.....

15 April 2009

ഉന്മാദിയുടെ വിഷു

തുരുമ്പിച്ച
കത്തി കൊണ്ടൊരു ശസ്ത്രക്രിയ
ഹൃദയാന്ധകാരം കണ്ട്‌ ഭയക്കരുത്
കുടില ചിന്തകളുടെ
നുരയ്ക്കുന്ന പുഴുക്കള്‍
അട്ടിയായിപ്പുളയ്ക്കുന്നുണ്ടാകും

ആത്മപീഡയുടെ
ദിനരാത്രങ്ങള്‍ക്കിനി അറുതി
കൊന്നക്കൊമ്പില്‍ തന്നെ
കയര്‍ കുരുക്കാം

വയറ്റാട്ടിയിന്നലെയും പറഞ്ഞു
ജനിച്ചപ്പോള്‍
പകയോടെ നോക്കിയവനെന്ന്..!
ജന്മങ്ങളുടെ ഇരുള്‍ഗ്രഹ രഹസ്യങ്ങള്‍
പേറുന്ന വയസ്സി
വഴുവഴുപ്പോടെ
 ഞാനിറങ്ങാന്‍ തുടങ്ങിയപ്പോള്‍
എന്തേ ചാപ്പിള്ളയെന്നു തോന്നാതിരുന്നത്..?!

ചിന്തകളുടെ ചടുല നൃത്തത്തിനിടയില്‍
നഷ്ടപ്പെടുന്ന പൌരുഷം
ഇനിയുമെന്നെ തേടി വന്നിട്ടില്ല
നപുംപസകമായിപ്പോയ ചിന്തയുടെ കൈ പിടിച്ച്
ഞാനെത്ര ദൂരം നടക്കുമിനിയും..?

ഇന്നലെ ഉയിര്‍പ്പിന്റെ ദിനമായിരുന്നു.
മുഖം മൂടി വെച്ച്  സത്യം വിളിച്ചു പറയുക
കരിമ്പടത്തില്‍ മുഖമൊളിച്ച്
പറയുന്നത്  കള്ളമാണെന്ന്
അവര്‍ പറയും

വീഞ്ഞിന്റെ തണുപ്പില്‍
അലിഞ്ഞില്ലാതാകുമ്പോള്‍
ഉയിര്‍പ്പിന്റെ ആവശ്യം
എനിക്കും തോന്നിത്തുടങ്ങിയിരുന്നു
അപ്പോഴും ഗുഹാ കവാടമെന്ന പോലെ
വായ മലക്കെത്തുറന്ന്, സാമുവല്‍
ട്രീസ്സയുടെ
മടിയില്‍ കിടക്കുന്നുണ്ടായിരുന്നു

നാളെ വിഷുവാണ്
എന്റെ മലര്‍ന്ന കണ്ണുകള്‍
നിനക്ക് വിഷുക്കണിയാകട്ടെ
കൊന്നക്കൊമ്പിന്
ബലം പോരെന്ന് നീ പറയും..
വേദനയുടെ അളവില്‍ പുഞ്ചിരിക്കും
നീ മാലാഖ തന്നെയാണ്
കാഴ്ച്ചയുടെ ആനന്ദം കണ്ടവള്‍..

ആദ്യം പറുദീസാ നഷ്ടം
പെണ്ണ് ചോദിച്ച ആദ്യ കനി..
കാലങ്ങള്‍ ഒലിച്ചു പോയിട്ടും
കണ്ണുകള്‍ ഇന്നും നിന്നെ തിരിച്ചറിയുന്നു

സര്‍പ്പ രൂപത്താല്‍
എന്നെ വഞ്ചിക്കാന്‍ കഴിയില്ല
അവളുടെ രൂപത്താല്‍  കഴിഞ്ഞേക്കാം
അവള്‍ നീയാണോ...?
നീ അവളില്‍ പടര്‍ന്നതാണോ
ഏതാണ് സത്യം..?

