍ത്തിരയ്ക്ക്
ജീവന്‍ നല്‍കാന്‍ കൊതിക്കുന്നു

മഴ നനഞ്ഞു
വികൃതമായ
വരകള്‍ക്കിടയില്‍
മിഴിയുടക്കിപ്പോയ
പിന്‍ ബഞ്ചിലെ കോങ്കണ്ണൂള്ള പെണ്‍കുട്ടി
തികട്ടി വന്ന സ്വപ്നങ്ങളെ
ഛര്‍ദ്ധിച്ചു കളയുന്നു

ഉറങ്ങും മുമ്പേ തുറന്നു വച്ച
ഓര്‍മ്മകളുടെ ചെപ്പ് തുറന്നു
സ്വപ്നങ്ങളെയും കഴുകി
ശേഷിപ്പുകളില്ലാത്ത
പകലുകള്‍ ഒരുക്കുന്നു

കൈത്തോടുകളിലെ
കുഞ്ഞു നിലവിളികള്‍
കേള്‍ക്കാനായുമ്പോള്‍
പുതിയൊരു താളം പകര്‍ന്നു
പെയ്തൊടുങ്ങുന്നു

ഭീതിയുടെ
ശിരോ വസ്ത്രമൂരാതെ
കനത്ത കൈത്തലം കൊണ്ട്
സര്‍വ്വം തച്ചു തകര്‍ക്കുന്നു

ഒടുക്കം
ചെമ്മണ്ണില്‍
പുതഞ്ഞു കിടക്കുന്ന
കുഞ്ഞു ചെരുപ്പുകള്‍
ബാക്കിയാക്കി
മഴ, അജ്ഞാതനായ
ശത്രുവിനെ പോലെ
കൊലച്ചിരി ചിരിച്ചു
രംഗമൊഴിയുന്നു

11 comments:

Unknown said...

ഹൃദയത്തില്‍ ഒരു മഴ പെയ്യും നോവ്‌ .........

HARI VILLOOR said...

ഒരു പുതുമഴ നനഞ്ഞ പ്രതീതി അലന്‍..... മഴയെന്‍‌റ്റെ പ്രീയമിത്രമാണ്‌.... അതുകൊണ്ട് തന്നെ മഴയെ സ്നേഹിക്കുന്നവരും എന്‍‌റ്റെ പ്രീയ മിത്രങ്ങള്‍ ആകുന്നു.... സുഹ്രത്തേ... എഴുതുക.... കഴിയുന്നിടത്തോളം......... എല്ലാവിധ ആശംസകളും നേരുന്നു നിനക്കായ്....

Unknown said...

മഴയെ ഞാന്‍ സ്നേഹിക്കുന്നു.....

ഇറ്റുവീഴുന്ന മഴ തുള്ളികള്‍ കാണുമ്പോള്‍ മനസ്സില്‍ കുളിര് കോരിയിടുന്ന പോല്‍ ഒരു അനുഭവം ആണ്...

ഇനിയും ഒരുപാട് എഴുതുക

ദാസ്‌ said...

എല്ലാ കവിതകളും വായിചു. നന്നയിരിക്കുന്നു. വിളിക്കുക. നേരില്‍ കാണാം - ദാസ്‌ - 9867720305 (മുമ്പൈ നംബര്‍)

ശ്രീലാല്‍ said...

Nice Hanllalath !!

രാത്രികളില്‍ ജനാലയ്ക്കരികിലെ കട്ടിലിലേക്ക് എന്നെ വിരല്‍ നീട്ടി തൊട്ടിരുന്ന മഴ.

kudukka said...

nalla kavithayanu ketto.
eniyum chattan write chayumallo.
good and perfect.
best wishes

siva // ശിവ said...

എത്ര സുന്ദരം ഈ മഴക്കവിത....

നിരക്ഷരൻ said...

മഴ എനിക്കെന്നും ഒരു ദൌര്‍ബല്യമാണ്. ഈ മഴയില്‍ ഞാനും കുതിര്‍ന്നു.

ആശംസകള്‍....

മുള്ളൂക്കാരന്‍ said...

മഴ....എനിക്കേറെ പ്രിയപ്പെട്ടതാണ്...ബാല്യം മുതല്‍ മഴയെ സ്നേഹിക്കുന്നു ഞാന്‍....
വായിച്ചപ്പോള്‍,ഒരു മഴ നനഞ്ഞപോലെ....സുഖം...ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു...ആശംസകള്‍...

ആമി said...

അതെ ഒരു മഴ നനഞ്ഞ പോലെ.... ഇനിയും ഒരുപാട് എഴുതുക

girishvarma balussery... said...

നിന്‍റെ മനസ്സില്‍ പെയ്തിറങ്ങിയ മഴ ഞാന്‍ അറിയുന്നു.. മഴ എന്നും അല്‍ഭുതം തന്നെ.. എല്ലാവര്ക്കും.. ഓരോരോ തരത്തില്‍ ....