.....

12 June 2016

മരണത്തിന്‍റെ ജലവഴികള്‍...

മറവി കൊണ്ട് 
മൂടപ്പെട്ട തടാകം
ഓരോ രാത്രിയിലും 
സ്വയം 
മുക്കിക്കൊല്ലുന്നു
ആരുമറിയാതെ
ആഴത്തില്‍
ആഴത്തില്‍
നിങ്ങള്‍ 
കൈകാലിട്ടടിക്കുന്നു.
മുടി നാരെങ്കിലും 
കണ്ടിരുന്നെങ്കില്‍
രക്ഷിച്ചേനെയെന്ന്‍
കൂട്ടുകാര്‍ 
പതം പറയുന്നു.
ഇടയ്ക്കിടെ 
എന്തൊരു നശിച്ച സ്വപ്നമെന്ന് 
ഞെട്ടുന്നു
തടാകം 
ചിലപ്പോള്‍ 
ചിലപ്പോള്‍ മാത്രം 
പകലില്‍
നിങ്ങളെ തേടി വരുന്നു.
എല്ലാവരും നോക്കി നില്‍ക്കെ 
നിങ്ങള്‍ ,
നിങ്ങള്‍ മാത്രം 
മുങ്ങി മരിക്കുന്നു.
ജലം കൊണ്ട് 
വരിഞ്ഞു മുറുക്കപ്പെടുന്നു
മരണത്തിന്‍റെ
മത്ത് പിടിപ്പിക്കുന്ന 
ജലവഴിയില്‍ 
നിങ്ങളൊരു മീന്‍ കുഞ്ഞാകുന്നു.
ഇതാണോ മരണമെന്ന് 
ചുണ്ട് വിടര്‍ത്തി 
ചെകിളയിളക്കി
തടാകം 
കുടിച്ച് വറ്റിക്കുന്നു...!
അപ്പോള്‍
അപ്പോള്‍ മാത്രം 
കാണുന്നു....;
കണ്ണുകളില്‍ 
ചൂണ്ടക്കൊളുത്തുമായി
ശരിക്കും മരണം...!!!

4 comments:

keraladasanunni said...

രണ്ടാഴയ്ക്കുമുമ്പ് വീട്ടില്‍ പണിക്കെത്തിയ ജോലിക്കാരന്‍ ഞങ്ങളുടെ കിണറില്‍ വീണു മരിച്ചു. ഈ കവിത വായിച്ചപ്പോള്‍ ആ രംഗം ഓര്‍മ്മ വന്നു. ( അലി ഉസ്മാന്‍ എന്ന ബ്ലോഗില്‍ ഈ സംഭവം വിവരിച്ചിട്ടുണ്ട് )

വീകെ said...

ആശംസകൾ...

Cv Thankappan said...

മരണം ചൂണ്ടക്കൊളുത്തുമായി വരുമ്പോള്‍............
ആശംസകള്‍

ഷൈജു.എ.എച്ച് said...

മരണം പോലത്തെ സ്വപ്നമോ അതോ മരണമോ???
ഇതുപോലെയുള്ള സ്വപ്നങ്ങൾ കണ്ടു ഞട്ടി ഉണരാറുണ്ട്...

വരികളിൽ ഭയത്തിന്റെ വികാരം നിറഞ്ഞിരിക്കുന്നു...

അഭിനന്ദനങ്ങൾ...