കണ്ണുകളുടെ കാമം അവള്‍ തന്നതാണ്
രാത്രികളുടെ ഉത്സവങ്ങള്‍ക്കൊടുവില്‍
തളരുന്നവനെ അവജ്ഞയോടെ നോക്കി
അടുക്കള വാതില്‍ തുറന്നു വെക്കുന്നവള്‍

അക്വേഷ്യ മരങ്ങള്‍ നിറഞ്ഞ വഴികളില്‍
തോളോട് ചേര്‍ന്ന് നടന്നവളാണ് തീ തന്നത്
വിരല്‍ തൊടാതെ ,മേല്‍ തൊടാതെ
ചിന്തകളെ ആലിംഗനം ചെയ്തവര്‍ ഞങ്ങള്‍

തീ പിടിച്ച ചിന്തകളിന്നില്ല
വീട്ടിനകവും പുറവും കത്തുമ്പോള്‍
എന്റെ ചിന്തയിലെ തീക്കെന്ത് ചൂട്.?!

 പിടയുന്ന അക്ഷരങ്ങള്‍
അമ്മ തന്നതാണ്
പിടയുന്ന ഇരയായി
കുന്നിന്‍ ചെരുവില്‍ ഒരു തുടം
ചോര ബാക്കിയാക്കിയ  അമ്മ ..

കൂട്ടുകാരന്‍ കൊടുത്ത കണ്ണു നീരില്‍
മുങ്ങി മരിച്ച
കുഞ്ഞനിയത്തി തന്നതാണ്
ആത്മ പീഡയുടെ ബലി....!

ക്രൂരമായ തമാശയില്‍
ആനന്ദം കണ്ടെത്തുന്നവനാണോ
നിന്റെ ദൈവം..?

വഴി മറന്നു പോയ എനിക്ക്
കടല്‍ ചൊരുക്ക് തന്നത് അവനാണോ..?
അതോ സര്‍പ്പ രൂപിയായ് വന്ന്
ഉന്മാദിയാക്കിയെന്നെ
വിഭ്രമിപ്പിച്ചു കടന്നു പോയ അവളോ..?

നാളെ വിഷുവാണ്
കണി കണ്ടുണരാന്‍ ബാക്കിയൊന്നുമില്ല.
നനഞ്ഞ കുറച്ച് കടലാസുകളുണ്ട്
അത് കണിയാക്കാം..

അവള്‍ തന്ന അക്ഷരങ്ങള്‍...!
അതിലിനി തീ പടരില്ല
ഞാന്‍ ചാരമായിരിക്കുന്നു...
ചാരത്തിന്  ഒരിക്കലും തീ പിടിക്കില്ലല്ലോ..!

15 comments:

ഹന്‍ല്ലലത്ത് Hanllalath said...

".......നാളെ വിഷുവാണ്
കണി കണ്ടുണരാന്‍ ബാക്കിയൊന്നുമില്ല.
നനഞ്ഞ കുറച്ച് കടലാസുകളുണ്ട്
അത് കണിയാക്കാം..
അവള്‍ തന്ന അക്ഷരങ്ങള്‍...
അതിലിനി തീ പടരില്ല
ഞാന്‍ ചാരമായിരിക്കുന്നു...
ചാരത്തിന് തീ പിടിക്കില്ലല്ലോ........"

നരിക്കുന്നൻ said...

വഴുവഴുപ്പോടെ ഞാനിറങ്ങാന്‍ തുടങ്ങിയപ്പോള്‍
എന്തേ ചാപ്പിള്ളയെന്നു തോന്നാതിരുന്നത്..?!

കനലെരിയുന്ന വാക്കുകൾ, ഒരു പ്രണയം ഇത്രയധികം വേദനകൾ തരുന്നതാണോ? പ്രണയിച്ചവർ കൂടുതലും പരാജയവേദനയിൽ കഴിയുന്നവരെങ്കിൽ എന്തിനാണ് പ്രണയം. എന്താണ് അതിലെ സുഖം?

