.....

13 September 2008

നിനക്കായി മാത്രം

പറയാന്‍ മറന്നതെല്ലാമടുക്കി
ഞാനൊരു നാള്‍ കാത്തിരുന്നു
മൊഴിയാതെ പോയ വാക്കുകളന്നു
നിനക്കായി പിടഞ്ഞിരുന്നു

വേലിയില്‍ പൂത്തു നിന്ന
ചെമ്പകം സാക്ഷിയാക്കി
കരഞ്ഞിരുന്നു...

കുന്നിന്‍ മുകളിലെ പുളിമരച്ചോട്ടില്‍
വാക്കുകളിപ്പോഴും കാണാം
നിനക്കായി

ആമ്പല്‍ കുളത്തിലെ മീനുകളിപ്പോഴും
നിന്‍റെ പേര് ചൊല്ലി
കളി പറയുന്നു

മയങ്ങുമ്പോളൊക്കെയും
കൂര്‍ത്ത നഖമുനകളില്‍
കോര്‍ത്ത് പോകുന്ന
സ്വപ്നങ്ങളില്‍ പിടയുന്നു ഞാന്‍

വാക്കുകളിനിയില്ല.
നുരുമ്പിച്ചു നുരുമ്പിച്ചു
പോകില്ലവയെങ്കിലും
കാലമത് മായ്ക്കാന്‍ ശ്രമിക്കും
എനിക്കതു വയ്യ ......

ഞാനൊളിച്ചു വയ്ക്കട്ടെയിനിയവ
എന്‍റെ കുഞ്ഞു നക്ഷത്രമൊളിപ്പിച്ച
അവളുടെ കണ്ണുകളില്‍
ഞാനത് കാത്തു വയ്ക്കും
അടുത്ത ജന്മത്തിനായി....

അന്ന് പറയാതെ ബാക്കി വയ്ക്കില്ല
പെയ്യാതെ മൂടി നില്‍ക്കില്ല
ഒഴുകാതെ കെട്ടി നില്‍ക്കില്ല
മയങ്ങാതെ പിടിച്ചു നില്‍ക്കില്ല

ഞാന്‍ ഞാനാകും.
അല്ല ,നീയാകും
അന്ന് ,
നീ ഞാനുമാകണം.
 13/september/2008

4 comments:

Cv Thankappan said...

നന്നായിരിക്കുന്നു രചന.
ഒരു നൊമ്പരമായി തങ്ങിനില്‍ക്കുന്നു.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

ശ്രീനാഥന്‍ said...

ശോകസാന്ദ്രം!

SUNIL . PS said...

നന്നായി......

M. Ashraf said...

നല്ല രചനക്ക് അഭിനന്ദനങ്ങള്‍