.....

26 July 2008

കുറുക്കു വഴി

ഇനിയെത്ര ദൂരം താണ്ടണം
നാമീ പെരു വെയില്‍ പാതയില്‍
മോഹ ജഡവും ചുമന്നു കൊണ്ട്....?

നിരങ്ങി നീങ്ങുന്ന 

സമയ താളവും
തളം കെട്ടി നില്‍ക്കുന്ന
കാല ചലനവും
മനസ്സിലുടക്കി നില്ക്കുന്നു

മനസ്സുകള്‍
പറയുന്ന
കഥകളില്‍ മുഴുകി നാം
എത്ര കാതങ്ങള്‍
താണ്ടിക്കഴിഞ്ഞു
അറിഞ്ഞിടാതെ

എരിഞ്ഞടങ്ങുന്ന
മോഹങ്ങളും
വരണ്ടുണങ്ങുന്ന
ദാഹങ്ങളും
ഇനിയെത്ര നേരം
പിടിച്ചു നിര്‍ത്തും..?!

ഇനിയെത്ര കാലം
നാമിരിക്കണം
ഈ മരുപ്പറമ്പില്‍
മൂകരായി..

കുന്തിരിക്കത്തിന്‍
മണമടിക്കുന്നു
നീ
നടുങ്ങുന്നതെന്തിന്...?!

കൊഴിഞ്ഞ കരിയിലകളില്‍
ചവിട്ടിക്കടന്നു പോം
മൃത്യുവിന്‍ ഗന്ധം
അതല്ല സത്യം

അറിയാത്ത വാക്കിനാല്‍
നോവു
നേരുന്നതെന്തിനു നീ
ആവില്ല നമുക്കീ
പെരുവെയില്‍ താങ്ങുവാന്‍
ആവിയായ് പോകു‌ന്നു
സ്വപ്നങ്ങളും

പതുക്കെ ദിശ മാറ്റാം
നമുക്ക്
പുതിയൊരു പാത തിരഞ്ഞിടാം
കാലിടറി വീഴും മുമ്പേ
നമുക്കീ യാത്രയ്ക്കന്ത്യമാക്കാം

ഈ മരച്ചുവട്ടില്‍
നമുക്കിരിക്കാം, ഒരു മാത്ര
അറിയാതെ നിദ്രയെ
പുല്‍കിടാം

ഒടുങ്ങാത്ത
യാത്രയില്‍ നിന്ന്
മോചനത്തിന്‍ കുറുക്കു വഴി

ജീവിതപ്പാതയിലിനി
നീരുറവ കിനിയില്ല
നമുക്ക്
തണല്‍ തേടി ഒളിഞ്ഞോടാം
കാല ഗതിയോട് വിട ചൊല്ലിടാം
മൂകരായ്‌.......

8 comments:

Anuroop Sunny said...

ഒടുങ്ങാത്ത
യാത്രയില്‍ കുറുക്കു വഴികള്‍ക്ക് പ്രാധാന്യം ഇല്ല സുഹൃത്തേ..
നന്നായിരിക്കുന്നു..
പക്ഷെ പ്രണയത്തെ പറ്റി എഴുതുമ്പോള്‍ ഉള്ള താങ്കളുടെ വരികള്‍ക്കുള്ള മൂര്‍ച്ച ഈ കവിതയ്ക്കില്ലാട്ടോ.....

ഹന്‍ല്ലലത്ത് Hanllalath said...

അന്ന് കുറുക്കു വഴി സത്യമാനെന്നായിരുന്നു കരുതിയത്‌...
ഇപ്പോള്‍ എനിക്കറിയാം
കുറുക്കു വഴികളെല്ലാം ചെന്നു ചേരുന്നത്
ഒരിക്കലും അവസാനിക്കാത്ത
പെരു വഴിയില്‍ തന്നെയാണെന്ന് ...!

siva // ശിവ said...

നല്ല വരികള്‍...

മാന്മിഴി.... said...

അല്ലെങ്കിലും കുറുക്കുവഴികളൊന്നും ശരിയായ ലക്ഷ്യത്തിലെത്തിക്കില്ല...നന്നായിട്ടുണ്ട്...

mmrwrites said...

കുറുക്കുവഴികള്‍ മാലിന്യവും കല്ലും മുള്ളും നിറഞ്ഞതുമായിരിക്കും.. ആപത്തുകള്‍ പതിയിരിക്കുന്നുണ്ടാകും.

ആമി said...

ജീവിതപ്പാതയിലിനിയും നീരുറവ കിനിയും
കാത്തിരിക്കുക

girishvarma balussery... said...

കുറുക്കുവഴികളിലൂടെ ഒന്നിനും സാഫല്യം നേടാന്‍ കഴിയില്ല .. ഹന്ല്ലലത് .. പൊരുതി തന്നെ നേടണം..

Junaiths said...

ഒടുങ്ങാത്ത യാത്രയില്‍ നിന്ന് മോചനത്തിന്‍ കുറുക്കുവഴി തേടാം...