വലിയതെങ്കിലും വീണ്ടും വായിക്കാൻ തോന്നുന്ന നല്ലൊരു കവിത.

പകല്‍കിനാവന്‍ | daYdreaMer said...

വിരല്‍ തൊടാതെ ,മേല്‍ തൊടാതെ
ചിന്തകളെ ആലിംഗനം ചെയ്തവര്‍ ...

അഭിവാദ്യങ്ങള്‍...

fousiya said...

എന്റെ മലര്‍ന്ന കണ്ണുകള്‍
നിനക്ക് വിഷുക്കണിയാകട്ടെ
കൊന്നക്കൊമ്പിന് ബലം പോരെന്ന് നീ പറയും..
എന്റെ വേദനയുടെ അളവില്‍
നീ പുഞ്ചിരിക്കും
നീ മാലാഖ തന്നെയാണ്
കാഴ്ച്ചയുടെ ആനന്ദം കണ്ടവള്‍..


superb.... ellaa vidha aashamsakalum nerunnu....
iniyum pirakkatte ninte thoolika thumbil oraayiram kavithakal...

Anonymous said...

ഒരുപാടിഷ്ടായി.....ആശം സകൾ.....

naakila said...

വാക്കുകളില്‍ തീവ്രത അനുഭവപ്പെടുത്തുന്ന കവിത

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ചിന്തകള്‍ക്ക് തീ പിടിക്കട്ടെ.

അനില്‍@ബ്ലോഗ് // anil said...

ചിന്തകള്‍ കുഴഞ്ഞുമറിയുകയാണല്ലോ..
ഒന്നിനു മീതെ മറ്റൊന്നായ്..

lijeesh k said...

superb...
ഒരുപാടിഷ്ടായി....

സമാന്തരന്‍ said...

ചാരം വകഞ്ഞ് കനലെടുക്കുക..
പിന്നെയത് അഗ്നിയായുണര്‍ത്തുക

നന്നായിരിക്കുന്നു ...

Anil cheleri kumaran said...

അതി തീവ്രമായ വികാരങ്ങൾ ഉൾക്കൊള്ളുന്ന ഒരു കവിത..

സബിതാബാല said...

ചൂട് ചാരം പറന്ന് വീണ് എല്ലാകണ്ണുകളും നീറും...
ആ നീറ്റലില്‍ ഇടംനെഞ്ചുരുകും....

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

സാമൂഹ്യ സമരസതയുടെ അലിഖിതമായ
സങ്കീര്‍ണ്ണ സമവാക്യങ്ങള്‍ക്കുമപ്പുറത്തു
നില്‍ക്കുമ്പോള്‍ എനിക്കും തോന്നിയിട്ടുണ്ട്
"മുഖം മൂടി വച്ച് നീ സത്യം വിളിച്ചു പറയുക "

രോഗ ബോധമില്ലാത്ത കുരുന്നുകള്‍ക്ക്
മുന്നേ മധുരംതൊട്ടു കൊടുക്കും കഷായം പോലെ

ദേശാടകന്‍ said...

ഞാന്‍ പ്രണയിക്കുന്നത്‌ നിന്നെ അല്ല പ്രണയം എന്ന അനുഭുതിയെ ആണ്
അതാണ്‌ നീ പിരിഞ്ഞപ്പോഴും ഞാന്‍ പിരിയാഞ്ഞത്
arjunk613@gmail .com
heart teching cntnu writing

രായിച്ചന്‍ said...

ഞാന്‍ പ്രണയിക്കുന്നത്‌ നിന്നെ അല്ല പ്രണയം എന്ന അനുഭുതിയെ ആണ്
അതാണ്‌ നീ പിരിഞ്ഞപ്പോഴും ഞാന്‍ പിരിയാഞ്ഞത്