.....

27 October 2011

ട്രീസാ സാമുവല്‍ പറയുന്നത് ....


കള്ള് മണമുള്ള അപ്പാപ്പന്‍റെ വരണ്ട ചുമ
മുട്ടിപ്പായി പ്രാര്‍ഥിച്ചു പ്രാര്‍ഥിച്ച്
ഒറ്റപ്പെട്ട കൊന്തമണികളുടെ ആത്മ ജപം
അപ്പനുമമ്മയ്ക്കും  സുഖമല്ലേയെന്ന്  
നിവര്‍ത്തി നിവര്‍ത്തി മങ്ങിപ്പോയ കുശലക്കുട

കണ്ടും കേട്ടും മടുത്തതു കൊണ്ടാകാം
വൈകുന്നേരങ്ങളില്‍
വാക്കടുപ്പില്‍ നിന്നും ചില മണങ്ങള്‍
വാശിയോടെ  പൊങ്ങും
തീർത്തും അപരിചിതമായത്

ഒരിക്കല്‍ മാത്രം
ഒരു ചുംബനത്തിന്റെ  ഞെട്ടലില്‍
വിറകു പുരയില്‍ നിന്നും
ഇറങ്ങിയോടുമ്പോള്‍ പിന്തുടര്‍ന്നിരുന്നു
പാമ്പിന്റെ മണം...

വാക്കടുപ്പ്
കണ്ടിട്ടില്ലേ ?
വാക്കടുപ്പിന്
മൂന്നു കല്ലുകളാണുള്ളത്

അനിയത്തി
കര്‍ത്താവിന്റെ മണവാട്ടിയായതില്‍ പിന്നെ
ഒരു കല്ല്‌  തിരയേണ്ടി വന്നിട്ടില്ല.
മുകളില്‍ വരുന്ന ഭാരത്തെക്കാളും
തീ മണത്തില്‍  കേള്‍ക്കുന്ന നിലവിളിയാണ്
അവളെ വേദനിപ്പിക്കുന്നത്.

ഇസ്രയേല്‍ യാത്ര കഴിഞ്ഞ ശേഷം
അമ്മച്ചി   മിണ്ടാറില്ലായിരുന്നു
കൊന്ത പൊട്ടിച്ച്‌  ഓരോ മുത്തും
ഓരോ കുഞ്ഞുങ്ങളാണെന്ന തിരിച്ചറിവില്‍
അമ്മച്ചിയും വാക്കടുപ്പിനു കല്ലായി

ബാക്കിയുള്ളത് ഞാനാണ്..!
ഇടയ്ക്കിടെ കവിത കേട്ട്
ഇടയ്ക്കു  മാത്രം സ്വപ്നത്തില്‍ നിന്നുണര്‍ന്ന്
മസോക്കിസ്റ്റായിത്തീര്‍ന്നിരുന്നു

മൂന്നാമത്തെ കല്ല്‌ തേടി
കുര്‍ബാന മറന്ന്,
അച്ചന്മാര്‍ നടക്കുന്നത്  കണ്ടാണ്‌
ഞാനിരുന്നത്.

മൂന്നു ഭാഗത്ത്‌ നിന്നും
സ്തോത്രങ്ങള്‍ കേള്‍ക്കുന്നുണ്ട്
വെന്തു വെന്ത്‌ ചില ഭാഗങ്ങള്‍
അടരുമെന്നു തോന്നുന്നുണ്ട്.

അപ്പോഴും വാക്കടുപ്പില്‍ നിന്നും
കവിത വേകണേയെന്ന്
പ്രാര്‍ഥനാസ്വരം കേള്‍ക്കാം

അത് കൊണ്ടാണ്
അത് കൊണ്ട് മാത്രമാണ്
ഓര്‍ത്തിരുന്നിട്ടും
ദൈവം മറന്നു പോയെന്നു
കള്ളം പറയുന്നത്

5 comments:

ഹന്‍ല്ലലത്ത് Hanllalath said...

വാക്കടുപ്പിലെ മൂന്നു കല്ലുകളില്‍ നിന്നും
അടര്‍ന്നു പോയ താളുകള്‍
ഒഴിവാക്കാന്‍ കഴിയുന്നില്ല..

അതിനാല്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു

keraladasanunni said...

നന്നായി എഴുതിയിട്ടുണ്ട്. വരികള്‍ ഇഷ്ടപ്പെട്ടു.

ശ്രീനാഥന്‍ said...

പ്രാർത്ഥന പോലെ വാക്കടുപ്പിൽ കവിത വേവട്ടെ.അപ്പനുമമ്മയ്ക്കും സുഖമല്ലേയെന്ന്
നിവര്‍ത്തി നിവര്‍ത്തി മങ്ങിപ്പോയ കുശലക്കുട .. അതു തന്നെ നന്നായി വെന്തു, ആ ദൈവസ്മരണയും.

വിപിനം-സ്വന്തം സ്ഥലം_vipinam_myplace said...

കലക്കി ....

Anonymous said...

ishtamayi.