വെയില് തട്ടിയും
മഴ നനഞ്ഞുമാകാം
നിറം നരച്ച് , പുറം ചട്ട കീറി
ചടച്ചു പോയൊരു കവിത
കവലയില്‍ നില്‍പ്പുണ്ട്
വഴിക്കാഴ്ചയില്‍
ഒരു കണ്ണാലും വായിക്കപ്പെടാതെ
എല്ലുന്തി കണ്ണ് കുഴിഞ്ഞ്
കവിത നിന്നാവിയാകാറുണ്ട്.
ആരെങ്കിലും കൊണ്ട് പോയി
ചേര്‍ത്ത് വെച്ച് വായിക്കുമെന്നും
കീറിയ മേലുടുപ്പ്
ബൈന്‍ഡ് ചെയ്ത് ഭംഗിയാക്കുമെന്നും
ഇടയ്ക്കിടെ കൊതിക്കാറുണ്ട്.
രണ്ടു കവലയ്ക്കപ്പുറം
ഓവര്‍ ബ്രിഡ്‌ജിനടിയില്‍
ഒരു കവിത പിടയുന്നുണ്ട്
നിരൂപകരാകാം
മാറി മാറി വായിച്ചും
അഭിപ്രായങ്ങള്‍ ഒച്ചയിട്ടും
ഇടയ്ക്കിടെ ലഹരി മോന്തുന്നുണ്ട് .
അതിനുമപ്പുറം
വി ഐ പി കള്‍ മാത്രം വസിക്കുന്ന
അമര്‍ദീപില്‍
ഒരു കവിത ഉറങ്ങാതെയിരിപ്പുണ്ട്
വാങ്ങി വെച്ചയാള്‍
മറക്കുന്നത് കൊണ്ടാകാം
കവിത ഇടയ്ക്കിടെ
സ്വയം ചൊല്ലിത്തുടങ്ങും
അപ്പോഴൊക്കെ
രാവ് കവിതയ്ക്കരികിലേക്ക്
കള്ളനെപ്പോലെ പതുങ്ങിച്ചെല്ലും .
പറഞ്ഞപ്പോഴാണ്
ഓര്‍മ്മ വന്നത്
അയ്യപ്പന്റെ എഴുതാതെ പോയ
ഒരു താള്
എന്നെ തേടി അലയുന്നുണ്ട്
ഞാനൊറ്റയ്ക്ക്
നിലാവില്‍
ആ കവിതയോടൊന്നു
കിന്നാരം പറഞ്ഞു വരാം
8 comments:
കവിതയുറവ പതുക്കെപ്പെതുക്കെ വറ്റുന്നത്
വിരഹ വെയിലില്‍ അല്ലെന്ന്
സ്നേഹ മഴയില്‍ കുതിര്‍ന്നാണെന്ന്
അറിഞ്ഞു തുടങ്ങുന്നു
നന്നായിട്ടുണ്ട് എന്ന് പറയാന്‍ മാത്രം ഞാന്‍... അതുകൊണ്ട് പറയുന്നു വളരെ ഇഷ്ടപ്പെട്ടു. അതുപോലെ താങ്കളുടെ കമന്റും.
ഇന്നിന്റെ വായനക്കപ്പുറം,
നാളെകളിലും കവിതകള്‍ വായിക്കപ്പെട്ടെക്കാം...
കവിതകള്‍ കാലങ്ങളിലെക്കുള്ള കരുതിവെപ്പാണ്.
അതുകൊണ്ടു തന്നെ കവിതകള്‍ക്ക് പിറക്കാതിരിക്കാന്‍ കഴിയില്ല...
കവിതകള്‍ പിറക്കട്ടെ,
കവികള്‍ തേങ്ങാതിരിക്കട്ടെ.
കവികള്‍ അവാര്‍ഡുകളാകുന്ന അമ്മിഞ്ഞപ്പാല്‍ മാത്രം കൊതിക്കരുത്....
കവികള്‍ എവിടെയും കവിത കാണുന്നു..
നനഞ്ഞതും,ആവിയായതും..
തനിച്ചിരുന്നു മറന്നതും
ലഹരിയായ് കയറിയതും എല്ലാം കവിത തന്നെ..
എന്നാല്‍ സത്യമുള്ളത് എത്ര കാണും
കാമ്പുള്ളത് എത്ര കാണും
ചില അയ്യപ്പന്മാര്‍ മാത്രം
അതുകൊണ്ട് ചില രാത്രികളെ അവന്‍ (ഒടേതമ്പുരാന്‍) നിലാവുള്ളതാക്കി......
...കവിതകവലയില്‍ നില്‍പ്പുണ്ട്.....കവിത നിന്നാവിയാകാറുണ്ട്.....കവിത പിടയുന്നുണ്ട്.... കവിത ഉറങ്ങാതെയിരിപ്പുണ്ട്....പക്ഷേ കവിതയോടൊന്നുകിന്നാരം പറഞ്ഞു വരാൻ ഇന്ന് പലർക്കും സമയമില്ലാ.. ഒരു തുണ്ട് കവിതയും.. ഒരു മിനിക്കഥയും കൊണ്ട് സായൂജ്യമടയുന്നവരാണിന്ന് ശരാശരി മലയാളികൾ. ആർക്കും ചിന്തിക്കാൻ വയ്യ... കേഴുക മലനാടെ............
കവിതയുറവ പതുക്കെപ്പെതുക്കെ വറ്റുന്നത്
വിരഹ വെയിലില്‍ അല്ലെന്ന്
സ്നേഹ മഴയില്‍ കുതിര്‍ന്നാണെന്ന്
അറിഞ്ഞു തുടങ്ങുന്നു
Post a Comment