.....

25 April 2011

നാണിയമ്മൂമ്മ പറഞ്ഞ കഥ

നാണിയമ്മൂമ്മ 
ഒരു കഥ പറഞ്ഞു
കടലിനാദ്യം
മധുരമായിരുന്നൂത്രേ...!
പഞ്ചാരപ്പാല്‍പ്പായസം പോലെ...!

കഥയില്‍
ചോദ്യമില്ലാത്തതിനാല്‍
ഞാനൊന്നും ചോദിച്ചില്ല

ഒരാണും പെണ്ണും
സ്നേഹിച്ചു സ്നേഹിച്ച്
കൊതിതീരാതെ
ജീവിച്ചു ജീവിച്ചു
മതി വരാതെ
മല മുകളിലെ
ഇടയക്കുടിലില്‍ 
വസിച്ചിരുന്നു.!

മലയുച്ചിയില്‍ നിന്ന്
നോക്കിയാല്‍
കടലറ്റം കാണാമെത്രേ.

കടല്‍ കടന്നൊരു നാള്‍
വെളു വെളുത്തൊരു
ചൊക ചൊകന്നൊരു
തുടു തുടുത്തൊരു
മൊഞചന്‍ വന്നു

ഉടലു കണ്ടുറക്കം മറന്നൊരു നാള്‍
ഇടയപ്പെണ്ണിറങ്ങി.
പൂഴി മണല്‍ തിട്ടയില്‍
സര്‍പ്പങ്ങള്‍...!

ഇലഞ്ഞി മരച്ചോട്ടില്‍
ആട്ടിന്‍ പറ്റത്തെ
നോക്കിയിരുന്നവന്‍
ഒറ്റയ്ക്കാണ് പെണ്ണെന്നോര്‍ത്ത്
ഓടിപ്പിടഞ്ഞ്
ചാടിക്കിതച്ച്
മല മുകളില്‍
നിന്ന് കിതച്ചപ്പോള്‍
താഴെ അങ്ങ് ....
ഇരുളില്‍....

ഇടയച്ചെറുക്കന്‍
കയ്യിലൊരു മഴുവുമായി
അവര്‍ക്ക് നേരെ ചീറിയില്ല..
അവന്‍
കടലിന്‍റെ നെഞ്ചിലേക്ക്
നടന്നു കയറി...
കയ്യും വീശി...
ചിരിച്ചും കൊണ്ട്..

പിറ്റേന്ന് 
കണ്ണുനീരെല്ലാം
ഒഴുകിപ്പരന്ന്
കടലാകെ കലങ്ങി..
അതിന്റെ പിറ്റേന്ന്
അവനൊരു 
വലിയ തിമിംഗലമായി
മാറിയത്രെ..

അന്ന് മുതല്‍
അവന്‍
കരഞ്ഞു കൊണ്ടേ ഇരിക്കുന്നു
കടലില്‍
ഉപ്പു കൂടിക്കൊണ്ടേ ഇരിക്കുന്നു.

വെളുത്ത നിറമുള്ള
തുടുത്ത കവിളുള്ള
ഉറച്ച ശരീരമുള്ള
മൊഞ്ചന്‍മാര്‍
മൊഞ്ചുള്ള
വാക്കുകളുമായി
മലയായ മലയൊക്കെ
കുടിലായ കുടിലൊക്കെ
കറങ്ങി നടക്കുന്നു...

9 comments:

ഹന്‍ല്ലലത്ത് Hanllalath said...

ഇത് വായിച്ചു ഒരു സുഹൃത്ത്
എഴുതിയ കമന്റ് കോപ്പി ചെയ്യുന്നു

ഇന്നത്തെ ആഗോളീകരണ വ്യവസ്ഥയും സ്വാതന്ത്ര്യ സമരവുമായും താരതമ്യം ചെയ്യാവുന്ന വരികള്‍.

കടല്‍ കടന്നെത്തുന്ന
"കടല്‍ കടന്നൊരു നാള്‍
വെളു വെളുത്തൊരു
ചൊക ചൊകന്നൊരു
തുടു തുടുത്തൊരു
മൊഞചന്‍ വന്നു "

സായിപ്പിനെ സ്വീകരിച്ചിരുത്തിയ സംസ്കാരമാണ് നമ്മുടെ ഭാരതത്തിന്റെത്.

എന്നാല്‍
"ഉടലു കണ്ടുറക്കം മറന്നൊരു നാള്‍
ഇടയപ്പെണ്ണിറങ്ങി
പൂഴി മണല്‍ തിട്ടയില്‍ സര്‍പ്പങ്ങള്‍..."

ഇത് സംഭവിക്കുമ്പോഴാണ് അത് ദുരന്തമാകുന്നത്.
കടല്‍ കടന്നെത്തുന്ന പാശ്ചാത്യ സംസ്കാരതിനോട് സമരസപെടുന്നു നമ്മുടെ സംസ്കാരവും.
ആഗോളീകരണത്തില്‍ പലതും കണ്ടു ഭ്രമിച്ചു മൂല്യങ്ങള്‍ എറിഞ്ഞുകൊടുക്കുന്നു നമ്മള്‍. അതുകൊണ്ട് നാം തന്നെ നമ്മുടെ വിരുന്നു മേശയിലേക്ക്‌ ഉപ്പായി എത്തുന്നു.
നമ്മുടെ കണ്ണീര്‍ പലപ്പോഴും നാമറിയാതെ കുടിക്കുന്നു.

"മലയുച്ചിയില്‍ നിന്ന് നോക്കിയാല്‍
കടലറ്റം കാണാമെത്രേ "

വിവര സാങ്കേതികവിദ്യയുടെ രംഗപ്രവേശം അതിനു ആക്കം കൂട്ടുന്നു.

"ഇലഞ്ഞി മരച്ചോട്ടില്‍
ആട്ടിന്‍ പറ്റത്തെ നോക്കിയിരുന്ന
ഇടയച്ചെറുക്കന്‍
അന്തിയായപ്പോള്‍
ഒറ്റയ്ക്കാണ് പെണ്ണെന്നു ഓര്‍ത്ത്
ഓടിപ്പിടഞ്ഞു
ചാടിക്കിതച്ച്
മല മുകളില്‍ നിന്ന് കിതച്ചപ്പോള്‍
താഴെ അങ്ങ് ....ഇരുളില്‍...."

കര്‍ഷകന്റെ സമ്പത്തുകള്‍ അവര്‍ ചോര്‍ത്തുന്നു.
ആഗോളവത്‌കരണത്തിന്റെ മഹാസമുദ്രങ്ങളിലേക്ക് നടന്നു കടന്നു കയറി നാമവിടെയിരുന്നു കണ്ണീര്‍ വാര്‍ക്കുന്നു.

സ്വാന്തന്ത്ര്യ സമര കാലത്തും സൂര്യനസ്തമിക്കാത്ത സാമ്രാജ്യം നമ്മലോടിത് ചെയ്തു.
അന്ന് കണ്ണടയും ഊന്നുവടിയുമുല്ലൊരാല് സബര്‍മതിയില്‍ നിന്ന് ദന്ദിയിലെക്കു യാത്ര ചെയ്തു.
അവര്‍ ചോര്‍ത്തിയ നമ്മുടെ കണ്ണീരും വിയര്‍പ്പും നാം കുറുക്കി ഉപ്പാക്കി.
എന്നാല്‍ ഇന്നും അത് ആവര്തിക്കപെടുന്നു. അതിന്റെ ശക്തമായ സൂചനകളാണ് അവസാന വരികള്‍.
ആഗോളീകരണം
"വെളുത്ത നിറമുള്ള
തുടുത്ത കവിളുള്ള
ഉറച്ച ശരീരമുള്ള
മൊഞ്ചന്‍മാര്‍ മൊഞ്ചുള്ള വാക്കുകളുമായി
മലയായ മലയൊക്കെ
കുടിലായ കുടിലൊക്കെ
കറങ്ങി നടക്കുന്നു... "
വ്യത്യസ്തമായ കച്ചവട തന്ത്രങ്ങള്‍, സുഖിപ്പിക്കല്‍..
ഒടുക്കം...

നാം ഒരു ദന്ദിയാത്ര കൂടി നടത്തേണ്ടിയിരിക്കുന്നു.

"സ്നേഹിച്ചു സ്നേഹിച്ച് കൊതിതീരാതെ
ജീവിച്ചു ജീവിച്ചു മതി വരാതെ
മല മുകളിലെ ഇടയക്കുടിലുകളില്‍ നിന്ന്...
നമ്മുടെ സംസ്കാരം ഇണ ചേര്‍ന്ന് കിടക്കുന്ന പൂഴി മണല്‍തിട്ടയിലേക്ക് ..
ഉപ്പു കുറുക്കുവാന്‍...

മാധവൻ said...

ഹന്‍ല്ലലത്ത്.പടയും,പാളയവും മുന്‍പേ കണ്ടിരുന്നു,കയറിവരാന്‍ ധൈര്യം വന്നില്ല.അല്‍പം മുന്‍പെ തുറന്നുകണ്ട ജാലകവാതില്‍ ചാടി അകത്ത് കടന്നതാണ്.
നാണിയമ്മൂമയും,കഥയും,കഥയിലെ കാര്യവും നല്ല ചന്തത്തില്‍ ചെത്തി മിനുക്കിയിരിക്കുന്നു.
നാവേറെയുള്ള കവിത എല്ലാം പറയുമ്പോഴും,വായനക്കാരന്റെ കാഴ്ച്കളെ കുഴലിലൂടെ ഒതുക്കി വിടുന്നതുപോലെ തോന്നി വളരെയേറെ വിശകലനം ചെയ്തുള്ള ആദ്യ കമന്റ്.
(അനൗജിത്ത്യമാണെങ്കില്‍ ക്ഷമിക്കുക)
"ഹന്‍ല്ലലത്ത് എന്നതിന്റെ അര്‍ഥ്തം പറഞ്ഞു തരാമൊ?
''ഹറ്ദയം'' എന്ന് ശരിയായെഴുതാന്‍ പറ്റുന്നില്ല.അതും കൂടി പറഞ്ഞു തന്നാല്‍ ഉപകാരമാവും.

kambarRm said...

മനോഹരം...

ആദ്യത്തെ കമന്റും ശ്രദ്ധേയം..ആശംസകൾ

sm sadique said...

അധിനിവേഷകർ സർപ്പങ്ങളെ പോലെ ഇഴയുന്നു….
നാടനും ഫോറിനും കൂടി ഇന്ന് പിഴിയുന്നു…..
നമ്മൾ സുഖിയന്മാർ ; സുഖിച്ച്കൊണ്ടേയിരിക്കുന്നു……
എല്ലാ സുഖങ്ങൾക്കൊടുവിലും എന്തെങ്കിലും അശുഭചിന്തകൾക്ക് ചെവിയോർത്ത്……

ശ്രീനാഥന്‍ said...

കവിതയും സുഹൃത്തിന്റെ വ്യാഖ്യാനവും നന്നായി.

ഷമീര്‍ തളിക്കുളം said...

ശ്രദ്ദേയമായ വരികള്‍.

കുഞ്ഞൂസ് (Kunjuss) said...

സംസ്കാരത്തെ , ജീവിതത്തെ ബലികൊടുത്തു നാം നഷ്ടപ്പെടുത്തുന്നത് എന്തെന്ന് അറിയാന്‍ വൈകുന്നു....
ഹാന്‍, ചോര പൊടിയുന്ന കവിതകളില്‍ നിന്നും വ്യത്യസ്തമായി ഈ ചിന്ത...!

എ ജെ said...

ഹൃദയം (hr^dayam)

കവിതക്കും കഥക്കും അർത്ഥതലങ്ങൾ കണ്ട് പിടിക്കുന്നത് അനുവാചകന്റെ സ്വാതന്ത്യം തന്നെയാണ്. എന്നാൽ അമ്മൂമ്മ പഴഞ്ചനാണെന്ന മുൻവിധിയോടെ നോക്കുമ്പോൾ തലങ്ങൾ മാറിപ്പോകുന്നു.

എ ജെ said...
This comment has been removed by the author.